കാലാവസ്ഥാ അപകട സാധ്യത സംബന്ധിച്ച് ഏഷ്യന്‍ വികസന ബാങ്കും (എഡിബി) ലോകബാങ്കും തയാറാക്കിയ ഏറ്റവും പുതിയ റിപ്പോര്‍ട്ടും കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച ഐക്യരാഷ്ട്രസഭയുടെ അന്താരാഷ്ട്ര മന്ത്രിതലസമിതി (ഐപിസിസി) യുടെ റിപ്പോര്‍ട്ടും വളരെയേറെ ആശങ്കപ്പെടുത്തുന്നതാണ്. വരും ദശകങ്ങളില്‍ ദക്ഷിണേഷ്യയില്‍ കഠിനമായ ചൂടിനും കൊടുംപ്രളയത്തിനും അതുവഴിയുള്ള വന്‍ നാശത്തിനും സാധ്യതയുണ്ടെന്നാണ് ഇരു റിപ്പോര്‍ട്ടുകളിലും വ്യക്തമായ മുന്നറിയിപ്പ് നല്കുന്നത്. ഈ മേഖലയില്‍ താപനിലയിലും കാലാവസ്ഥയിലും അതിദ്രുതമായ വ്യതിയാനത്തിന് ഇടയുണ്ടെന്നും കേവലമായ ലഘൂകരണ നടപടികള്‍ മാത്രമല്ല ജീവിതവും ജീവനോപാധികളും സംരക്ഷിക്കുന്നതിനുള്ള മികച്ച രീതിയിലുള്ള തയാറെടുപ്പും ആവശ്യമാണെന്ന് റിപ്പോര്‍ട്ട് നിര്‍ദ്ദേശിക്കുന്നുണ്ട്.
കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച ഐപിസിസിയുടെ റിപ്പോര്‍ട്ടില്‍ മേഖലയെ സംബന്ധിച്ച് വലിയ പ്രതിസന്ധികള്‍ വരാനിരിക്കുന്നുവെന്നാണ് പ്രവചിക്കുന്നത്. ആഗോള താപനത്തെ തുടര്‍ന്ന് കടുത്തചൂടും ശക്തമായ പ്രളയവും വരാനിരിക്കുന്നു. അടുത്ത രണ്ടുദശകത്തിനിടെ താപനില 1.5 ഡിഗ്രി സെല്‍ഷ്യസെങ്കിലും ഉയരുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. നിരവധി പ്രദേശങ്ങളില്‍ ദീര്‍ഘകാലത്തേക്ക് ചൂടുകാറ്റിന് സാധ്യതയുണ്ടെന്നും നീണ്ടു നില്ക്കുന്ന കാലവര്‍ഷവും മഴയും മറ്റിടങ്ങളില്‍ വന്‍ പ്രളയത്തിന് ഇടയാക്കുമെന്നുമുള്ള മുന്നറിയിപ്പുമുണ്ട്. അസാധാരണമായി ഉണ്ടാകുന്ന വന്‍ മഴപ്പെയ്ത്തും സമുദ്ര നിരപ്പിലുണ്ടാകുന്ന ഉയര്‍ച്ചയും ബംഗ്ലാദേശ്, ഇന്ത്യ, പാകിസ്ഥാന്‍, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളില്‍ വന്‍നാശത്തിനാണ് ഇടയാക്കുക. ശക്തമായ മഴയും മേഘവിസ്ഫോടനവും ഹിമാലയന്‍ മേഖലകളില്‍ വന്‍ നാശത്തിന് ഇടയാക്കും. ഇത് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ മാത്രമല്ല ബിഹാര്‍, ഉത്തരാഖണ്ഡ്, ഹിമാചല്‍പ്രദേശ്, ലഡാക്ക്, ജമ്മു കശ്മീര്‍ സംസ്ഥാനങ്ങളുടെ പലഭാഗങ്ങളിലും നാശനഷ്ടങ്ങള്‍ക്ക് കാരണമാകും. ഈ സംസ്ഥാനങ്ങളുടെ സമതല പ്രദേശങ്ങളില്‍ ഉഷ്ണതരംഗങ്ങള്‍ വീശിയടിക്കും. രാജസ്ഥാന്‍, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ഡല്‍ഹി, ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളിലും ഇതിന്റെ പ്രത്യാഘാതങ്ങള്‍ സംഭവിക്കും. ശക്തമായ മഴയും അതിന്റെ ഫലമായുണ്ടാകുന്ന സമുദ്ര നിരപ്പിലെ ഉയര്‍ച്ചയും വലിയനാശത്തിന് കാരണമാകുന്നത് മഹാരാഷ്ട്രയിലാണ് — പ്രത്യേകിച്ച് മുംബൈ നഗരത്തില്‍. തമിഴ്‌നാട് — പ്രത്യേകിച്ച് ചെന്നൈ, കേരളം, കര്‍ണാടക, ആന്ധ്രാപ്രദേശ്, ഒഡിഷ, പശ്ചിമബംഗാള്‍, ഗുജറാത്ത് തുടങ്ങിയ തീരസംസ്ഥാനങ്ങളും വന്‍ നാശത്തെയാണ് അഭിമുഖീകരിക്കുക.
