18 April 2024, Thursday

Related news

April 16, 2024
April 13, 2024
April 8, 2024
April 6, 2024
April 4, 2024
March 31, 2024
March 28, 2024
March 28, 2024
March 22, 2024
March 16, 2024

തിയേറ്ററില്‍ നിന്നും മൊബൈലിലേക്ക് സിനിമയെത്തിയ 2022

രാജഗോപാല്‍ എസ് ആര്‍
January 1, 2023 9:47 pm

സീനിയേഴ്സിനൊപ്പം യുവ സംവിധായകരും യുവതാരങ്ങളും ഉള്‍പ്പെടെ ധാരാളം പേര്‍ മിന്നിത്തിളങ്ങിയ വര്‍ഷമാണ് 2022. ഒടിടിയിലൂടെയുള്ള വിപണനം പരീക്ഷണ ചിത്രങ്ങള്‍ക്കും കൊച്ചുതാരങ്ങളുടെ ചിത്രങ്ങളുടെ നിര്‍മ്മാണത്തിനും ആക്കം കൂടുന്നു. വനിതാ സംവിധായകരുടെ ശ്രദ്ധേയമായ സാന്നിധ്യവും സ്ത്രീകേന്ദ്രീകൃത ചിത്രങ്ങളുടെ നിര്‍മ്മാണവും പ്രേക്ഷക ഏറ്റെടുക്കലും അവയ്ക്ക് പ്രതീക്ഷ നല്‍കുന്നുണ്ട്.

ഒടിടിയെന്ന ഭീഷണി

തിയേറ്ററുകളില്‍ നിറഞ്ഞോടിയിരുന്ന സിനിമകള്‍ മൊബൈല്‍ ഫോണിലേക്ക് 500 എംബിയ്ക്ക് താഴെയുള്ള ‘സൈസി‘ല്‍ സേവ് ചെയ്തിട്ട് ആവശ്യമനുസരിച്ച് കാണാവുന്ന അവസ്ഥയിലേക്കെത്തിയെന്നുള്ളതാണ് 2022 പിന്നിടുമ്പോള്‍ സിനിമാലോകം നേരിടുന്ന ഭീഷണി. ഒടിടി എന്നത് Over The Top പ്ലാറ്റ്ഫോം എന്ന പൂര്‍ണരൂപത്തില്‍ നിന്നും Over the Telegram എന്ന അവസ്ഥയിലേക്ക് എത്തിയിട്ടുണ്ട്. ബോക്സോഫീസില്‍ മണിക്കിലുക്കം ഉണ്ടാക്കേണ്ട പല ചിത്രങ്ങളുടെയും ദുരിതവീഴ്ചയ്ക്ക് ഇത് കാരണമായെന്ന് ഊഹിക്കാമല്ലോ. ആദ്യ ദിവസം തന്നെ തിയേറ്ററിന് മുന്നില്‍ മൈക്ക് പിടിച്ച് നിന്നും സമൂഹമാധ്യമങ്ങളില്‍ ഡിഗ്രേഡ് ചെയ്തും സിനിമയെ വീഴ്ത്തുന്ന മറ്റൊരു കൂട്ടരും മലയാള സിനിമയുടെ തകര്‍ച്ചയ്ക്ക് ആക്കം കൂട്ടുന്നവരില്‍ പെടും.

