4 May 2024, Saturday

ഒക്ടോബർ വിപ്ലവത്തിന്റെ മഹത്തായ പൈതൃകം

Janayugom Webdesk
November 7, 2022 5:30 am

ഒക്ടോബർ സോഷ്യലിസ്റ്റ് വിപ്ലവത്തിന് ഇന്ന് 105 വർഷം പൂർത്തിയാവുന്നു. മഹാനായ ലെനിന്റെയും ബോൾഷെവിക് പാർട്ടിയുടെയും നേതൃത്വത്തിൽ, സാറിസ്റ്റ് റഷ്യയിലെ തൊഴിലാളികളും കൃഷിക്കാരും നടത്തിയ വിപ്ലവത്തിലൂടെ ഒരു ജനത ദേശീയവും സാമൂഹ്യവുമായ മോചനം നേടി. ലോകത്തെ ഒന്നാമത്തെ വിജയശ്രീലാളിതമായ സോഷ്യലിസ്റ്റ് വിപ്ലവം. തൊഴിലാളി വർഗത്തിന്റെ നേതൃത്വത്തിൽ അധ്വാനിക്കുന്ന ജനങ്ങളെ യഥാർത്ഥത്തിൽ ഭരണാധികാരത്തിലേക്കുയർത്തിയ, അവർക്ക് സ്വന്തമായ ഒരു രാഷ്ട്രം ലോകചരിത്രത്തിൽ ആദ്യമായി സൃഷ്ടിച്ച വിപ്ലവം. ആധുനിക മാനവരാശിയുടെ പുരോഗതിയുടെ പാതയിൽ അനശ്വരമായ വെളിച്ചംവീശിയ വിപ്ലവം. ഒക്ടോബർ വിപ്ലവം റഷ്യയിലെ മുതലാളിത്ത ചൂഷണ വ്യവസ്ഥയെ തകർത്തു; തൊഴിലാളികളുടെയും കൃഷിക്കാരുടെയും ഭരണം (സോവിയറ്റ്) സ്ഥാപിച്ചു. അർധ ഫ്യൂഡൽ വൻകിട ഭൂപ്രഭുത്വ വ്യവസ്ഥയെ തകർക്കുകയും ഭൂമിയിൽ പണിയെടുക്കുന്ന കൃഷിക്കാർക്കിടയിൽ പ്രതിഫലം കൂടാതെ കൃഷിഭൂമി വിതരണം ചെയ്യുകയും ചെയ്തു. റഷ്യൻ സാമ്രാജ്യത്തിലെ കൊളോണിയൽ വ്യവസ്ഥയെ തകർക്കുകയും എല്ലാ അടിമജനതകളുടെയും നിരുപാധികമായ സ്വയം നിർണായവകാശം പ്രഖ്യാപിക്കുകയും ചെയ്തു. സർവോപരി, ലോകത്തിലെല്ലാ രാജ്യങ്ങളിലെയും അധ്വാനിക്കുന്ന ജനങ്ങളിൽ, വിശേഷിച്ച് ഏഷ്യയിലെയും മറ്റും കൊളോണിയൽ അടിമത്തത്തിന്റെ നുകംപേറുന്ന ജനങ്ങളിലും ദേശീയ വിമോചന പ്രസ്ഥാനങ്ങളിലും സാമ്രാജ്യത്വത്തെയും സ്വേച്ഛാധിപത്യത്തെയും സംഘടിത ബഹുജനശക്തിക്ക് പരാജയപ്പെടുത്താൻ കഴിയുമെന്ന ആശയുടെ നാളം കൊളുത്തി. ആ വിപ്ലവം നയിച്ചത് മഹാനായ ലെനിനും അദ്ദേഹം സ്ഥാപിക്കുകയും സംഘടിപ്പിക്കുകയും നയിക്കുകയും ചെയ്ത ബോൾഷെവിക് പാർട്ടിയാണ്.

