24 November 2024, Sunday
KSFE Galaxy Chits Banner 2

ഗാന്ധിസ്മരണയില്‍ നടന്ന ചവിട്ടുനാടകങ്ങള്‍

പി എ വാസുദേവൻ
കാഴ്ച
October 16, 2021 5:16 am

“താരകമണിമാല ചാര്‍ത്തിയാലതും കൊള്ളാം
കാറണിചെളി നീളെപുരണ്ടാലതും കൊള്ളാം
ഇല്ലിഹ സംഗം ലേപമെന്നിവ, സമസ്വച്ഛ-
മല്ലയോ വിഹായസവ്വണ്ണമെന്‍ ഗുരുനാഥന്‍”

അങ്ങനെയാണ് വള്ളത്തോള്‍ ഗാന്ധിജിയെ കണ്ടത്. നക്ഷത്രാലങ്കാരവും കാറണിച്ചളിയും നിര്‍മ്മലമായി ഏറ്റുന്ന, ആകാശം പോലൊരു മനുഷ്യന്‍. നിര്‍മ്മമത. ഗാന്ധിജിയുടെ 152ാം ജന്മദിനമായിരുന്നു, ഇക്കഴിഞ്ഞത്. അതൊട്ടു കേമമാക്കാന്‍ നവഗാന്ധി ഭക്തന്മാര്‍ ഒരുമ്പെട്ടിറങ്ങി. വിവിധ കലാപരിപാടികളാണ് ജനങ്ങള്‍ കണ്ടത്. ഇതുവരെ ഗാന്ധിയെ കാര്യമായി ഓര്‍ക്കാത്തവരും ഓര്‍ക്കാനാഗ്രഹിക്കാത്തവരുമായ സകലരും പലവിധ സംഘടനകളുടെ പേരില്‍ ചൂലും ചാണകവും സാനിറ്റെെസറും പൂക്കൂടകളുമായി പാലക്കാട്ടെ ശബര്യാശ്രമത്തിലെത്തി. ശബര്യാശ്രമമെന്നാല്‍ മാലോകര്‍ അറിയണം. ഗാന്ധിജി മൂന്നുതവണ വന്ന ഏകസ്ഥാപനം. സാക്ഷാല്‍ ടി ആര്‍ കൃഷ്ണസ്വാമി എന്ന ‘ദളിത ബ്രാഹ്മണന്‍’ എന്നു പരിഹസിക്കപ്പെട്ട മഹാന്‍, രൂപപ്പെടുത്തിയ സ്ഥാപനം. ഏതാനും കുട്ടികളെ പാര്‍പ്പിച്ച് മര്യാദയ്ക്കു നടക്കുന്ന ശബര്യാശ്രമം.

