19 December 2024, Thursday
KSFE Galaxy Chits Banner 2

എങ്ങനെ നാം മറക്കും ഈ സുന്ദരവില്ലനെ

കെ പി ഉമ്മര്‍ വിടപറഞ്ഞിട്ട് ഒക്ടോബര്‍ 29 ന് 21 വര്‍ഷം
എ വി ഫർദിസ് 
October 23, 2022 7:15 am

“എന്റെ വേരുകൾ ഇവിടെയാണ്. ഇവിടത്തെ വേനൽക്കാറ്റും കർക്കിടക മഴയുമൊന്നും മറക്കാനാവില്ല. വീണ്ടും കോഴിക്കോട്ടു വന്ന് സ്ഥിരതാമസമാക്കണമെന്ന് വിചാരിക്കാൻ തുടങ്ങിയിട്ട് ഒരു പാട് കാലമായി. പക്ഷേ മക്കൾക്കിവിടെ വേരുകളില്ല. അവർ ജനിച്ചതും വളർന്നതുമൊക്കെ മദ്രാസിലാണ്. എന്തായാലും അൽപം കഴിയട്ടെ. കോഴിക്കോട്ട് വന്ന് താമസിക്കുന്നതിനെപ്പറ്റി ഒന്നുകൂടി ഗൗരവമായി ചിന്തിക്കണം.”
ഏകദേശം ഇരുപത്തൊന്നുകൊല്ലം മുൻപ് 2001 മധ്യത്തോടുകൂടി കേരളത്തിന്റെ സുന്ദരനായ വില്ലൻ (hand­some vil­lain) എന്നറിയപ്പെടുന്ന കെ പി ഉമ്മർ തന്റെ അടുത്ത സുഹൃത്തുക്കളായ സിനിമാക്കാരോട് പറഞ്ഞതാണിത്. എന്നാൽ നിർഭാഗ്യമെന്നു പറയട്ടെ ഇതിനുശേഷം മാസങ്ങൾ പിന്നിടവെ ആ വർഷം ഒക്ടോബർ 29ന് അദ്ദേഹം കാലയവനികക്കുള്ളിലേക്ക് മറഞ്ഞു. മദിരാശി നഗരത്തെ തന്റെ പ്രവർത്തനമണ്ഡലമായെടുത്തതുകൊണ്ടോ എന്തുകൊണ്ടോ ഇന്ന് കേരളം ഈ സുന്ദരനായ വില്ലനെ ഇപ്പോൾ ഓർമിക്കുന്നത് പലപ്പോഴും മിമിക്സ് ട്രൂപ്പുകളുടെ അനുകരണ പരിപാടികളിലൂടെയും ഇടയ്ക്കിടക്ക് ടെലിവിഷനിൽ പ്രത്യക്ഷപ്പെടുന്ന പഴയകാല മലയാള സിനിമകളിൽക്കൂടി മാത്രമായി ഒതുങ്ങുകയാണ്. എന്നാൽ മുഖ്യധാരാ സിനിമയിലെ അനേകം താരങ്ങളിൽ ഒരാൾ എന്നതിനപ്പുറം, സെല്ലുലോയ്ഡിൽ നിറഞ്ഞാടുമ്പോഴും സർഗാത്മകമായ ഒരു മനസും തൂലികയും മുറുകെപ്പിടിച്ച വ്യക്തിയായിരുന്നു ഇദ്ദേഹമെന്നത് വളരെക്കുറച്ചു പേർക്കു മാത്രമറിയുന്ന ഒരു കാര്യമാണ്. 

