22 November 2024, Friday
KSFE Galaxy Chits Banner 2

സ്വാതന്ത്ര്യലബ്ധിയുടെ എഴുപത്തിയഞ്ച് വര്‍ഷങ്ങള്‍

പിണറായി വിജയന്‍
മുഖ്യമന്ത്രി
August 15, 2021 5:52 am

ലോകശ്രദ്ധയാകർഷിച്ച പോരാട്ടത്തിലൂടെ കൊളോണിയൽ ഭരണത്തിന് അറുതിവരുത്തി നാം സ്വതന്ത്രരായിട്ട് ഏഴര പതിറ്റാണ്ടാവുന്നു. രാഷ്ട്രീയ സ്വാതന്ത്ര്യം എന്ന മുഖ്യ മുദ്രാവാക്യത്തിനൊപ്പം ദേശീയപ്രസ്ഥാനം ഊന്നൽ നൽകി മുന്നോട്ടുവെച്ചത് സ്വതന്ത്ര ഇന്ത്യ എന്തായിരിക്കണമെന്ന വ്യക്തമായ ധാരണ കൂടിയാണ്. സാമൂഹ്യ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതും അസമത്വം, ദാരിദ്ര്യം തുടങ്ങിയ സാമൂഹിക വിപത്തുകളെ പ്രതിരോധിക്കുന്നതുമായ ജനാധിപത്യ, മതേതര, ഫെഡറൽ രാഷ്ട്രമായിരിക്കണം സ്വാതന്ത്ര്യാനന്തര ഇന്ത്യ എന്നതായിരുന്നു ദേശീയ പ്രസ്ഥാനത്തിന്റെ കാഴ്ചപ്പാട്.

1920കളുടെ തുടക്കത്തിൽ തന്നെ പ്രദേശങ്ങളുടെ ഭാഷാടിസ്ഥാനത്തിലുള്ള അസ്തിത്വം ചർച്ചാവിഷയമായിരുന്നു. 1931 ലെ കോൺഗ്രസിന്റെ കറാച്ചി സമ്മേളനത്തിൽ ആവിഷ്കരിച്ച സാമ്പത്തിക പരിപാടി ഒരു സമത്വ സമൂഹത്തിലേക്ക് വഴിയൊരുക്കുന്നതായിരുന്നു. അന്ന് കോൺഗ്രസിനുള്ളിൽ ശക്തമായ പ്രാതിനിധ്യമുണ്ടായിരുന്ന സോഷ്യലിസ്റ്റ് ഗ്രൂപ്പുകളും കമ്മ്യൂണിസ്റ്റുകളും പൂർണസ്വരാജ് എന്ന ലക്ഷ്യമാണ് ഉയർത്തിപ്പിടിച്ചത്. ദേശീയപ്രസ്ഥാനം ഊന്നൽ നൽകിയ ഫെഡറൽ സംവിധാനമുൾപ്പെടെയുള്ള മൂല്യങ്ങൾ സ്വാതന്ത്ര്യ പ്രസ്ഥാനത്തിലെ മഹാരഥന്മാർ നേതൃത്വം നൽകിയ ആദ്യത്തെ സർക്കാർ തങ്ങളുടെ നയങ്ങളുടെ ഭാഗമാക്കി.

ഭരണഘടന ഫെഡറൽ തത്വങ്ങൾ ഉൾക്കൊള്ളുമ്പോഴും പ്രായോഗിക തലത്തിൽ നിരന്തരം പ്രശ്നങ്ങൾ ഉടലെടുക്കുന്നു. ഏകത്വം എന്ന സങ്കൽപ്പത്തിന് അർഹിക്കുന്ന പ്രാധാന്യം ലഭിച്ചില്ലായെന്ന ഗൗരവമായ വിമർശനം നിലനിൽക്കുന്നുണ്ട്. കേന്ദ്ര, സംസ്ഥാന, തദ്ദേശ ഗവൺമെന്റുകൾ പിരമിഡിന്റെ ഘടനയിലാണ് ഇന്ന് പ്രവർത്തിക്കുന്നത്. അത് അധികാര കേന്ദ്രീകരണത്തിന് സഹായകമാണ്. ആ ഘടന വൃത്ത രൂപത്തിലാവണം.