ബോക്സോഫീസില്‍ പോരാട്ടം
നാടനും വരത്തനും തമ്മില്‍ 

bheeshmaparvam

ഭീഷ്മ പര്‍വ്വം, തല്ലുമാല, ഹൃദയം, ജനഗണമന, കടുവ, ന്നാ താന്‍ കേസ് കൊട്, റോഷോക്ക്, പാപ്പാന്‍, കാപ്പ, ജയജയജയജയ ഹേ ഇങ്ങനെ വളരെ കുറച്ച് ചിത്രങ്ങള്‍ മാത്രമേ തിയേറ്ററില്‍ സൂപ്പര്‍ ഹിറ്റെന്ന അവസ്ഥയിലേക്കെത്തിയിട്ടുള്ളു. അവതാര്‍ 2, പൊന്നിയന്‍ സെല്‍വം, വിക്രം, കെജിഎഫ് 2, കാന്താര തുടങ്ങിയവ കാഴ്ചയുടെ വിസ്മയം കൊണ്ടും തിരുചിത്തമ്പലം, ലൗ ടുഡേ, റോക്കട്രി ദി നമ്പി എഫക്ട്, കാത്തുവാക്കിലെ കാതല്‍ എന്നിവ കഥാ പരിസരം കൊണ്ടും അജിത്തിന്റെ വലിമൈ, വിജയിയുടെ ബീസ്റ്റ് എന്നിവ താരസാമീപ്യം കൊണ്ടും കേരളത്തില്‍ നിന്ന് കാശുവാരിയ അന്യഭാഷ ചിത്രങ്ങളാണ്.

ശ്രദ്ധേയയായി ദര്‍ശന…

ഹൃദയത്തിലെ ദര്‍ശനയെയും ജയജയജയജയഹേയിലെ ജയയെയും അവതരിപ്പിച്ച ദര്‍ശനയാണ് വര്‍ഷാവസാന കണക്കെടുപ്പില്‍ ഏറ്റവും ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ചത്.

സൗദി വെള്ളക്കയില്‍ ആയിഷ റാവൂത്തറെ അവതരിപ്പിച്ച ദേവി വര്‍മ്മ എന്ന നടി മലയാള സിനിമയ്ക്ക് ഒരു ശക്തമായ വാഗ്ദാനമാണ്. കല്യാണി പ്രിയദര്‍ശന്‍ ബ്രോഡാഡിയിലൂടെയും ഹൃദയത്തിലൂടെയും സാന്നിധ്യമുറപ്പിച്ചു. സൂപ്പര്‍ ശരണ്യയിലെ ടൈറ്റില്‍ വേഷത്തിലെത്തിയ അനശ്വര മൈക്ക് എന്ന ചിത്രത്തിലും കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചു. അര്‍ച്ചന 31 ലെയും കുമാരിയിലെയും കഥാപാത്രങ്ങള്‍ ഐശ്വര്യ ലക്ഷ്മി മോശമാക്കിയില്ല. ദുര്‍ഗ കൃഷ്ണയുടെ ഞെട്ടിപ്പിക്കുന്ന പ്രകടനമായിരുന്നു ഉടല്‍ എന്ന ചിത്രത്തില്‍. പുഴുവെന്ന ചിത്രത്തില്‍ പാര്‍വ്വതിയും തെക്കന്‍ തല്ലുകേസില്‍ പദ്മപ്രിയയും ശ്രദ്ധേയമായ കഥാപാത്രങ്ങളെ സൃഷ്ടിച്ചു.

ശക്തമായ യുവനിര

ഇലവീഴാപൂഞ്ചിറയും ജിന്നും ഉള്‍പ്പെടെ അഞ്ചോളം ചിത്രങ്ങളിലൂടെ സൗബിന്‍ സാഹീര്‍ നായക സ്ഥാനം ഉറപ്പിച്ചു. ഇതില്‍ ഇലവീഴാപൂഞ്ചിറയിലെ പൊലീസ് ഓഫീസറായ മധുവിലൂടെ വരുംവര്‍ഷത്തെ അവാര്‍ഡ് നിര്‍ണയ സമിതികളുടെ ലിസ്റ്റില്‍ സൗബിന്‍ എത്തുമെന്ന് ഉറപ്പാണ്. ഭീഷ്മ പര്‍വ്വത്തിലെ അജാസും മികച്ച് നിന്നു. ജാക്ക് ആന്റ് ജില്ലിലേയും കള്ളന്‍ ഡിസൂസയിലെയും കഥാപാത്രങ്ങള്‍ സൗബിന്‍ മോശമാക്കിയില്ല.

