7 November 2024, Thursday
KSFE Galaxy Chits Banner 2

പെണ്ണുടലിന്റെ തിറയാട്ടം

ബി മുരളി
January 2, 2022 7:01 am

ഉടൽ ഒരു സമസ്യയാണ്; ആണിനും പെണ്ണിനും മൂന്നാം ലിംഗത്തിനും. പെട്ടുപോകുന്ന ദുരന്തത്തിൽനിന്നുള്ള കുതിച്ചു ചാട്ടവും കിതച്ചോടലും പതിച്ചുവീഴലും നിരന്തരം സംഭവിക്കുന്ന സമസ്യയാണത്. ഉടൽ സ്ത്രീയുടേതാകുമ്പോൾ പ്രശ്നം കൂടുതൽ സങ്കീർണ്ണമാകുന്നു. നാമതിനെ സ്ത്രീജീവിതമെന്ന ഓമനപ്പേരിലാണ് വിളിക്കുന്നത്. സമൂഹശരീരത്തിന്റെ ജാമിതീയതയിൽ എന്നും സംവാദങ്ങളുയർത്തുന്ന വിഷയമാണത്. ഉള്ളിൽ ഒരു ജീവനുംകൊണ്ട് ഓടിക്കൊണ്ടിരിക്കുന്ന സ്ത്രീയെന്ന ഈ മാംസവാഹനം ഏതെല്ലാം പതനങ്ങളിൽ പെട്ടുപോകുന്നു എന്ന് അന്വേഷിക്കുന്നത് എഴുത്തുകാരന്റെ കർത്തവ്യത്തിൽ പെടുന്ന കാര്യമാണ്. ലിംഗപരമായ സ്വത്വത്തെക്കുറിച്ചുള്ള ഗൗരവതരമായ പഠനങ്ങൾ അക്കാദമികതലത്തിൽ നടക്കുന്നുണ്ട്. എന്നാൽ ഫിക്ഷനിൽ പണിയെടുക്കുന്ന എഴുത്തുകാരന്റെ നോട്ടങ്ങൾ ഈ വിഷയത്തിൽ എപ്രകാരമാണ്
പതിയുന്നത് എന്നതിന്റെ ഉദാഹരണമാണ് ഇളവൂർ ശ്രീകുമാർ എഴുതിയ ‘ഉടൽത്തിറ’ എന്ന നോവൽ. പെണ്ണിന്റെ ആന്തരികസ്വത്വത്തെ നിരാകരിക്കുകയും പെണ്ണെന്നാൽ ഉടൽ മാത്രമാണ് എന്ന് കരുതുകയും ചെയ്യുന്ന ആണത്തബോധത്തിനെതിരേ സർഗാത്മകമായ കലാപം അഴിച്ചുവിടുന്ന നോവലാണ് ഉടൽത്തിറ. കീഴടക്കപ്പെടുന്ന ഉടലുകൊണ്ടുതന്നെ ഉയിർത്തെഴുന്നേറ്റ് പ്രതിരോധം തീർക്കുകയും, ഒത്തുതീർപ്പുകളല്ല അവസാനിപ്പിക്കലാണ് പ്രശ്നങ്ങളുടെ പ്രതിവിധി എന്ന സന്ദേശം നൽകുകയും ചെയ്യുന്നു നോവലിസ്റ്റ്. മലയാള ഭാവനയിൽ ഈ നോവലിന് ശരിയായ ഇരിപ്പിടമുണ്ട്.
ശ്രീകുമാറിന്റെ ആദ്യനോവലായ ‘നിയോകമ്യൂൺ’ കേരളത്തിന്റെ രാഷ്ട്രീയമണ്ഡലത്തിൽ സംവാദത്തിനു തിരികൊളുത്തിയിരുന്നു. രാഷ്ട്രീയപ്രസ്ഥാനങ്ങൾ നിർലജ്ജമായി കോമാളിത്തത്തിലേക്കു നീങ്ങുന്നതിലെ അപകടം ഉപഹാസത്തിന്റെ ഭാഷയിൽ തീവ്രമായി അവതരിപ്പിക്കാനാണ് ആ നോവലിൽ ശ്രീകുമാർ ശ്രമിച്ചത്. സമൂഹത്തെ ജാഗ്രതയോടെ നോക്കുകയും ആ നോട്ടങ്ങൾ ശില്പഭദ്രമായി ഫിക്ഷനിൽ അവതരിപ്പിക്കുകയും