ഗുരുഗ്രാമിലെ മുസ്‌ലിങ്ങളുടെ നമാസ് വിഷയം ഉയര്‍ത്തിക്കാട്ടിയുള്ള പ്രതിഷേധത്തിലൂടെ മുതലെടുപ്പ് നടത്താന്‍ ബിജെപിയും രംഗത്ത്. വിവിധ ഹിന്ദുത്വ സംഘടനകളുടെ നേതൃത്വത്തില്‍ കഴിഞ്ഞ രണ്ട് മാസക്കാലമായി നടത്തിവന്ന പ്രതിഷേധത്തിന് നേതൃത്വം നല്‍കാന്‍ ഇന്നലെ വിദ്വേഷ പ്രസംഗങ്ങളിലൂടെ വിവാദനായകരായ ബിജെപി നേതാവ് കപില്‍ മിശ്രയുള്‍പ്പെടെ പല നേതാക്കളുമെത്തി. വിഷയം രാഷ്ട്രീയമായി മുതലെടുത്തുകൊണ്ട് നേട്ടമുണ്ടാക്കാമെന്ന ബിജെപി-ആര്‍എസ്എസ് തന്ത്രത്തിന്റെ സൂചനയാണ് ഗുരുഗ്രാമിൽ വ്യക്തമാകുന്നത്. ഡല്‍ഹി കലാപത്തിന്റെ സമയത്ത് വിളിച്ച കടുത്ത മുദ്രാവാക്യങ്ങളോട് സാമ്യമുള്ള മുദ്രാവാക്യങ്ങളായിരുന്നു പ്രാര്‍ത്ഥനയ്ക്കെത്തിയ മുസ്‌ലിങ്ങള്‍ക്കെതിരെ ഹിന്ദുത്വ തീവ്രവാദികള്‍ വിളിച്ചത്.
ഡല്‍ഹി കലാപത്തിന് കാരണമായെന്ന് കരുതപ്പെടുന്ന വിദ്വേഷ പ്രസംഗത്തിലൂടെ കുപ്രസിദ്ധിയാര്‍ജ്ജിച്ച ബിജെപി നേതാവാണ് കപില്‍ മിശ്ര. മുസ്‌ലിങ്ങള്‍ക്കെതിരെയുള്ള വിദ്വേഷ പ്രസംഗങ്ങളിലൂടെ കുപ്രസിദ്ധനായ നരസിംഘാനന്ദ് സരസ്വതിയോട് അടുത്ത ബന്ധം പുലര്‍ത്തുന്ന അമിത് ഹിന്ദു എന്നയാളും ഗുരുഗ്രാമിലെ പ്രതിഷേധ സ്ഥലത്ത് സജീവസാന്നിധ്യമായിരുന്നു. ഡല്‍ഹി കലാപസമയത്ത് ഹിന്ദുതീവ്രവാദികളുടെ മുദ്രാവാക്യങ്ങളോട് സമാനതയുള്ള മുദ്രാവാക്യങ്ങള്‍ ഗുരുഗ്രാമില്‍ ഉയര്‍ത്തിയത് അമിത് ഹിന്ദുവാണെന്ന് വീഡിയോ ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. ‘ഗോലി മാരോ സാലോം കോ, ദേശ് കെ ഗദ്ദാരോം കോ’ (ദേശവിരുദ്ധരെ വെടിവച്ചുകൊല്ലുക) എന്ന ഡല്‍ഹി മുദ്രാവാക്യമായിരുന്നു ഡല്‍ഹിയില്‍ ഉയർത്തിയതെങ്കിൽ ഹിന്ദുവിരുദ്ധരെ വെടിവച്ചുകൊല്ലുക എന്നാണ് ഗുരുഗ്രാമില്‍ വിളിച്ച മുദ്രാവാക്യം. അയോധ്യ ഒരു തുടക്കം മാത്രമാണ്, കാശിയും മധുരയും ബാക്കിയുണ്ട് എന്ന മുദ്രാവാക്യത്തോട് സാദൃശ്യമുള്ള മുദ്രാവാക്യമായിരുന്നു മറ്റൊന്ന്. സെക്ടര്‍ 12 ഒരു തുടക്കം മാത്രം, ഗുരുഗ്രാം മുഴുവന്‍ ബാക്കിയുണ്ട് എന്ന മുദ്രാവാക്യവും ഹിന്ദുത്വ തീവ്രവാദികളുടെ മറ്റൊരു പരീക്ഷണശാലയായി ഗുരുഗ്രാമിനെ കണക്കാക്കുന്നുവെന്നതിന്റെ സൂചനയായി മാറുന്നു.