vineeth

വിനീത് ശ്രീനിവാസന്‍ ചെയ്ത മുകുന്ദനുണ്ണി നെഗറ്റീവ് ഷെയ്ഡുള്ള നായകന്‍മാരെ പ്രേക്ഷകര്‍ ഏറ്റെടുക്കുന്നുവെന്നതിന് തെളിവാണ്. ഷൈന്‍ നിഗം, ഷൈന്‍ ടോം ചാക്കോ, റോഷന്‍ മാത്യു, ഇന്ദ്രജിത്ത്, ബിജുമേനോന്‍, വിനായകന്‍, അനൂപ് മേനോന്‍, ജോജു ജോര്‍ജ്ജ്, സണ്ണി വെയിന്‍, സൈജു കുറുപ്പ്, സുരാജ് വെഞ്ഞാറമൂട്, മാത്യു തോമസ്, ധ്യാന്‍ ശ്രീനിവാസന്‍, ഷറഫുദ്ദീന്‍, മുരളി ഗോപി, വിഷ്ണു ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ക്കും നല്ല കഥാപാത്രങ്ങളെ കിട്ടിയ വര്‍ഷമായിരുന്നു 2022.
നിഖില വിമല്‍ (ജോ ആന്റ് ജോ), രജീഷ (ഫ്രീഡം ഫൈറ്റ്), നവ്യ നായര്‍ (ഒരുത്തി), മഞ്ജു വാര്യര്‍ (ലളിതം സുന്ദരം), മീരാ ജാസ്മിന്‍ (മകള്‍ക്ക്), നിമിഷ സജയന്‍ (ഇന്നലെ വരെ, ഒരു തെക്കന്‍ തല്ലുകേസ്), രേവതി (ഭൂതകാലം), ഗ്രേസ് ആന്റണി (അപ്പന്‍), സുരഭി ലക്ഷ്മി (പദ്മ), അപര്‍ണ ബാലമുരളി (കാപ്പ), നിത്യ മേനോന്‍ (19 (1) എ) എന്നിവരും ശ്രദ്ധേയരായ വര്‍ഷം കൂടിയാണിത്.
വിടപറഞ്ഞ നെടുമുടി വേണു, കെപിഎസി ലളിത (ഭീഷ്മ പര്‍വ്വം), കൊച്ചുപ്രേമന്‍ (കൊച്ചാള്‍), പപ്പു (ക്യാമറാമാന്‍ — അപ്പന്‍), അനില്‍ നെടുമങ്ങാട് (വിവിധ ചിത്രങ്ങള്‍) തുടങ്ങിയവരുടെ വെള്ളിത്തിരയില്‍ അവസാന സാന്നിദ്ധ്യമറിയിച്ച് കടന്നുപോയി.

കാമറയ്ക്ക് പിന്നില്‍

ജോഷി (പാപ്പന്‍), അമല്‍ നീരദ് (ഭീഷ്മ പര്‍വ്വം) ഷാജി കൈലാസ് (കടുവ, കാപ്പ), കെ മധു (സിബിഐ — 5), ജിത്തു ജോസഫ് (ട്വല്‍ത്ത് മാന്‍, കൂമന്‍), ബി ഉണ്ണികൃഷ്ണന്‍ (ആറാട്ട്) മഹേഷ് നാരായണന്‍ (അറിയിപ്പ്) തുടങ്ങിയവരുടെ സാന്നിധ്യം കൊണ്ട് ബോക്സോഫീസിന് പ്രതീക്ഷയേറിയ വര്‍ഷമായിരുന്നു 2022. പക്ഷേ രതീഷ് ബാലകൃഷ്ണന്‍ (ന്നാ താന്‍ കേസ് കൊട്), മജു (അപ്പന്‍), വിപിന്‍ ദാസ് (ജയജയജയജയഹേ), രതീന (റോഷോക്ക്), ഇന്ദു വി എസ് (19 (1) എ), ഡിജോ ജോസ് ആന്റണി (ജനഗണമന), ഖാലിദ് റഹ്മാന്‍ (തല്ലുമാല), സൗദി വെള്ളക്ക (തരുണ്‍ മൂര്‍ത്തി) എന്നിവര്‍ ഈ സീനിയര്‍ സംവിധായകരോടൊപ്പം കട്ടയ്ക്ക് കട്ടയ്ക്ക നില്‍ക്കുന്ന ചിത്രങ്ങള്‍ സൃഷ്ടിക്കുന്നവരാണെന്ന കാഴ്ചയും 2022 കണ്ടു.