ഭരണഘടനയുടെ 356-ാം അനുച്ഛേദം പോലുള്ള വ്യവസ്ഥകൾ ഗവർണറുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ സംസ്ഥാനത്തിന്റെ ഭരണം ഏറ്റെടുക്കാൻ കേന്ദ്രസർക്കാരിന് അധികാരം നൽകുന്നുണ്ട്. ചർച്ചകളില്ലാതെ സംസ്ഥാനങ്ങളുടെ അതിർത്തി പുനർനിർണയിക്കുക, ആഭ്യന്തര അടിയന്തരാവസ്ഥ, സാമ്പത്തിക കാര്യങ്ങളിലെ അസന്തുലിതാവസ്ഥ തുടങ്ങിയവ അധികാരശ്രേണിയെ അർധ ഫെഡറൽ സ്വഭാവമുള്ളതാക്കുന്നു. ജീവനില്ലാത്ത അക്ഷരം എന്നാണ് ഡോ. ബി ആർ അംബേദ്കർ അനുച്ഛേദം 356‑നെ വിശേഷിപ്പിച്ചത്. ഒരിക്കലും ഉപയോഗിക്കപ്പെടരുതെന്ന അർത്ഥത്തിൽ ഭരണഘടനാ ശില്പി വിശേഷിപ്പിച്ച അതേ ഭരണഘടനാ വ്യവസ്ഥയാണ് ഏറ്റവും അമിതമായി ഉപയോഗിക്കപ്പെട്ടത് എന്നതാണ് വൈചിത്ര്യം. സ്റ്റേറ്റ്, കൺകറന്റ് എന്നീ ലിസ്റ്റുകളിലുൾപ്പെടുന്ന വിഷയങ്ങളിലുള്ള കേന്ദ്രത്തിന്റെ ഇടപെടലുകൾ രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തിന്റെ സത്തക്കെതിരാണ്. ഫെഡറൽ സംവിധാനത്തിന്റെ ഘടന കൂടുതൽ അർത്ഥവത്താകേണ്ടിയിരിക്കുന്നു.

ഭരണഘടനയുടെ അടിസ്ഥാനമൂല്യങ്ങൾക്കെതിരെ പ്രത്യയശാസ്ത്രപരവും ഇതര രൂപങ്ങളിലുള്ളതുമായ ആക്രമണങ്ങൾ വർധിച്ചുവരുന്ന ഘട്ടം കൂടിയാണിത്. ഭരണഘടന ഉറപ്പു നൽകുന്ന ജനാധിപത്യം, മതേതരത്വം, സോഷ്യലിസം, പരമാധികാരം എന്നിവ സംരക്ഷിക്കാൻ ജനങ്ങളാകെ അതീവ ജാഗ്രത പാലിക്കേണ്ടിയിരിക്കുന്നു.

1991 മുതൽ നടപ്പിലാക്കിവരുന്ന ഉദാരവൽക്കരണത്തെ തുടർന്ന് സമ്പദ് വ്യവസ്ഥയ്ക്ക് അവർ അവകാശപ്പെട്ട വളർച്ച എവിടെയും കാണാനാകില്ല. കഴിഞ്ഞ കുറേ വർഷങ്ങളായി കൂടുതൽ പ്രതിസന്ധികളിലേയ്ക്ക് സമ്പദ്ഘടന കൂപ്പുകുത്തുകയാണുണ്ടായത്. ഈ ദുഃസ്ഥിതിയ്ക്ക് കാരണം സമ്പദ്‌വ്യവസ്ഥയുടെ ചാക്രികമായ സ്വഭാവം മാത്രമല്ല, അതിന്റെ ഘടനാപരമായ പ്രശ്നങ്ങൾ കൂടിയാണ്.

സാമ്പത്തിക അസമത്വത്തിന്റെ അനന്തരഫലമായ ഡിജിറ്റൽ വിഭജനം മറിക്കടക്കാൻ ബോധപൂർവമായ ശ്രമം നടത്തേണ്ടതുണ്ട്. ശാസ്ത്ര സാങ്കേതിക മേഖലകളിൽ നാം വലിയ പുരോഗതി കൈവരിച്ചിട്ടുണ്ട്. ഈ നേട്ടങ്ങളുടെ ഫലം എല്ലാ ജനങ്ങളിലും എത്തുന്നിടത്താണ് ഫലപ്രാപ്തി. അതിനോടൊപ്പം തന്നെ ചില ചതിക്കുഴികളുമുണ്ട്. സ്വകാര്യതയിലേക്കും പൗരാവകാശങ്ങളിലേക്കുമുള്ള കടന്നുകയറ്റമെന്ന പ്രശ്നം ഇതിന്റെ ഭാഗമായി ഉരുത്തിരിയുന്നു. അതുകൊണ്ടുതന്നെ കൂടുതൽ ജാഗ്രത പാലിക്കേണ്ടത് അനിവാര്യമാണ്.