ദക്ഷിണേഷ്യന്‍ മേഖല ഏറ്റവും താഴ്ന്ന നിരപ്പില്‍ സ്ഥിതി ചെയ്യുന്നവയാണെന്ന് എടുത്തു പറയുന്ന റിപ്പോര്‍ട്ടില്‍ ലോകത്തിലെ തന്നെ ഏറ്റവും ജനസാന്ദ്രതയേറിയ ദ്വീപ് പ്രദേശമായ മാലിദ്വീപ് സമീപഭാവിയില്‍ വെള്ളത്തിനടിയിലായേക്കാമെന്നും പ്രവചിക്കുന്നുണ്ട്. ശ്രീലങ്കയിലെ പല പ്രദേശങ്ങളും ബംഗ്ലാദേശിലെ ഭൂഭാഗങ്ങളും ഇതേ വെല്ലുവിളി നേരിടുന്നവയാണ്. തോരാതെ പെയ്യുന്ന മഴയും സമുദ്ര നിരപ്പ് ഉയരുന്നതും ഇന്ത്യയില്‍ ഏറ്റവും ദുര്‍ബലമാക്കുന്നത് ഗോവ, പുതുച്ചേരി, ആൻഡമാന്‍ നിക്കോബാര്‍ എന്നിവിടങ്ങളെയാണ്. സമുദ്രാതിര്‍ത്തികളില്ലാത്ത ഭൂപ്രദേശങ്ങള്‍ നിറഞ്ഞുനില്ക്കുന്ന അഫ്ഗാനിസ്ഥാന്‍, ഭൂട്ടാന്‍, നേപ്പാള്‍ എന്നീ രാജ്യങ്ങളും താപനിലയില്‍ വന്‍ ഉയര്‍ച്ചയും അതിന്റെ ഫലമായി വരള്‍ച്ചയും ഒപ്പംതന്നെ മഞ്ഞുമലകള്‍ ഉരുകുന്നതിനെ തുടര്‍ന്ന് ശക്തമായ മഴയും പ്രളയവും അഭിമുഖീകരിക്കുമെന്ന് റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ് നല്കുന്നുണ്ട്.
ലോകബാങ്കിന്റെ റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ ഒരു ദശകത്തിനിടെ കാലാവസ്ഥയുമായി ബന്ധപ്പെട്ടുണ്ടായ ദുരന്തങ്ങള്‍ ദക്ഷിണേഷ്യയിലെ ജനസംഖ്യയില്‍ പകുതി പേരെയെങ്കിലും ഗുരുതരമായി ബാധിച്ചിട്ടുണ്ട്. പല പാരിസ്ഥിതിക സുസ്ഥിരതാ സൂചികകളിലും ലോക രാജ്യങ്ങളില്‍ ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ വളരെ താഴെയാണ് നിലനില്ക്കുന്നതെന്നതും പ്രത്യേകം പ്രസ്താവ്യമാണ്. 2020ല്‍ ജര്‍മ്മനിയിലെ വിദഗ്ധ സംഘമായ ജര്‍മ്മന്‍ വാച്ച് തയാറാക്കിയ ആഗോള കാലാവസ്ഥാ അപകട സൂചികയില്‍ ഏറ്റവും അപകട സാധ്യതയുള്ള ആദ്യ ഇരുപത് രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യയും പാകിസ്ഥാനും ഉള്‍പ്പെടുന്നത്.
