അജിത് കൊളാടി

വാക്ക്

September 11, 2021, 5:53 am

ചരിത്രത്തിന്റെ നേർക്കുള്ള കയ്യേറ്റങ്ങൾ

Janayugom Online

ഇംഗ്ലീഷുകാരുടെ ഇന്ത്യാ ചരിത്ര രചനാ സംരംഭങ്ങൾക്ക് സുവ്യക്തമായ ലക്ഷ്യങ്ങൾ ഉണ്ടായിരുന്നു. ചരിത്രത്തെ തങ്ങളുടെ കാഴ്ചപ്പാടുകൾക്കും, താല്പര്യങ്ങൾക്കും പാകപ്പെടുത്തി കൈകാര്യം ചെയ്തുകൊണ്ട് ഇന്ത്യാക്കാർക്ക് സ്വന്തം രാജ്യത്തോടും രാജ്യത്തിന്റെ പിൽക്കാല ചരിത്രത്തോടും ആദരവില്ലാതാക്കണം എന്നായിരുന്നു ഇംഗ്ലീഷുകാരുടെ പദ്ധതി. ഇന്ത്യക്ക് വല്ല മേന്മയും അവകാശപ്പെടാനുണ്ടെങ്കിൽ അത് എല്ലാം തന്നെ ഇംഗ്ലീഷുകാർ വന്നതിനു ശേഷമാണെന്ന ധാരണയെ വളർത്തണം എന്ന് അവർ ലക്ഷ്യമിട്ടു. ഇന്ത്യയെ കാലാകാലം അടിമത്തത്തിൽ നിർത്താനും, തങ്ങളുടെ സാമ്പത്തിക ചൂഷണം അനുസ്യൂതം തുടരാനും അവർ കൈക്കൊണ്ട നയങ്ങളുടെ ആകത്തുകയായ “ഭിന്നിപ്പിച്ചു ഭരിക്കുക” എന്ന തത്വം പ്രാവർത്തികമാക്കാൻ വേണ്ട സാഹചര്യങ്ങൾ ഉണ്ടാകാൻ ചരിത്രവും സഹായകരമാകണമെന്ന് അവർക്ക് നിർബ്ബന്ധബുദ്ധിയുണ്ടായിരുന്നു.

ഇംഗ്ലീഷ് ചരിത്രകാരന്മാർ ഇന്ത്യാ ചരിത്രത്തെ പലയിടത്തും വളച്ചിട്ടുണ്ട് ഒടിച്ചിട്ടുണ്ട്. സിറാജ് ദൗളയ്ക്കും ടിപ്പുസുൽത്താനുമെല്ലാം വളരെ വിഭിന്നമായ മുഖച്ഛായ ഇവർ ഒരുക്കി. ടിപ്പു എന്ന വലിയ പേരിനെ അപകീർത്തിപ്പെടുത്താനാണ് ഫാസിസ്റ്റുകൾ ഇപ്പോഴും ശ്രമിക്കുന്നത്. സത്യത്തിൽ പതിനെട്ട് പത്തൊൻപത് നൂറ്റാണ്ടുകളിൽ ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ ഇന്ത്യയിൽ ഉയർന്ന ചെറുത്തുനിൽപ്പുകളിൽ ഏറ്റവും മഹത്വ പൂർണമായിരുന്നു ടിപ്പുവിന്റേത്. നാലാം മൈസൂർ യുദ്ധത്തിൽ, ബ്രിട്ടീഷുകാർക്കെതിരെ യുദ്ധം ചെയ്ത് മരണം വരിച്ച ടിപ്പുവിനോളം ധീരമായും നിർഭയമായും മറ്റൊരു ഇന്ത്യൻ ഭരണാധികാരിയും ബ്രിട്ടിഷ് കാർക്കെതിരെ പോരാടിയിട്ടില്ല എന്നതാണ് ചരിത്ര സത്യം. നമ്മുടെ ചരിത്ര പുരുഷന്മാർ, സ്വാതന്ത്ര്യസമര നായകർ അങ്ങനെ പലരും ഇംഗ്ലീഷുകാരുടെ കയ്യിൽ ക്രൂരന്മാരും നിസാരന്മാരും അന്യമത വിദ്വേഷികളുമായി മാറി. മാത്രവുമല്ല, ഇന്ത്യാ ചരിത്രമെന്നാൽ, നല്ലതും ചീത്തയുമായ കുറെ ഭരണാധികാരികളുടെ ചരിത്രമല്ലാതെ മറ്റൊന്നുമല്ലെന്ന ധാരണയുണ്ടാക്കാനും അവരുടെ ചരിത്രരചനകൾക്കു കഴിഞ്ഞു. ഓരോ ഭരണ നടപടികൾക്കും ഭരണ മാറ്റങ്ങൾക്കും പിന്നിലുണ്ടായിരുന്ന ജനശക്തിയെക്കുറിച്ച് ഒരു വാക്കുപോലും ഈ ചരിത്രങ്ങളിലൊന്നും ഉണ്ടായിരുന്നില്ല. നികുതികൾ കണ്ടമാനം വർധിപ്പിച്ച് ജനങ്ങളെ ദ്രോഹിച്ച രാജാക്കന്മാർ, അന്യമത വിദ്വേഷം പ്രചരിപ്പിച്ച രാജാക്കന്മാർ ഇവരെക്കുറിച്ചു മാത്രം പറയലാണ് ചരിത്രം. ബ്രിട്ടീഷുകാരെ സംബന്ധിച്ചിടത്തോളം. ഈ രാജ്യത്ത് ജനിക്കുകയും ജീവിക്കുകയും ചെയ്തിരുന്ന ലക്ഷകണക്കിനു ജനങ്ങൾക്ക് രാജ്യത്തിന്റെ ചരിത്രവുമായി ഒരു ബന്ധവുമില്ല എന്ന് അവർ നിരന്തരം പറഞ്ഞു.

