കേരളത്തെ ഭ്രാന്താലയം എന്ന പദവിയിൽ നിന്നും രക്ഷിച്ചത് നവോത്ഥാനപ്രവർത്തനങ്ങളാണ്. വടക്കുവടക്കേ കേരളത്തിൽ ഈ നവോത്ഥാന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയവരിൽ പ്രമുഖർ സ്വാമി ആനന്ദതീർത്ഥനും വാഗ്ഭടാനന്ദനും ബ്രഹ്മാനന്ദ ശിവയോഗിയുമാണ്. ഗാന്ധിയൻ കമ്മ്യൂണിസ്റ്റ് എന്നു വിശേഷിപ്പിക്കപ്പെട്ട കെ മാധവന്റെ തെളിച്ചമുള്ള തുടർച്ച. അവരുടെ സ്വപ്നങ്ങൾ ജാതിരഹിതവും മതാതീതവുമായ സംസ്കാരവും അയിത്തവും അന്ധവിശ്വാസവുമില്ലാത്ത ജീവിതവും ആയിരുന്നു. ഇന്നും അവ പൂർണരൂപത്തിൽ ജനജീവിതത്തിൽ പ്രതിഫലിച്ചിട്ടില്ല. കവികൾ ഉഴുതുമറിച്ച മണ്ണാണ് കാസർകോട്. രാഷ്ട്രകവി ഗോവിന്ദപൈയും മഹാകവി കുട്ടമത്തും മഹാകവി പി കുഞ്ഞിരാമൻ നായരും ടി ഉബൈദും സ്വതന്ത്ര സമൂഹത്തിന്റെ വിത്തുവിതച്ച സംസ്കാരത്തനിമയുള്ള മണ്ണ്. കരുത്തുറ്റ പുതുകവിതയുടെ സാന്നിധ്യവും ചന്ദ്രഗിരിപ്പുഴയുടെ തീരത്തുണ്ട്. ബാലഗോപാലൻ കാഞ്ഞങ്ങാടും രാഞ്ജിത് ഓരിയും സന്തോഷ് ഒഴിഞ്ഞവളപ്പും ധന്യ വേങ്ങച്ചേരിയും അടങ്ങുന്ന പ്രകാശപൂർണമായ പുതു കവിതപ്പരപ്പ്. മാപ്പിളപ്പാട്ടിന്റെ സംപുഷ്ടകേദാരം വേറെ. പ്രമുഖ പ്രഭാതപത്രങ്ങളെ കൂടാതെ എല്ലാ ആധുനിക സൗകര്യങ്ങളുമുള്ള മധ്യാഹ്നത്തിലിറങ്ങുന്ന പത്രങ്ങൾ കാസർകോടിന്റെ ദൈനംദിന ജീവിതത്തെ വലുതായി സ്വാധീനിക്കുന്നുണ്ട്. ലേറ്റസ്റ്റും കാരവലും ഉത്തരദേശവും പോലെയുള്ള പത്രങ്ങൾ കാസർകോടിന്റെ മാത്രമല്ല, കേരളത്തിന്റെ തന്നെ കണ്ണാടിയായി പ്രവർത്തിക്കുന്നുണ്ട്. ചരിത്രവും ഭൂമിശാസ്ത്രവുമൊക്കെ മികച്ചതാണെങ്കിലും അയിത്തവും അന്ധവിശ്വാസവും ഇപ്പോഴും തുടരുന്ന പലസ്ഥലങ്ങളും കാസർകോട് ജില്ലയിലുണ്ട് എന്നത് ലജ്ജിപ്പിക്കുന്നതാണ്. സംഘപരിവാറിന് മേൽക്കൈയുള്ള സ്വർഗ തുടങ്ങിയ പ്രദേശങ്ങളിൽ നിലനിൽക്കുന്ന അപമാനകരമായ അയിത്താചരണത്തെക്കുറിച്ച് പത്രപ്രവർത്തകൻ വിനോദ് പായം തയ്യാറാക്കിയ റിപ്പോര്‍ട്ട് സാംസ്കാരിക രാഷ്ട്രീയതലങ്ങളിൽ ശ്രദ്ധിക്കപ്പെടേണ്ടതാണ്. അതുപോലെതന്നെ ഞെട്ടിപ്പിക്കുന്നതാണ് കേരള യുക്തിവാദിസംഘം നടത്തിയ അന്വേഷണങ്ങളും. അംബികാസുതൻ മാങ്ങാട് എൻമകജെയിൽ അടയാളപ്പെടുത്തിയിട്ടുള്ള ഒരു ക്ഷേത്രമാണ് സ്വർഗ റൂട്ടിലെ ബദിയാറു ജടാധാരി ദേവസ്ഥാനം. അവിടെയാണ് മാനുഷികപരിഗണന ഇല്ലാതെ അടിസ്ഥാനവർഗത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുള്ളത്. അവർ കയറുമെന്നതിനാൽ തെയ്യംകെട്ടു തന്നെ വേണ്ടെന്ന് വച്ചു.