ലേഖനങ്ങൾ, നാടകം തുടങ്ങി അനേകം ചെറുകഥകൾ വരെ ഇദ്ദേഹം എഴുതിയിട്ടുണ്ട്. പഴയ തലമുറയിലെ മുൻ നിരയിൽ നിന്നിരുന്ന സിനിമാ നടന്‍മാരിൽ ഇങ്ങനെ ചെറുകഥയും ലേഖനങ്ങളും ധാരാളമായി എഴുതിയ വ്യക്തികൾ വേറെ ഉണ്ടാകില്ല. സുന്ദരമായ ഒരു ഭാഷാ ശൈലിക്ക് കൂടി ഉടമസ്ഥനായിരുന്ന ഇദ്ദേഹം. ഇതാണ് എം ടി വാസുദേവൻ നായരുമായി ഉമ്മറിനെ അടുപ്പിച്ചതിലെ പ്രധാന ഘടകങ്ങളിലൊന്ന്. അങ്ങനെ ഉമ്മർ എഴുതി എം ടി മനോഹരമാക്കിയ ‘രോഗികൾ’ എന്ന നാടകം വർഷങ്ങൾക്ക് മുൻപ് തന്നെ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. നിർഭാഗ്യവശാൽ ഇപ്പോൾ കോപ്പികൾ ലഭ്യമല്ല. സമൂഹത്തിലെ നക്സലിസത്തിന്റെ സ്വാധീനത്തെക്കുറിച്ചുള്ള പീറ്റർമേട്, ഒരു നിസഹായനായ മതപുരോഹിതനെക്കുറിച്ചുള്ള അലവി മുസല്യാര്, ബിമാനം, എന്റെ പ്രിയപ്പെട്ട മകൻ, അനാവരണം, എല്ലാം ബിരിയാണിയിൽ അവസാനിക്കുന്നു എന്നിവയാണ് ഇദ്ദേഹത്തിന്റെ പ്രധാന ചെറുകഥകൾ. ചെറുപ്പം മുതലെ നാടകവുമായും കോഴിക്കോട്ടെ നാടകപ്രവർത്തകരുടെ കൂട്ടായ്മയായ ബ്രദേഴ്സ് മ്യൂസിക് ക്ലബ്ബുമായുള്ള സഹവാസംമൂലവും വായന ഒരു കൂടപിറപ്പായി മാറിയതുകൊണ്ടാണ് തനിക്ക് എന്തെങ്കിലും എഴുതണമെന്ന് തോല്‍ ഉണ്ടായതെന്നാണ് ഇതിനെക്കുറിച്ച് അദ്ദേഹം പറയാറുള്ളത്.
സീനുകൾക്കിടയിലെ ഇടവേളകളിൽ ലൊക്കേഷനിലെ ബഹളങ്ങൾക്കിടയിൽ നിന്നല്പം മാറിനിന്ന് എപ്പോഴും പുസ്തകം വായിച്ചുകൊണ്ടിരിക്കുന്ന കെ പി ഉമ്മർ എന്നത് അറുപതുകളിലും എഴുപതുകളിലും പലരെയും ആശ്ചര്യപ്പെടുത്തിയിരുന്ന കാഴ്ചയായിരുന്നുവെന്ന് തിക്കുറിശ്ശി പറഞ്ഞിട്ടുണ്ട്. കൗമാരം പിന്നിടുമ്പോഴേക്ക് വിശ്വസാഹിത്യത്തിലെ പരിഭാഷകളിൽ മിക്കതും ഉമ്മർ വായിച്ചുകഴിഞ്ഞു. ഈ വായനയാണ് പിന്നീട് എഴുത്തിലേക്കും അദ്ദേഹത്തെ വഴിതിരിച്ചുവിട്ടത്. പതിനാലാം വയസ്സിലാണ് ആദ്യമായി ഉമ്മർ ഒരു ചെറുകഥ രചിക്കുന്നത്. പേര് ‘വ്യഭിചാരത്തിന്റെ മനഃശാസ്ത്രം.’ മലയാളസിനിമയിൽ കോഴിക്കോടിന്റെ പ്രധാന സംഭാവനകളെ തിരയുമ്പോൾ കുഞ്ഞാണ്ടി, ബാലൻ കെ നായർ, നെല്ലിക്കോട് ഭാസ്ക്കരൻ, കുതിരവട്ടം പപ്പു തുടങ്ങിയവരെപ്പോലെ ഒരുപക്ഷേ ഇവർക്കുമുകളിൽ സത്യന്റെയും നസീറിന്റെയും കാലത്ത് തന്നെ മലയാളസിനിമാലോകത്ത് മുഴക്കമുള്ള തന്റേതായ ശബ്ദംകൊണ്ട് ഈ നായകരോടൊപ്പം കയറിനില്ക്കുവാൻ പലപ്പോഴും സാധിച്ച നടനായിരുന്നു ഉമ്മർ.