 


ഇതുകൂടി വായിക്കൂ: നെഹ്രു പുറത്ത്! സവർക്കർ അകത്ത്?


ബ്രിട്ടിഷ് ചരിത്രകാരന്മാർ മനപൂർവം ഇന്ത്യാ ചരിത്രത്തെ, ഹിന്ദു മുസ്ലിം, ബ്രിട്ടീഷ് കാലഘട്ടമായി വിശേഷിപ്പിച്ചു. ഭരണാധിപന്റെ മതത്തിനാണ് ചരിത്ര മാറ്റത്തിന് നിർണായകമായ സ്ഥാനം എന്ന് അവർ ശഠിച്ചു. അവിടെ ചരിത്രം വഴിതെറ്റുന്നു. സാമൂഹ്യ, സാമ്പത്തിക, സാംസ്കാരിക സംഭവങ്ങൾ പ്രസക്തമല്ല എന്നായിരുന്നു അവരുടെ കാഴ്ചപ്പാട്. ഇന്ന് ചരിത്രകാരന്മാർ സാമ്പത്തിക, സാമൂഹിക, സാംസ്കാരിക ഘടകങ്ങൾക്ക് ഏറ്റവും പ്രധാന്യം കല്പിക്കുന്നു.

ഇന്ത്യൻ ചരിത്രകാരന്മാർ പ്രാചീന, മധ്യ, ആധുനിക കാലഘട്ടമായി ഇന്ത്യാ ചരിത്രത്തെ കാണുമ്പോൾ ജെയിംസ് മിൽ എന്ന ബ്രിട്ടീഷ് ചരിത്രകാരനാണ് ഹിന്ദു, മുസ്ലിം ബ്രിട്ടീഷ് കാലഘട്ടങ്ങളായി ഇന്ത്യാ ചരിത്രത്തെ വിഭജിച്ചത്.

അവർ മതത്തിന്റെ പരിവേഷം നല്കി ചരിത്ര രചനയ്ക്ക്. ബ്രിട്ടിഷ് ഭരണത്തിനു മുൻപുള്ള കാലം അന്ധകാരത്തിന്റെയും അജ്ഞതയുടെയും, അന്ധവിശ്വാസത്തിന്റെയും കാലമായി ഇംഗ്ലീഷുകാർ വ്യാഖ്യാനിച്ചു. ഇന്ത്യയിൽ നിന്ന് ഗുണാത്മക വശങ്ങൾ പഠിക്കാനേയില്ല എന്നവർ ആവർത്തിച്ചു.

