ഈ വർഷം സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹമായിരിക്കുന്നത് അബ്ദുൽ റസാക്ക്ഗുർണ ആണ്. സാൻസിബാറിൽ ജനിച്ച് പതിനെട്ടാം വയസിൽ, 1964ലെ സാൻസിബാർ വിപ്ലവത്തെ തുടർന്നുണ്ടായ കലാപകാലത്ത് ഇംഗ്ലണ്ടിലേക്ക് പലായനം ചെയ്തു. ഒരു അഭയാർത്ഥിയായി എത്തിച്ചേർന്നു കോളജ് പഠനം പൂർത്തിയാക്കി അധ്യാപക ജോലി ചെയ്ത ഒരാളാണ് ഗുർണ. ഒരു ബ്രിട്ടീഷ് കോളനി രൂപപ്പെടുന്നത് എങ്ങനെ എന്ന് റിയാൻസാൻ സിബാറിന്റെ ചരിത്രം പരിശോധിച്ചാൽ മതിയാകും. അല്ലെങ്കിൽ എല്ലാ കോളനികൾക്കും പറയാനുള്ള ചരിത്രത്തിലെ ഏറ്റവും മികച്ച ഉദാഹരണങ്ങളിൽ ഒന്നാണ് സാൻസിബാർ.
1698 മുതൽ ഒമാൻ സുൽത്താനേറ്റിന്റെ ഭാഗമായിരുന്നു ഇന്ത്യാ സമുദ്രത്തിൽ ആഫ്രിക്കൻ വൻകരയോട് ചേർന്നുകിടക്കുന്ന ഈ ദ്വീപസമൂഹം 1858ല്‍ അത് സുൽത്താനേറ്റ് ഓഫ് സാൻസിബാർ എന്ന പേരിൽ ഒമാൻ ഭരണത്തിൽ നിന്ന് സ്വതന്ത്രമായി. പക്ഷേ 1890 ൽ നിരന്തരമായ ഫ്രഞ്ച്, ജർമൻ, ബ്രിട്ടീഷ് അധിനിവേശങ്ങളെത്തുടർന്ന് ഒരു ബ്രിട്ടീഷ് സംരക്ഷിത രാജ്യമായി മാറി. പത്തൊമ്പതാം നൂറ്റാണ്ടിൽ സാൻസിബാർ ആഫ്രിക്കയിൽനിന്നും യൂറോപ്പിലേക്കും അമേരിക്കയിലേക്കും മറ്റും നടന്ന അടിമക്കച്ചവട കേന്ദ്രമായി മാറി. 1964 ൽ അവിടെ വിപ്ലവം നടക്കുന്ന കാലത്ത് സാൻസിബാറിൽ രണ്ടു ലക്ഷത്തോളം ആഫ്രിക്കൻ വംശജരും അൻപതിനായിരത്തോളം അറബി വംശജരും ഇരുപതിനായിരത്തോളം തെക്കേ ഏഷ്യക്കാരും- പ്രധാനമായും ഇന്ത്യക്കാർ- ആയിരുന്നു ഉണ്ടായിരുന്നത്. ഏഷ്യക്കാർ കച്ചവടക്കാരും, അറബികൾ ഭൂവുടമകളും, ആഫ്രിക്കൻ വംശജർ തൊഴിലാളികളും ആയിരുന്നു. 1964 വരെ ഭരണഘടന അനുസരിച്ചുള്ള രാജഭരണം ആയിരുന്നു.
ഒമാൻ രാജ പരമ്പരയിൽപ്പെട്ട അറബ് വംശജരായിരുന്നു ഭരണാധികാരികൾ. 1961ല്‍ സ്വാതന്ത്ര്യം ലഭിക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന തെരഞ്ഞെടുപ്പിൽ 54 ശതമാനം വരുന്ന ആഫ്രിക്കൻ വംശജർക്ക് ലഭിച്ചത് 13 ശതമാനം സീറ്റുകൾ മാത്രം. ആഫ്രിക്കൻ വംശജരിൽ ഇത് വലിയ പ്രതിഷേധത്തിനിടയാക്കി. 1963 ഡിസംബർ 10ന് ബ്രിട്ടനിൽനിന്ന് പൂർണസ്വാതന്ത്ര്യം നേടിയെങ്കിലും ഒരു പാൻ അറബ് രാഷ്ട്രമായി തുടരാനുള്ള തീരുമാനവും, ആഫ്രിക്കൻ വംശജരായ പൊലീസ് ഉദ്യോഗസ്ഥരെ മുഴുവൻ പിരിച്ചുവിട്ടതും അർഹമായ പാർലമെന്ററി സീറ്റുകൾ ലഭിക്കാതിരുന്നതും ആഫ്രിക്കൻ വംശജരെ പ്രകോപിപ്പിച്ചു. 