7 May 2024, Tuesday

Related news

May 5, 2024
May 5, 2024
May 5, 2024
May 4, 2024
May 3, 2024
May 2, 2024
May 2, 2024
May 2, 2024
April 27, 2024
April 25, 2024

കാലാവസ്ഥാ വ്യതിയാനം; 220 കോടി ജനങ്ങള്‍ ഉഷ്ണതാപത്തിന്റെ ഇരകളായേക്കും

Janayugom Webdesk
ന്യൂഡല്‍ഹി
October 10, 2023 10:39 pm

കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്നുണ്ടാകുന്ന അസഹനീയമായ ഉഷ്ണതരംഗം ഇന്ത്യ‑പാകിസ്ഥാന്‍ മേഖലയിലെ 220 കോടി ജനങ്ങളെ ബാധിച്ചേക്കുമെന്ന് പഠനം. ആഗോളതലത്തിലെ രണ്ട് ഡിഗ്രി സെൽഷ്യസ് വര്‍ധന വടക്കേ ഇന്ത്യയിലും കിഴക്കൻ പാകിസ്ഥാനിലും അതികഠിനമായ ചൂടിന് കാരണമാകും. ഈ കഠിനമായ ചൂട് മനുഷ്യരിൽ ഹൃദയാഘാതത്തിനും സൂര്യാഘാതത്തിനും കാരണമാകുമെന്നും പുതിയ ഗവേഷണം പറയുന്നു. പിയർ‑റിവ്യൂഡ് ജേണൽ പ്രൊസീഡിങ്സ് ഓഫ് നാഷണൽ അക്കാദമി ഓഫ് സയൻസസിൽ (പിഎൻഎഎസ്) പ്രസിദ്ധീകരിച്ച ഗവേഷണത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. അത്തരമൊരു സാഹചര്യത്തിൽ, വടക്കേ ഇന്ത്യ, കിഴക്കൻ പാകിസ്ഥാൻ, കിഴക്കൻ ചൈന, സബ്-സഹാറൻ ആഫ്രിക്ക എന്നിവിടങ്ങളിൽ ഉയർന്ന ആർദ്രതയുള്ള താപ തരംഗങ്ങൾ ഉണ്ടാകും.

വായുവിന് അധിക ഈർപ്പം കാര്യക്ഷമമായി ആഗിരണം ചെയ്യാൻ കഴിയാത്തതിനാൽ ഉയർന്ന ആർദ്രതയുള്ള താപ തരംഗങ്ങൾ കൂടുതൽ അപകടകരമാണ്. ഈ പരിമിതി മനുഷ്യ ശരീരത്തിന്റെ വിയർപ്പ് ബാഷ്പീകരിക്കാനുള്ള കഴിവിനെ നിയന്ത്രിക്കുകയും ശീതീകരണികൾ പോലുള്ള ചില അടിസ്ഥാന സൗകര്യങ്ങളിലെ ഈർപ്പത്തെ ബാധിക്കുകയും ചെയ്യുമെന്ന് പഠനത്തില്‍ പറയുന്നു. ഡല്‍ഹി, കൊല്‍ക്കത്ത, ഷാങ്ഹായ്, മുള്‍ട്ടാന്‍, നാന്‍ജിങ്, വുഹാന്‍ തുടങ്ങിയ ജനസാന്ദ്രതയേറിയ നഗരങ്ങളെല്ലാം ഉഷ്ണ തരംഗത്തിന്റെ പിടിയിലാകും. മൂന്ന് ഡിഗ്രി സെല്‍ഷ്യസിന്റെ വര്‍ധനവാണ് ഉണ്ടാകുന്നതെങ്കില്‍ ഫ്ലോറിഡ മുതല്‍ ന്യൂയോര്‍ക്ക് വരെയും, ഹൂസ്റ്റണ്‍ മുതല്‍ ചിക്കാഗോ വരെയും രൂക്ഷമായി ബാധിക്കും. തെക്കേ അമേരിക്ക, ഓസ്ട്രേലിയ എന്നിവിടങ്ങളിലും അത്യുഷ്ണം അനുഭവപ്പെടും. 2015ൽ, 196 രാജ്യങ്ങൾ ഒപ്പുവച്ച പാരീസ് ഉടമ്പടി പ്രകാരം ആഗോള താപനില വർധനവ് വ്യവസായത്തിന് മുമ്പുള്ള നിലയേക്കാൾ 1.5 ഡിഗ്രി സെൽഷ്യസായി പരിമിതപ്പെടുത്താനാണ് ലക്ഷ്യമിടുന്നത്.

എന്നിരുന്നാലും, ലോകത്തിലെ പ്രമുഖ കാലാവസ്ഥാ ശാസ്ത്രജ്ഞർ ഉൾപ്പെട്ട സംഘടനയായ ഇന്റർഗവൺമെന്റൽ പാനൽ ഓൺ ക്ലൈമറ്റ് ചേഞ്ച് (ഐപിസിസി) പ്രകാരം ഈ നൂറ്റാണ്ടിന്റെ പകുതിയോടെ ആഗോള താപനില മൂന്ന് ഡിഗ്രി സെൽഷ്യസ് കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആഗോള ഏജൻസികളുടെ കണക്കനുസരിച്ച് ജൂൺ, ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ റെക്കോഡ് ചൂടാണ് അനുഭവപ്പെട്ടത്. ഏറ്റവും ചൂടേറിയ വര്‍ഷത്തിലൂടെയാണ് നാം കടന്നുപോകുന്നതെന്നും പഠനങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

Eng­lish Sum­ma­ry: 220 crore peo­ple in India, Pak­istan like­ly to face dead­ly heat due to cli­mate change
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.