പ്രസിദ്ധ ചരിത്രകാരനും രാജ്യതന്ത്രജ്ഞനുമായിരുന്ന സർദാർ കെ എം പണിക്കർ ‘ഇന്ത്യാചരിത്രാവലോകന’മെന്ന തന്റെ ഗ്രന്ഥത്തിലെഴുതി: ”ഈ നൂറ്റാണ്ടിൽ ഇന്ത്യയുടെ രാഷ്ട്രീയവും ധാർമ്മികവുമായ വികാസത്തെ സ്വാധീനിച്ച ഏറ്റവും വലിയ ഒരൊറ്റ സംഭവം ഒരു പക്ഷേ, റഷ്യൻ വിപ്ലവമാണ്. മോസ്കോയിൽ മാത്രമല്ല പാമീർ പർവതനിരകളുടെ അതിർത്തിക്കപ്പുറത്തും തൊഴിലാളിവർഗം ഭരണാധികാരം ഏറ്റെടുത്തത് ഇന്ത്യയിലെ യുവാക്കളിൽ ആണ്ടിറങ്ങിയ ചലനമുണ്ടാക്കി. ” 1917 ഡിസംബറിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ വാർഷിക സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചുകൊണ്ട് ഡോക്ടർ ആനിബസന്റ് പറഞ്ഞു: ”ഇപ്പോൾ റഷ്യൻ വിപ്ലവവും യൂറോപ്പിലും ഏഷ്യയിലും ഒരു റഷ്യൻ റിപ്പബ്ലിക് ഉയർന്നു വരാനുള്ള സാധ്യതയും ഇന്ത്യയിൽ മുമ്പ് നിലനിന്നിരുന്ന സ്ഥിതിഗതികളെ തികച്ചും മാറ്റിയിരിക്കുന്നു. ഏഷ്യയിലുടനീളം ഹിമാലയത്തിനപ്പുറത്ത് സ്വതന്ത്രവും സ്വയംഭരിക്കുന്നതുമായ രാഷ്ട്രങ്ങൾ നീണ്ടുകിടക്കുന്നു.” ”ഒരു സാർ ചക്രവർത്തിയുടെയും ഒരു ചൈനീസ് സ്വേച്ഛാധിപതിയുടെയും പടുകൂറ്റൻ സാമ്രാജ്യങ്ങളെയല്ല ഇന്ത്യ ഇനി അതിന്റെ അയലത്തുകാരായി കാണുന്നത്. ആ രാജ്യങ്ങളിലെ അടിമ ജനതകളുമായിട്ടല്ല ഇന്ത്യ ഇനി ബ്രിട്ടീഷ് വാഴ്ചയിൻകീഴിലുള്ള സ്വന്തം സ്ഥിതിയെ താരതമ്യപ്പെടുത്തുക. മർദ്ദനത്തിന്റെ ആ വലിയ കാലഘട്ടം തുടങ്ങുന്നതുവരെയെങ്കിലും 1905 വരെ, ആ താരതമ്യത്തിൽ നിന്ന് ബ്രിട്ടീഷ് വാഴ്ച മുതലെടുത്തു. എന്നാൽ ഭാവിയിൽ, ഇന്ത്യ സ്വയംഭരണം നേടിയില്ലെങ്കിൽ, അതിന്റെ സ്വയംഭരിക്കുന്ന അയൽരാജ്യങ്ങളെ അസൂയയോടെ നോക്കും. അപ്പോൾ കാണുന്ന വ്യത്യാസം ഇന്ത്യയിലെ അസ്വാസ്ഥ്യത്തെ രൂക്ഷമാക്കും.

’ 1916ൽ ലെനിൻ എഴുതി: ”മംഗോളിയക്കാരും പേർഷ്യക്കാരും ഇന്ത്യാക്കാരും ഈജിപ്റ്റുകാരുമായി കൂട്ടുകെട്ടും ലയനവും വളർത്തിക്കൊണ്ടുവരാൻ നാം എല്ലാ ശ്രമങ്ങളും നടത്തും. അങ്ങനെ ചെയ്യേണ്ടത് നമ്മുടെ കടമയും താല്പര്യവുമാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. അല്ലെങ്കിൽ യൂറോപ്പിൽ സോഷ്യലിസം ഭദ്രമാവുകയില്ല. നമ്മളെക്കാൾ കൂടുതൽ പിന്നാക്കം നിൽക്കുന്നതും അടിച്ചമർത്തപ്പെട്ടതുമായ ഈ രാഷ്ട്രങ്ങൾക്ക്, പോളീഷ് സോഷ്യൽ ഡെമോക്രാറ്റുകളുടെ ഉചിതമായ ഒരു പദപ്രയോഗം കടം വാങ്ങുകയാണെങ്കിൽ, നാം ‘സ്വാർത്ഥ താല്പര്യമില്ലാത്ത സാമ്പത്തിക സഹായം’ നൽകുന്നതാണ്. മറ്റ് വാക്കുകളിൽ, യന്ത്രങ്ങളുപയോഗിക്കുന്നതിലേക്കും, സോഷ്യലിസത്തിലേക്കും മുന്നോട്ടുപോകാൻ നാം സഹായിക്കും. ” ഏഷ്യയിലെയും പ്രത്യേകിച്ച് ഇന്ത്യയിലെയും ദേശീയ സ്വാതന്ത്ര്യസമരത്തിന്റെ മുന്നേറ്റത്തെ ലെനിൻ സസൂക്ഷ്മം പഠിച്ചുകൊണ്ടിരുന്നു. മോസ്കോവിലെത്തിയ ഇന്ത്യൻ വിപ്ലവകാരികളുമായി ബന്ധം വയ്ക്കാനും അവരുമായി ചർച്ചകൾ നടത്താനും അദ്ദേഹം സമയം കണ്ടു. ഒക്ടോബർ വിപ്ലവത്തിന്റെ വിജയത്തിന് ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന് അന്ന് ഭൗതികമായ സഹായമൊന്നും ചെയ്യാൻ കഴിഞ്ഞിട്ടില്ല; അത് സാധ്യവുമായിരുന്നില്ല. ഒക്ടോബർ വിപ്ലവത്തിന്റെ സ്വാധീനം പ്രത്യയശാസ്ത്രപരവും രാഷ്ട്രീയവുമായിരുന്നു. പുതിയ വിപ്ലവ ശക്തികളെ അത് രംഗത്ത് കൊണ്ടുവന്നു. ശാസ്ത്രീയ സോഷ്യലിസത്തിന്റെ ആശയങ്ങൾ പഠിക്കാനും പ്രചരിപ്പിക്കാനും പ്രചോദനം നൽകി. ബഹുജന സമരം, പൂർണ സ്വാതന്ത്ര്യം, ലോകവ്യാപകമായ സാമ്രാജ്യത്വവിരുദ്ധ സമര ശക്തികളുമായുള്ള ബന്ധം, സ്വാതന്ത്ര്യം എന്ന സങ്കല്പത്തിന് സാമൂഹിക സാമ്പത്തിക പരിഷ്കാരങ്ങളുടെ ഒരു പരിപാടികൊണ്ട് മൂർത്തരൂപം നൽകൽ അങ്ങനെ പലവഴിക്കും അത് സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ ഗതിയെ സ്വാധീനിച്ചു.