ചെയ്യാനുള്ള ശ്രീകുമാറിന്റെ മിടുക്ക് ഇതിനകം വായനക്കാർ കണ്ടറിഞ്ഞതാണ്. അദ്ദേഹത്തിന്റെ രണ്ടാമത്തെ നോവലാണ് ഉടൽത്തിറ. ഉടൽത്തിറയിലെത്തുമ്പോൾ ശ്രീകുമാറിന്റെ എഴുത്തിന്റെ ക്യാൻവാസ് കൂടുതൽ വിസ്തൃതമായതായി കാണാം. ഉടൽത്തിറ വായിച്ചുപോകുമ്പോൾ ഒരു സ്ക്രീനിലെന്നപോലെ മാറിക്കൊണ്ടിരിക്കുന്ന നമ്മുടെ കാലത്തെയും സമൂഹത്തെയും നാം കണ്ടുകൊണ്ടിരിക്കുന്നു. ഭൂതകാലത്തിലേക്കും വർത്തമാനകാലത്തിലേക്കും അടിക്കടി മാറി ഓടിക്കൊണ്ടിരിക്കുന്ന അതിന്റെ ഫ്രയിമുകൾക്കൊപ്പം ചിലപ്പോഴെങ്കിലും വായനക്കാർക്ക് ശ്രമകരമായി ഓടിയെത്തേണ്ടിവരുന്നു. പക്ഷേ ഇടയ്ക്ക് വായനക്കാർ കിതച്ചുനിൽക്കില്ല എന്നതുതന്നെയാണ് ഈ നോവലിന്റെ എടുത്തുപറയേണ്ട സവിശേഷത. അത്തരമൊരു രചനാതന്ത്രമാണ് നോവലിസ്റ്റ് പിന്തുടരുന്നത്.
മൂന്ന് ധാരകളായാണ് നോവലിന്റെ ഇതിവൃത്തം വികസിക്കുന്നത്. അംബുനായർ എന്ന കഥാപാത്രത്തിന്റെ തീവണ്ടിയാത്രയും അതിലൂടെ അനാവരണം ചെയ്യപ്പെടുന്ന ജീവിതാവസ്ഥകളുമാണ് ഒന്ന്. ഇജാസ് അഹമ്മദും ജസീന കുര്യാസും തമ്മിലുള്ള പ്രണയമാണ് രണ്ടാമത്തേത്. മറ്റൊന്ന് അനീഷയെന്ന കഥാപാത്രത്തിന്റെ ജീവിതപരിണാമങ്ങളാണ്. ഒരുകാലത്ത് മലയാളികളുടെ സ്വപ്നഭൂമിയായി
രുന്നു പേർഷ്യയെന്നറിയപ്പെട്ടിരുന്ന ഗൾഫ്. ഗൾഫിലേക്ക് പോകുന്ന മലയാളികളുടെ ഇടത്താവളമായിരുന്നു ബോംബെ. നാം പുറത്തു നിന്ന് കണ്ടറിയുന്ന ബോംബെയിൽനിന്ന് വ്യത്യസ്തമായ ഒരു ബോംബെയുണ്ടെന്നും അവിടെ നിറപ്പകിട്ടില്ലാത്ത ഒരുപാട് ജീവിതങ്ങളുണ്ടെന്നും അംബുനായരിലൂടെ നാം അറിയുന്നു. അത് നോവലിസ്റ്റിന്റെ ഭാവനയല്ല. ഒരു കാലഘട്ടത്തിന്റെ തുടിക്കുന്ന യാഥാർത്ഥ്യമാണ്. അംബുനായർ ഒരു കാലഘട്ടത്തിലെ ശരാശരി മലയാളിയുടെ പ്രതിനിധിയാണ്. മൂന്ന് സമാന്തര ഇതിവൃത്തങ്ങളെ വിദഗ്ദ്ധമായി കോർത്തിണക്കി വായനയിൽ ഇടങ്കോലിടാത്തവിധം ആഖ്യാനം ചെയ്യുന്നതിൽ നോവലിസ്റ്റ് വിജയിച്ചിരിക്കുന്നു.