സർക്കാർ സേവനങ്ങൾ പൊതുജനങ്ങളിലേക്കെത്തുന്ന രീതിയിൽ വലിയ മാറ്റം ആവശ്യമാണ്. കൊളോണിയൽ മനോഭാവത്തിന്റെ അവസാനത്തെ അവശിഷ്ടങ്ങൾ പോലും തച്ചുടച്ചു നീക്കപ്പെടണം. ‘നൽകുന്നവനും’ ‘ലഭിക്കുന്നവനും’ എന്ന മനോഭാവം സർക്കാരിന്റേയും അധികാരികളുടേയും മനസിൽ നിന്ന് മായ്ച്ചുകളയണം. വിവരസാങ്കേതികവിദ്യയ്ക്ക് ഇതിൽ വളരെയധികം സഹായിക്കാനാകും. മനോഭാവത്തിലുണ്ടാകേണ്ട മാറ്റമാണ് ഏറ്റവും പ്രധാനം.

രാജ്യത്തിന്റെ ഭരണഘടനയിൽ പ്രതിഫലിക്കുന്നത് ദേശീയ പ്രസ്ഥാനത്തിന്റെ മൂല്യങ്ങളാണ്. അവ സംരക്ഷിക്കുകയും സാർത്ഥകമായി മുന്നോട്ടു കൊണ്ടുപോവുകയും ചെയ്യേണ്ട ഉത്തരവാദിത്തം നമുക്കുണ്ട്. എല്ലാറ്റിലും ഉപരിയായി പൗരസ്വാതന്ത്ര്യവും സമ്മതിദാനാവകാശവും നിർഭയമായി ആസ്വദിക്കാൻ കഴിയുന്ന ശാക്തീകരിക്കപ്പെട്ട പൗരന്മാരാണ് ഉണ്ടാകേണ്ടത്. ഇവയെല്ലാം ചേർന്നാൽ സ്വാതന്ത്ര്യലബ്ധിയുടെ എഴുപത്തിയഞ്ചാം വാർഷികത്തെ മഹത്വത്തിന്റെ ആഘോഷമാക്കി മാറ്റാനാകും.

പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു ആദ്യ സ്വാതന്ത്ര്യദിനത്തിലെ പ്രസംഗത്തിൽ പറഞ്ഞതുപോലെ നമ്മുടെ മൂല്യങ്ങളെ പരിപൂർണമായി വീണ്ടെടുക്കുമെന്നും സ്ഥിരതയോടെ നിലനിർത്തുമെന്നും ഈ സന്ദർഭത്തിൽ നമുക്ക് പ്രതിജ്ഞ ചെയ്യാം. സാമ്പത്തികവും സാമൂഹികവുമായ സമത്വം സൃഷ്ടിക്കാൻ കഴിഞ്ഞാൽ മാത്രമേ നമ്മുടെ ജനാധിപത്യത്തിനു ശോഭനമായ ഭാവി ഉറപ്പിക്കാൻ സാധിക്കുകയുള്ളു.

ഈ മഹാമാരിയുടെ കാലത്ത് ജനങ്ങളുടെ ജീവനും ജീവനോപാധികളും സംരക്ഷിക്കാൻ സജീവമായി ഇടപെടേണ്ട ഉത്തരവാദിത്വം നിറവേറ്റുകയാണ് പ്രധാനം എന്ന് തിരിച്ചറിഞ്ഞ് ആ വഴിയിൽ അവിശ്രമം പ്രവർത്തിക്കുകയാണ് നാമാകെ. ഈ സവിശേഷമായ വേളയിൽ, സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാർഷികം നമ്മുടെ ഉത്തരവാദിത്ത നിർവഹണത്തിന്റെ ആഘോഷം കൂടിയാകണം എന്ന് ഓർമ്മിപ്പിക്കുന്നു. നാടിനുവേണ്ടി പൊരുതി മുന്നേറുകയും വീരമൃത്യു വരിക്കുകയും ചെയ്ത ധീരന്മാരെ അഭിവാദ്യം ചെയ്യുന്നു.

TOP NEWS

November 22, 2024
November 22, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.