1964 ജനുവരി 12ന് എണ്ണൂറോളം വരുന്ന അധികം ആയുധങ്ങളൊന്നും ഇല്ലാതിരുന്ന ഒരു കൂട്ടം ആഫ്രിക്കൻ വംശജൻ ആരംഭിച്ച കലാപം അതിരൂക്ഷമായ വംശഹത്യയായി മാറി. അറബ്, ഏഷ്യൻ വംശജർ വ്യാപകമായി വേട്ടയാടപ്പെട്ടു. അമേരിക്കൻ അംബാസിഡർ ആയിരുന്ന ഡോൺ പീറ്റേഴ്സൺ ഇങ്ങനെ ഓർമ്മിക്കുന്നു; ‘വംശഹത്യ എന്ന വാക്ക് അന്ന് അധികം ഉപയോഗത്തിൽ ഉണ്ടായിരുന്നില്ല പക്ഷേ സാൻസിബാറിൽ നടന്ന അറബ് വംശജരുടെ കൂട്ടക്കൊല ആ വാക്കിന്റെ പൂർണമായ അർത്ഥത്തിൽ വംശഹത്യ തന്നെ ആയിരുന്നു, രക്തരൂക്ഷിതമായ വിപ്ലവത്തിനുശേഷം ഏതാനും മാസങ്ങൾക്കുള്ളിൽ കലാപകാരികൾ തമ്മിലുള്ള വൈരുധ്യം കാരണം 1964 ഏപ്രിൽ 26 ന് പ്രസിഡന്റ് അമാൻ അബെയ് കറൂമി ടാങ്കനിക്കയുമായി ചേർന്ന് ടാൻസാനിയ എന്ന ഒരു പുതിയ രാഷ്ട്രം രൂപീകരിച്ചു. സാൻസിബാർ വിട്ടു പലായനം ചെയ്ത് ആയിരക്കണക്കിന് അഭയാർത്ഥികളിൽ ഒരു അറബി വംശജൻ ആയിരുന്നു അബ്ദുൾ റസാഖ്ഗുർണ. അതിഭീകരമായ വംശഹത്യയിൽ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട ഒരു ചെറുപ്പക്കാരൻ. കലാപത്തിനു നേതൃത്വം നൽകിയ കെനിയക്കാരനായ ഇവാഞ്ചലിസ്റ്റ് ഒക്കെലയുടെ റേഡിയോ വഴിയുള്ള ഭ്രാന്തമായ ജല്പനങ്ങൾക്കനുസരിച്ച് കലാപകാരികൾ അറബി വംശജരെ മുഴുവൻ കൊന്നൊടുക്കുകയും മാനഭംഗപ്പെടുത്തുകയും ചെയ്തുകൊണ്ടിരിക്കുമ്പോൾ 20000 പേരെങ്കിലും കൊല്ലപ്പെട്ടു എന്നാണ് ഏകദേശ കണക്ക്. കാരണം കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് ആകെയുള്ള ഒരു തെളിവ് ഒരു ഇറ്റാലിയൻ സിനിമാസംഘം ഹെലികോപ്റ്ററിൽ നിന്ന് എടുത്ത കൂട്ടക്കൊലയുടെ ഒരു ദൃശ്യമാണ്.
അബ്ദുൾ റസാഖ് ഗുർണ എന്ന ചെറുപ്പക്കാരൻ ഇംഗ്ലണ്ടിലേക്ക് അഭയാർത്ഥിയായി എത്തുമ്പോൾ സ്വന്തം ഭൂതകാലം മുഴുവൻ എരിഞ്ഞു കഴിഞ്ഞിരുന്നു. അതിനാൽ തന്നെ സുശീല വാസ്തയുമായുള്ള അഭിമുഖത്തിൽ ഇങ്ങനെ പറയുന്നു “എന്റെ എഴുത്തിന്റെ ഉറവിടം ഓർമ്മയാണ്, ഞാൻ ഓർമ്മിക്കുന്ന കാര്യങ്ങൾ. പലപ്പോഴും നമ്മുടെ ഓർമ്മ കൃത്യമായി കൊള്ളണമെന്നില്ല. അപ്പോൾ ആ വിടവ് വിശ്വസനീയമായി നികത്താൻ ഉറപ്പില്ലാത്ത കാര്യങ്ങളെ ആശ്രയിക്കേണ്ടി വരും. ഗുർണയുടെ സാഹിത്യ സംബന്ധിയായ ഒരു പ്രധാന കാര്യം വ്യക്തിയുടെ ഓർമ്മകൾ സമൂഹത്തിന്റെ സ്മരണകളായി പരിവർത്തനം ചെയ്യപ്പെടുന്നു എന്നതാണ്”.