എന്തും വെട്ടിത്തുറന്നുപറയുന്ന ഉമ്മറിന്റെ സംസാരം സിനിമയിൽ മാത്രമല്ല, യഥാർഥജീവിതത്തിലും ഇദ്ദേഹത്തിന് പലപ്പോഴും വില്ലൻ പരിവേഷം ചാർത്തി കൊടുത്തു. പറയുവാനുള്ളത് ആരുടെ മുഖത്ത് നോക്കിയും തുറന്നുപറയുമായിരുന്നു ഉമ്മർ. സംസ്ഥാന സർക്കാരിന്റെ സിനിമാ അവാർഡ്പോലുള്ളവ സ്വാധീനക്കാർക്ക് മാത്രം ലഭിക്കുന്ന ഒരു കാലത്ത് തികച്ചും ജൂനിയറായ ഒരു നടന് എല്ലാ മാനദണ്ഡവും കാറ്റിൽപറത്തിക്കൊണ്ട് സംസ്ഥാന അവാർഡ് പ്രഖ്യാപിച്ചതിൽ ദേഷ്യപ്പെട്ടു തന്നെ അവാർഡിന് പരിഗണിക്കരുതെന്ന് കെ പി ഉമ്മർ കത്തെഴുതി. എം കൃഷ്ണൻ നായരെപോലും കെ പി ഉമ്മർ രൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ട്. അതിനെക്കുറിച്ച് കൃഷ്ണൻ നായർ പിന്നീട് ഇങ്ഹനെ എഴുതി: അഭിനേതാവ് കെ പി ഉമ്മറിനെ എനിക്ക് പരിചയമുണ്ട്. കുറെ വർഷമായി ഞാൻ അദ്ദേഹത്തെ കാണുന്നില്ലെന്നേയുള്ളൂ. ഒരിക്കൽ തിരുവനന്തപുരത്തെ സേവിയേഴ്സ് ലോഡ്ജിൽവെച്ചാണ് ഞാൻ അദ്ദേഹത്തെ പരിചയപ്പെട്ടത്. അന്ന് അദ്ദേഹം പി കെ വിക്രമൻനായരുടെ അഭിനയത്തെക്കുറിച്ച് പറഞ്ഞതെല്ലാം ഇപ്പോഴും എന്റെ ഓർമയിലുണ്ട്. പില്ക്കാലത്ത് എസ് കെ നായരുടെ മലയാള നാട് വാരികയിൽ ഞാൻ ചലച്ചിത്ര നിരൂപണം എഴുതിക്കൊണ്ടിരുന്നപ്പോൾ ഉമ്മറിനെക്കുറിച്ച് പ്രതികൂലമായി എന്തോ പറയേണ്ടി വന്നു. അദ്ദേഹം അതിന് മറുപടി എഴുതിയത് ഇങ്ങനെ: എന്റെ ഒരു പഴയ സ്നേഹിതനായ കൃഷ്ണൻ നായർ ഇപ്പോൾ ചലച്ചിത്ര നിരൂപണമാണ് എഴുതികൊണ്ടിരിക്കുന്നത്. മുതുകുളം ബാത്തിങ് സ്യൂട്ട് ധരിച്ച് ജലാശയത്തിൽ ചാടാൻ പലകമേൽ കയറിനില്ക്കുന്നതുപോലെയാണ് കൃഷ്ണൻ നായർ സിനിമാനിരൂപണം എഴുതുന്നത്. അതോടെ ഞാൻ മലയാള നാട് ചലച്ചിത്ര വാരികയിലെ ആ പംക്തി നിറുത്തിക്കളഞ്ഞു.

സിനിമ പോലെ തന്നെ സെവൻസ് ഗ്രൗണ്ടുകളിൽ നല്ലൊരു കാൽപന്തുകളിക്കാരനുമായിരുന്നു ഉമ്മര്‍. ഒരു നടനായില്ലെങ്കിൽ ഒരു പക്ഷേ നല്ലൊരു ഫുട്ബാൾ താരമായി മാറിയേക്കാമായിരുന്നു താനെന്ന് ഉമ്മർ തന്നെ പിന്നീട് എഴുതിയിരുന്നു. കോഴിക്കോട് കോടതി മൈതാനത്ത് ഒളിമ്പ്യൻ റഹിമാനോടൊപ്പം സജീവമായി പന്തുകളിച്ചുനടന്നിരുന്ന കാലവുമുണ്ടായിരുന്നു. ഇൻഡിപെൻഡന്റ്സ് എന്നായിരുന്നു ഈ ടീമിന്റെ പേര്. ഒളിംപ്യൻ റഹ്‌മാൻ ക്യാപ്റ്റനും കെ പി ഉമ്മർ സെക്രട്ടറിയുമായിരുന്നു. കൊയിലാണ്ടിയിൽവരെ സെവൻസ് ടൂർണമെന്റിൽപോയി ഗോളടിച്ച് ജനങ്ങളുടെ കൈയടി നേടിയിട്ടുണ്ടായിരുന്നു.
സത്യനെയും നസീറിനെയും മധുവുമെല്ലാം വെള്ളിത്തിരയിൽ നിറഞ്ഞു കാണുമ്പോഴും പഴയ സിനിമാകൊട്ടകകളിലെത്തുന്ന കാഴ്ചക്കാർ ആകാംക്ഷയോടെ സ്ക്രീനിൽ പ്രതീക്ഷിച്ചിരുന്ന മൊഞ്ചുള്ള ഒരു മുഖമുണ്ടായിരുന്നു, പല സിനിമകളിലും ദുഷ്ട കഥാപാത്രമായിരുന്നെങ്കിലും കെ പി ഉമ്മർ എന്ന സുന്ദരവില്ലനായിരുന്നത്. ഒരു നടനെന്നതിനപ്പുറം വ്യക്തമായ രാഷ്ട്രീയ ബോധമുള്ള, സാമൂഹ്യനിരീക്ഷണമുള്ള വ്യക്തിയായിരുന്നു ഉമ്മര്‍. കെപിഎസിയിലൂടെ ഇദ്ദേഹം എന്നും വ്യക്തമായ ഇടതുമനസ് സൂക്ഷിച്ചിരുന്നു. അദ്ദേഹം മരണപ്പെട്ടിട്ട് രണ്ടു പതിറ്റാണ്ടു പിന്നിടുമ്പോഴും ഒരു പ്രാവശ്യം മാത്രമാണ് അദ്ദേഹത്തിന്റെ സമഗ്രസംഭാവനകളെ അടിസ്ഥാനമാക്കി വിശദമായ ഒരനുസ്മരണ പരിപാടി അദ്ദേഹത്തിന്റെ മാതൃ നഗരമായ കോഴിക്കോട്ട് പോലും നടന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.