ഇതുവരെ അവ്വഴി താണ്ടാത്തവരാണ് അവിടെ എത്തിയത്. പലര്‍ക്കും അതെന്താണെന്നുപോലും തിരിഞ്ഞിട്ടില്ല. ഡല്‍ഹിയിലെ രാജ്ഘട്ടില്‍, ആണ്ടില്‍ രണ്ടുതവണ പൂവിട്ട് തൊഴുന്നവരുടെയൊക്കെ ഗണത്തില്‍ത്തന്നെയാണിവരും. ഇത്തവണ ശബര്യാശ്രമത്തില്‍ നടന്ന ഗാന്ധിജയന്തി (അഴീക്കോട് മാഷ്‌ടെ ഭാഷയില്‍ പറഞ്ഞാല്‍ ‘ഗാന്ധിജി ജയന്തിജി’) ഭയങ്കര അസംബന്ധ നാടകമായിരുന്നു. ജയന്തിക്ക് രണ്ടാഴ്ച മുമ്പ് മെഗാസ്റ്റാര്‍, രാജ്യസഭ മെമ്പര്‍, അനുചരന്മാരോടൊത്ത് ആശ്രമത്തില്‍ വന്ന്, പ്രാര്‍ത്ഥനാ മന്ദിരത്തിലും, ഗാന്ധിജി നട്ട തെങ്ങിന്‍ചോട്ടിലും പൂവിട്ടു തൊഴുതു. ഓര്‍മ്മമരമായി തെങ്ങിന്‍തെെയും നട്ടു. മെഗാസ്റ്റാര്‍ ധ്യാനനിരതനായി. ഭക്തിപരവശനും ചിന്താശീലനുമായി ‘താരകം’ ഗാന്ധി സ്മരണ പുതുക്കി. അഭിനയം നന്നായിരുന്നു. അദ്ദേഹത്തിന്റെ അണികളും തൊഴുതുവണങ്ങി. അങ്ങനെ ആ രംഗം നന്നായി. അവിടെ നിന്നുതുടങ്ങി. ഒക്ടോബര്‍ രണ്ടിന് ഗാന്ധിജിയുടെ 152ാം ജന്മദിനത്തിനാണ് ചാണകം തളി, സാനിറ്റെെസര്‍ പ്രയോഗം, പുഷ്പാഭിഷേകം ഇത്യാദികള്‍ നടന്നത്. അന്നേ ദിവസം രാവിലെ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ നേതൃത്വത്തില്‍ ശബര്യാശ്രമത്തില്‍ നിന്ന് ത്രിവര്‍ണയാത്ര തുടങ്ങി. ഗാന്ധിജിയുടെയും ദീന്‍ദയാല്‍ ഉപാധ്യായയുടെയും പാതയാണ് ബിജെപി പിന്തുടരുന്നതെന്ന് സുരേന്ദ്രന്‍ പറഞ്ഞു. ആദ്യമായി ആ സ്മൃതിഭൂമിയില്‍ ചവിട്ടിയ പലരും പുളകം കൊണ്ടു.

അതവിടെ തീര്‍ന്നില്ല. കോണ്‍ഗ്രസിന് ഗാന്ധി നിന്ദ സഹിക്കാനായില്ല. അതിനവകാശമുള്ളവര്‍ വേറെയുമുണ്ടല്ലോ. തന്നെയുമല്ല, ആകെയുള്ള പെെതൃകം, ഗോഡ്സെ ദള്‍ കയ്യടക്കുന്നത് അവര്‍ക്ക് സഹിക്കുമോ. അവര്‍ സ്ഥിരം പുഷ്പാര്‍ച്ചനയും നടത്തി, നേരെ ശബര്യാശ്രമത്തിലെത്തി. ബിജെപി ഗാന്ധിജയന്തി ദിനത്തില്‍ പൊതുപരിപാടി നടത്തിയതില്‍ രോഷാകുലരായി. ഗാന്ധി ഘാതകര്‍ക്ക് അവിടെ പരിപാടി നടത്തി അശുദ്ധമാക്കാനെന്തവകാശമെന്ന വാദവുമായി ആ പുണ്യഭൂമി ശുദ്ധികലശത്തിനായി ചാണകവെള്ളം തളിച്ചു. യൂത്ത് കോണ്‍ഗ്രസ് മലമ്പുഴ നിയോജകമണ്ഡലം കമ്മിറ്റിയാണ് ഈ ‘പുണ്യാഹ’ കര്‍മ്മത്തിന് നേതൃത്വം കൊടുത്തത്. അതങ്ങനെ വിടാന്‍ പറ്റില്ലെന്ന് യുവമോര്‍ച്ചക്കാര്‍. അവര്‍ രാഹുല്‍ഗാന്ധി (‘ജി’ ഇല്ലാത്ത ഗാന്ധി നിരയിലെ മറ്റൊരു ഗാന്ധി) കോലവുമായി വന്ന് രാഹുലിന്റെ കോലവും പരിസരവും സാനിറ്റെെസര്‍ പീച്ചി വീണ്ടും അണുമുക്തമാക്കി. രണ്ടായാലും സ്വച്ഛഭാരതിലേക്ക് മറ്റൊരു ചുവട്. കേരളത്തിലെ ഏറ്റവുമധികം സ്വാതന്ത്ര്യസമര സേനാനികളുണ്ടായിരുന്ന, ഈ അകത്തേത്തറ പഞ്ചായത്തിലെ നിവാസികള്‍ ചാണകവും സാനിറ്റെെസറും മാറിമാറി പ്രയോഗത്തിന് കൗതുകത്തോടെ ദൃക്ഷസാക്ഷികളായി. ഉള്ളതുപറയണമല്ലോ, ആരും അവിടെ ഒരു ഇല പോലും കേടുവരുത്തിയില്ല. അഹിംസയുടെ ആചാര്യന് ചേര്‍ന്ന പ്രതിഷേധമായിരുന്നു അരങ്ങേറിയത്.

