15 November 2024, Friday
KSFE Galaxy Chits Banner 2

മദേഴ്സ് ഡേ

കഥ
പി രഘുനാഥ്
March 20, 2022 7:05 am

രണ്ടു ദിവസമയി ഭാര്യ ശ്രദ്ധിക്കുന്നു, ഭർത്താവിൽ അസാധാരണമായ ചില മാറ്റങ്ങൾ. ലോക്ക് ഡൗൺ കാലത്ത് രാത്രി ഏറെ വൈകി കിടക്കുന്ന ഭർത്താവ് ഒൻപതു മണിയായിട്ടാണ് എഴുന്നേറ്റിരുന്നത്. ആദ്യമൊക്കെ പുള്ളിക്കാരൻ അക്കാലം നന്നായി ആസ്വദിച്ചിരുന്നു. ജോലിക്കും പോകേണ്ട, പുറത്തെങ്ങും പോകേണ്ട. ഒരു അല്ലലും അലട്ടലുമില്ല. നേരാംവണ്ണം ഭക്ഷണത്തിനു വന്നിരുന്നോളും. അത് കഴിഞ്ഞു ബാക്കി സമയം മുഴുവൻ പിള്ളേർക്കൊപ്പം കഴുതയും ടിക്ക് ടോക്കും ലുഡോ കളിയുമൊക്കെയായി തകൃതിയായി അടച്ചിടൽ കാലം മുന്നോട്ടുപോയിരുന്നതാണ്. പക്ഷെ വിചാരിക്കുന്ന മട്ടിലൊന്നും കോവിഡ് കുഞ്ഞൻ പിൻവാങ്ങി കാര്യങ്ങൾ സാധാരണ നിലയിൽ ആകാൻപോകുന്നില്ലെന്ന് യാഥാർഥ്യം ഉച്ചവെയിലിനേക്കാൾ തീക്ഷണതയോടെ കത്തികാളി നിന്നപ്പോൾ തുടക്കത്തിൽ ഉണ്ടായിരുന്ന ഉഷാറൊക്കെ ഒന്ന് കുറഞ്ഞു, അല്പം.
പക്ഷെ ഇത്തരത്തിൽ പ്രകടമായ മാറ്റങ്ങൾ കണ്ടുവരാൻ തുടങ്ങിയിട്ട് രണ്ടു ദിവസമേ ആയിട്ടുള്ളൂ. ഒൻപതു മണിക്ക് എഴുന്നേറ്റിരുന്ന ആൾ ആറുമണിക്കെഴുന്നേറ്റു കുളിയൊക്കെ കഴിഞ്ഞു അമ്പലത്തിനു പുറത്തു നിന്ന് തൊഴുതു വരും. രണ്ടമ്മമാരും എഴുന്നേൽക്കുന്നതിനു മുൻപേ അവർക്കു കുളിക്കാനുള്ള ചൂടുവെള്ളവും കുളികഴിഞ്ഞുവരുമ്പോൾ ചുടുക്കനെ കുടിക്കാനുള്ള ചായയും തയ്യാറായി മുന്നിൽ എത്തും. അതിനൊക്കെ മുൻപേ വെറും വയറ്റിൽ കഴിക്കേണ്ട ഗുളികൾ സ്വന്തം അമ്മയ്ക്കും ഭാര്യയുടെ അമ്മക്കുമുള്ളത് വെവ്വേറെ മാറ്റി കൊടുക്കും. അതുവരെ അതെല്ലാം ചെയ്തിരുന്നത് ഭാര്യയാണ്. അതോടെ അവർക്കു പണി പാതി കുറഞ്ഞു കിട്ടി. അടുക്കളയിലേക്ക് സഹായം ഒന്നുമുണ്ടായില്ലെങ്കിലും അമ്മമാരുടെ എ ടു സെഡ് കാര്യങ്ങൾ തന്നേക്കാൾ നന്നായി ഭർത്താവു നിവർത്തിച്ചു കൊണ്ടുനടക്കുന്നത് കണ്ടപ്പോൾ ഭാര്യ മൂക്കത്തു വിരൽവെച്ചാലോചിച്ചു നിന്നു. ഇതൊന്നും പോരാതെ മദേർസ് ഡേ വന്നപ്പോഴാകട്ടെ എഫ് ബിയിൽ കയറി രണ്ടുപേരെയും ഒപ്പം നിർത്തി ആയുരാരോഗ്യ സൗഖ്യം നേരുന്നതും കൂട്ടുകാരുടെ ആശംസകൾ തിരിച്ചു വാങ്ങി ആത്മനിർവൃതി കൊള്ളുന്നതും കണ്ടു. 