ഏറ്റവും പുതിയ മെക്കിന്‍സി ഗ്ലോബല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് റിപ്പോര്‍ട്ട് പ്രകാരം കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് വളര്‍ച്ചാ നിരക്കില്‍ 13 ശതമാനത്തിന്റെയെങ്കിലും നഷ്ടമുണ്ടായേക്കാവുന്ന മേഖലയാണ് ദക്ഷിണേഷ്യ. നയപരമായ പ്രതികരണമല്ലെങ്കിലും കേന്ദ്രസര്‍ക്കാരിന്റെ അനുമാനമനുസരിച്ച് കാലാവസ്ഥാ വ്യതിയാനം ശരാശരി 15 മുതല്‍ 18 വരെ ശതമാനം കാര്‍ഷിക വരുമാന നഷ്ടത്തിനിടയാക്കും. ജലസേചനമില്ലാത്ത മേഖലകളില്‍ ഇത് 20 മുതല്‍ 25 വരെ ശതമാനമായിരിക്കും. ഈ വസ്തുതകള്‍ 2018 ലെ സാമ്പത്തിക സര്‍വേയില്‍ തന്നെ പരാമര്‍ശിച്ചിട്ടുണ്ട്.
ഈ നൂറ്റാണ്ടിന്റെ അവസാനമാകുമ്പോഴേക്കും ചൂടേറുമെന്നും രാജ്യം കൂടുതല്‍ വരളുമെന്നും അതിന്റെ ഫലമായി നാലു ഡിഗ്രി സെല്‍ഷ്യസ്‍ വരെ താപനില ഉയരുമെന്നുമാണ് 2020ല്‍ കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം നടത്തിയ പഠനത്തില്‍ നിഗമനത്തിലെത്തുന്നത്. ദീര്‍ഘമേറിയ വര്‍ഷകാലവും ചൂടേറിയ സമുദ്രങ്ങളും ഒരടിയെങ്കിലും ഉയരുന്ന സമുദ്രനിരപ്പും സംബന്ധിച്ച മുന്നറിയിപ്പും പ്രസ്തുത പഠനം നല്കുന്നുണ്ട്.
2018ലെ ലോകബാങ്ക് പഠനത്തില്‍ ദക്ഷിണേഷ്യയിലെ നാലു കോടിയെങ്കിലും മനുഷ്യരെ 2050 ഓടെ മാറ്റിപ്പാര്‍പ്പിക്കേണ്ടി വരുമെന്ന് അനുമാനിക്കുന്നു. കാലാവസ്ഥാ ലഘൂകരണ നടപടികളും കാലാവസ്ഥാ സൗഹൃദ പൊതു നയങ്ങളുടെ രൂപീകരണവും ഉണ്ടാകുന്നില്ലെങ്കില്‍ ബംഗ്ലാദേശില്‍ നിന്ന് മാത്രം 1.3 കോടി പേര്‍ കുടിയേറേണ്ടി വരുമെന്നും പ്രസ്തുത പഠനത്തില്‍ പറയുന്നുണ്ട്. കാലാവസ്ഥാ സൗഹൃദനയം കൊണ്ടുപോലും രണ്ടുകോടി ദക്ഷിണേഷ്യന്‍ കുടിയേറ്റമെങ്കിലും തടയാന്‍ സാധിക്കാത്ത അവസ്ഥയിലാണെന്നും നിഗമനങ്ങളുണ്ട്. അതുകൊണ്ട് എല്ലാ രാജ്യങ്ങളും ഇത്തരം സംഭവങ്ങള്‍ നേരിടുന്നതിനുള്ള കരുത്ത് ആര്‍ജിക്കേണ്ടതുണ്ട്. രാജ്യത്തിനകത്തുണ്ടാകുന്ന വന്‍തോതിലുള്ള കുടിയേറ്റങ്ങള്‍ അരാജകത്വം, ജീവഹാനി, സാമൂഹ്യസംഘര്‍ഷങ്ങള്‍ എന്നിവയ്ക്കൊപ്പം അടിസ്ഥാന സൗകര്യങ്ങളുടെ നഷ്ടവും കൂടിയാകുമ്പോള്‍ കോടിക്കണക്കിന് പേരെ പിരിമുറുക്കത്തിലാക്കുകയും ചെയ്യും. അതുകൊണ്ട് കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന ആഭ്യന്തരവും സാര്‍വദേശീയവുമായ കുടിയേറ്റം എന്നത് മേഖലയിലെ സര്‍ക്കാരുകളുടെ അടിയന്തര പരിഗണനാ വിഷയമായി മാറേണ്ടതുണ്ട്.