അമിത് ഹിന്ദു മുന്‍പും ഗുരുഗ്രാമില്‍ വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്ക് ശ്രമം നടത്തിയിരുന്നുവെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇയാളോടൊപ്പം മുസ്‌ലിം വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കിയ ബജ്‌റംഗ്‌ദള്‍ പ്രവര്‍ത്തകന്‍ മോനു മനേസര്‍, ഭാരത് മാതാ വാഹിനി പ്രസിഡന്റ് ദിനേശ് ഭാരതി എന്നിവരും നിരവധി തവണ വിദ്വേഷപ്രസംഗങ്ങളിലൂടെ കുപ്രസിദ്ധരായവരാണ്. ഗുരുഗ്രാമില്‍ മാത്രമല്ല, രാജ്യത്തെങ്ങും പൊതുസ്ഥലങ്ങളിലെ നമാസ് നിര്‍ത്തലാക്കണമെന്ന് ഒരു വിശ്വഹിന്ദു പരിഷത്ത് നേതാവ് പ്രസംഗിക്കുന്ന വീഡിയോയും വെള്ളിയാഴ്ച അമിത് ഹിന്ദു ഷെയര്‍ ചെയ്തിട്ടുണ്ട്. ഇത് നമാസ് അല്ല, ജിഹാദ് ആണെന്നാണ് വിഎച്ച്പി നേതാവിന്റെ ആരോപണം.രണ്ട് മാസങ്ങളായി വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്കെതിരെ തുടരുന്ന പ്രതിഷേധങ്ങളുടെ ഭാഗമായി ഇത്തവണ ഗോവര്‍ദ്ധന്‍ പൂജ നടത്തിക്കൊണ്ടാണ് ഹിന്ദുത്വ സംഘടനകള്‍ രംഗത്തെത്തിയത്. മതചടങ്ങുകളുടെ ഭാഗമായി സ്ത്രീകളുടെ നേതൃത്വത്തില്‍ വൈകാരികമായി നടന്നുവരുന്ന ഗോവര്‍ദ്ധന്‍ പൂജയാണ് വെള്ളിയാഴ്ച പ്രതിഷേധത്തിന്റെ ഭാഗമായി ഗുരുഗ്രാമില്‍ നടത്തിയത്. ശ്രീകൃഷ്ണന്റെ ഐതിഹ്യവുമായി ബന്ധപ്പെട്ട പൂജയില്‍ അവിടെ ഉയര്‍ന്നുകേട്ടത് ജയ് ശ്രീറാം വിളികളായിരുന്നുവെന്നും ദ വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ആഴ്ചയിലൊരുദിവസം ഒന്നോ രണ്ടോ മണിക്കൂര്‍ നേരത്തേക്ക് മതപ്രാര്‍ത്ഥന നടത്തുന്നതിനെതിരെയാണ് സര്‍വസന്നാഹങ്ങളുമായി സംഘപരിവാര്‍ രംഗത്തെത്തിയിരിക്കുന്നത്. ഹിന്ദു മതവിശ്വാസങ്ങളും പൂജകളും പോലും ഇവര്‍ അന്യമതവിദ്വേഷത്തിന് ഉപയോഗിക്കുകയാണെന്ന് വ്യക്തം. പഞ്ചാബിലും യുപിയിലുമുള്‍പ്പെടെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വര്‍ഗീയ വിഭജനവും വര്‍ഗീയ കലാപവും സൃഷ്ടിക്കാന്‍ സംഘപരിവാര്‍ ആസൂത്രണം ചെയ്തതാണ് ഗുരുഗ്രാമിലെ പ്രശ്നങ്ങളെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.
ENGLISH SUMMARY;BJP seeks to exploit Namaz issue in Gurugram
YOU MAY ALSO LIKE THIS VIDEO;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.