1 May 2024, Wednesday

Related news

April 30, 2024
April 23, 2024
April 3, 2024
March 19, 2024
March 17, 2024
March 9, 2024
March 7, 2024
March 3, 2024
March 3, 2024
February 14, 2024

കുടവയറില്ലാത്ത പുലിയായി ട്രാൻസ്ജെന്ററിന്റെ പകർന്നാട്ടം

ജി ബി കിരൺ
തൃശൂർ
August 24, 2021 8:06 pm

ജി ബി കിരൺ

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും എന്ന് പറയാറില്ലേ? അതുതന്നെയാണ് പ്രവീൺ നാഥിന്റെ ജീവിതത്തിലും തൃശൂർ നഗരത്തിലും ഇന്ന് സംഭവിച്ചത്. പാലക്കാട്ടെ ഒരു കുടുംബത്തിൽ പെൺകുഞ്ഞായി ജനിക്കുക, പെണ്ണായി ജീവിക്കുക, പിന്നീട് തന്റെ ഉള്ളിലെ ആൺഭാവത്തെ തിരിച്ചറിയുക, ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ ആണായി മാറുക, ജിംനേഷ്യത്തിൽ കഠിന പരിശീലനത്തിൽ ഏർപ്പെടുക, ട്രാൻസ്ജെന്റർ വിഭാഗത്തിൽ മിസ്റ്റർ കേരളയായി തെരഞ്ഞെടുക്കപ്പെടുക, ഇപ്പോഴിതാ പ്രസിദ്ധമായ തൃശൂരിന്റെ സ്വന്തം പുലിക്കളിയിൽ ആൺപുലിയായി പകർന്നാടുക, അതും കുടവയറൊന്നും ഇല്ലാത്ത നല്ല ഉശിരൻ ആൺപുലിയായി. തൃശൂർ പുലിക്കളി ചരിത്രത്തിലെ ആദ്യ ട്രാൻസ്ജെന്റർ പുലി. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ പുലിക്കളി വെർച്വൽ പ്ലാറ്റ്ഫോമിലേക്ക് വഴിമാറിയതും അതുപോലെ മറ്റൊരു ചരിത്രം.

പാലക്കാട് ജില്ലക്കാരനായ പ്രവീൺനാഥ് തൃപ്രയാറിൽ ജിംനേഷ്യം നടത്തുന്ന വിനു മോഹൻ എന്ന പരിശീലകന്റെ കീഴിലാണ് ബോഡി ബിൽഡിംഗ് പരിശീലനം നടത്തുന്നത്. വിനു മോഹൻ തന്നെയാണ് പ്രവീണിനെ പുലിയാക്കിയെടുത്തതും. ഇത്തവണ അയ്യന്തോൾ ദേശം മാത്രമാണ് വെർച്വൽ പുലിക്കളിയിൽ പുലിമട വിട്ടിറങ്ങിയത്. അയ്യന്തോൾ ദേശത്തിന്റെ പുലിക്കൂട്ടത്തിൽ കുടവയറില്ലാത്ത നല്ല മസ്സിലുള്ള പുലിയായി പ്രവീൺ നാഥും ഇറങ്ങിയതോടെ പുലിക്കളി വേറെ ലെവലായി.

 

 

തൃശൂരിലെ പുലിക്കളിയ്ക്ക് അര നൂറ്റാണ്ടിലേറെ കാലത്തെ പഴക്കമുണ്ട്. തലമുറകളായി തുടർന്നുപോരുന്ന ഈ കലാരൂപം തൃശൂർ പൂരത്തിന്റെ അത്രതന്നെ പ്രാധാന്യം അർഹിക്കുന്ന ഒന്നാണ്. നാലോണ നാളിൽ വൈകുന്നേരമാണ് പുലിക്കളി. നടുവിലാൽ ഗണപതിക്ക് മുമ്പിൽ നാളികേരമുടച്ചാണ് പുലികൾ സ്വരാജ് റൗണ്ടിൽ പ്രവേശിക്കുക. ചെണ്ടയുടെ താളത്തിന് ഒപ്പിച്ചു നൃത്തം വച്ച് കളിച്ച് മുന്നോട്ടു നീങ്ങുന്ന പുലികൾക്ക് ഒപ്പം വലിയ ട്രക്കുകളിൽ തയ്യാറാക്കുന്ന ടാബ്ലോകൾ കൂടിയാകുമ്പോൾ സംഭവം വർണ്ണാഭമായി. തൃശൂരിലെ പുലിക്കളിയ്ക്ക് പുലികളുടെ ശരീരത്തിൽ ഉപയോഗിക്കുന്ന ചായം ഇനാമൽ പെയിന്റ് ആണ്. കാലത്തിന്റെ മാറ്റം പുലികളിലെ വേഷങ്ങളിലും മാറിയിട്ടുണ്ട്. വിവിധ നിറത്തിലാണ് പുലികൾ. പച്ച, മഞ്ഞ, കറുപ്പ്, സിൽവർ, ചുവപ്പ്, നീല, പിങ്ക്, വയലറ്റ് തുടങ്ങി എല്ലാ നിറത്തിലും പുലികളെ കാണാം.

 

 

നല്ല കുടവയറുള്ള പുലിക്കളിക്കാർ അരമണി കുലുക്കി, ചാടിമറിഞ്ഞ് തിമിർത്താടി നഗരം കീഴടക്കിയിരുന്ന നാലോണ നാൾ കഴിഞ്ഞ രണ്ടുവർഷമായി ഓർമ്മ മാത്രമാണ്. അതിനു മുമ്പ് 2018ലെ പ്രളയത്തിന്റെ പശ്ചാത്തലത്തിൽ അത് കേവലം ചടങ്ങുമാത്രമായി. അടുത്ത കൊല്ലം എല്ലാ കുറവും തീർത്ത് പുലിക്കളി ആഘോഷിക്കാനുള്ള കാത്തിരിപ്പിലാണ് പുലികളും പുലിമടകളും പുരുഷാരവും.

 

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.