22 November 2024, Friday
KSFE Galaxy Chits Banner 2

ചരിത്രം കുറിച്ച ഒറ്റയാള്‍ പോരാട്ടം

ബൈജു ചന്ദ്രന്‍
കാലം സാക്ഷി
January 25, 2022 5:18 am

‘ഇവിടെ നിര്‍ദേശിക്കപ്പെട്ടിട്ടുള്ള മൗലികാവകാശങ്ങളില്‍ പലതും രൂപപ്പെടുത്തിയിരിക്കുന്നത് ഒരു പൊലീസ് കോണ്‍സ്റ്റബിളിന്റെ കണ്ണിലൂടെയാണ്. വളരെ ബുദ്ധിമുട്ടി, മനസില്ലാ മനസോടെ നമുക്ക് നല്‍കിയിരിക്കുന്ന പരിമിതമായ ഈ അവകാശങ്ങ­ള്‍ പോലും ചില വ്യവസ്ഥകള്‍ക്ക് വിധേയമായിട്ടാണ് അനുവദിക്കപ്പെട്ടിരിക്കുന്നത്. ഗുരുതരമായ ചില അടിയന്തരഘട്ടങ്ങളില്‍ ഈ അവകാശങ്ങള്‍ പൂര്‍ണമായും എടുത്തുകളയു­ന്നതാണെന്ന്, അവയുടെ അനുബന്ധമായി ചേ­ര്‍ത്തിട്ടുള്ള വ്യവസ്ഥകള്‍ സൂചിപ്പിക്കുന്നുണ്ട്. എന്താണ് ഈ ഗുരുതരമായ അടിയന്തരഘട്ടമെന്ന് ദൈവത്തിനു മാത്രമേ അറിയൂ. സ്വാഭാവികമായും ഭരിക്കുന്ന പാര്‍ട്ടിക്കോ ഗവണ്മെന്റിനോ ഇഷ്ടമില്ലാത്ത എന്തെങ്കിലും സംഭവിച്ചാല്‍, അപ്പോഴൊരു ‘ഗുരുതരമായ അടിയന്തര ഘട്ട’മായി പ്രഖ്യാപിച്ചുകൊണ്ട്, ഈ ചെറിയ അവകാശങ്ങള്‍ പോലും എടുത്തുകളയാന്‍ ശ്രമിക്കും എന്ന് തീര്‍ച്ചയാണ്’.
സ്വാതന്ത്ര്യത്തിന്റെ പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുന്ന ഇന്ത്യയിലെ സാധാരണ പൗരനുവേണ്ടി അന്ന് ഭരണഘടനയില്‍ എഴുതിവയ്ക്കാനുദ്ദേശിച്ച മൗലികാവകാശങ്ങളെക്കുറിച്ച്, ഉയര്‍ന്ന ജനാധിപത്യ മൂല്യബോധത്തോടും അതിശയകരമായ ദൂരക്കാഴ്ചയോടും കൂടി, ഉറക്കെ വിളിച്ചുപറഞ്ഞത് ഒരു കമ്മ്യൂണിസ്റ്റുകാരനാണ്. കോണ്‍ഗ്രസിന്റെയും മുസ്ലിം ലീഗിന്റെയും ഹിന്ദു മഹാസഭയുടെയും നേതാക്കള്‍, നാട്ടുരാജ്യങ്ങളില്‍ നിന്നുള്ള പൗരപ്രമുഖര്‍ തുടങ്ങിയവരൊക്കെ നിറഞ്ഞുതിങ്ങിയ ഭരണഘടനാനിര്‍മ്മാണ സഭയില്‍ അയാള്‍ ഏകനായിരുന്നു. ഒരേയൊരു കമ്മ്യൂണിസ്റ്റ്. സാമ്രാജ്യത്വ ഭരണകൂടത്തിന്റെ കാലടികള്‍ അതേപടി പിന്തുടര്‍ന്നുകൊണ്ട്, സ്വതന്ത്ര ഇന്ത്യയിലെ പൗരവകാശത്തിന് പുതിയ വിലങ്ങുതടികള്‍ സൃഷ്ടിക്കാന്‍ ഒരുമ്പെട്ട പുത്തന്‍ ഭരണവര്‍ഗത്തിന് നേര്‍ക്കാണ്, അയാള്‍ ആഞ്ഞടിച്ചത്. സോമനാഥ് ലാഹിരി എന്നായിരുന്നു ആ കമ്മ്യൂണിസ്റ്റു വിപ്ലവകാരിയുടെ പേര്.