 


ഇതുകൂടി വായിക്കൂ: നെഹ്രുവിനെ തമസ്കരിക്കുന്നവരും ഗ്രൂപ്പ് മാനേജര്‍മാരുടെ കോണ്‍ഗ്രസും


 

ചരിത്രം മാനവരാശിയുടെ നിലനില്പിന്റെയും മുന്നോട്ടു പോക്കിന്റെയും അടിത്തറയാണ്. നാം പിന്നിട്ട ചരിത്രത്തിന്റെ വഴികൾ നാം അറിയണം. നാം ഇന്നു ജീവിക്കുന്നത് ഇന്നലെകളെ മറന്നുകൊണ്ടാണ്. അങ്ങനെയാകരുത് നാം. ഇന്നലെകളുടെ അനുഭവങ്ങൾ, അസഗ്നിദ്ധ പോരാട്ടങ്ങൾ, അത് ഉയർത്തിപ്പിടിച്ച മൂല്യങ്ങൾ, അവയൊക്കെ നമ്മുടെ ഓജസ്സും തേജസുമാണ്. നാം ഇന്നനുഭവിക്കുന്ന സ്വാതന്ത്ര്യവും പല അവകാശങ്ങളും, തുല്യതക്കും, നീതിക്കും മറ്റുമായി നടത്തിയ പല സമരകഥകളും നമ്മുടെ മുന്നിലുണ്ട്. ഇതൊക്കെ നാം വസ്തുനിഷ്ഠമായി പഠിക്കുമ്പോൾ, നാം മാനവ സാഹോദര്യത്തിന്റെ ചാലകശക്തിയാകും. ചരിത്രത്തെ നിഷ്പക്ഷമായി, യാതൊരു സാഹചര്യ സമ്മർദ്ദവുമില്ലാതെ, സത്യം സത്യമായി അവതരിപ്പിക്കുക എന്നതാണ് ഏതൊരു ചരിത്രകാരന്റെയും ദൗത്യം.

സ്വാതന്ത്ര്യത്തിനു ശേഷം ബ്രിട്ടീഷു ചരിത്രകാരന്മാർ പടച്ചുവിട്ട അസത്യങ്ങളും, അർദ്ധ സത്യങ്ങളും നാം തിരുത്തി എഴുതാൻ തുടങ്ങി. സ്വാതന്ത്ര്യം ലഭിച്ച്, ഏതാണ്ട് ആദ്യത്തെ മൂന്നു ദശകങ്ങളിൽ ഈ സംരംഭങ്ങൾക്ക് ആശാസ്യമായ രീതിയിൽ പുരോഗതി ഉണ്ടായിരുന്നു. പിന്നീട് എഴുപതുകളുടെ മധ്യത്തോടുകൂടി ചരിത്രം ബലാൽക്കാരം ചെയ്യപ്പെട്ടു. താനും, തന്റെ കുടുംബവും, കുറെ സ്തുതിപാഠകരും, വൈതാളികരുമാണ് സ്വതന്ത്ര ഇന്ത്യയുടെ കുത്തക ശില്പികൾ എന്നും താൻ തന്നെയാണ് ഇന്ത്യ എന്നും വരുത്തിക്കൂട്ടാനുള്ള കഠിനമായ വാഞ്ഛ ഗാന്ധിയിലും കൊട്ടാര വിദൂഷകരിലും നിറഞ്ഞു കഴിഞ്ഞിരുന്നു.