ജീവകാരുണ്യ പ്രവർത്തനങ്ങൾ ആഘോഷമാവുകയും വാർത്തകളിൽ നിറയുകയും ചെയ്യുന്ന കാലത്താണ് നാം ജീവിക്കുന്നത്. അവ സമൂഹത്തിൽ ഒരുപാട് നന്മകൾ ചെയ്യുന്നുമുണ്ട്. എന്നാൽ ഈ രംഗത്ത് ധാരാളം കള്ളനാണയങ്ങളും പ്രചരിക്കുന്നുണ്ട്. അഴിമതിയും വംശവെറിയും തീവ്രവാദവും കള്ളക്കടത്തും ലൈംഗിക അരാജകത്വവും ജീവകാരുണ്യത്തിന്റെ മറവിൽ വിറ്റഴിക്കപ്പെടുന്നു. നോവലിസ്റ്റിന്റെ ജാഗ്രത്തായ നോട്ടം ഈ വിഷയങ്ങളിലേക്ക് സൂക്ഷ്മമായി കടന്നുചെല്ലുന്നു. വംശീയതീവ്രവാദം ഉയർത്തുന്ന അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പുകൾ നൽകുന്നതോടൊപ്പം ശക്തമായ രാഷ്ട്രീയ ഇടപെടലുകളും നോവലിസ്റ്റ് നടത്തുന്നുണ്ട്. എന്നാൽ ഇതിനെല്ലാമപ്പുറം മാനവികമൂല്യങ്ങളിലുള്ള ശുഭാപ്തി വിശ്വാസം നോവൽ ഉയർത്തിപ്പിടിക്കുന്നു. ഇത് നിഷ്ക്രിയന്റെ ശുഭാപ്തിവിശ്വാസമല്ല. പ്രതിരോധത്തിലൂടെ അതിജീവിക്കുന്ന മാനവികതയെക്കുറിച്ചുള്ള ശുഭാപ്തിവിശ്വാസമാണ്.
ഒരർത്ഥത്തിൽ ഉടൽത്തിറ രണ്ടു നോവലുകളാണ്. പരസ്പര ബന്ധമില്ലാതെ സമാന്തരമായി മുന്നോട്ട് പോകുന്ന രണ്ട് നോവലുകൾ. എന്നാൽ സൂക്ഷ്മമായ വിശകലനത്തിൽ അവ വ്യത്യസ്തമായ രണ്ട് പെണ്‍ പ്രതിരോധങ്ങളാണെന്ന് കാണാം. മനസ്സ് കൊണ്ടും ഉടലുകൊണ്ടും രണ്ട് പെൺജീവിതങ്ങൾ നടത്തുന്ന പ്രതിരോധങ്ങളാണവ. അങ്ങനെ ആത്യന്തികമായി ഈ രണ്ടു കഥകളും സമാനമായ ലക്ഷ്യത്തിലാണ് എത്തിച്ചേരുന്നത്.
ശക്തമായ ഒരു സ്ത്രീപക്ഷനോവലാണ് ഉടൽത്തിറ. കത്തിയാളാൻ വെമ്പിനിൽക്കുന്ന സ്വാതന്ത്യ്രത്തിന്റെ ജ്വലിച്ചുയരലാണ് അതിലുള്ളത്. കൊളുത്തിവച്ച പന്തങ്ങൾപോലെ രണ്ടു സ്ത്രീകഥാപാത്രങ്ങൾ ഈ നോവലിലുണ്ട്. കീഴടങ്ങാൻ വിസമ്മതിക്കുന്ന പെണ്ണിന്റെ സ്വാതന്ത്യ്രപ്രഖ്യാപനത്തിന്റെ സൂചകങ്ങളാണവ. മനസ്സും ഉടലും പ്രതിരോധത്തിന്റെ കവചങ്ങളാകുമ്പോൾ തോൽവി പടിയിറങ്ങിപ്പോകുമെന്ന ആത്മവിശ്വാസവും തിരിച്ചറിവുമാണ് ഈ എഴുത്തുകാരനെ നയിക്കുന്നത്. 

ഉടല്‍ത്തിറ
ഇളവൂര്‍ ശ്രീകുമാര്‍
ലോഗോസ്
വില: 325 രൂപ

TOP NEWS

November 7, 2024
November 7, 2024
November 7, 2024
November 7, 2024
November 7, 2024
November 7, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.