 


ഇതുംകൂടി വായിക്കാം; ഓർമ്മകൾ സചേതനമാകണം


 

സ്മൃതിപരമ്പര തീര്‍ന്നില്ല. എന്‍സിപിയുടെ നേതൃത്വത്തില്‍ കുറേ ഗാന്ധിയന്മാര്‍ ശബര്യാശ്രമം മുതല്‍ കോട്ടമെെതാനം വരെ യാത്ര നടത്തി, ഗാന്ധിജയന്തി കൊണ്ടാടി. അതിന് മന്ത്രി എ കെ ശശീന്ദ്രന്‍ തന്നെ എത്തി. എല്ലാവരും അതതിന്റെ ഫോട്ടോകള്‍ എടുത്ത് മാധ്യമ ഓഫീസുകളിലെത്തിച്ച് ബോധ്യപ്പെടുത്തി. ഇതിലൊന്നും പെടാതെ കൂനത്തറ രാമചന്ദ്ര പുലവര്‍ അരങ്ങേറ്റിയ സ്മൃതി തോല്‍ പാവക്കൂത്തായിരുന്നു ശ്രദ്ധേയം. ഇനിയുമുണ്ട് സ്മൃതി പുതുക്കി നിലനില്പ് കണ്ടെത്താന്‍ പഴയ മഹാത്മാക്കള്‍. അങ്ങനെ തെരഞ്ഞുനടന്നപ്പോഴാണ് ബിജെപിക്കാര്‍ മങ്കരയിലെ ഒരു അജ്ഞാത ശവക്കല്ലറ കണ്ടെത്തിയത്. പഴയ പഴയതാണ്. പുല്ലും മുള്‍ച്ചെടികളും വളര്‍ന്ന് വളരെക്കാലം നാട്ടാരറിയാതെ, മങ്കരയിലെ റോഡരികില്‍ മര്യാദയ്ക്കൊരു നടവഴി പോലുമില്ലാതെ കിടക്കുന്ന ഒരു കല്ലറ. അപ്പുറത്ത് നിളാനദി. ദൂരെ മാറി വില്വാദ്രിനാഥന്‍. ആളെ അറിയാതിരിക്കില്ല.

ഒരുകാലത്ത് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ അതികായനായിരുന്ന മഹാപുരുഷന്‍ സര്‍ ചേറ്റൂര്‍ ശങ്കരന്‍ നായര്‍. അക്കാലത്ത് ഒരിന്ത്യക്കാരനെത്താവുന്ന ഉയരമൊക്കെ കയറിയെത്തിയ ബഹുമുഖ പ്രതിഭ. നിയമവിദഗ്ധന്‍, ഭരണകര്‍ത്താവ്, പണ്ഡിതന്‍, നിഷ്ണാതനായ രാഷ്ട്രീയ നേതാവ്, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ഉച്ചിയിലെത്തിയ വ്യക്തി. സി ശങ്കരന്‍ നായരെ അറിയാത്തവരുണ്ടാവില്ല. അദ്ദേഹത്തിന്റെ മകളുടെ ഭര്‍ത്താവാണ് പ്രശസ്തനായ കെപിഎസ് മേനോന്‍. ബിജെപിക്കാര്‍ അവിടെയെത്തി ആദരവും പ്രതിഷേധവും രേഖപ്പെടുത്തി. സംഗതി മറ്റൊന്നുമല്ല, കോണ്‍ഗ്രസുകാര്‍ സര്‍ സി ശങ്കരന്‍ നായരെ അവഗണിക്കുന്നു. ജാലിയന്‍വാലാ കൂട്ടക്കൊലയില്‍ പ്രതിഷേധിച്ച് ‘സര്‍’ ബിരുദം രാജ്ഞിക്ക് തിരിച്ചയച്ച രാജ്യസ്നേഹി. ‘ഗാന്ധി ആന്റ് അനാര്‍ക്കി’ എന്ന പ്രഖ്യാത, വിവാദ ഗ്രന്ഥകര്‍ത്താവ്. കൂടുതല്‍ അനുഭവിക്കാന്‍ വികെഎന്‍ എഴുതിയ ‘പിതാമഹന്‍’ എന്ന നോവല്‍ വായിക്കുക.