പിന്നീടു വന്ന ജനതാ സർക്കാർ എന്നാൽ ജനസംഘം ഗവണ്മെന്റ് പറഞ്ഞാലും തെറ്റില്ലല്ലൊ. ജനതയെങ്കിലും അതിന്റെ കർത്താവും, കർമ്മവും ക്രിയയുമെല്ലാം ജനസംഘമാണ്. ആ കാലയളവിൽ റൊമിലാതാപ്പറുടെ മിഡിവൽ ഇന്ത്യ, ബിപിൻ ചന്ദ്രയുടെ മോഡേൺ ഇന്ത്യ, ബിപിൻ ചന്ദ്രയും, റൊമിലാതാപ്പറും കൂടി എഴുതിയ കമ്മ്യൂണലിസം ആന്റ് ദ റൈറ്റിങ് ഓഫ് ഇന്ത്യൻ ഹിസ്റ്ററി എന്ന പുസ്തകങ്ങൾ പിൻവലിക്കപ്പെട്ടു. ഏതു സ്വേച്ഛാധിപത്യ പിൻതിരിപ്പൻ ഭരണകൂടവും ആദ്യം കൈവെക്കുന്നത് വിദ്യാഭ്യാസ മേഖലയിലും സാംസ്കാരിക മേഖലയിലും ആയിരിക്കും. ശാസ്ത്രീയവും വസ്തുനിഷ്ഠവുമായി ചരിത്ര രചന ചെയ്യുന്ന പണ്ഡിതവരേണ്യരാണ് ഗ്രന്ഥകർത്താക്കൾ. ഇപ്പോഴത്തെ ഭരണകൂടം വിശ്വ പ്രസിദ്ധ ചരിത്രകാരിയായ റൊമിലാതാപ്പറുടെ ബയോഡാറ്റാ ചോദിച്ചവരാണ് എന്നോർക്കുക. ഭാവി തലമുറയുടെ മനസുകളെ തങ്ങളുടെ ആശയാഭിലാഷങ്ങൾക്ക് അനുസൃതമായി പാകപ്പെടുത്തിയെടുക്കുകയാണ് ഏറ്റവും പ്രധാനമായ കാര്യമെന്ന് ഫാസിസ്റ്റുകൾക്ക് അറിയാം. രാജ്യത്തിന്റെ ഭാഗധേയങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത് യുവാക്കളാണെന്നും അവരുടെ മനസിലും തലച്ചോറിലും ഇളകാത്ത വിധം തങ്ങളുടെ ആശയങ്ങൾ കടത്തിവിട്ടാൽ മതി എന്നും എങ്കിൽ തങ്ങളുടെ ഭാരം ഒട്ടു ലഘൂകരിക്കപ്പെടുമെന്നും സ്വേഛാധിപതികൾക്കും, ഫാസിസ്റ്റുകൾക്കും, മതമൗലികവാദികൾക്കും അറിയാം.

 


ഇതുകൂടി വായിക്കൂ: ചരിത്രം തിരുത്തി ജനങ്ങളെ ഭിന്നിപ്പിക്കുവാൻ സംഘ പരിവാർ ശ്രമിക്കുന്നു : പന്ന്യൻ രവീന്ദ്രൻ


 

ആർഷഭാരതമെന്നും, ഭാരതീയ പാരമ്പര്യമെന്നുമൊക്കെ ആവശ്യത്തിൽ കവിഞ്ഞും ആവേശത്തോടെ പറയുന്നവർക്കൊക്കെ പലപ്പോഴും, അന്തർലീനമായ ചില ഉദ്ദേശങ്ങൾ ഉണ്ടാകാറുണ്ട് എന്ന് മേൽപറഞ്ഞ ഗ്രന്ഥകാരന്മാർ വളച്ചുകെട്ടില്ലാതെ ചൂണ്ടി കാണിക്കുന്നുണ്ട്. പ്രാചീന ഭാരതീയ സംസ്കാരത്തിന്റെ മേന്മ ഘോഷിക്കുന്നതു പിൽക്കാലത്ത് അധഃപതനമുണ്ടാക്കി എന്നു വരുത്താനാണ്. പ്രാചീന ഇന്ത്യയുടെ വൈഭവമെല്ലാം മധ്യകാലമാകുമ്പോഴേക്കും കൈമോശം വന്നുപോയി എന്ന് ഫാസിസ്റ്റ് ചരിത്രകാരന്മാർ പറയുന്നു. മുസൽമാന്റെ ആഗമനത്തോടെയാണ് എല്ലാം നശിച്ചത് എന്ന് അവർ പറയുന്നു. ഗംഗയുടെയും ഹിമവാന്റെയും യമുനയുടെയും വിന്ധ്യന്റെയും മഹാത്മ്യങ്ങൾ നശിപ്പിച്ചത് മുസൽമാനാണത്രെ. ഇതൊക്കെ പറയുന്ന ആർഷഭാരതത്തിന്റെ വക്താക്കളായ ചരിത്രകാരന്മാർക്ക് ആ പുസ്തകങ്ങൾ തലവേദനയുണ്ടാക്കി.

