ഉത്തര്‍പ്രദേശില്‍ ബിജെപി എം.എല്‍.എമാരുടെ കൊഴിഞ്ഞുപോക്ക് തുടരുന്നു. ശികോഹാബാദ് എം.എല്‍.എ മുകേഷ് വര്‍മയാണ് പുതുതായി പാര്‍ട്ടി അംഗത്വം രാജിവെച്ചിരിക്കുന്നത്.കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ ബി.ജെ.പിയില്‍ നിന്നും രാജി വെക്കുന്ന ഏഴാമത് എംഎല്‍എയാണ് മുകേഷ് വര്‍മ. പിന്നാക്ക വിഭാഗങ്ങളെ അവഗണിക്കുന്ന പാര്‍ട്ടിയുടെ നടപടിയില്‍ പ്രതിഷേധിച്ചാണ് രാജി വെക്കുന്നതെന്നാണ് മുകേഷ് വര്‍മ രാജിക്കത്തില്‍ പറയുന്നത്.എന്നാല്‍ താന്‍ ഏത് പാര്‍ട്ടിയിലേക്കാണ് പോകുന്നതെന്ന് മുകേഷ് വര്‍മ വ്യക്തമാക്കിയിട്ടില്ല.
ഇതേ കാരണം മുന്‍നിര്‍ത്തിയായിരുന്നു നേരത്തെയും എം.എല്‍.എമാര്‍ പാര്‍ട്ടി വിട്ടത്. അതുകൊണ്ടു തന്നെ ഇതൊരു ആസൂത്രിത നീക്കമാണെന്നാണ് വിലയിരുത്തപ്പെടുന്നത്.യാദവസമുദായത്തിന് ശേഷം, ഉത്തര്‍പ്രദേശിലെ പ്രബല വിഭാഗമായ കുര്‍മി വിഭാഗത്തില്‍ നിന്നുള്ള നേതാവിന്റെ പാര്‍ട്ടിയില്‍ നിന്നുമുള്ള കൊഴിഞ്ഞുപോക്ക് ബിജെപിയുടെ തെരഞ്ഞെടുപ്പ് ജാതിസമവാക്യത്തില്‍ കാര്യമായ വിള്ളലുകളുണ്ടാക്കുമെന്നാണ് കരുതപ്പെടുന്നത്.നേരത്തെ പാര്‍ട്ടിയില്‍ നിന്നും രാജിവെച്ച പ്രസാദ് മൗര്യ, മൗര്യ വിഭാഗത്തില്‍ നിന്നുമുള്ള നേതാവായിരുന്നു.
ആറ് ശതമാനത്തോളം വോട്ടുകളാണ് ഈ വിഭാഗത്തിനുള്ളത്. ഉത്തര്‍പ്രദേശിലെ ജനസംഖ്യയുടെ അന്‍പത് ശതമാനത്തിലധികം വരുന്ന യാദവ‑മൗര്യ‑കുര്‍മി വിഭാഗങ്ങളെ ചേര്‍ത്ത് നിര്‍ത്താന്‍ ബി.ജെ.പി ശ്രമിക്കുമ്പോഴാണ് പാര്‍ട്ടിയില്‍ നിന്നും ഈ വിഭാഗത്തിലെ നേതാക്കളുടെ കൊഴിഞ്ഞുപോക്ക് തുടരുന്നത്.അതേസമയം, തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാത്തത് കൊണ്ടാണ് നേതാക്കള്‍ പാര്‍ട്ടി വിടുന്നത് എന്ന വിശദീകരണത്തില്‍ വിഷയം ഒതുക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. എന്നാല്‍, പിന്നാക്ക വിഭാഗത്തെ അവഗണിക്കുന്നു എന്ന നേതാക്കളുടെ ആരോപണത്തില്‍ നേതൃത്വം ഇനിയും പ്രതികരിച്ചിട്ടില്ല.
അതേസമയം, എസ്പി നേതാവായ അഖിലേഷ് യാദവ് തന്റെ സേനാബലം വര്‍ധിപ്പിക്കുകയാണ്. എന്‍സിപിയടക്കമുള്ള മറ്റു പാര്‍ട്ടികളെ ഒന്നിപ്പിച്ചും ജാതിഭേദമന്യേ ജനങ്ങളെ ചേര്‍ത്തു നിര്‍ത്തിയുമാണ് അഖിലേഷ് യു.പിയില്‍ പുത്തന്‍ സമവാക്യങ്ങള്‍ രചിക്കുന്നത്.സമാജ്വാദി പാര്‍ട്ടി ഇത്തവണ അധികാരം പിടിച്ചടക്കുമെന്നും, യു.പിയില്‍ കാറ്റ് അഖിലേഷിന് അനുകൂലമായി വീശുമെന്നുമുള്ള ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് ബിജെപിയില്‍ നിന്നും നേതാക്കള്‍ രാജി വെക്കുന്നതെന്നും, ഈ ട്രെന്റ് അഖിലേഷിന് അനുകൂലമാണെന്നുമാണ് വിലയിരുത്തപ്പെടുന്നത്.
കഴിഞ്ഞ ദിവസമായിരുന്നു യോഗി മന്ത്രിസഭയില്‍ നിന്നുമുള്ള രണ്ടാമത് മന്ത്രി പാര്‍ട്ടി വിട്ടത്. പരിസ്ഥിതി-വനംവകുപ്പ് മന്ത്രിയായ ധാരാ സിംഗ് ചൗഹാനാണ് രാജിവെച്ചത്. ഇതോടെ ബി.ജെ.പിയില്‍ നിന്നും രാജി വെച്ച എം.എല്‍.എമാര്‍ ആറായി. സര്‍ക്കാരില്‍ നിന്നും ദളിത്, പിന്നാക്ക വിഭാഗക്കാര്‍ക്ക് അവഗണന നേരിടുന്നുവെന്ന് ആരോപിച്ചാണ് ധാരാ സിംഗിന്റെ രാജി.
ഒബിസി ദളിത് വിഭാഗങ്ങളും യുവാക്കളും ബി.ജെ.പിയില്‍ അവഗണന നേരിടുന്നുവെന്ന മൗര്യയുടെ ആരോപണം തെരഞ്ഞെടുപ്പ് പടിവാതില്ക്കല് നില്‍ക്കെ വലിയ ചര്‍ച്ചയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.ദളിത് വോട്ടുകള്‍ പിടിച്ചെടുക്കാന്‍ ബിജെപി വലിയ രീതിയില്‍ പ്രചരണം നടത്തുന്ന സാഹചര്യത്തില്‍ ഈ വിഭാഗത്തില്‍ നിന്ന് തന്നെയുള്ള ഒരു നേതാവ് പാര്‍ട്ടി വിടുന്നത് ബിജെപിക്ക് വലിയ ക്ഷീണമായിരിക്കും.
English Summary: BJP’s neglect of backward classes; Many are leaving the party
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.