ഇത്തരം മുന്നറിയിപ്പുകൾ എല്ലാമുണ്ടെങ്കിലും വിനാശകരമായ കാലാവസ്ഥാ പ്രതിസന്ധി ഒഴിവാക്കുന്നതിന് ഇനിയും സമയമുണ്ടെന്ന പ്രതീക്ഷയാണ് ഐപിസിസി റിപ്പോർട്ട് മുന്നോട്ടുവയ്ക്കുന്നത്. ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ നയപരമായ മുന്‍കൈകളെ റിപ്പോർട്ട് പ്രശംസിക്കുന്നുണ്ട്. എങ്കിലും പ്രശ്നം കൈകാര്യം ചെയ്യുന്നതിന് അപര്യാപ്തമായ ധനസഹായത്തെക്കുറിച്ചും ഒപ്പം അഴിമതി, കാര്യങ്ങള്‍ നടപ്പാക്കുന്നതില്‍ ശരിയായ നിരീക്ഷണത്തിന്റെ അഭാവം എന്നിവയെക്കുറിച്ച് മുന്നറിയിപ്പും റിപ്പോര്‍ട്ട് നല്കുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച വിദ്യാഭ്യാസം നല്കേണ്ടതിന്റെ ആവശ്യകതയ്ക്ക് ഊന്നല്‍ നല്കണമെന്ന് നിര്‍ദ്ദേശിക്കുന്നതിനിടയിലും ആഗോളതലത്തിൽ കാലാവസ്ഥയുടെ ആഘാതം ഏറ്റവും കൂടുതൽ ബാധിക്കുന്ന രാജ്യങ്ങളാണ് ദക്ഷിണേഷ്യയിലേതെന്ന് സമീപകാലത്തു പുറത്തുവന്ന യൂണിസെഫിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ചൂടുകാറ്റ്, കൊടുങ്കാറ്റ്, പ്രളയം, തീപിടിത്തം, വരള്‍ച്ച എന്നിങ്ങനെ കാലാവസ്ഥയുമായി ബന്ധപ്പെട്ട കടുത്ത പ്രത്യാഘാതങ്ങള്‍ മേഖലയിലെ ജനസംഖ്യയിലെ പകുതി പേരെയെങ്കിലും ഓരോ വര്‍ഷവും ബാധിക്കുമെന്നും അത് സമ്പദ്ഘടനയ്ക്ക് വന്‍ബാധ്യത വരുത്തിവയ്ക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കാലാവസ്ഥാ വ്യതിയാനം ഒരു യാഥാര്‍ത്ഥ്യവും അതിന്റെ പ്രത്യാഘാതങ്ങള്‍ ദിനംപ്രതി രൂക്ഷമായിക്കൊണ്ടിരിക്കുകയുമാണ്. ഉയര്‍ന്നുകൊണ്ടിരിക്കുന്ന ആഗോള താപനിലയും മാറിക്കൊണ്ടിരിക്കുന്ന കാലാവസ്ഥാ രീതികളും ദക്ഷിണേഷ്യയിലെ കാലാവസ്ഥാ ദുര്‍ബല പ്രദേശങ്ങളില്‍ സ്ഥിരമായി താമസിക്കുന്ന കോടിക്കണക്കിന് കുട്ടികളുടെ ഭാവിക്ക് അപകട സാധ്യതയാണ് നല്കുന്നത്. ഒരു ദുരന്തത്തെ അതിജീവിക്കുന്നതിന് മുമ്പ് മറ്റൊന്ന് സംഭവിക്കുന്നുവെന്നതുകൊണ്ടുതന്നെ ഒരു പുരോഗതിയും നേടാനാവുന്നില്ലെന്നതാണ് ഏറ്റവും കഷ്ടം. ഈ കാലചക്രം അവസാനിപ്പിക്കണമെങ്കില്‍ ദക്ഷിണേഷ്യന്‍ സമൂഹങ്ങള്‍ കൂടുതല്‍ പ്രതിരോധം വീണ്ടെടുക്കേണ്ടതുണ്ട്. ഈ പ്രതിസന്ധി മറികടക്കുന്നതിന് കാലാവസ്ഥാ ബോധവല്ക്കരണവും വിദ്യാഭ്യാസവും ഫലപ്രദമായി സഹായിക്കുമെന്ന് കരുതാവുന്നതാണ്.
(ഇന്ത്യ പ്രസ് ഏജന്‍സി)
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.