ഓരോ സിനിമകളും വിജയിക്കുമെന്ന പ്രതീക്ഷയില്‍ തന്നെയാണ് നിര്‍മ്മിക്കപ്പെടുന്നത്. സാമ്പത്തിക വിജയമാണോ കലാപരമായ വിജയമാണോ ലക്ഷ്യം വച്ച് പ്രവര്‍ത്തിക്കേണ്ടതെന്ന് തീരുമാനമെടുക്കേണ്ടത് പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നവരാണ്. നല്ല കഥയുമായി ഇറങ്ങുന്നവര്‍ക്ക് നല്ല ചിത്രങ്ങള്‍ നിര്‍മ്മിക്കാന്‍ കാശുമുടക്കാന്‍ താല്പര്യമുള്ള നിര്‍മ്മാതാക്കളും ധാരാളമുണ്ട്. ചോര്‍ന്നൊലിക്കുന്ന ഓലപ്പുരയില്‍ നിന്ന് മള്‍ട്ടിപ്ലക്സിലേക്ക് കാഴ്ചകളെത്തിക്കഴിഞ്ഞു. എന്നിട്ടും രണ്ടാം ദിവസം പോലും പല നല്ല ചിത്രങ്ങള്‍ക്കും പത്തുപേരുണ്ടെങ്കില്‍ മാത്രമേ പ്രദര്‍ശനം നടത്താനാവു എന്ന് തിയേറ്റര്‍ മാനേജ്മെന്റിന് പറയേണ്ടി വരുന്നത് വലിയ സ്ക്രീനുകളിലെ സാധാരണക്കാരന്റെ ഏറ്റവും വലിയ വിനോദക്കാഴ്ചയുടെ സാധ്യതയ്ക്ക് മങ്ങലേല്‍പ്പിക്കുന്നുണ്ട്. നല്ല ചിത്രങ്ങളിലൂടെ നിര്‍മ്മിതിയിലൂടെ ഈ കെട്ടകാലവും നമുക്ക് അതിജീവിക്കാനാവുമെന്നതാണ് നല്ല സിനിമയെ സ്നേഹിക്കുന്നവരുടെ വരുംകാലത്തിലേക്കുള്ള പ്രതീക്ഷ.