മധ്യകാല ഇന്ത്യയുടെ പല ചരിത്ര ഘട്ടങ്ങളും പ്രാചീന ഇന്ത്യയുടെ പല ഘട്ടങ്ങളുടെ അത്ര തന്നെ മഹത്തുറ്റതാണ് എന്ന് റൊമിലാതാപ്പർ, ബിപിൻ ചന്ദ്ര, കെ എൻ പണിക്കർ തുടങ്ങിയ പണ്ഡിത പ്രേഷ്ഠർ പറയുന്നു. അവർക്കു മുമ്പെ കൊസാംബി ഇതു പറഞ്ഞു. പ്രാചീന ഇന്ത്യയിലെ അശോകൻ മഹാനായിരുന്നു എന്നത് നിസ്തർക്കം തന്നെ. മധ്യകാല ഇന്ത്യയിലെ അക്ബറും അതുപോലെ തന്നെ മഹാനായിരുന്നു എന്ന് പറയാനും സംശയിക്കേണ്ടതില്ല. ഗുപ്തന്മാരുടെ കാലത്ത് കലാ സംസ്കാരാദികൾ അഭൂതപൂർവമാം വിധം വികസിച്ചിരുന്നു എന്നത് ചരിത്ര സത്യമാണ്. മുഗളന്മാരുടെ കാലത്തും കലാസാംസ്കാരാദികൾ അഭൂതപൂർവമാം വിധം വികസിച്ചിരുന്നു എന്നതും പരമോന്നത പദവിയിൽ എത്തിയിരുന്നു എന്നതും സത്യമാണ്. ഒന്നോ, രണ്ടോ, മുസ്ലിം ചക്രവർത്തിമാർ അന്യമത വിദ്വേഷം പുലർത്തി എങ്കിലും അതിന്റെ പേരിൽ ഇന്ത്യയിൽ വാണ മുസ്ലിം ചക്രവർത്തിമാരെല്ലാം അത്തരക്കാരായിരുന്നു എന്നു സങ്കല്പിച്ച് ചരിത്ര രചന ചെയ്യുന്നതു ചരിത്രത്തോട് കാട്ടുന്ന അനീതിയാണ്. പ്രജാ ദ്രോഹികളും അന്യമത വിദ്രോഹികളുമായ ഹിന്ദു ചക്രവർത്തിമാരും ഇന്ത്യാ ചരിത്രത്തിൽ കാണാം എന്നത് മറക്കാവുന്നതല്ല. ഹിന്ദുമത പ്രേമികളും ഹിന്ദുക്കളെ തങ്ങളുടെ ഏറ്റവും വിശ്വസ്ത സചിവരാക്കിയിരുന്നവരുമായ മുസ്ലിം ചക്രവർത്തിമാരും ഇന്ത്യാ ചരിത്രത്തിൽ കുറവല്ല. അക്ബറുടെ ഏറ്റവും വിശ്വസ്തൻ രാജാ ടോഡർമാൾ ആയിരുന്നു എന്ന് ചരിത്രം വായിച്ചവർക്കറിയാം. ടിപ്പു സുൽത്താന്റെ പ്രധാനമന്ത്രി പൂർണയ്യ എന്ന ബ്രാഹ്മണനായിരുന്നു. സാമൂതിരിയുടെ പടനായകൻ കുഞ്ഞാലി മരയ്ക്കാർ ആയിരുന്നല്ലൊ. ബോധിവൃക്ഷവും അശോകസ്തംഭവും കാളിദാസനുമെല്ലാം എങ്ങനെ ഭാരതത്തിന്റെ അഭിമാന ഭാജനങ്ങളാണോ അതേപോലെ അഭിമാന ഭാജനങ്ങളാണ്, താജ്മഹലും ചെങ്കോട്ടയും ടാൻസനുമെല്ലാം. നഷ്ടപ്പെട്ടു പോയ ഒരു ഹിന്ദു സാമ്രാജ്യത്തിന്റെ ശതാബ്ദങ്ങൾ പഴക്കം ചെന്ന ശവകുടീരത്തിലിരുന്നു ആത്മാലാപം ചെയ്യുകയാണെന്ന സങ്കല്പത്തോടെ വിലപിക്കുന്ന ഹ്രസ്വ വീക്ഷകരായ ചരിത്രകാരൻമാർക്കുള്ള ഫലപ്രദമായ മറുപടികൾ ആണ് ഇന്ത്യയിലെ മതേതര ചിന്തയുള്ള, സത്യം പറഞ്ഞ ചരിത്രകാരന്മാർ പറഞ്ഞത്.

