‘കേരളത്തിൽ നമ്മൾ ഏറ്റവുമധികം ഭയപ്പെടേണ്ടത് ജലത്തെപ്പറ്റിയാണ്. വെള്ളത്തെ കുറിച്ച് ശരിക്കുള്ള പഠനവും പ്ലാനിങും ഇപ്പോഴേ നടത്തിയില്ലെങ്കിൽ നമ്മൾ നരകിക്കും.’ ഈയടുത്ത കാലത്ത് ഒരു അഭിമുഖത്തിൽ പ്രൊഫ. എം കെ പ്രസാദ് കേരളത്തിനു നല്കിയ മുന്നറിയിപ്പാണിത്. അര നൂറ്റാണ്ടിലേറെയായി ലോകത്തെ പ്രത്യേകിച്ച് കേരളത്തെ പരിസ്ഥിതിയുടെ സംരക്ഷണം ഉദ്ബോധിപ്പിച്ചുകൊണ്ടിരുന്ന കാവലാളായിരുന്നു അദ്ദേഹം. സെെലന്റ്‍വാലി മുതൽ കെ റയിൽ വരെ കേരളത്തിലുണ്ടായ എല്ലാ പരിസ്ഥിതി ഇടപെടലുകളിലും സജീവമായ പ്രതിരോധം തീർക്കാൻ മുന്നിൽ നിന്നു. വരൾച്ചയും പ്രളയവും തുടർച്ചയാകുന്ന കേരളത്തിനു വേണ്ടി അദ്ദേഹം നൽകിയ മുന്നറിയിപ്പ് ശ്രദ്ധേയമാണ്. ‘വെള്ളത്തിന്റെ ദൗർലഭ്യം കൂടി വരുന്നു. ഉള്ള വെള്ളം മലിനമായിക്കൊണ്ടിരിക്കുന്നു. കാലാവസ്ഥാ വ്യതിയാനം കൂടിയാകുമ്പോൾ ജലപ്രശ്നം ഇരട്ടിയാകും. കാലാവസ്ഥാ വ്യതിയാനത്തെ നമുക്ക് ചെറുക്കാൻ കഴിയില്ല. എന്നാൽ, നമ്മുടെ കയ്യിൽ കിട്ടുന്ന വെള്ളം ശരിക്കു സൂക്ഷിക്കാനും ദുരുപയോഗിക്കാതിരിക്കാനും നമുക്ക് കഴിയുന്നില്ല. കേരളത്തിൽ ഒരാൾക്ക് എത്ര ലിറ്റർ ആവശ്യമുണ്ടെന്ന് ഇന്നും നിശ്ചയമില്ല. നമ്മൾ ഏറ്റവുമധികം വെള്ളം പാഴാക്കുന്നത് ഫ്ലഷ് ടാങ്കിലൂടെയാണ്. നൂറ് മില്ലി മൂത്രമൊഴിച്ചാൽ, അഞ്ച് ലിറ്റർ കുടിവെള്ളമാണ് അത് ഫ്ലഷ് ചെയ്യാൻ കളയുന്നത്. വെള്ളത്തെ സംബന്ധിച്ച് ശരിക്കുള്ള പഠനവും പ്ലാനിങും നടത്തിയില്ലെങ്കിൽ വെെകാതെ നമ്മൾ നരകിക്കും. ’ ഈ മുന്നറിയിപ്പു നൽകിയയാൾ ഇനിയൊരു മുന്നറിയിപ്പ് തരാൻ ഇല്ലാതായിരിക്കുന്നു. കേരളത്തിലെ പരിസ്ഥിതി പ്രശ്നങ്ങൾക്ക് ഒരു ജനകീയ മുഖം നല്കിയ വ്യക്തിത്വമാണ് എംകെപി എന്നറിയപ്പെട്ട പ്രൊഫ. എം കെ പ്രസാദ്. ഐക്യരാഷ്ട്ര സഭയുടെ നിരവധി പാരിസ്ഥിതിക പഠനങ്ങളിൽ പങ്കാളിയായിരുന്നു. പൊള്ളയായ വാക്കുകൾക്കല്ല ഉറപ്പുള്ള വിശ്വാസത്തിനാണ് പ്രാധാന്യം നല്കിയത്. തന്റെ സൂക്ഷ്മമായ നിരീക്ഷണങ്ങൾ ജനങ്ങളുടെ ഭാഷയിൽ നർമ്മത്തിൽ പൊതിഞ്ഞ് അവതരിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. പാരിസ്ഥിതിക പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന ഫീൽഡുകളിൽപോയി അദ്ദേഹം സാഹചര്യം മനസിലാക്കി. ചാലിയാർ വിഷയത്തിലടക്കം ഈ നിലപാട് അദ്ദേഹം കാത്തുസൂക്ഷിച്ചു. നല്ലൊരു നേതാവ് എന്നതിലുപരി നല്ലൊരു പ്രഭാഷകനും അധ്യാപകനുമായിരുന്നു. വിഷയങ്ങളെ ശാസ്ത്രീയമായി സമീപിച്ച അദ്ദേഹം വസ്തുതകളെ അടിസ്ഥാനമാക്കി അപഗ്രഥിച്ചാണ് റിപ്പോർട്ടുകൾ തയാറാക്കിയത്. നിലവിൽ എം എസ് സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷനിലെ പ്രോഗ്രാം അഡ്വൈസറി കമ്മിറ്റി ചെയർപേഴ്സനായിരുന്നു. സെന്റർ ഓഫ് എൻവയൺമെന്റ് എഡ്യൂക്കേഷൻ, സംസ്ഥാന ജെെവ വെെവിധ്യ ബോർഡ് എന്നിവയിൽ അംഗവും കുടുംബശ്രീ ഉല്പന്നങ്ങൾ വിപണിയിലെത്തിക്കുന്ന മാരാരി മാർക്കറ്റിങ് ലിമിറ്റഡിന്റെ ചെയർമാനുമാണ്. സൈലന്റ്‍വാലി സംരക്ഷണ പ്രവർത്തനങ്ങളുടെ മുൻനിരയിൽ പ്രവർത്തിച്ചാണ് പരിസ്ഥിതി മേഖലയിൽ സജീവമായത്. മലിനീകരണത്തിനെതിരെയും പരിസ്ഥിതി സംരക്ഷണ ലക്ഷ്യത്തോടെയും സംസ്ഥാനത്ത് ഉയർന്നുവന്ന എണ്ണമറ്റ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയ എം കെ പ്രസാദ് പരിസ്ഥിതിയുമായി ബന്ധപ്പെട്ട പഠനാർഹമായ നിരവധി ലേഖനങ്ങളും ജനകീയ ശാസ്ത്രാവബോധവും ഇടപെടലും വർധിപ്പിക്കാനുതകുന്ന പുസ്തകങ്ങളും രചിച്ചു. ഇന്ത്യയിൽ പൊതുജനങ്ങൾക്ക് പരിസ്ഥിതി വിദ്യാഭ്യാസം കിട്ടിയതിന്റെ തുടക്കം സൈലന്റ് വാലി വിവാദത്തില്‍ നിന്നാണ് എന്നാണ് പൊതുവേ പറയപ്പെടുന്നത്. ചിപ്കോ പോലുള്ള ചെറുത്തുനില്പുകൾ ഉത്തരേന്ത്യയിൽ ഉണ്ടായിരുന്നുവെങ്കിലും, അതിന്റെ പോലും ശരിയായ സന്ദേശം ജനങ്ങളിൽ എത്തുന്നത് സൈലന്റ്‍വാലി പ്രശ്നവുമായി ബന്ധപ്പെട്ട ബോധവല്ക്കരണത്തിലൂടെയാണ്. സൈലന്റ്‍വാലിയുടെ ചെറുത്തുനില്പിന് വേണ്ടി ആദ്യാവസാനം നിലകൊണ്ട, ഒരർത്ഥത്തിൽ ആ ചെറുത്തുനില്പുകൾക്ക് തുടക്കമിട്ടവരിൽ പ്രധാനിയാണ് പ്രൊഫ. എം കെ പ്രസാദ്. ശാസ്ത്രസാഹിത്യ പരിഷത്ത് മുൻ പ്രസിഡന്റായ അദ്ദേഹം യുണൈറ്റഡ് നേഷൻസ് പരിസ്ഥിതി പ്രോഗ്രാമിന്റെ മില്ലേനിയം ഇക്കോസിസ്റ്റം