ഐപിഎൽ ലേലത്തിൽ മറിഞ്ഞ കോടികളുടെ കണക്കെടുക്കുമ്പോള്‍ 20 ലക്ഷം രൂപയുടെ കരാർ അത്ര വിലപിടിപ്പുള്ളതാകില്ല. പക്ഷേ ടെന്നീസ്-ബോള്‍ ക്രിക്കറ്റിലെ താരമായ രമേഷ് കുമാറിന്, ഇത് ചെറിയ കാര്യമല്ല. ഈ നേട്ടത്തോടെ തന്റെ പിതാവ് ചെരുപ്പുകുത്തിയായി ജീവിക്കേണ്ടതില്ലെന്ന് രമേഷ് ഉറപ്പാക്കി. അമ്മയ്ക്കു വളകൾ വില്ക്കാൻ പഞ്ചാബിലെ ഫാസിൽക ജില്ലയിലെ ഗ്രാമങ്ങളിലൂടെ നടന്നുപോകേണ്ടതില്ലെന്നും രമേഷ് ആശ്വസിക്കുന്നു.
ടെന്നീസ്-ബോൾ ക്രിക്കറ്റില്‍ ‘നരൈൻ ജലാലാബാദ്’ എന്ന് അറിയപ്പെടുന്ന രമേഷ്, ബാറ്റിലും പന്തിലുമുള്ള മികവ് കാരണം ഇതിനകം തന്നെ ഒരു യൂട്യൂബ് താരമായിരുന്നു. ക്രിക്കറ്റ് താരം എന്ന നിലയില്‍ ചെറിയ വരുമാനം ലഭിച്ചുതുടങ്ങിയതോടെ പ്രായമായ മാതാപിതാക്കളോട് ജോലി നിർത്താൻ രമേഷ് അഭ്യർത്ഥിച്ചിരുന്നു. എന്നാല്‍ അവർ അതിന് തയാറായില്ല. ടെന്നീസ് ബോൾ മത്സരങ്ങളില്‍ നിന്നും ഒരു ദിവസം 500‑1000 രൂപ വരെ സമ്പാദിക്കാനാകുമായിരുന്നു. എന്നാല്‍ ഐപിഎൽ കരാര്‍ യാഥാര്‍ത്ഥ്യമായതോടെ തങ്ങളുടെ മകന് ക്രിക്കറ്റ് കളിയില്‍ ഒരു ഭാവിയുണ്ടാകുമെന്നും ജീവിതം മുന്നോട്ടുകൊണ്ടുപോകാനാകുമെന്നും അവരെ ബോധ്യപ്പെടുത്താന്‍ കഴിയുമെന്ന് രമേഷ് കുമാര്‍ കരുതുന്നുണ്ട്.
കെകെആര്‍ അസിസ്റ്റന്റ് കോച്ചും മുൻ ഇന്ത്യൻ ഓൾറൗണ്ടറുമായ അഭിഷേക് നായരാണ് രമേഷിന്റെ കഴിവിനെക്കുറിച്ച് ക്ലബിനെ ബോധ്യപ്പെടുത്തിയത്. ഇത് ഒടുവിൽ അടിസ്ഥാന വിലയ്ക്ക് രമേഷിനെ കരാറിലേക്ക് നയിച്ചു. മുംബൈയിലെ കെകെആർ ട്രയൽസിൽ എത്താൻ സീനിയർ പഞ്ചാബ് ബാറ്ററും ഐപിഎൽ താരവുമായ ഗുർകീരത് മന്നും രമേഷിനെ സഹായിച്ചു.
ഒരു തലത്തിലും ശരിയായ ക്രിക്കറ്റ് കളിച്ചിട്ടില്ലാത്ത രമേശ് ഐപിഎല്ലിൽ തന്റെ മികവ് തയ്യാറെടുക്കുമോ എന്ന് കണ്ടറിയണം. പക്ഷേ ടെന്നീസ് ബോൾ ക്രിക്കറ്റിൽ പേരെടുത്തതിന് ശേഷം ടി നടരാജന് ഇന്ത്യക്ക് വേണ്ടി കളിക്കാൻ കഴിയുമെങ്കിൽ, ‘നരൈൻ ജലാലാബാദി‘നും തീര്‍ച്ചയായും ഉയരങ്ങള്‍ കീഴടക്കാനാകും.
English Summary: IPL auction: Narine Jalalabad’s contract worth Rs 20 lakh is not small
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.