14 May 2024, Tuesday

Related news

April 30, 2024
February 18, 2024
February 8, 2024
December 22, 2023
December 15, 2023
December 1, 2023
October 24, 2023
October 23, 2023
August 1, 2023
July 5, 2023

ശെന്തുരുണിയില്‍ വൈവിധ്യമേറുന്നു; പുതിയ 15 ഇനം ജീവിവര്‍ഗങ്ങള്‍ കൂടി

സ്വന്തം ലേഖകന്‍
കൊല്ലം
March 3, 2022 9:02 pm

സംസ്ഥാനത്തെ പ്രധാന വന്യജീവി സങ്കേതങ്ങളിൽ ഒന്നായ കൊല്ലം ജില്ലയിലെ ശെന്തുരുണിയിൽ 15 ഇനം ജീവിവർഗത്തെ കൂടി ഗവേഷകർ കണ്ടെത്തി. ആറ് പക്ഷി, നാല് ചിത്രശലഭം, അഞ്ച് ഇനം തുമ്പി എന്നിവയാണ് സങ്കേതത്തിലെ പുതിയ അതിഥികൾ.

ഫെബ്രുവരി 25 മുതൽ 27 വരെ തെരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ നടന്ന വാർഷിക ജന്തുജാല സർവേയിലാണ് ഇവയെ തിരിച്ചറിഞ്ഞത്. 171 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള സങ്കേതത്തിൽ ഏറെ പ്രാധ്യാനം ഉള്ള ഒൻപത് കേന്ദ്രങ്ങളിൽ 45 ലധികം ഗവേഷകർ താമസിച്ചാണ് വിവര ശേഖരണം നടത്തിയത്.

തിരുവനന്തപുരം ആസ്ഥാനമായുള്ള ട്രാവൻകൂർ നേച്വർ ഹിസ്റ്ററി സൊസൈറ്റി (ടിഎൻഎച്ച്എസ്) കേരള വനം വന്യജീവി വകുപ്പിന്റെയും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ എൻജിഒകളുടെയും സഹകരണത്തോടെയാണ് സർവേ നടത്തിയത്. മൂന്ന് ദിവസം കൊണ്ട് സർവേയിൽ 153 ഇനം പക്ഷികളെ കണ്ടെത്താനായി. സ്റ്റെപ്പി ഈഗിൾ (കായൽപ്പരുന്ത്), സ്റ്റെപ്പി ബസാർഡ് (പുൽപ്പരുന്ത്), ബോർഡില്ലൺസ് ബ്ലാക്ക് ബേർഡ്, അഷാംബു ഷോലക്കിളി, ഇന്ത്യൻ ബ്ലൂ റോബിൻ (നിലത്തൻ), ബ്ലൈയ്ത്ത് വരമ്പൻ എന്നിവ മേഖലയിൽ ആദ്യമായാണ് കാണുന്നത്.

സംസ്ഥാന പക്ഷിയായ വേഴാമ്പലിന്റെ സാന്നിധ്യം എല്ലായിടത്തും കാണാനായത് ശുഭസൂചനയാണെന്ന് ഗവേഷകർ പറഞ്ഞു. ലെസ്സർ ഫിഷ് ഈഗിൾ (ചെറിയ മീൻ പരുന്ത്), സ്ക്വയർ ടെയിൽഡ് ബുൾബുൾ (കരിമ്പൻ കാട്ട് ബുൾബുൾ) എന്നിവയുടെ അടയിരിക്കലും ചിലയിടങ്ങളിൽ ഉണ്ടായി. സിലോൺ ഫ്രോഗ്‌മൗത്ത് (മാക്കാച്ചിക്കാട), ലെഗ്ഗെസ് ഹോക്ക് ഈഗിൾ (വലിയ കിന്നരിപ്പരുന്ത്), ഗ്രേറ്റ് ഇയർഡ് നൈറ്റ്ജാർ (ചെവിയൻ രാച്ചുക്ക്), യൂറേഷ്യൻ പ്രാപ്പിടിയൻ എന്നിവയായിരുന്നു മറ്റ് ശ്രദ്ധേയമായ കണ്ടെത്തലുകൾ. ഇതോടെ വന്യജീവി സങ്കേതത്തിൽ ടിഎൻഎച്ച്എസ് ഗവേഷകർ തിരിച്ചറിഞ്ഞ പക്ഷികളുടെ എണ്ണം 255 ആയി.

കാട്ടുപോത്ത്, കടുവകൾ, മലയണ്ണാൻ അണ്ണാൻ, ആന പോലുള്ള സസ്തനികളുടെ സാന്നിധ്യവും മേഖലയിലുണ്ട്. സർവേയ്ക്ക് വൈൽഡ് ലൈഫ് വാർഡൻ ബി സജീവ് കുമാർ, അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ സി അജയൻ, ടിഎൻഎച്ച്എസ് ഡയറക്ടർ കെ ജയകുമാർ എന്നിവർ നേതൃത്വം നൽകി. വിവരശേഖരണത്തിലെ കണ്ടെത്തലുകളെ കുറിച്ച് ടിഎൻഎച്ച്എസിലെ ഡോ. കലേഷ് സദാശിവൻ, വിനയൻ പി നായർ, ഡോ. അനൂപ് രാജാമണി എന്നിവർ സംസരിച്ചു.

അഞ്ച് പുതിയ തുമ്പികൾ; നാല് ചിത്രശലഭങ്ങള്‍

വരണ്ട കാലാവസ്ഥയിൽ പോലും പോലും അഞ്ച് പുതിയ തുമ്പികൾ ഉൾപ്പെടെ 94 തുമ്പികളെ സർവേ രേഖപ്പെടുത്തി. ചോല ചാത്തൻ, വയൽ ചാത്തൻ, കരി മുത്തൻ, സന്ധ്യാ തുമ്പി, മഞ്ഞ കറുപ്പൻ മുളവാലൻ എന്നിവയാണ് കണ്ടെത്തിയ പുതിയ തുമ്പികൾ.

ചിത്രശലഭങ്ങൾ പുതിയവ ഉൾപ്പെടെ 191 വിഭാഗത്തെ കാണാനായി. ദി ക്ലിയർ സെയിലർ (ഇളം പൊന്തചുറ്റൻ), കോമൺ സിലിയേറ്റ് ബ്ലൂ (കോകിലൻ), വൈറ്റ് ഓറഞ്ച് ടിപ്പ് (വെണ്‍ചിറകൻ), സ്മോൾ ക്യുപിഡ് (ചെറുമാരൻ) എന്നിവയാണ് പുതിയ കണ്ടെത്തൽ. ഇവയുൾപ്പെടെ ശലഭങ്ങളുടെ വിഭാഗം ശെന്തുരുണിയിൽ 270 ആയി ഉയർന്നു. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ശലഭമായ തെക്കൻ ഗരുഡ ശലഭം, കരിയില ശലഭം, സതേൺ ഡഫർ (മുളങ്കാടൻ), ബാൻഡഡ് റോയൽ (പട്ട നീലാംബരി), പ്ലെയിൻ പാം ഡാർട്ട് (നാട്ട് പനന്തുള്ളൻ) എന്നിവയുടെ സാന്നിദ്ധ്യം വർധിച്ചിട്ടുണ്ട്.

eng­lish sum­ma­ry; 15 new species senthuruni

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.