താരങ്ങളില്‍ മമ്മൂട്ടി തന്നെ 

മമ്മൂട്ടിയെന്ന എഴുപത്തിയൊന്നുകാരന്‍ താരമായി നിറഞ്ഞാടിയ വര്‍ഷമാണ് കടന്നുപോകുന്നത്. ഭീഷ്മ പര്‍വ്വത്തിലെ മൈക്കിളും റോഷോക്കിലെ ലൂക്ക് ആന്റണിയും തിയേറ്ററില്‍ വന്‍ ആവേശം സൃഷ്ടിച്ചപ്പോള്‍ ഒടിടി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയ പുഴുവിലെ കുട്ടന്‍ അഭിനയത്തിലൂടെ വെറുപ്പിന്റെ പുതിയൊരു തലം സൃഷ്ടിക്കുകയായിരുന്നു. സിബിഐ സീരിസിലെ അഞ്ചാം ഭാഗം മമ്മൂട്ടിയിലെ നടനോ താരത്തിനോ വലിയ ഗുണം സൃഷ്ടിച്ചില്ല. ഐഎഫ്എഫ്‌കെയില്‍ പ്രദര്‍ശിപ്പിച്ച ലിജോ ജോസ് പെല്ലിശേരി ചിത്രം നന്‍പകല്‍ നേരത്ത് മയക്കം 2023ലെ ഏറ്റവും വലിയ പ്രതീക്ഷയായി മാറി. ‘ആറാട്ട്’ ട്രോളുകള്‍ ഏറ്റുവാങ്ങിയതല്ലാതെ വലിയ ഗുണമൊന്നും മോഹന്‍ലാലിനുണ്ടാക്കിയില്ല. മോണ്‍സ്റ്ററിന്റെയും ട്വല്‍ത്ത് മാന്റെ അവസ്ഥയും അതുപോലെതന്നെ. പൃഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡിയിലെ അച്ഛന്‍ വേഷം മാത്രമാണ് മോഹന്‍ലാലിന്റെതെന്ന് പറയാന്‍ പറ്റിയ കഥാപാത്രം. ലിജോ ജോസ് പെല്ലിശേരി ഒരുക്കുന്ന മലൈക്കോട്ടെ വാലിബനിലാണ് 2023 ലെ പ്രതീക്ഷ.
അപ്പനിലെ അപ്പനായ അലന്‍സിയര്‍… ഉടലിലെ കുട്ടിയച്ചനായെത്തിയ ഇന്ദ്രന്‍സ്… ജയജയജയജയഹേയിലെ ബേസില്‍ ജോസഫ്… ഇവരൊക്കെ നല്ല വേഷങ്ങള്‍ കിട്ടിയാല്‍ തങ്ങള്‍ക്കും താരങ്ങള്‍ക്കൊപ്പം കസേരയിട്ടിരിക്കാന്‍ കഴിയുമെന്ന് ഉറപ്പിച്ചു.
ഇപ്പോഴും തിയേറ്ററില്‍ നിറഞ്ഞോടുന്ന കാപ്പയിലെ കൊട്ട മധുവും കടുവയിലെ കടുവാക്കുന്നില്‍ അവറാച്ചനും താരമെന്ന നിലയില്‍ പൃഥ്വിരാജിന് നേട്ടമായപ്പോള്‍ ജനഗണമനയിലെ അരവിന്ദും തീര്‍പ്പിലെ അബ്ദുള്ള മരയ്ക്കാറും അഭിനേതാവെന്ന നിലയില്‍ പൃഥ്വിരാജിന് അഭിമാനമായി. പൃഥ്വിരാജ് തന്നെ സംവിധാനം ചെയ്ത ബ്രോഡാഡിയും അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത ഗോള്‍ഡുമാണ് മറ്റ് ചിത്രങ്ങള്‍. ഫഹദ് ഫാസിലിന് മലയന്‍ കുഞ്ഞ് എന്ന ചിത്രം മാത്രമാണ് മലയാളത്തിലുണ്ടായിരുന്നത്. പക്ഷേ, തമിഴ് ചിത്രമായ വിക്രത്തിലെ കഥാപാത്രം സ്വന്തം ഭാഷയില്‍ ഫഹദിന് കിട്ടുന്നതിനേക്കാള്‍ കൂടുതല്‍ പ്രേക്ഷകപ്രീതി നേടിക്കൊടുത്തു.