ഇംഗ്ലണ്ടിൽ ക്രൈസ്റ്റ് ചർച്ച് കോളജിൽ പഠിച്ച ശേഷം കെന്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് “പടിഞ്ഞാറൻ ആഫ്രിക്കൻ സാഹിത്യ നിരൂപണത്തിന്റെ മാനദണ്ഡം” എന്ന വിഷയത്തിൽ ഡോക്ടറേറ്റ് നേടി 2017 വരെ കെന്റ് യൂണിവേഴ്സിറ്റിയിൽ എമിററ്റസ്റ്റ് പ്രൊഫസറായി ജോലി ചെയ്തു ഗുർണ. സാൻസിബാറിലെ ചെറുപ്പകാലം ഗുർണക്ക് അനേകം ഭാഷകൾ സമ്മാനിച്ചു. മാതൃഭാഷയായ സ്വാഹിലി, ഇംഗ്ലീഷ്, അറബിക്, ജർമൻ. എഴുത്തു ഭാഷയായി ഇംഗ്ലീഷ് സ്വീകരിച്ചപ്പോൾ തന്നെ സ്വാഹിലി, ജർമൻ, അറബിക് ഭാഷകൾ അദ്ദേഹത്തിന്റെ എഴുത്തിൽ കടന്നുവന്നു. അന്യഭാഷകൾ ഇറ്റാലിക്സിൽ നൽകുന്നതിനെതിരെ അദ്ദേഹത്തിന് പ്രസാധകരുമായി വഴക്കിടേണ്ടിവന്നു. ഒരിക്കലും തിരിച്ചുപോകാൻ ഇല്ലാത്ത വീടിനെക്കുറിച്ചുള്ള ഓർമ്മകൾ ഇരുപതാം വയസിൽ ഡയറികുറിപ്പുകളായി എഴുതിത്തുടങ്ങി. അത് അഭയാര്‍ത്ഥികളായുള്ളവരുടെ ജീവിതത്തെക്കുറിച്ചും സ്ഥാനഭ്രംശം സംഭവിച്ച മനുഷ്യരെക്കുറിച്ചുമൊക്കെയായി വളർന്നു. ഇതിനിടയിൽ 1984ൽ പലായനത്തിനു ശേഷം ആദ്യമായി ഗുർണ സാൻസിബാർ സന്ദർശിച്ചു.
അപ്പോഴും ഗുർണ എഴുത്ത് ആരംഭിച്ചിരുന്നില്ല. ഈ യാത്ര കഴിഞ്ഞു മൂന്നു വർഷങ്ങൾക്കുശേഷം 1987ൽ 39-ാം വയസിൽ സ്വന്തം ഡയറിക്കുറിപ്പുകള്‍ ആധാരമാക്കി ഗുർണയുടെ ആദ്യ നോവൽ പിറന്നു. വേർപാടിന്റെ ഓർമ്മകൾ (മെമ്മറി ഓഫ് ഡിപ്പാർച്ചർ). ഈ നോവൽ പിന്നീട് ഗുർണയുടെ എഴുത്തിന്റെ വാർപ്പ് മാതൃകയായി മാറി. കോളനിവൽക്കരണം സൃഷ്ടിക്കുന്ന മാനസികാഘാതം, യുദ്ധം, സ്ഥാനഭ്രംശം ഇവയാണ് ഗുർണയുടെ എഴുത്തിന്റെ അടിത്തറയായി വർത്തിക്കുന്നത്. പശ്ചാത്തലം കിഴക്കേ ആഫ്രിക്കൻ തീരങ്ങൾ. കഥാപാത്രങ്ങൾ അന്യവൽക്കരിക്കപ്പെട്ട, ജീവിതത്തിൽ പിഴുതെറിയപ്പെട്ട, പാർശ്വവൽക്കരിക്കപ്പെട്ട മനുഷ്യരാണ്. പിൽഗ്രിംസ് വേ 1988, പാരഡൈസ് 1994, അഡ്മയറിംഗ് സയലൻസ് 1996, ബെ ദ സീ 2001, ഡെ സേർട്ട് ഇൻ 2005, ലാസ്റ്റ് ഗിഫ്റ്റ് 2011, ഗ്രാവോല്‍ ഹാർട്ട് 2017, ആഫ്റ്റർ ലൈവ്സ് 2020 എന്നിവയാണ് പ്രധാന നോവലുകൾ. കൂടാതെ ധാരാളം ചെറുകഥകളും നിരൂപണങ്ങളും എഴുതിയിട്ടുണ്ട്. സംസ്കാരങ്ങളുടെയും വൻകരകളുടെ ഇടയിൽപെട്ടു പോകുന്ന അഭയാർത്ഥികളുടെ വിധിയെകുറിച്ചുള്ള വിട്ടുവീഴ്ചയില്ലാത്ത, കരുണാർദ്രമായ ഉൾക്കാഴ്ച, കോളനിവൽക്കരണം മനുഷ്യരിൽ സൃഷ്ടിക്കുന്ന അപമാനവീകരണത്തിന്റെ ആഴത്തിലുള്ള പഠനമാണ് ഗുർണയെ നോബൽ പുരസ്കാരത്തിന് അർഹമാക്കിയത് എന്നു സ്വീഡിഷ് അക്കാദമിയുടെ കുറിപ്പിൽ പ റയുന്നു. കോളനിവൽക്കരണത്തിന്റെയും വിഭജനത്തിന്റെയും മരണങ്ങളുടെയും ദുരന്തങ്ങളിലൂടെ കടന്നുപോയ ഇന്ത്യക്കാർക്ക് അബ്ദുൽറസാഖ് കഥാപാത്രങ്ങൾ അവരിൽ ഒരാളായി തോന്നുന്നത് സ്വാഭാവികം മാത്രം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.