14 November 2024, Thursday
KSFE Galaxy Chits Banner 2

Related news

September 7, 2024
June 6, 2022
April 14, 2022
April 14, 2022
January 5, 2022
January 3, 2022
January 1, 2022
November 12, 2021
November 12, 2021

ചെങ്ങന്നൂർ മണ്ഡലത്തിൽ പ്രത്യേക ടൂറിസം പദ്ധതി നടപ്പാക്കും: മന്ത്രി മുഹമ്മദ് റിയാസ്

Janayugom Webdesk
ചെങ്ങന്നൂര്‍
January 3, 2022 7:39 pm

ചെങ്ങന്നൂർ നിയോജക മണ്ഡലത്തിലെ ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനായി പദ്ധതി ആവിഷ്കരിച്ച് നടപ്പാക്കുമെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ചെങ്ങന്നൂർ മണ്ഡലത്തിൽ നിർമാണം പൂർത്തിയാക്കിയ രണ്ടു റോഡുകളുടെ ഉദ്ഘാടനവും മൂന്നു പാലങ്ങളുടെ നിർമാണോദ്ഘാടനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം. ടൂറിസം വികസന സാധ്യതകൾ സംബന്ധിച്ച് മന്ത്രി സജി ചെറിയാൻ മുന്നോട്ടുവച്ചിട്ടുള്ള നിർദേശങ്ങളുടെ അടിസ്ഥാനത്തിലാകും പദ്ധതി നടപ്പാക്കുക. ഇതുമായി ബന്ധപ്പെട്ട് നിരവധി തവണ ആശയ വിനിമയം നടത്തുകയും രണ്ടു യോഗങ്ങൾ ചേരുകയും ചെയ്തിരുന്നു. കഴിഞ്ഞ അഞ്ചര വർഷക്കാലം വിപുലമായ വികസന പ്രവർത്തനങ്ങൾ നടന്ന മണ്ഡലമാണ് ചെങ്ങന്നൂർ. ജനങ്ങളുടെ കാത്തിരിപ്പ് സഫലമാക്കിയ രണ്ട് റോഡ് പദ്ധതികളാണ് ഉദ്ഘാടനം ചെയ്യപ്പെട്ടത്. ഉന്നത നിലവാരത്തിൽ നിർമിച്ചിരിക്കുന്ന റോഡുകളുടെ പരിപാലനം ഉറപ്പാക്കുന്നതിനും നടപടി സ്വീകരിച്ചിട്ടുണ്ട്.

പുതിയതായി ആരംഭിക്കുന്ന പാലം പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കും. പൊതുമരാമത്ത് വകുപ്പിൽ ഇ- ഓഫീസ് സംവിധാനം സജ്ജമായിക്കഴിഞ്ഞു. എല്ലാ നിയമസഭാ നിയോജക മണ്ഡലങ്ങളിലും വകുപ്പിന്റെ പ്രവൃത്തികളുടെ നിരീക്ഷണച്ചുമതലയിൽ പ്രത്യേകം ഉദ്യോഗസ്ഥരെ നിയോഗിക്കുന്ന നടപടികൾക്കും തുടക്കമായി. പ്രവർത്തനങ്ങൾക്ക് സുതാര്യത ഉറപ്പാക്കുന്നതിനും നടപടികൾ വേഗത്തിലാക്കുന്നതിനും ഈ ക്രമീകരണങ്ങൾ ഉപകരിക്കും. ഈ സർക്കാർ അധികാരത്തിൽ എത്തിയതിനു ശേഷം 30 പാലം പദ്ധതികൾക്ക് അംഗീകാരം നൽകി. 228.73 കോടി രൂപയാണ് ഇതിനായി അനുവദിച്ചത്. അടുത്ത ആറു മാസത്തിനുള്ളിൽ 186.56 കോടി രൂപയുടെ 22 പാലം പദ്ധതികൾ പൂർത്തീകരിക്കാനും 156.66 കോടി രൂപ ചിലവിട്ട് 21 പുതിയ പാലങ്ങളുടെ നിർമാണം തുടങ്ങുന്നതിനുമാണ് ലക്ഷ്യമിടുന്നത്- മന്ത്രി പറഞ്ഞു. ചമ്മത്തുംമുക്ക്- കക്കട റോഡും ചെന്നിത്തല- ആഴാത്ത്പടി- മുണ്ടോലിക്കടവ് റോഡുമാണ് മന്ത്രി ഉദ്ഘാടനം ചെയ്തത്.

ചെന്നിത്തല കീഴ്ച്ചേരിക്കടവ് പാലം, വെണ്മണി ചക്കുളത്തു കടവ് പാലം, വെണ്മണി ശാർങക്കാവ് പാലം എന്നീ പദ്ധതികളുടെ നിർമാണോദ്ഘാടനവും മന്ത്രി നിർവഹിച്ചു. ആകെ 55.65 കോടി രൂപയാണ് അഞ്ചു പദ്ധതികൾക്കുമായി ചിലവഴിക്കുന്നത്. മുണ്ടോലിക്കടവ്, പടിഞ്ഞാറ്റേമുറി, ഇല്ലത്തുമേപ്പുറം, ചമ്മത്തുംമുക്ക് എന്നിവിടങ്ങളിൽ നടന്ന ചടങ്ങുകളിൽ ഫിഷറീസ്- സാംസ്കാരിക മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിച്ചു. പൊതുജനങ്ങളുടെ പൂർണസഹകരണമാണ് പദ്ധതികൾ യാഥാർത്ഥ്യമാക്കുന്നതിന് വഴിതുറന്നതെന്നും നിർമാണം തുടങ്ങുന്ന പാലം പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. എ എം ആരിഫ് എം പി, എം എസ് അരുൺകുമാർ എം എൽ എ, ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെബിൻ പി വർഗീസ്, മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ ദാസ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ജി ആതിര, മഞ്ജുളാദേവി, ഹേമലത, കെ എസ് സി എം എം സി ചെയർമാൻ എം എച്ച് റഷീദ്, പഞ്ചായത്ത് പ്രസിഡന്റുമാരായ ബിന്ദു പ്രദീപ്, സുധാകരകുറുപ്പ്, കെ ആർ മുരളീധരൻ പിള്ള, ടി സി സുനിമോൾ, എൻ പത്മാകരൻ, മറ്റ് ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

TOP NEWS

November 14, 2024
November 14, 2024
November 14, 2024
November 14, 2024
November 14, 2024
November 14, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.