ടോവിനോ തോമസിലേക്കെത്തുമ്പോള്‍ നാരദനിലെ ചന്ദ്രപ്രകാശ് എന്ന നെഗറ്റീവ് കഥാപാത്രം നടനെന്ന നിലയില്‍ ശ്രദ്ധേയമായി. തല്ലുമാലയിലെ മണവാളന്‍ വാസിമിനെ യുവആരാധകര്‍ ഏറ്റെടുക്കുകയായിരുന്നു. ഡിയര്‍ ഫ്രണ്ടിലെ വിനോദും വാശിയിലെ എബിനും ശ്രദ്ധിക്കപ്പെട്ടു. വഴക്ക് എന്ന ചിത്രത്തിലെ സിദ്ധാര്‍ത്ഥന്‍ ഐഎഫ്എഫ്‌കെയില്‍ ചര്‍ച്ച ചെയ്യപ്പെട്ട കഥാപാത്രമാണ്. ന്നാ താന്‍ കേസ് കൊട് — ലെ രാജീവന്‍ എന്ന പ്രേക്ഷകര്‍ ഏറ്റെടുത്ത കഥാപാത്രമാണ് കുഞ്ചാക്കോ ബോബന്റെ മികച്ച വേഷം. പടയിലെ രാകേഷും ഐഎഫ്എഫ്‌കെയില്‍ പ്രദര്‍ശിപ്പിച്ച അറിയിപ്പിലെ ഹരീഷും ശ്രദ്ധേയമായവയാണ്. കൂമനിലെ ഗിരിയെന്ന കഥാപാത്രം മാത്രം മതി 2022 ല്‍ ആസിഫ് അലിക്ക് അഭിമാനിക്കാന്‍. മഹാവീറിലെയും കാപ്പയിലെയും നല്ല കഥാപാത്രങ്ങള്‍ അദ്ദേഹത്തിന് ബോണസായി മാറി.
നല്ല ഗാനങ്ങള്‍ കൊണ്ടും സാമ്പത്തിക വിജയം കൊണ്ടും മിന്നിയ ഹൃദയത്തിലെ നായകനെന്ന നിലയില്‍ പ്രണവ് മോഹന്‍ലാലിന് അഭിമാനിക്കാം. അന്യഭാഷ അഭിനയത്തില്‍ കഴി‍ഞ്ഞവര്‍ഷം ശ്രദ്ധ കേന്ദ്രീകരിച്ച ദുല്‍ഖറിന്റെതായി പുറത്തുവന്നത് ഒടിടി റിലീസായ സല്യൂട്ട് എന്ന ചിത്രം മാത്രമാണ്.
മേരി ആവാസ് സുനോ, ഈശോ, ജോണ്‍ ലൂദര്‍ എന്നീ ചിത്രങ്ങളിലൂടെ ജയസൂര്യയും സാന്നിധ്യമായി.

യാത്രാമൊഴി.…

മലയാള സിനിമ കണ്ട എക്കാലത്തേയും മികച്ച നടിമാരിൽ ഒരാളായിരുന്ന കെപിഎസി ലളിതയുടെ വിടവാങ്ങലിന് 2022 സാക്ഷിയായി. കാമുകി മുതല്‍ മുത്തശ്ശി വരെയുള്ള കഥാപാത്രങ്ങളായി മലയാള സിനിമയോടൊപ്പം വളര്‍ന്ന അവര്‍ 50 കൊല്ലത്തിനിടയിൽ അഞ്ഞൂറിലേറെ സിനിമകളിൽ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തു. മലയാള സിനിമക്ക് പുതുഭാഷയും ഭാവുകത്വവും സമ്മാനിച്ച കലാകാരനും തിരക്കഥാകൃത്തുമായ ജോൺ പോൾ യാത്രയായതും ഈ വര്‍ഷമാണ് . നൂറോളം ജനപ്രിയ സിനിമകളുടെ രചയിതാവായിരുന്നു. പി എൻ മേനോനും കെ എസ് സേതുമാധവനും മുതൽ ഭരതനും മോഹനും ജേസിയും കമലും വരെയുള്ള സംവിധായകർക്കൊപ്പം പ്രവർത്തിച്ചു. ‘തകര’ എന്ന കഥാപാത്രത്തിന്റെ രൂപത്തെ മലയാളിയുടെ മനസ്സില്‍ പതിപ്പിച്ച ചലച്ചിത്ര അഭിനേതാവും സംവിധായകനുമായിരുന്നു പ്രതാപ് പോത്തൻ വിടവാങ്ങിയതും ഈ വര്‍ഷമാണ്.