ഇതുകൂടി വായിക്കൂ: കമ്മ്യൂണിസ്റ്റ് കർമ്മയോഗി


സ്വാതന്ത്ര്യലബ്ധിക്കു തൊട്ടുമുമ്പ്, ഇന്ത്യയുടെ കോണ്‍സ്റ്റിറ്റുവന്റ് അസംബ്ലിയില്‍ അംഗമായി ചരിത്രത്തില്‍ ഇടം നേടി സോമനാഥ് ലാഹിരി.
കരുത്തനായ ഒരു തൊഴിലാളി നേതാവ്, പരിണതപ്രജ്ഞനായ ഒരു പാര്‍ലമെന്റേറിയനും ഭരണാധികാരിയും, ജനങ്ങളുടെ നാഡിമിടിപ്പ് തൊട്ടറിഞ്ഞ സംഘാടകന്‍, സര്‍ഗാത്മക സാഹിത്യരംഗത്ത് പ്രാഗത്ഭ്യം തെളിയിച്ച എഴുത്തുകാരന്‍, സൂക്ഷ്മനിരീക്ഷണവും വിശകലന സാമര്‍ത്ഥ്യവും പ്രകടമാക്കിയ മാധ്യമപ്രവര്‍ത്തകന്‍. അക്ഷരാര്‍ത്ഥത്തില്‍ തന്നെ ബഹുമുഖ പ്രതിഭയായിരുന്നു സോമനാഥ് ലാഹിരി. ബംഗാളിന്റെ നവോത്ഥാന പുരുഷന്മാരില്‍ ഒരാളായ ഈശ്വരചന്ദ്ര വിദ്യാസാഗറിന്റെ സമകാലീനനായിരുന്ന രാംതനു ലാഹിരിയുടെ കുടുംബത്തില്‍ 1909ല്‍ സോമനാഥ് ലാഹിരി ജനിച്ചു. പന്ത്രണ്ടാം വയസില്‍ ബംഗാളിനെ പ്രകമ്പനം കൊള്ളിച്ച നിസഹകരണ പ്രസ്ഥാനവും ഖിലാഫത്ത് പ്രസ്ഥാനവും ആ ബാലനെ വളരെയധികം സ്വാധീനിച്ചു. തേയില, ചണം, റയില്‍വേ, ടെക്‌സ്‌റ്റൈല്‍ തുടങ്ങിയ തൊഴില്‍ മേഖലകളില്‍ കമ്മ്യൂണിസ്റ്റുകാര്‍ വലിയ പ്രക്ഷോഭങ്ങള്‍ നയിക്കുന്നത്, ‘പൂര്‍ണ സ്വാതന്ത്ര്യം‘എന്ന മുദ്രാവാക്യം മുഴക്കി, അഖിലേന്ത്യാ കോണ്‍ഗ്രസ് സമ്മേളനം നടക്കുന്ന കല്‍ക്കത്തയിലെ പാര്‍ക്ക് സര്‍ക്കസ് മൈതാനത്തേക്ക് അരലക്ഷം പേര്‍ പങ്കെടുക്കുന്ന പ്രകടനം തള്ളിക്കയറുന്നത്… ഇതിനെല്ലാം യുവാവായ സോമനാഥ് സാക്ഷിയായിരുന്നു
സ്വാമി വിവേകാനന്ദന്റെ സഹോദരനും അരബിന്ദോ ഘോഷിന്റെ സഹപ്രവര്‍ത്തകനും വിപ്ലവകാരിയുമായിരുന്ന ഡോ. ഭൂപേന്ദ്രനാഥ് ദത്തയുമായുള്ള അടുപ്പമാണ് സോമനാഥ് ലാഹിരിയെ കമ്മ്യൂണിസത്തിന്റെയും വിപ്ലവത്തിന്റെയും പാതയിലേക്ക് നയിച്ചത്. എംഗല്‍സിനെയും ലെനിനെയും ആഴത്തില്‍ വായിക്കാനും പഠിക്കാനുമുള്ള അവസരം ലഭിച്ചതോടെ ലാഹിരി ഒരുറച്ച കമ്മ്യൂണിസ്റ്റുകാരനായി മാറി. കേന്ദ്ര അസംബ്ലിയില്‍ ഭഗത് സിങ് ബോംബെറിയുന്നതും തുടര്‍ന്ന് തൂക്കിലേറ്റപ്പെടുന്നതുമായ സംഭവങ്ങള്‍ അരങ്ങേറുന്നത് ആ നാളുകളിലാണ്. സുഹൃത്തായ അബ്ദുല്‍ മോമിനോടൊപ്പം സോമനാഥ് കറാച്ചിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോയി. ഭഗത് സിങ്, സുഖ് ദേവ്, രാജ് ഗുരു എന്നിവരെ തൂക്കിക്കൊന്നതില്‍ പ്രതിഷേധിച്ച് അവിടെ നടന്ന റാലിയില്‍ അവര്‍ ഇരുവരും പങ്കുചേര്‍ന്നു.


