2050ഓടെ കാർബൺ ബഹിർഗമനം പൂർണമായി ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാനത്ത് 18,542 കോടിയുടെ കേരള ഗ്രീൻ ഹൈഡ്രജൻ വാലി പദ്ധതി നടപ്പാക്കുമെന്ന് വ്യവസായ മന്ത്രി പി രാജീവ്. വ്യവസായ സ്ഥാപനങ്ങൾ, വാഹനങ്ങൾ എന്നിവയെ പുനരുപയോഗ ഊർജത്തിനു കീഴിലാക്കുന്ന പദ്ധതിയാണ് ഗ്രീൻ ഹൈഡ്രജൻ വാലി. തിരുവനന്തപുരത്തും കൊച്ചിയിലുമാണ് പദ്ധതി നടപ്പാക്കുന്നത്. സ്വിറ്റ്സർലണ്ടിലെ ദാവോസിൽ നടന്ന ലോക സാമ്പത്തിക ഫോറം ആഗോള തലത്തിൽ അംഗീകരിച്ച 13 പ്രമുഖ വ്യവസായ ക്ലസ്റ്ററുകളിലൊന്നാണ് കേരള ഗ്രീൻ ഹൈഡ്രജൻ വാലി പദ്ധതിയെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഓസ്ട്രേലിയ, ബ്രസീൽ, കൊളംബിയ, നെതർലാൻഡ്സ്, സൗദി അറേബ്യ, സ്വീഡൻ, തായ്‌ലൻഡ്, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളിലായാണ് ഗ്രീൻ ഹൈഡ്രജൻ പദ്ധതികൾ വ്യാപിച്ചുകിടക്കുന്നത്. സംസ്ഥാനത്തിന്റെ വാർഷിക കാർബൺ ഡൈഓക്സൈഡ് പുറന്തള്ളലിന്റെ 50 ശതമാനം വരുന്ന ഗതാഗതം അടക്കമുള്ള നിർണായക മേഖലകളിൽ കാർബൺ ബഹിർഗമനം കുറയ്ക്കുന്നതിനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. കേരളത്തിലെ ഗ്രീന്‍ ഹൈഡ്രജന്റെ ആവശ്യം റിഫൈനറികൾ, വളങ്ങൾ, റോഡ്-ജല ഗതാഗതം, രാസവസ്തുക്കള്‍, കയറ്റുമതി എന്നിങ്ങനെ ആറ് മേഖലകളിലായാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. ഹ്രസ്വകാലത്തേക്ക് ഏകദേശം 30 ദശലക്ഷം ഡോളറിന്റെ നിക്ഷേപ പ്രവർത്തനമാണ് ഹൈഡ്രജൻ വാലി പ്രതീക്ഷിക്കുന്നത്. കൂടാതെ, അമോണിയ കയറ്റുമതിക്കായി ഏകദേശം 1.2 ബില്യൺ ഡോളറിന്റെ പ്രോജക്ട് നിർദേശങ്ങൾ വാലിയിലൂടെ കണക്കാക്കുന്നു. 2030 ഓടെ പ്രതിവർഷം അഞ്ച് ദശലക്ഷം ടൺ ഗ്രീൻ ഹൈഡ്രജൻ ഉല്പാദിപ്പിക്കാൻ ലക്ഷ്യമിടുന്ന ഇന്ത്യയുടെ ദേശീയ ഗ്രീന്‍ ഹൈഡ്രജൻ മിഷനുമായി സംസ്ഥാനത്തിന്റെ ഗ്രീന്‍ ഹൈഡ്രജൻ വാലി പദ്ധതി യോജിക്കുന്നുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
പദ്ധതിയിലെ 4,166 കോടി രൂപ ഇലക്ട്രോലൈസർ, അമോണിയ പ്ലാന്റുകൾ സ്ഥാപിക്കാനാണ് ചെലവിടുക. ഹൈഡ്രജൻ ഉല്പാദന പ്ലാന്റ്, വാഹനങ്ങൾക്കും കൊച്ചി വാട്ടർ മെട്രോയ്ക്കും ഹൈഡ്രജൻ ഇന്ധനം, വ്യവസായ സ്ഥാപനങ്ങളെയും ഹരിതോർജത്തിന് കീഴിലാക്കൽ, സിറ്റി ഗ്യാസ് പദ്ധതിയിൽ പ്രകൃതിവാതകത്തിനൊപ്പം ഗ്രീൻ ഹൈഡ്രജനും ചേർക്കൽ തുടങ്ങിയവയും പദ്ധതിയിലുൾപ്പെടുന്നു. 2040 ഓടെ നൂറുശതമാനം ഹരിതോർജ വ്യാപനം കൈവരിച്ച്, 2050 ഓടെ നെറ്റ് സീറോ എമിഷൻ എന്ന നേട്ടം കൈവരിക്കുകയെന്ന സംസ്ഥാനത്തിന്റെ ലക്ഷ്യത്തിന്റെ ഭാഗമാണ് പദ്ധതി. നിലവിൽ കേരളത്തിലെ വ്യവസായ സംരംഭങ്ങൾ ഗ്രേ ഹൈഡ്രജനാണ് ഉപയോഗിക്കുന്നത്. ഇതുമൂലം കാർബൺ വികിരണവും കൂടുതലാണ്. ഇവയെ ഗ്രീൻ ഹൈഡ്രജനിലേക്ക് മാറ്റിയാൽ കാർബൺ വികിരണം കുറച്ച്, പ്രവർത്തനം പരിസ്ഥിതി സൗഹൃദമാക്കാനാകും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.