 


ഇതുകൂടി വായിക്കൂ: ചരിത്രം വളച്ചൊടിക്കുവാനാകില്ല


 

ഇന്ത്യാ ചരിത്രം ഒരിക്കലും മറക്കാനാവാത്ത ഒട്ടേറെ ഭരണാധികാരികൾ ഇന്ത്യയിൽ ഉണ്ടായിട്ടുണ്ട്. അവരിൽ മുസ്ലിം, ഹിന്ദു മത വിശ്വാസികൾ ഉണ്ട്. നൂറുകണക്കിനു കൊല്ലങ്ങൾ ഇന്ത്യ ഭരിച്ച രാജവംശങ്ങളിൽ പിറന്നവരും, ഇന്ത്യയെ സ്വന്തം മാതൃഭൂമിയായി കണക്കാക്കി മാതൃകാപരമായി ഭരണം കാഴ്ചവച്ച രാജാക്കന്മാർ, വിദേശിയരാണെന്നു പറയുന്നത് ദുരുദ്ദേശപരമാണ്. അക്ബറും, ജഹാംഗീറും, ഷാജഹാനുമെല്ലാം ഇന്ത്യയുടെ മക്കൾ ആയിരുന്നു. ബാബറുടെ വംശപരമ്പരയിൽപ്പെട്ടവരെല്ലാം വിദേശികളാണെന്നു പറയുന്നതിൽ അന്തസാര ശൂന്യമായി മറ്റെന്തുണ്ട്. ഇവിടത്തെ പ്രാചീന രാജവംശങ്ങളുടെ അടിയിലോളം പരിശോധിച്ചാൽ അവ നമ്മുടെ മണ്ണിൽ മാത്രം കിളിർത്തവയല്ലെന്ന് കാണാൻ കഴിയും. ചരിത്രത്തിൽ നിന്നും പലരും ഒരു പാഠവും പലരും പഠിക്കില്ല. ചരിത്ര പാഠങ്ങൾ ഉൾക്കൊള്ളാത്തതിന്റെ പാപ ഫലങ്ങൾ തലമുറകളെ ജന്മജന്മാന്തരങ്ങളായി വേട്ടയാടും.

പല ചരിത്ര വ്യാഖ്യാനങ്ങളും ഉയരുന്നത് ദേശീയതാവാദത്തിൽ നിന്നാണ്. നാം ഇന്ന് അതിരുകടന്ന ദേശീയതാവാദത്തിന്റെ കാലയളവിൽ ജീവിക്കുന്നു. സ്വയം പ്രഖ്യാപിത ദേശീയ വാദികളുടെ ഒരു സംസ്കാരമേ നിലവിലുണ്ടാകാൻ പാടുള്ളു എന്നു പറയുന്നവരുടേയും കോപാവേശം, ചിത്തക്ഷോഭം, നമ്മുടെ സമൂഹത്തിന്റെ ഘടന ചീന്തിയെറിയുന്ന കാലമാണിത്. നിങ്ങൾ ഒരു ദേശസ്നേഹിയാണോ, അല്ലയോ, എന്നതാണ് ഇന്നത്തെ ചോദ്യം. അപരിചിതരേയും വിദേശികളെയും വെറുക്കുന്ന ദേശഭക്തി, പണ്ടുമുതലേ ഇന്ത്യക്കാർക്ക് അപരിചിതമാണ്. സംവത്സരങ്ങളായി നമ്മുടെ പൂർവികരും, നമ്മളും പടുത്തുയർത്തിയത്, വൈവിധ്യമാർന്ന, എല്ലാം ഉൾക്കൊള്ളുന്ന സ്വസ്ഥതയുള്ള ദേശീയതയാണ്. സ്വാതന്ത്ര്യസമര കാലത്ത് അഭിപ്രായ സമന്വയത്തിലൂടെ, അടിസ്ഥാനപരമായ ജനാധിപത്യ മൂല്യങ്ങളെ മുറുകെ പിടിച്ച് അത് വികസിച്ചു.

 


ഇതുകൂടി വായിക്കൂ: കമ്മ്യൂണിസ്റ്റ് രക്തസാക്ഷികളുടെ ചെലവില്‍ സ്വയം വെള്ളപൂശാനുള്ള സംഘിസാഹസം


 

കർക്കശമായ പരുഷമായ ദേശീയത പുതിയതൊന്നും അല്ല. അത് നിലനിന്നിരുന്നത്, നിലനിൽക്കുന്നതും സങ്കുചിത മനസുകളിലാണ്. അവർക്ക് ഭൂതകാലത്തെക്കുറിച്ച് വളഞ്ഞു പുളഞ്ഞ ധാരണകളും, യാഥാർത്ഥ്യത്തെ അംഗീകരിക്കാത്ത മനസും പോയ കാലത്തെ അതിരുകടന്ന് മഹത്വവല്കരിക്കുന്ന മനസുമാണ് ഉള്ളത്. അവർ മുസ്ലിങ്ങളെയും കമ്മ്യൂണിസ്റ്റുകളെയും ക്രൈസ്തവരെയും ശത്രുക്കളെയും കരുതി. ഇന്നത്തെ കാലത്ത് ഫാസിസത്തിനെതിരെ സംസാരിക്കുന്ന ഏവരും അവരുടെ ശത്രുക്കൾ