ഇതുകൂടി വായിക്കൂ: മതാതീത സംസ്കാരം


1933ല്‍, കല്‍ക്കട്ട കമ്മിറ്റിക്കു വേണ്ടി ലാഹിരി തയ്യാറാക്കിയ ‘ഇന്ത്യന്‍ വിപ്ലവവും നമ്മുടെ കടമകളും’ എന്ന ലഘുലേഖ ബ്രിട്ടീഷ് ഗവണ്മെന്റിന്റെ ശ്രദ്ധയില്‍പ്പെട്ടു. വൈകാതെ തന്നെ പാര്‍ട്ടി നിരോധിക്കപ്പെട്ടു. പാര്‍ട്ടിയെ സംഘടിപ്പിക്കാനും വിപ്ലവപ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാനുമായി ഒളിവിലും തെളിവിലുമായി രാപകല്‍ പ്രവര്‍ത്തിച്ച ലാഹിരി 1938 കാലത്ത് കുറച്ചു നാളുകള്‍ പാര്‍ട്ടി കേന്ദ്രനേതൃത്വത്തില്‍ സെക്രട്ടറിയുടെ ചുമതലയും വഹിച്ചിരുന്നു.
രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ഇന്ത്യക്ക് സ്വാതന്ത്ര്യം കൈമാറുന്നതിന്റെ ഭാഗമായി, പുതിയൊരു ഭരണഘടനയുണ്ടാക്കുന്നതിനെക്കുറിച്ചു ചര്‍ച്ച ചെയ്യുന്നതിനായി വൈസ്രോയ് ഒരു കോണ്‍സ്റ്റിറ്റുവന്റ് അസംബ്ലി രൂപീകരിച്ചു. 1945/46ലെ തെരഞ്ഞെടുപ്പില്‍ വിജയിച്ച, വിവിധ പ്രവിശ്യകളിലെ നിയമസഭാംഗങ്ങളുടെ ഇടയില്‍ നിന്നും നാട്ടുരാജ്യങ്ങളില്‍ നിന്നുമുള്ള പ്രതിനിധികളാണ് കോണ്‍സ്റ്റിറ്റുവന്റ് അസംബ്ലിയില്‍ അംഗങ്ങളായത്.
നിരോധനം നീങ്ങിയ ശേഷം ആദ്യമായി തെരഞ്ഞെടുപ്പില്‍ മത്സരിച്ച കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വിവിധ നിയമസഭകളിലായി ആകെ എട്ട് സീറ്റുകള്‍ നേടിയിരുന്നു. പാര്‍ട്ടിക്കു നിര്‍ണായക സ്വാധീനമുണ്ടായിരുന്ന ബംഗാള്‍ നിയമസഭയില്‍ നിന്ന് ഒരാളെ കോണ്‍സ്റ്റിറ്റുവന്റ് അസംബ്ലിയിലേക്ക് അയക്കാന്‍ സാധിച്ചത് ചരിത്രനേട്ടമായി. 1946 ഡിസംബര്‍ മാസത്തില്‍ ഡല്‍ഹിയില്‍ കോണ്‍സ്റ്റിറ്റുവന്റ് അസംബ്ലി സമ്മേളിച്ചപ്പോള്‍ ഒരു കമ്മ്യൂണിസ്റ്റുകാരന്‍ അവിടെയൊരു സീറ്റില്‍ സ്ഥാനം പിടിക്കുന്നതിന് ചരിത്രം സാക്ഷിയാകുകയായിരുന്നു.