അസസ്‍മെന്റ് ബോർഡംഗമായിരുന്നു. ബോംബെ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റി, ഡൽഹിയിലെ സെന്റർ ഫോർ സയൻസ് ആന്റ് എൻവയൺമെന്റ്, അഹമ്മദാബാദിലെ വാട്ടർ കോൺഫ്ലക്ട് ഫോറം തുടങ്ങി ഒട്ടേറെ സംഘടനകളിലും ഫോറങ്ങളിലും അംഗമായി അവസാനനിമിഷം വരെ പ്രവർത്തിച്ചു. ചാലിയാർ, കല്ലട, വെള്ളൂർ ന്യൂസ്‌പ്രിന്റ് എന്നീ മൂന്നു പ്രധാന പരിസ്ഥിതി സമരങ്ങൾക്ക് മുന്നിലും എംകെപി ഉണ്ടായിരുന്നു. 1970 കൾ വരെ സൈലന്റ് വാലി എന്നൊരു പ്രദേശമുണ്ടെന്ന് കേരളത്തിൽ പോലും അധികമാർക്കും അറിയില്ലായിരുന്നു. സംരക്ഷിക്കപ്പെടേണ്ട ഒരു സ്ഥലമാണ് സൈലന്റ് വാലിയെന്ന് ആളുകൾ മനസിലാക്കി തുടങ്ങുന്നത്, വേൾഡ് വൈഡ് ലൈഫ് ഫണ്ടിന്റെ ട്രസ്റ്റികളിലൊരാളും പരിസ്ഥിതി ശാസ്ത്രജ്ഞനുമായ സഫർ ഫത്തേഹല്ലിയോട്, പശ്ചിമഘട്ടത്തിൽ സംരക്ഷിക്കപ്പെടേണ്ട സ്ഥലങ്ങൾ ഏതെങ്കിലുമുണ്ടെങ്കിൽ അത് കണ്ടെത്തി റിപ്പോർട്ട് നൽകാൻ നാഷണൽ കമ്മറ്റി ഫോർ എൻവയൺമെന്റ് പ്ലാനിങ് ആന്റ് കൺസർവെഷൻ 1976 ൽ ആവശ്യപ്പെടുന്നതോടെയാണ്. ഫത്തേഹല്ലിയും സംഘവും കർണാടകത്തിലെ കുദ്രമുഖിൽ നിന്ന് തെക്കോട്ടു വന്നാണ് സൈലന്റ്‍വാലിയിലെത്തിയത്.
സംരക്ഷിക്കപ്പെടേണ്ട പ്രദേശമാണ് അതെന്ന് മനസിലാക്കിയ ഫത്തേഹല്ലിയും സംഘവും വെെദ്യുത പദ്ധതി വന്നാൽ സൈലന്റ്‌വാലിയിലെ വനം സംരക്ഷിക്കാൻ മുൻകരുതലുകൾ എന്തൊക്കെ എന്നു കാണിച്ച് റിപ്പോർട്ട് കേന്ദ്രത്തിന് സമർപ്പിച്ചു. അന്ന് വേൾഡ് വൈൽഡ് ലൈഫ് ഫണ്ടിന്റെ സതേൺ കമ്മറ്റിയിൽ അംഗമായിരുന്ന എംകെപിയുടെ പക്കൽ റിപ്പോർട്ടിന്റെ ഒരു കോപ്പി എത്തി. അതിൽ നിന്നാണ് സൈലന്റ്‍വാലിയെപ്പറ്റി താൻ ആദ്യമായി അറിയുന്നതെന്ന് എംകെപി പറഞ്ഞിട്ടുണ്ട്. ഇത്ര വിലപ്പെട്ട വനപ്രദേശമാണ് സൈലന്റ്‍വാലിയെങ്കിൽ അതൊന്ന് കാണണമല്ലോ എന്ന് കരുതി അന്ന് കാലിക്കറ്റ് ആർട്സ് ആന്റ് സയൻസ് കോളജിൽ ബോട്ടണി അധ്യാപകനായിരുന്ന എംകെപിയും സുവോളജി വകുപ്പിലെ രാമകൃഷ്ണൻ പാലാട്ടും ചേർന്ന് സൈലന്റ്‍വാലി സന്ദർശിക്കാൻ തിരിച്ചു. മണ്ണാർക്കാട് മൂപ്പിൽ നായരുടെ കുടുംബത്തിൽപെട്ട ശ്രീകുമാർ സഹായിയായി. രാമകൃഷ്ണൻ പാലാട്ടിന്റെ ക്ലാസ്‍മേറ്റായിരുന്ന ശങ്കരൻ എന്നയാൾ മണ്ണാർക്കാട് വനംവകുപ്പ് ഓഫീസിലുണ്ടായിരുന്നു. അദ്ദേഹവും കൂടിയായിരുന്നു ആദ്യ സെെലന്റ്‍വാലി യാത്ര. തിരിച്ചെത്തിയ ശേഷം ആ പ്രദേശത്തിന്റെ ചരിത്രം, ഭൂമിശാസ്ത്രം തുടങ്ങി കിട്ടാവുന്ന വിവരങ്ങൾ സംഘടിപ്പിച്ച് ശാസ്ത്രസാഹിത്യ പരിഷത്തിന്റെ മുഖപത്രമായ ‘ശാസ്ത്രഗതി’ മാസികയിൽ ‘സൈലന്റ്‌വാലി-ഒരു ഇക്കോളജിയ സമീപനം’ എന്ന ലേഖനമെഴുതി. സൈലന്റ് വാലിയിൽ ജലവൈദ്യുത പദ്ധതി വന്നാലുണ്ടാകുന്ന പാരിസ്ഥിതിക പ്രത്യാഘാതങ്ങളെക്കുറിച്ച് മലയാളത്തിൽ ആദ്യം പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനമായിരുന്നു അത്. ലേഖനത്തിൽ പറയുന്ന കാര്യങ്ങൾ ശരിയല്ലെന്ന് വാദിച്ച് ഒരു ഇലക്ട്രിസിറ്റി എൻജിനീയർ ശാസ്ത്രഗതിയുടെ അടുത്ത ലക്കത്തിൽ മറുപടിയെഴുതി. അതിനടുത്ത ലക്കത്തിൽ എംകെപിയുടെ മറുപടി. അങ്ങനെ ചെറിയ തോതിൽ സെെലന്റ്‍വാലി ആ പ്രശ്നം ചർച്ചയായി മാറി. ജോൺസി ജേക്കബിന്റെ നേതൃത്വത്തിൽ പയ്യന്നൂർ കോളജിൽ സുവോളജി ക്ലബ്ബ് ഏഴിമല ഭാഗത്തു നടന്ന ആദ്യക്യാമ്പിൽ ക്ലാസെടുക്കാൻ ഇന്ദുചൂഡൻ, ഡി എം മാത്യു എന്നിവർക്കൊപ്പം എംകെപിയെയും ക്ഷണിച്ചു. സൈലന്റ് വാലിയിൽ അണക്കെട്ട് വരുന്നതിനെക്കുറിച്ചായിരുന്നു ആ ക്യാമ്പിൽ സംസാരിച്ചത്. അതൊരു ചർച്ചയായി. സൈലന്റ് വാലി സംരക്ഷിക്കാനായി ഒരു പബ്ലിക്ക് ക്യാമ്പയിൽ ആദ്യമായി നടക്കുന്നത് ജോൺസി ജേക്കബിന്റെ നേതൃത്വത്തിലാണ്. കണ്ണൂർ കളക്ടറേറ്റിന് മുന്നിൽ കുട്ടികളുടെ ധർണ ഉൾപ്പടെയുള്ളവ അവർ സംഘടിപ്പിച്ചു. പരിഷത്തിൽ സൈലന്റ്‍വാലിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ആദ്യം ചർച്ച ചെയ്യുന്നത് ഡോ. എം പി പരമേശ്വരനും എംകെപിയും ചേർന്നാണ്. ‘എംകെപി പറയുന്നത് പ്രശ്നത്തിന്റെ ജീവശാസ്ത്രപരവും പാരിസ്ഥിതികവുമായ വശങ്ങളാണ്. പക്ഷേ, ഇതൊരു സാമൂഹികപ്രശ്നമായി മാറുകയും കൂടുതൽ ആളുകൾക്ക് ഇതിൽ താത്പര്യമുണ്ടാവുകയും ചെയ്യണമെങ്കിൽ സൈലന്റ്‌വാലിക്ക് വേറൊരു മാനം നൽകണം, സോഷ്യോ-ഇക്കണോമിക് മാനം’ എന്ന് എം പി പരമേശ്വരൻ പറഞ്ഞു. ഈ പദ്ധതി വന്നില്ലെങ്കിൽ മലബാർ മേഖലയിൽ വൈദ്യുതിയുണ്ടാകില്ല