ഉച്ചക്ക് ഉണ്ണാനിരുന്നാൽ രണ്ടമ്മമാരെയും നന്നായി ഊട്ടും. ശേഷം നിർബന്ധിച്ചു ഉച്ചയുറക്കത്തിന് വിടും. ഉറക്കം കഴിഞ്ഞു വന്ന ഉടനെ ചായയും ചെറുകടിയും. സന്ധ്യക്ക് മുന്നേ പാടത്തു കൂടെ പോകുന്ന റോഡിലൂടെ ഒരു ഈവെനിംഗ് വാക്ക്. ശേഷം ചെറുചൂടുവെള്ളത്തിൽ ഒരു മേലുവെള്ളൊഴിക്കൽ. ഏഴരക്ക് കൃത്യം രണ്ടുപേർക്കും ഓട്ട്സ് അത്താഴം. പിന്നെ സ്ഥിരം ഗുളികകൾ വളരെ ശ്രദ്ധിച്ച്, സൂക്ഷിച്ച് കൊടുക്കും. കുറച്ചുനേരം, എട്ടര വരെ സീരിയൽ കാണൽ. ആ സമയത്ത് ഭാര്യയുടെയും പിള്ളേരുടെയും ഇഷ്ടാനിഷ്ടങ്ങൾക്കൊന്നും ഒരു വിലയുമില്ലാതായി. രണ്ടു ദിവസം കൊണ്ട് അച്ഛനിൽ വന്ന മാറ്റം കണ്ട് മക്കൾ അമ്മയെ നോക്കി. അമ്മ കൈ മലർത്തി.
ഇതിങ്ങനെ കോവിഡിനെപ്പോലെ എളുപ്പത്തിലൊന്നും തീരാൻ പോകുന്നില്ലെന്നുറപ്പായപ്പോൾ ഒരു ദിനം രാത്രി അമ്മമ്മാരെയൊക്കെ നന്നായി ഉറക്കി കിടത്തി വരുന്ന ഭർത്താവിനെ വഴി തടഞ്ഞുകൊണ്ട് ഭാര്യ ചോദിച്ചു:
“കുറച്ചു ദിവസ്സായി ഞാനിത് കാണുന്നൂ, ചോദിക്കണം എന്നു വിചാരിക്കുന്നു. അമ്മമാരെ സ്നേഹിക്കണതൊക്കെ നല്ലതു തന്നെ. വേണ്ടാന്നു ഞാൻ പറയില്ല. പക്ഷെ ഇതിത്തിരി കൂടുന്നില്ല എന്നു സംശയം?” ഉടൻ മറുപടി പറയാതെ ഭർത്താവ് ഭാര്യയെ കിടപ്പുമുറിയിലേക്ക് കൊണ്ടുപോയി. ആരും കേൾക്കില്ലെന്നുറപ്പായപ്പോൾ ഭർത്താവ് പറഞ്ഞു:
“ഒട്ടും കൂടുന്നില്ല. കുറയുന്നുണ്ടോന്നു മാത്രേ സംശയം ഉള്ളൂ. കാര്യങ്ങളും കാലോം ഒരു മാസം കൊണ്ട് മാറിയതൊക്കെ നിനക്കറിയാലോ, പ്രത്യേകിച്ച് ഞാൻ പറഞ്ഞു തരേണ്ടല്ലോ…?”
മുഴുവൻ പിടികിട്ടാത്ത മട്ടിൽ ഭാര്യ ഭർത്താവിനെ നോക്കി. ഭർത്താവ് വളരെ സാവകാശം മനസിലാകുന്ന തരത്തിൽ വളരെ ലളിതമായി തങ്ങളുടെ ജീവിതത്തിലെ കോവിഡാനന്തര നവനിർമിതിയെക്കുറിച്ചു പറയാൻ തുടങ്ങി:
“നിനക്കറിയാല്ലോ, എന്റെ ഫീൽഡ് വർക്ക് അധികകാലം ഈ അവസ്ഥയിൽ മുന്നോട്ടു പോകില്ല. കച്ചോടം ഇല്ലാതായാൽ ഒന്നുകിൽ കമ്പനി പിരിച്ചുവിടും അല്ലെങ്കില്‍ ശമ്പളം തരില്ല. ഇനി കമ്പനി അടച്ചിട്ടാൽ തന്നെ പകച്ചു നിന്നിട്ട് കാര്യമില്ല. പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും പറഞ്ഞു കഴിഞ്ഞു സ്വാശ്രയത്തിന്റെ ആവശ്യകത എന്താന്ന്. നമ്മുടെ മുന്നിൽ ചെയ്യാൻ ഇപ്പൊ ഇത് മാത്രേ ഉള്ളൂ. പിള്ളേര് വലുതായി ഒരു കരപറ്റാൻ ചുരുങ്ങിയത് പത്തുകൊല്ലം വേണ്ടിവരും. അപ്പൊ പത്തുകൊല്ലം നമ്മള് നന്നായി ശ്രദ്ധിക്കണം. ചെലവ് കുറക്കണം. അതുപോലെ എന്റെ അമ്മയെയും നിന്റെ അമ്മയെയും പൊന്നുപോലെ, ഒരാപത്തും വരാതെ നോക്കി കൊണ്ടുവരണം…”
“നിങ്ങടെ പണിപോണതും ചെലവ് കുറക്കണതും എനിക്ക് മനസ്സിലായി. പക്ഷെ അമ്മമാർക്ക് അതുമായി എന്തു ബന്ധം?”
“ഇനി മുതൽ ഞാനോ നീയോ അല്ല നമ്മടെ അമ്മമാരാണ് ഈ വീടിന്റെ വെളിച്ചവും നേടും തൂണുകളും. എന്താണ് എന്നല്ലേ…? എന്റെ അമ്മക്ക് എന്റെ അച്ഛന്റെ പെൻഷൻ എല്ലാ മാസവും കൃത്യമായി കിട്ടും. അതുപോലെ നിന്റെ അമ്മക്ക് രണ്ടു പെൻഷൻ ഉണ്ട്, നിന്റെ അമ്മയുടെ ജോലിയുടെ പെൻഷനും നിന്റെ അച്ഛന്റെ പെൻഷനും. മൂന്നു പെൻഷനും കൂടി ആയാൽ നമുക്ക് വല്യ പരിക്കില്ലാതെ ജീവിച്ചു പോകാം. മനസ്സിലായോ. ഒരു പത്തു കൊല്ലം ഇങ്ങനെ രണ്ടമ്മമാർക്കും ഒരാപത്തും വരാതെ ജീവനോടെ ഉണ്ടാവണം. എന്നാ മാത്രേ ഈ പെൻഷനുകൾ വാങ്ങി നമുക്ക് മുന്നോട്ടുള്ള ജീവിതം കൊണ്ടുപോകാൻ പറ്റൂ…”
ഭർത്താവ് പറയുന്നത് ശരിയാണല്ലോ എന്ന മട്ടിൽ ഭാര്യ തലകുലുക്കിയിരുന്നു.
“അപ്പൊ, ഈ വീട്ടില് അമ്മമാര് കഴിഞ്ഞിട്ടേ എന്തുമുള്ളൂ. ഞാനും നീയും മക്കൾ പോലും…”
ഭാര്യ കൂടുതൽ സംശയങ്ങളോ ചോദ്യങ്ങളോ ഉതിർക്കുന്നതിനു മുൻപേ ഭർത്താവ് പറഞ്ഞവസാനിപ്പിച്ചു. ഉറങ്ങാൻകിടക്കും നേരം ഭാര്യ പറഞ്ഞു:
“പാവം, നമ്മടെ അമ്മമാര്, ഈ പ്രായത്തിലും അവരുപോലും അറിയാതെ അവര് നമ്മെ നോക്ക്വണ് ല്ലേ…”
മറുപടി പറയാതെ ഭർത്താവ് വെളിച്ചമണച്ചു. അതേ നിമിഷം ഇരുട്ട് പറന്നെത്തി. 

TOP NEWS

November 14, 2024
November 14, 2024
November 14, 2024
November 14, 2024
November 14, 2024
November 14, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.