5 May 2024, Sunday

സൈബര്‍ തട്ടിപ്പ് വ്യാപകം; ബാങ്ക് അക്കൗണ്ടുകള്‍ക്ക് മേലുള്ള നിയന്ത്രണം ശക്തമാക്കും

Janayugom Webdesk
ന്യൂഡല്‍ഹി
April 25, 2024 10:21 pm

സൈബര്‍ തട്ടിപ്പ് തടയുന്നതിന്റെ ഭാഗമായി അക്കൗണ്ടുകള്‍ താല്‍ക്കാലികമായി മരവിപ്പിക്കാന്‍ ബാങ്കുകളെ അനുവദിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങളില്‍ മാറ്റം വരുത്താന്‍ റിസര്‍വ് ബാങ്ക് പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്.
2021ന് ശേഷം 1.26 ബില്യണ്‍ ഡോളറിനടുത്ത് സൈബര്‍ തട്ടിപ്പിലൂടെ നഷ്ടപ്പെട്ടിട്ടുണ്ടെന്ന സര്‍ക്കാരിന്റെ ആഭ്യന്തര റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി. ഓരോ ദിവസം 4000 വ്യാജ ബാങ്ക് അക്കൗണ്ടുകള്‍ വീതം തുറക്കപ്പെടുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. പണം കൈവശപ്പെടുത്താനുള്ള തട്ടിപ്പ് തന്ത്രങ്ങളുമായി പതിനായിരക്കണക്കിന് ഇന്ത്യക്കാര്‍ക്കാണ് പ്രതിദിനം തട്ടിപ്പുകാരുടെ കോളുകളെത്തുന്നത്. 

ഇത്തരത്തില്‍ തട്ടിപ്പിലൂടെ പണം കൈപ്പറ്റുന്ന ബാങ്ക് അക്കൗണ്ടുകള്‍ താല്‍ക്കാലികമായി മരപ്പിക്കാനാണ് ആര്‍ബിഐ ബാങ്കുകള്‍ക്ക് അനുമതി നല്‍കുക. പണം നഷ്ടപ്പെടുന്നവര്‍ പരാതിയുമായി പൊലീസ് സ്റ്റേഷനില്‍ കയറിയിറങ്ങുന്നതിനെയും ഇതിലൂടെ പ്രതിരോധിക്കാന്‍ കഴിയും. വിഷയത്തില്‍ കേന്ദ്ര ധനകാര്യ, ആഭ്യന്തര മന്ത്രാലയങ്ങളും ആര്‍ബിഐയും പ്രതികരിച്ചിട്ടില്ലെന്ന് റോയിട്ടേഴ്സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവില്‍ കുറ്റവാളികള്‍ക്ക് മിനിറ്റുകള്‍ക്കുള്ളില്‍ അക്കൗണ്ടുകള്‍ ശൂന്യമാക്കാന്‍ കഴിയുമെങ്കിലും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തതിന് ശേഷമേ അക്കൗണ്ട് മരവിപ്പിക്കാന്‍ ബാങ്കുകള്‍ക്ക് അനുവാദമുള്ളു. കുറ്റകൃത്യങ്ങളുടെ എണ്ണം കണക്കിലെടുക്കുമ്പോള്‍ ഇതിന് ചിലപ്പോള്‍ ദിവസങ്ങള്‍ തന്നെയെടുക്കും. 

സൈബര്‍ കുറ്റകൃത്യങ്ങളിലൂടെ തട്ടിയെടുത്ത പണം കൈമാറാനായി പതിവായി ഉപയോഗിക്കുന്ന അക്കൗണ്ടുകള്‍ മരവിപ്പിക്കാനാണ് അനുമതി നല്‍കുക. ആഭ്യന്തരമന്ത്രാലയത്തിന് കീഴിലുള്ള സൈബര്‍ തട്ടിപ്പിനെതിരെ പോരാട്ടം നടത്തുന്ന ഇന്ത്യന്‍ സൈബര്‍ ക്രൈം കോ ഓര്‍ഡിനേഷന്‍ സെന്ററില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും മാര്‍ഗനിര്‍ദേശങ്ങളില്‍ മാറ്റം വരുത്തുക.
തട്ടിപ്പിലൂടെ കൈപ്പറ്റിയ പണം കൈമാറിയ രണ്ടര ലക്ഷം അക്കൗണ്ടുകളാണ് കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍ സര്‍ക്കാര്‍ റദ്ദാക്കിയത്. ദുരുപയോഗം ചെയ്യപ്പെട്ട ബാങ്ക് അക്കൗണ്ടുകള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍, മൊബൈല്‍ കണക്ഷനുകള്‍, കുറ്റവാളികള്‍ തുടങ്ങിയ വിവരങ്ങള്‍ ലഭിക്കുന്ന പോര്‍ട്ടല്‍ ബാങ്ക്, പൊലീസ്, ടെലികോം ഓപ്പറേറ്റര്‍ തുടങ്ങിയവര്‍ക്ക് ലഭ്യമാക്കാന്‍ കഴിയുന്ന രീതിയില്‍ സമാഹരിച്ചുവരുന്നുണ്ട്.
തട്ടിപ്പിന് ഇരയാകുന്ന പലരും കേസ് രജിസ്റ്റര്‍ ചെയ്യാത്തത് കുറ്റവാളികള്‍ യഥേഷ്ടം വളരുന്നതിന് കാരണമാകുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 

Eng­lish Sum­ma­ry: Cyber fraud is ram­pant; Con­trol over bank accounts will be tightened

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.