KPAC

നടനെന്നതിനപ്പുറം ഋതുഭേദം, ഡെയ്സി, ഒരു യാത്രമൊഴി എന്നി ചിത്രങ്ങളും അദ്ദേഹം സംവിധാനം ചെയ്തു. പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കിയ ടി പി രാജീവന്‍, അപ്പന്‍ എന്ന സിനിമയുടെ കാമറാമാന്‍ പപ്പു, സ്വതസിദ്ധമായ ശൈലി കൊണ്ട് തന്റേതായ ഇടം കണ്ടെത്തിയ കോട്ടയം പ്രദീപ്, പ്രശസ്ത നാടക ചലച്ചിത്ര നടനായിരുന്ന കൈനകരി തങ്കരാജ്, ചലച്ചിത്ര പിന്നണിഗായകനും ഗാനമേളകളുടെ സംഘാടകനുമായിരുന്ന ഇടവ ബഷീർ, പ്രശസ്ത സിനിമാ, നാടക നടൻ ആയിരുന്നു ഡി ഫിലിപ്പ്, മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്ത മറിമായത്തിലൂടെ ശ്രദ്ധേയനായ നാടക, സീരിയൽ നടൻ വി പി ഖാലിദ്, ബ്ലെസി സംവിധാനം ചെയ്ത ‘കാഴ്ച’യിൽ മമ്മൂട്ടിയുടെ അച്ഛനായി വേഷമിട്ട നെടുമ്പ്രം ഗോപി, സിനിമാ- സീരിയൽ താരം രശ്മി ഗോപാൽ, വൈശാലി എന്ന സിനിമയെ പൂര്‍ണതയിലെത്തിച്ച നിര്‍മ്മാതാവും നടനുമായ അറ്റ്ലസ് രാമചന്ദ്രന്‍, നാടകരംഗത്തിലൂടെ സിനിമയിലെത്തി മലയാള ഹാസ്യരംഗത്ത് വേറിട്ട സംഭാഷണശൈലിയിലൂടെ തന്റേതായ പ്രതിഭ തെളിയിച്ച കൊച്ചുപ്രേമന്‍, താഴ്‌വാരത്തിലെ വില്ലന്‍ വേഷത്തിലൂടെ ശ്രദ്ധേയനായ സലീം ഘോഷ്, നടന്‍ കാര്യവട്ടം ശശികുമാര്‍, നടി അംബികാറാവൂ, ഗായകന്‍ കെ കെ എന്ന കൃഷ്ണകുമാര്‍ കുന്നത്ത് എന്നിവരുടെ വിടവാങ്ങലിനും 2022 സാക്ഷിയായി.

2021 ലെ സംസ്ഥാന ചലച്ചിത്രപുരസ്കാരങ്ങള്‍ 

മികച്ച നടൻ- ജോജു ജോർജ്, (ചിത്രം-മധുരം, ഫ്രീഡം ഫൈറ്റ്, നായാട്ട്, തുറമുഖം), ബിജുമേനോൻ(ആർക്കറിയാം)
മികച്ച നടി- രേവതി (ഭൂതകാലം)
മികച്ച സംവിധായൻ- ദിലീഷ് പോത്തൻ (ജോജി)
മികച്ച ചിത്രം- ആവാസവ്യൂഹം ( കൃഷാന്ദ് ആർ കെ)
മികച്ച സ്വഭാവ നടൻ- സുമേഷ് മൂർ (കള)
മികച്ച സ്വഭാവ നടി — ഉണ്ണിമായ പ്രസാദ് (ജോജി)
മികച്ച സ്ത്രീ /ട്രാൻസ്ജെൻഡർ വിഭാഗങ്ങൾക്കുള്ള
പ്രത്യേക അവാർഡ് ‑നേഹ എസ് (അന്തരം)
മികച്ച രണ്ടാമത്തെ ചിത്രം- ചവിട്ട്, നിഷിദ്ധോ
മികച്ച ഗായകൻ- പ്രദീപ് കുമാർ
( രാവിൽ മയങ്ങുമീ പൂമടിയിൽ, മിന്നൽ മുരളി)
മികച്ച ഗായിക- സിതാര കൃഷ്ണകുമാർ ( പാൽനിലാവിൻ പൊയ്കയിൽ,
കാണെക്കാണെ)
മികച്ച ബാലതാരങ്ങൾ ‑മാസ്റ്റർ ആദിത്യൻ
(നിറയെ തത്തകൾ ഉള്ള മരം), സ്നേഹ അനു (തല)
മികച്ച തിരക്കഥാകൃത്ത്- കൃഷാന്ദ് ആർ കെ ( ആവാസവ്യൂഹം)
മികച്ച തിരക്കഥ — ശ്യാം പുഷ്കരൻ (അഡാപ്റ്റേഷൻ)
മികച്ച ജനപ്രിയ ചിത്രം- ഹൃദയം (വിനീത് ശ്രീനിവാസൻ )

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.