ഒരു മണിക്കൂറിനുള്ളിൽ 112 കവിതകൾ എഴുതി കേരള ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം പിടിച്ചിരിക്കുകയാണ് പൊക്കുന്ന് സ്വദേശിനി രമ്യ ബാലകൃഷ്ണൻ. കവിതകൾ തത്സമയം രചിക്കുന്ന രീതിയിലായിരുന്നു മത്സരം. കുട്ടിക്കാലം മുതൽ രമ്യ കഥയും കവിതയും എഴുതുന്നതിൽ സജീവമായിരുന്നു. സ്കൂൾ കാലഘട്ടം വരെ എഴുത്തിനെ ചേർത്തു പിടിച്ചു. പിന്നീട് വിവാഹ ശേഷം മേഖലയിൽ രമ്യ സജീവമായിരുന്നില്ല. എഴുത്തിലേക്ക് വരാൻ പ്രചോദനമായത് അച്ഛനിലൂടെയായിരുന്നുവെന്നും ഓൺലൈനുകളിൽ കഥയും കവിതയും എഴുതിക്കൊണ്ട് അടുത്ത കാലത്തായാണ് എഴുത്തിലേക്ക് തിരിച്ചുവരവ് നടത്തിയതെന്നും രമ്യ പറയുന്നു.
കോഴിക്കോട് അമൃത വിദ്യാലയം, ഗണപത് ഗേൾസ് തുടങ്ങിയ സ്കൂളുകളിൽ ഹൈസ്കൂൾ മലയാളം അധ്യാപികയായും പ്രവർത്തിച്ചിട്ടുണ്ട്. ഓൺലൈൻ സാഹിത്യ ഗ്രൂപ്പുകളിലും രമ്യ സജീവ സാന്നിധ്യമാണ്. കഥാരചനാ മത്സരത്തിലും, ലേഖന മത്സരങ്ങളിലും നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. ബാലസാഹിത്യത്തിൽ കുഞ്ഞിപ്പുഴുവും അപ്പുവും എന്ന ബാലസാഹിത്യകൃതിക്ക് 2022ലെ പ്രഥമ എഴുത്തച്ഛൻ മലയാള സാഹിതി സ്പെഷ്യൽ ജൂറി പുരസ്കാരവും, സാഹിത്യ രംഗത്തെ മികച്ച പ്രവർത്തനം കണക്കിലെടുത്ത് ഭാഷാമലയാളം സാഹിത്യ സൗഹൃദ കൂട്ടായ്മയുടെ 2022ലെ യുവസാഹിത്യ പുരസ്കാരത്തിനും അർഹയായിരുന്നു.
കുഞ്ഞുണ്ണി മാഷിന്റെ സ്മരണാർത്ഥം കാട്ടൂർ കലാ സമിതി തൃശ്ശൂരിൽ സംഘടിപ്പിച്ച കവിതാ മത്സരത്തിൽ പങ്കെടുത്തവരിൽ നിന്നും മികച്ച 70 പേരുടെ കവിതകൾ ഉൾപ്പെടുത്തി പ്രസിദ്ധീകരിച്ച ‘ഒച്ചകൾ’ എന്ന കവിതാസമാഹാരത്തിൽ രമ്യയുടെ വിണ്ട കാലടികൾ എന്ന കവിതയും ഉൾപ്പെടുത്തിയിട്ടുണ്ട്. മാങ്കാവ് സ്വദേശികളായ ബാലകൃഷ്ണന്റെയും ഉഷയുടെയും മകളാണ്. ഭർത്താവ് ശരത് കുമാർ, മകൾ സംഘമിത്ര.
English Summary:112 poems in one hour; Ramya got a place in the Kerala Book of Records
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.