ദേശഭക്തിയെ വികൃതമായി ചിത്രീകരിച്ചതിന്റെ ഫലമായി അത് ഫാസിസത്തിന്റെ ഉദയത്തിന് വഴിയൊരുക്കി. അതിരുകടന്ന ദേശീയവാദം ഇന്ന് ആഗോള ട്രെൻഡ് ആണ്. ദേശിയതയുടെ തത്വസംഹിതയായി, മതങ്ങളുടെ പരിവർത്തനം നടക്കുന്ന കാലമാണിത്. ഹാറോൾഡ് ലാസ്കി, അതിരുകടന്ന ദേശീയതയെ കാലത്തിന് അനുരൂപമല്ലാത്തത് എന്ന് വിശേഷിപ്പിച്ചു. ടാഗോർ സാർവ്വദേശീയതയെ ആശ്ലേഷിച്ചു. ഇന്ന് ഫാസിസ്റ്റുകൾ ദേശീയതയെ മതവിശ്വാസമാക്കി. അത് ഉപയോഗിച്ച് അടിച്ചമർത്തൽ നടക്കുന്നു. അധികാരോന്നമനം നടക്കുന്നു.

ചരിത്രം വളച്ചൊടിക്കുമ്പോൾ, ഫാസിസ്റ്റ് ഭരണം നിലവിലിരിക്കുമ്പോൾ, രാജ്യത്തിന്റെ ഉന്നതമായ സംസ്കാരം വലിച്ചെറിയപ്പെടുന്നു.

ദേശീയ പ്രസ്ഥാനത്തിന്റെ നേതാക്കളുടെ രാഷ്ട്രം കെട്ടിപ്പടുക്കുന്നതിലെ പങ്ക്, ഇന്ന് നിഷേധിക്കപ്പെടുന്നു.

ജവഹർലാൽ നെഹ്രുവിനെ അവർ ചരിത്രത്തിൽ നിന്ന് നിഷ്കാസിതനാക്കുന്നു. പല സ്വാതന്ത്ര്യ സമരങ്ങളും, അവർക്ക് ദേശീയ സമരങ്ങളല്ല. മലബാർ കലാപമടക്കമുള്ളവയെ ഫാസിസ്റ്റുകൾ, മുസ്ലിങ്ങൾ ഹിന്ദുക്കൾക്കെതിരെയുള്ള കലാപമായി വ്യാഖ്യാനിക്കുന്നു, ചരിത്ര വസ്തുത അതല്ല എന്നിരിക്കെ.

എന്തിനേറെ നമ്മുടെ രാജ്യത്ത് രാഷ്ട്രപിതാവ്, മഹാത്മജി, നിരന്തരം വധിക്കപ്പെടുന്നു. ചരിത്രത്തിനു നേരെയുള്ള ഫാസിസ്റ്റ് കടന്നു കയറ്റം, അപകടകരം ആണ്. കോർപറേറ്റ് മൂലധനാധിപത്യങ്ങളുടെയും, സാമ്രാജ്യത്വാധിനിവേശങ്ങളുടെയും, ഫാസിസ്റ്റുകളുടെയും കാൽക്കൽ സാഷ്ടാംഗം വീണു കിടക്കുന്നവർക്ക് മനസ്സിലാവാത്ത ഒരു ജീവിത സമര ചരിത്ര കഥയാണ് നമ്മുടെ രാജ്യത്തിന്റെ ചരിത്രം. എഴുപത്തഞ്ച് വയസ്സ് സ്വാതന്ത്ര്യം പിന്നിടുമ്പോൾ, ഇപ്പോഴും ചരിത്രം നിരന്തരം ദുർവ്യാഖ്യാനിക്കപ്പെടുമ്പോൾ, നിരന്തരം സത്യത്തെ അസത്യമാക്കുന്ന ഫാസിസ്റ്റ് നയങ്ങൾ നഖശിഖാന്തം, എതിർക്കപ്പെടണം.