ഭരണഘടന നിര്‍മ്മിക്കുന്ന ചരിത്ര ദൗത്യത്തിന്റെ ഭാഗമാകുമ്പോഴും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആശയങ്ങളും പരിപാടികളും പുറംലോകത്തെ അറിയിക്കാനുള്ള വേദിയായി അസംബ്ലിയെ ഉപയോഗപ്പെടുത്താനാണ് സോമനാഥ് ലാഹിരി പരമാവധി ശ്രമിച്ചത്. ബഹുജന പ്രക്ഷോഭത്തിലൂടെയല്ലാതെ ചര്‍ച്ചകളിലൂടെയും ഒത്തുതീര്‍പ്പ് സംഭാഷണങ്ങളിലൂടെയും സ്വാതന്ത്ര്യം നേടിയെടുക്കാമെന്ന ‘മിഥ്യാ ധാരണ’യ്‌ക്കെതിരെ ആഞ്ഞടിച്ചുകൊണ്ടാണ് ലാഹിരി തന്റെ കന്നിപ്രസംഗം ആരംഭിച്ചതു തന്നെ. ‘വിപ്ലവത്തിന്റെ മാര്‍ഗത്തിലൂടെ അധികാരം പിടിച്ചെടുത്തുകൊണ്ടു മാത്രമേ ഇന്ത്യക്ക് സ്വാതന്ത്ര്യം നേടാന്‍ കഴിയൂ’ എന്ന് അദ്ദേഹം തുറന്നടിച്ചു. ബൂര്‍ഷ്വാ അസംബ്ലി ഉടന്‍തന്നെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട ലാഹിരി, എത്രയും പെട്ടെന്ന് ഇന്ത്യയുടെ സ്വാതന്ത്ര്യം പ്രഖ്യാപിച്ചുകൊണ്ട് കോണ്‍ഗ്രസിന്റെയും മുസ്ലിം ലീഗിന്റെയും പ്രതിനിധികള്‍ അടങ്ങുന്ന ഇടക്കാല ഗവണ്മെന്റിന് രാജ്യത്തിന്റെ പരമാധികാരം കൈമാറാനുള്ള നടപടി സ്വീകരിക്കണമെന്നും പറഞ്ഞു. ഒരര്‍ത്ഥത്തില്‍, നിലവിലുള്ള കോണ്‍സ്റ്റിറ്റുവന്റ് അസംബ്ലിക്കെതിരെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അവതരിപ്പിച്ച അവിശ്വാസപ്രമേയം തന്നെയായിരുന്നു അത്.


ഇതുകൂടി വായിക്കൂ:ചരിത്രത്തിന്റെ നേർക്കുള്ള കയ്യേറ്റങ്ങൾ


മുസ്ലിം മതവിഭാഗങ്ങള്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍, ദേശീയത, സംസ്ഥാനങ്ങളുടെ സ്വയം നിര്‍ണയാവകാശം തുടങ്ങി ഇന്ത്യയുടെ ഭാവിയെ സംബന്ധിച്ചുള്ള നിര്‍ണായക പ്രശ്‌നങ്ങളെക്കുറിച്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് പറയാനുള്ളതൊക്കെ ലാഹിരി തന്റെ ഉജ്ജ്വലമായ വാക്കുകളിലൂടെ ചരിത്രത്തില്‍ രേഖപ്പെടുത്തി. കത്തിടപാടുകളിലെ സ്വകാര്യതയ്ക്കുള്ള അവകാശം മൗലികാവകാശമായി പ്രഖ്യാപിക്കാനുള്ള ഒരു നിര്‍ദേശം ലാഹിരി മുന്നോട്ടുവച്ചു.
1947 ഏപ്രിലില്‍ നടത്തിയ വിഖ്യാതമായ പ്രസംഗത്തില്‍, പത്രസ്വാതന്ത്ര്യം ഉള്‍പ്പെടെയുള്ള പൗരവകാശങ്ങള്‍ക്ക് പരിമിതി നിശ്ചയിക്കാനുള്ള കോണ്‍ഗ്രസിന്റെ ശ്രമം ജനങ്ങളുടെ നേര്‍ക്കുള്ള കൊഞ്ഞനം കാട്ടലാണെന്ന് ലാഹിരി ആക്ഷേപിച്ചു. ‘മൗലികാവകാശങ്ങള്‍ ഇത്തരത്തിലാണ് നിര്‍വചിക്കപ്പെടുന്നതെങ്കില്‍, ലോകത്തെ എല്ലാ ജനാധിപത്യ രാഷ്ട്രങ്ങള്‍ക്കും മുന്നില്‍ നാം പരിഹാസപാത്രമായിത്തീരും’ അദ്ദേഹം മുന്നറിയിപ്പ് നല്‍കി. അധികം വൈകാതെ പൊലീസ്, സോമനാഥ് ലാഹിരിയുടെ കല്‍ക്കട്ടയിലെ വസതി റെയ്ഡ് ചെയ്ത് ചില രേഖകള്‍ പിടിച്ചെടുത്തു.
ഇടക്കാല ഗവണ്മെന്റിലെ ആഭ്യന്തര മന്ത്രിയായിരുന്ന സര്‍ദാര്‍ പട്ടേലിന്റെ ഉത്തരവ് അനുസരിച്ച്, 1947 ജനുവരി 14 ന് ഇന്ത്യയെമ്പാടുമുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫീസുകള്‍ റെയ്ഡ് ചെയ്ത് രേഖകള്‍ പിടിച്ചെടുത്തിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് ലാഹിരിയുടെ വീടും റെയ്ഡ് ചെയ്തത്. ഇതോടനുബന്ധിച്ച്, മുപ്പത്തിയാറ് കമ്മ്യൂണിസ്റ്റ് നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്‌തെങ്കിലും ലാഹിരി അറസ്റ്റില്‍ നിന്ന് രക്ഷപ്പെട്ടു.
1948 ല്‍ ബി ടി രണദിവെ സെക്രട്ടറിയായിരിക്കെ പോളിറ്റ് ബ്യൂറോ അംഗമായിരുന്ന ലാഹിരിയുടെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും ഒളിവിലായി. കമ്മ്യൂണിസ്റ്റ്പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ നിരോധിക്കപ്പെടുകയും സഖാക്കള്‍ വ്യാപകമായി അറസ്റ്റ് ചെയ്ത് തടവറയ്ക്കുള്ളിലാവുകയും ചെയ്ത നാളുകളായിരുന്നു പിന്നീട്.
പാര്‍ട്ടി മുഖപത്രമായ ‘സ്വാധീനത’യുടെ തുടക്കം മുതല്‍ക്കുള്ള പത്രാധിപര്‍ എന്ന നിലയില്‍ സോമനാഥ് ലാഹിരിക്ക് ബംഗാളിന്റെ രാഷ്ട്രീയ സാംസ്‌കാരിക രംഗങ്ങളില്‍ നിര്‍ണായക സ്ഥാനമാണുണ്ടായിരുന്നത്. 1957 മുതല്‍ 77 വരെ ബംഗാള്‍ നിയമസഭയില്‍ സോമനാഥ് ലാഹിരി അംഗമായിരുന്നു.


