26 April 2024, Friday

പരിസ്ഥിതിക്ക് ദോഷകരമാകുന്ന എണ്ണപ്പന കൃഷിയ്ക്ക് കോടികള്‍ മുടക്കാന്‍ കേന്ദ്രം:പദ്ധതി ഉപകാരപ്പെടുക പതഞ്ജലിക്ക്

Janayugom Webdesk
ന്യൂഡല്‍ഹി
August 18, 2021 7:51 pm

രാജ്യത്ത് എണ്ണപ്പന കൃഷി പ്രോത്സാഹിപ്പിക്കാന്‍ 11,040 കോടി രൂപയുടെ ഭരണാനുമതി. കേന്ദ്ര മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. രാജ്യത്തെ ജൈവരീതിക്ക് ഏറെക്കുറെ അപരിചിതമായ എണ്ണപ്പന കൃഷി ഏല്പിക്കുന്ന പരിസ്ഥിതി ദോഷങ്ങള്‍ കണക്കിലെടുക്കാതെയാണ് കേന്ദ്ര സര്‍ക്കാരിന്റെ നീക്കമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലുമായി ആറരലക്ഷം ഹെക്ടറില്‍ എണ്ണപ്പന കൃഷി വ്യാപനത്തിനാണ് നാഷണല്‍ മിഷന്‍ ഓണ്‍ എഡിബിള്‍ ഓയില്‍സ് ഓയില്‍ പാം (എന്‍എംഇഒ-ഒപി) പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ഭക്ഷ്യ എണ്ണകള്‍ക്കായി ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുകയാണ് ലക്ഷ്യം. 2025–26 ഓടെ കൃഷി പത്തുലക്ഷം ഹെക്ടറായി വര്‍ധിപ്പിക്കാനും ലക്ഷ്യമിട്ടതായി കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍ പറഞ്ഞു.
പ്രധാനമന്ത്രി സ്വാതന്ത്യദിനത്തോടനുബന്ധിച്ച് ചെങ്കോട്ടയില്‍ പ്രഖ്യാപിച്ച പദ്ധതികളുടെ ഭാഗമായാണ് എണ്ണപ്പന കൃഷി വ്യാപിപ്പിക്കുന്നത്. 8,844 കോടി രൂപ കേന്ദ്രസര്‍ക്കാര്‍ ഇതിനായി ചെലവഴിക്കും. 2196 കോടി സംസ്ഥാനങ്ങള്‍ വഹിക്കണം. പദ്ധതി നടപ്പാകുന്നതോടെ ആഭ്യന്തരമായുള്ള ക്രൂഡ് പാം ഓയില്‍ ഉല്പാദനം 2026 ല്‍ 11 ലക്ഷം ടണ്ണായും 2030 ല്‍ 28 ലക്ഷം ടണ്ണായും വര്‍ധിക്കുമെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ പറഞ്ഞു.

ദക്ഷിണ കിഴക്കേഷ്യന്‍ രാജ്യങ്ങളില്‍ ഏറ്റവുമധികം വനനശീകരണത്തിന് കാരണമായ കൃഷിയാണ് എണ്ണപ്പന. പ്രധാന പാം ഓയില്‍ ഉല്പാദകരായ ഇന്തോനേഷ്യയും മലേഷ്യയും എണ്ണപ്പന കൃഷി ഉപേക്ഷിച്ച് സ്വാഭാവിക വനം തിരിച്ചെടുക്കുന്നതിനുള്ള ശ്രമങ്ങളിലാണ്. തായ്‌ലന്‍ഡ്, മ്യാന്‍മര്‍, പാപുവ ന്യൂഗിനിയ രാജ്യങ്ങളും ഇതേ പാതയിലാണ്. ഇന്ത്യയില്‍ കേരളം ഉള്‍പ്പെടെ 12 സംസ്ഥാനങ്ങളിലാണ് എണ്ണപ്പന കൃഷിയുള്ളത്. എണ്ണപ്പന വ്യാപിക്കുന്നതോടെ ഇന്ത്യയിലെ അപൂര്‍വമായ പല സസ്യവര്‍ഗങ്ങളും അപ്രത്യക്ഷമായേക്കുമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു. മണ്ണിന്റെ ഫലഭൂയിഷ്ഠത, ജലസുരക്ഷ എന്നിവയെയും എണ്ണപ്പന കൃഷി വ്യാപനം ദോഷകരമായി ബാധിക്കും.

നേട്ടം പതഞ്ജലിക്ക്

പുതിയ പദ്ധതിയുടെ പ്രയോജനം കര്‍ഷകര്‍ക്ക് പകരം ലഭിക്കുക ബാബാ രാംദേവിന്റെ പതഞ്ജലി ഗ്രൂപ്പിന്. മേഘാലയ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ എണ്ണപ്പന കൃഷി വ്യാപിപ്പിക്കാനാണ് പതഞ്ജലി ഗ്രൂപ്പിന്റെ നീക്കം. പതഞ്ജലിയുടെ കീഴിലുള്ള കമ്പനിയായ രുചി സോയ നടത്തിയ സര്‍വേക്കെതിരെ പരിസ്ഥിതി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചിരുന്നു. മേഖലയിലെ ഉല്പാദനം പൂര്‍ണ്ണമായി ഏറ്റെടുക്കുന്നതിനാണ് പതഞ്ജലിയുടെ ശ്രമം. ആദായം ലഭിക്കാന്‍ കാലതാമസമെടുക്കുമെന്നതിനാല്‍ നിലവില്‍ കര്‍ഷകര്‍ എണ്ണപ്പന കൃഷിയോട് വലിയതോതില്‍ ആഭിമുഖ്യം പ്രകടിപ്പിക്കുന്നുമില്ല. ഇക്കാരണത്താല്‍ ഒരു വിലസ്ഥിരതാ പദ്ധതിയും കേന്ദ്രസര്‍ക്കാര്‍ വിഭാവനം ചെയ്തിട്ടുണ്ട്.

Eng­lish sum­ma­ry ; 11040 crore from the Cen­ter for oil palm cultivation

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.