ഇന്ത്യയിലെ എല്ലാ ഭാഷകളിലെയും സാംസ്കാരിക നവോത്ഥാനത്തിന്റെ മുന്നിൽ നടന്ന പുരോഗമന ചിന്താഗതിക്കാരിലും ദേശസ്നേഹികളിലും ഒക്ടോബർ വിപ്ലവത്തിന്റെ പുത്തൻകാറ്റ് അനുരണനങ്ങൾ ഉണ്ടാക്കി. അത് ആവേശകരമായ നീണ്ട ചരിത്രമാണ്. ഒക്ടോബർ വിപ്ലവത്തിന്റെ മാസ്മരിക ശക്തി നമ്മുടെ നാട്ടിലെ ജനലക്ഷങ്ങളുടെ കഷ്ടപ്പാടും വിദേശാധിപത്യത്തിൽനിന്ന് മോചനം നേടാനുള്ള പോരാട്ടത്തിന്റെ അനുഭവങ്ങളുമായി കൂടിച്ചേർന്നപ്പോൾ പുതിയ ചിന്തകളും പുതിയ വീക്ഷണങ്ങളുമായി പുരോഗമന സാഹിത്യം വളർന്നുവന്നു. കേരളത്തിൽ ഒക്ടോബർ വിപ്ലവവും അതിൽനിന്ന് ഉയർന്നുവന്ന സോവിയറ്റ് റഷ്യയിലെ ആദ്യത്തെ സാമൂഹിക സാമ്പത്തിക പരിഷ്കാരങ്ങളും ആദ്യമായി ആകർഷിച്ചത് ഇവിടത്തെ ജാതി വ്യത്യാസങ്ങൾക്കും ഉച്ചനീചത്വങ്ങൾക്കും വിവേചനങ്ങൾക്കും എതിരായും സാമൂഹ്യ സമത്വത്തിനും നീതിക്കും വേണ്ടിയും പോരാടിയിരുന്ന നവോത്ഥാന പ്രസ്ഥാനങ്ങളെയാണ്. അടിച്ചമർത്തലും ചൂഷണവും പുതിയ രൂപം കൈവരിച്ചിരിക്കുന്നു. പരിസ്ഥിതിയുടെയും വികസനത്തിന്റെയും പ്രശ്നങ്ങൾ ഉയർന്നു വരുന്നു. സോഷ്യലിസ്റ്റ് കാഴ്ചപ്പാടിൽ അധിഷ്ഠിതമായ വികസന പ്രക്രിയ ലോകത്ത് പല രാജ്യങ്ങളും സ്വീകരിച്ചുകൊണ്ടിരിക്കുകയാണ്. ലാഭം മാത്രം ലക്ഷ്യം വച്ചുകൊണ്ടുള്ള മുതലാളിത്ത നയങ്ങൾക്കു പകരം മനുഷ്യനെയും ഭൂമിയെയും മുഖ്യപരിഗണനാ വിഷയമാക്കുന്ന സോഷ്യലിസ്റ്റ് വികസന നയങ്ങളാണ് ലോകത്തിന് ആവശ്യമെന്ന് പല രാജ്യങ്ങളും സ്വയമേവ തിരിച്ചറിയുകയും ആ പാത സ്വീകരിക്കുകയും ചെയ്യുന്നത് തന്നെയാണ് ഒക്ടോബർ വിപ്ലവത്തെ എല്ലാ കാലത്തും പ്രസക്തമാക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.