 


ഇതുംകൂടി വായിക്കാം; ഗാന്ധിസ്മൃതിയും കാത്തുസൂക്ഷിക്കപ്പെടണം


 

ബിജെപിക്കു സഹിച്ചില്ല. കാര്യം ഗാന്ധിയെ എതിര്‍ത്തതില്‍ നിഗൂഢമായൊരു മന്ദഹാസവുമുണ്ട്. ഗോഡ്സെയെ കൊണ്ടാടുമ്പോഴും ഇതുതന്നെ മനസിലിരിപ്പ്. എന്നാല്‍ കോണ്‍ഗ്രസുകാര്‍ ശങ്കരന്‍ നായരെ പാടെ മറന്നിട്ടില്ല. ഒരു ദിവസം യുവ കോണ്‍ഗ്രസുകാര്‍ അവിടെ എത്തി, ചെത്തിക്കോരി വൃത്തിയാക്കി, ജയ്ഹിന്ദ് മുഴക്കി പോന്നതാണ്. പിന്നെ ആവഴി ആരും പോയിട്ടില്ല, പോവുകയുമില്ല. ഒക്കെയൊരു ഷോ. അതുകഴിഞ്ഞാല്‍ അരങ്ങൊഴിയണം. വേണമെങ്കില്‍ ചരിത്രം തപ്പിയാല്‍ ഇക്കൂട്ടര്‍ക്ക് ഇനിയും സ്മൃതിക്കായി ‘ഇര’കളെ കിട്ടാനുണ്ടാവും. ഒറ്റപ്പാലത്തുതന്നെ സാക്ഷാല്‍ വി പി മേനോന്‍ ഉണ്ട്. ഇന്ത്യന്‍ ഉദ്ഗ്രഥനത്തിന്റെ പെരുന്തച്ചന്‍. ചരിത്രബോധത്തിന്റെ കുറവുകൊണ്ടാവാം ഇവരെയൊക്കെ ദ്വി പക്ഷവും മറന്നുപോയത്. അവരുടെയൊക്കെ കാലവും വരുമായിരിക്കും.
അങ്ങനെ ഇക്കുറി ഗാന്ധിജയന്തി തകര്‍പ്പന്‍ നാടകങ്ങളോടെ കൊണ്ടാടപ്പെട്ടു. ഇനിയുമുണ്ട്. കേരളാ ഗാന്ധി കെ കേളപ്പന്റെ അമ്പതാം ചരമവാര്‍ഷമാണിത്. മേല്‍പറഞ്ഞ ഇരുകൂട്ടര്‍ക്കും ചുഴിഞ്ഞുനോക്കിയാല്‍ ‘പാറ്റന്റ്’ അവകാശപ്പെടാവുന്നതാണ്. എന്തായാലും ഇതുവരെ വിസ്തൃതിയിലായിരുന്ന ശബര്യാശ്രമത്തെയും ശങ്കരന്‍നായരെയുമൊക്കെ ഓര്‍മ്മയില്‍ സജീവമാക്കിയതിനു നന്ദി.
ഇവരുടെയൊക്കെ ജന്മ‑ചരമ ദിവസങ്ങള്‍ ഇനിയും വരും.
അതുവരെ ‘സ്വ’സ്തി

TOP NEWS

November 23, 2024
November 23, 2024
November 23, 2024
November 23, 2024
November 23, 2024
November 23, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.