എന്നാണ് ജനങ്ങളുടെ ചിന്താഗതി. വൈദ്യുതിയില്ലെങ്കിൽ വികസനവും വരില്ല. സ്വാഭാവികമായും ആ വാദമാണ് സാധാരണജനങ്ങളെ കൂടുതൽ സ്വാധീനിക്കുക എന്നതുകൊണ്ട് പ്രശ്നത്തിന്റെ മറ്റ് വശങ്ങളെക്കുറിച്ച് ചർച്ചയും പഠനവും നടത്തി. ആ സമയത്ത് മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ പത്രാധിപരായിരുന്ന എൻ വി കൃഷ്ണവാര്യർ സൈലന്റ്‍വാലി പ്രശ്നത്തെക്കുറിച്ച് വിശദമായ ഒരു ലേഖനം നല്കാൻ എംകെപിയോട് ആവശ്യപ്പെട്ടു. ‘സൈലന്റ് വാലിയെ സംരക്ഷിക്കുക’ എന്ന പേരിൽ 1979 ജൂൺ മൂന്നിന്റെ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ലേഖനം പ്രസിദ്ധീകരിക്കപ്പെട്ടു. ആ ലേഖനം വന്നതോടുകൂടിയാണ് സാഹിത്യരംഗത്തുള്ളവർ സൈലന്റ്‌വാലി പ്രശ്നത്തിലേക്ക് ആകർഷിക്കപ്പെടുന്നത്. കവികളായ സുഗതകുമാരി, അയ്യപ്പപ്പണിക്കർ, ഒഎൻവി, വിഷ്ണുനാരായണൻ നമ്പൂതിരി, സിപിഐ നേതാവും പരിസ്ഥിതി പ്രവർത്തകനും എഴുത്തുകാരനുമായ കെ വി സുരേന്ദ്രനാഥ് തുടങ്ങിയ വലിയൊരു നിര സൈലന്റ്‍വാലി സംരക്ഷിക്കണം എന്നാവശ്യപ്പെട്ട് രംഗത്തെത്തി. എം കെ പ്രസാദിന്റെ ലേഖനമാണ് തന്നെ സെെലന്റ്‍വാലിയിലെത്തിച്ചതെന്ന് സുഗതകുമാരി പല തവണ ആവര്‍ത്തിച്ചിട്ടുണ്ട്. സൈലന്റ്‍വാലി വിഷയത്തെ സമരമെന്ന് വിളിക്കരുത് എന്നാണ് അദ്ദേഹം പറയുക. സൈലന്റ്‌വാലി സംരക്ഷിക്കുന്നതിനായി വെെദ്യുത പദ്ധതിയെ എതിർത്തു കൊണ്ടുള്ള ആസൂത്രിതമായ സമരമോ പ്രക്ഷോഭമോ ഒന്നും നടന്നിട്ടില്ല, ചെറുത്തുനില്പ് എന്ന് വേണമെങ്കിൽ അതിനെ വിശേഷിപ്പിക്കാം. എന്നാണ് അദ്ദേഹത്തിന്റെ മതം. അറിവിനെ ആയുധമാക്കുകയും അങ്ങനെ ജനകീയ സമരങ്ങൾക്ക് മൂർച്ചകൂട്ടുകയും ചെയ്ത പ്രൊഫ. എം കെ പ്രസാദിനെ പോലുള്ളവരെ രാമചന്ദ്ര ഗുഹ പാരിസ്ഥിതിക മാർക്സിസ്റ്റുകൾ എന്നാണ് വിശേഷിപ്പിച്ചത്. നമുക്കിനിയും ഉണ്ടാകേണ്ടതും എംകെപിയെ പോലുള്ള പാരിസ്ഥിതിക മാര്‍ക്സിസ്റ്റുകളാണ്, സൂക്ഷ്മമായ നിരീക്ഷണങ്ങളിലൂടെ പദ്ധതികളുടെ പാരിസ്ഥിതിക പ്രശ്നം ഉയര്‍ത്തുന്നതോടൊപ്പം ബദല്‍ നിര്‍ദേശിക്കാനും കഴിയുന്നവര്‍.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.