ഇതുകൂടി വായിക്കൂ: കമ്മ്യൂണിസത്തിന് പാതയൊരുക്കിയ ലേബേഴ്സ് ബ്രദർഹുഡ്


1967 ല്‍ അജോയ് മുഖര്‍ജി നയിച്ച ഐക്യമുന്നണി സര്‍ക്കാരില്‍ സാംസ്‌കാരിക — ഇന്‍ഫര്‍മേഷന്‍ വകുപ്പുകളുടെ മന്ത്രിയായിരുന്ന ലാഹിരി, 1969–70 കാലഘട്ടത്തില്‍ തദ്ദേശസ്വയംഭരണം, പൊതുമരാമത്ത് വകുപ്പുകളുടെ ചുമതലയും വഹിച്ചു. ഒരു രൂപയുടെ ബാങ്ക് ബാലന്‍സോ, ഒരു തുണ്ട് ഭൂമിയോ, ഒരു വീടോ സ്വന്തമായി ഇല്ലാതിരുന്ന ലാഹിരിക്ക് സോനാലി എന്ന ഒരു മകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. 1984 ലാണ് സോമനാഥ് ലാഹിരി വിടപറയുന്നത്.
മോഡിയുടെയും യോഗിയുടെയും ഇന്ത്യയില്‍ നാള്‍ക്കു നാള്‍ പ്രസക്തിയേറി വരുന്ന, ചരിത്രം ചുവന്ന അക്ഷരങ്ങളില്‍ എഴുതിവച്ച ആ പ്രവചനാത്മകമായ വാക്കുകള്‍ ഒരിക്കല്‍ കൂടി…
‘രാജ്യദ്രോഹപരമായ ഒരു പ്രസംഗം ശിക്ഷാര്‍ഹമായ കുറ്റകൃത്യമാണെന്നാണ് (ആഭ്യന്തര മന്ത്രി) സര്‍ദാര്‍പട്ടേല്‍ പറയുന്നത്. നാളെയൊരിക്കല്‍, അന്ന് പട്ടേല്‍ ഭരണത്തിലുണ്ടെങ്കില്‍ എപ്പോള്‍ വേണമെങ്കിലും എന്നെയോ സോഷ്യലിസ്റ്റ്പാര്‍ട്ടിയുടെ നേതാക്കളെയോ ഇക്കാര്യം ആരോപിച്ച് ജയിലിലടയ്ക്കാം… ഒരു പ്രസംഗം നടത്തുന്നതിന്റെ പേരിലാണ് സര്‍ദാര്‍പട്ടേല്‍ നമ്മെ ശിക്ഷിക്കുന്നതെങ്കില്‍, അതിന് തയ്യാറെടുക്കുന്നതിനു മുമ്പ് തന്നെ നമ്മളെ പിടിച്ച് അകത്തിടാനാണ് രാജാജി ഉദ്ദേശിക്കുന്നത്. ഒരാള്‍ രാജ്യദ്രോഹപരമായ പ്രവൃത്തി ചെയ്യാന്‍ പോകുകയാണെന്ന് മുന്‍കൂട്ടി കണ്ട് അങ്ങനെയൊരു പ്രസംഗം തന്നെ തടയാനാണ് വിവേകശാലിയായ അദ്ദേഹം ആഗ്രഹിക്കുന്നത്”.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.