സവർണർക്ക് പടിക്കെട്ടുകളൊക്കെയുള്ള സുഗമവഴി. അവർണർക്ക് വെട്ടിത്തെളിച്ച് എത്തേണ്ട കാട്ടുവഴി. സവർണർക്ക് മാന്യമായ ക്ഷേത്രഭക്ഷണം. അവർണർക്ക് പൊതിയാക്കി എറിഞ്ഞുകൊടുക്കുന്ന അയിത്താഹാരം. സ്വർഗത്തുപോലും ഇതാണ് സ്ഥിതി! മനുസ്മൃതി ഭരണഘടനയായുള്ള സംഘപരിവാറിന് ആ ഇടങ്ങളിൽ മേൽക്കൈ ലഭിച്ചതിൽ അത്ഭുതപ്പെടാനില്ല. സംഘപരിവാറിന് ഒഴിവുകിട്ടിയാൽ ആ കസേരയിൽ അതെ സംസ്ക്കാരമുള്ള ബി ടീമായ യുഡിഎഫ് കയറിയിരിക്കും. കേളപ്പൻ മുതൽ സി കേശവൻ വരെയുള്ളവർ നിർവഹിച്ച അനാചാര വിരുദ്ധജീവിതം ഇന്നത്തെ യുഡിഎഫിനു ബാധകമല്ലെന്നാണല്ലോ ശബരിമലയിലെ തീണ്ടാരിസമരകാലത്ത് അവരെടുത്ത നിലപാട് തെളിയിച്ചത്. ജടാധാരി ദേവസ്ഥാനത്തു മാത്രമായി പ്രശ്നങ്ങൾ ഒടുങ്ങുന്നില്ല. ബെള്ളൂരിലെ ക്ഷേത്രത്തിൽ മാത്രമല്ല, സവർണ വീടുകളിലും അടിസ്ഥാനവർഗത്തിൽപെട്ടവർക്ക് പ്രവേശനമില്ല. കൃഷിപ്പണിക്കും മറ്റും പോയാൽ അകലെയിരുത്തി പ്രത്യേകപാത്രത്തിൽ ആഹാരം നല്‍കും! വിവാഹപ്പന്തിയിലും ഈ വിവേചനമുണ്ട്. മുക്കുഞ്ചെ, പൊസാളിഗേ ക്ഷേത്രവഴിയിലും ഈ മനുഷ്യവിലക്കുണ്ട്. പ്രസിദ്ധമായ പഞ്ചുരൂളിത്തെയ്യം കെട്ടിയാടുന്നിടത്ത് തെയ്യത്തിനു പോലുമുണ്ടത്രേ അയിത്തം. ഭക്ഷണം നല്‍കുന്നകാര്യത്തിൽ സവർണർക്ക് മുൻഗണനയും അവർണർക്ക് അവഗണനയും കാസർകോട് ജില്ലയിലെ മിക്കക്ഷേത്രങ്ങളിലും നിലനിൽക്കുകയാണ്. പൊതുകേരളത്തിന്റെ സ്ഥിതിയും വിഭിന്നമല്ല. സർവലോക സംരക്ഷകരായ ദൈവങ്ങൾക്ക് ഈ വിവേചനത്തിൽ പ്രതികരിക്കാൻ പോലും സാധിക്കില്ലെന്നിരിക്കെ സമരമാണ് ഏകമാർഗം. വൈക്കത്തും പാലിയത്തും പയ്യന്നൂരും ഗുരുവായൂരും നടത്തിയതുപോലെയുള്ള മനുഷ്യാവകാശ ലംഘനത്തിനെതിരായുള്ള സമരം. ഇങ്ങനെ അവിടെ കയറിയിട്ട് എന്താണ് നേട്ടം? അതുവേറെ ചിന്താവിഷയമാണ്. എങ്കിലും എവിടേയും സഞ്ചരിക്കാനുള്ള പ്രാണികളുടെ സ്വാതന്ത്ര്യത്തിൽ നിന്നും മനുഷ്യനെ ഒഴിവാക്കാൻ പാടില്ലല്ലോ. മാവില സമൂഹത്തിലെ ഒരു നാട്ടുകവിത തുടങ്ങുന്നത് ‘ഏതൊരു തമ്പുരാനേ പുറുളീ നമ്മുടെ തമ്പുരാനേ’ എന്നാണ്. തമ്പുരാന്മാർ നമ്മുടെതല്ലെന്നു അയിത്തബാധിത പ്രദേശത്തുള്ളവർ തിരിച്ചറിയേണ്ടതുണ്ട്. കേരളത്തിലെ എല്ലാ രാഷ്ട്രീയ ജാഥകളും കാസർകോട് ജില്ലയുടെ വടക്കേ അറ്റത്തുള്ള ഉപ്പള, മേപ്പാടി, ഹൊസങ്കടി തുടങ്ങിയ സ്ഥലങ്ങളിൽ നിന്നാണ് ആരംഭിക്കുന്നത്. മതാതീത സാംസ്കാരിക യാത്ര തുടങ്ങിയത് ഹൊസങ്കടിയിൽ നിന്നാണ്. അനാചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കും എതിരെയുള്ള പുതിയ ജാഥകൾ ആരംഭിക്കേണ്ടിയിരിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.