22 November 2024, Friday
KSFE Galaxy Chits Banner 2

“മരിക്കസാധാരണം, ഈ വിശപ്പില്‍ ദഹിക്കലോ…”

പി എ വാസുദേവൻ
കാഴ്ച
March 5, 2022 6:00 am

വളര്‍ച്ചയുടെ വന്‍ കണക്കുകള്‍ക്കിടയില്‍ മൂടിവയ്ക്കപ്പെട്ടത്, അസഹനീയമായ വിശപ്പെന്ന അവസ്ഥയാണ്. പല രാജ്യങ്ങളിലെയും സ്ഥിതി ഇതാണെങ്കിലും വളരുന്ന വളര്‍ച്ചയുടെ പടവുകള്‍ കയറി എന്നവകാശപ്പെടുന്ന ഇന്ത്യയുടെ സ്ഥിതി അതീവ ഗുരുതരമാണ്. വലിയൊരു വിഭാഗം ജനസംഖ്യ അറ്റ ദാരിദ്ര്യത്തിലും വിശപ്പിലുമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ലോക വിശപ്പു സൂചിക ഇന്ത്യയുടെ ദയനീയാവസ്ഥ റാങ്കിന്റെ അടിസ്ഥാനത്തില്‍ വ്യക്തമാക്കിയപ്പോള്‍ നമ്മുടെ അഭിമാനം വ്രണപ്പെട്ടതായി സര്‍ക്കാര്‍ വക്താക്കള്‍ പറഞ്ഞു. ജിഡിപി നിരക്ക് ഏഴ് ശതമാനത്തില്‍ നിന്ന് 9.5 ശതമാനത്തിലെത്തുമെന്ന ഔദ്യോഗിക കണക്കുകളെ അപ്രസക്തമാക്കും വിധമാണ്, വേള്‍ഡ് ഹംഗര്‍ ഇന്‍ഡക്സ്, ഇന്ത്യയെ ലോക രാജ്യങ്ങള്‍ക്കിടയില്‍ വളരെ താഴ്ന്നതലത്തിലെത്തിയിരിക്കുന്നത്. വളര്‍ച്ചയും വിശപ്പും ഇങ്ങനെ വിപരീതാവസ്ഥയിലെത്താന്‍ എന്താണ് കാരണം. സൂചികകള്‍ തെരഞ്ഞെടുത്തതിലെ തകരാറാണോ? വളര്‍ച്ചയുടെ ഫലങ്ങള്‍ പരക്കെയും താഴോട്ടും എത്താത്തതാണോ? വിതരണ വ്യവസ്ഥയുടെ തകരാറാണോ? സര്‍ക്കാര്‍ നയങ്ങളുടെ പാളിച്ചയോ? പ്രസക്തമായ പല ചോദ്യങ്ങളുമുണ്ട്. അതിനിടയില്‍ ഈയിടെ വന്ന ഒരു റിപ്പോര്‍ട്ടു പ്രകാരം അടച്ചിടലില്ലാത്ത രണ്ടാം തരംഗകാലത്തും ദാരിദ്ര്യം നിലനില്‍ക്കുകയും കൂടുകയുമാണ് ചെയ്തത്. റൈറ്റ് ടു ഫു‍ഡ് ക്യാമ്പയിനും സെന്റര്‍ ഫോര്‍ ഇക്വിറ്റി സ്റ്റഡീസും ചേര്‍ന്ന് നടത്തിയ പഠനമാണ് ഇക്കാര്യം പറഞ്ഞത്. ഒന്നാം തരംഗത്തിന്റെ ഒക്ടോബര്‍ — ഡിസംബര്‍ 2020 കാലത്തെ ആഘാതത്തിലടിസ്ഥാനമാക്കിയായിരുന്നു പഠനം. ഏതാണ്ട് 66 ശതമാനം പേരും മഹാമാരിക്കു മുമ്പുള്ള തലത്തില്‍ നിന്നും വളരെ താഴെയാണ് അവരുടെ വരുമാനമെന്ന് സര്‍വേയില്‍ പ്രതികരിച്ചു. സര്‍വേ പ്രകാരം 79 ശതമാനം പേരും ഭക്ഷ്യ അരക്ഷിതാവസ്ഥ റിപ്പോര്‍ട്ട് ചെയ്യുന്നതായി പറഞ്ഞു. ലോക്ഡൗണ്‍ ഇല്ലാതിരുന്നിട്ടും വിശപ്പില്‍ നിന്നു കൂടുതല്‍ പേരെ മുക്തരാക്കാന്‍ പറ്റിയില്ലെന്നത് സത്വര ശ്രദ്ധയാകര്‍ഷിക്കുന്ന കാര്യമാണ്. ലോക്ഡൗണ്‍ കാലത്തെ തൊഴില്‍ നഷ്ടം, വിതരണ ശൃംഖലാ തകരാറ് എന്നിവ മാത്രമാണോ പ്രശ്നം എന്ന് ഉടനെ പരിശോധിക്കേണ്ട സമയമായി. ഇതേക്കുറിച്ചൊക്കെ കുറേക്കൂടി സൂക്ഷ്മതലത്തില്‍ ചെന്നെത്തേണ്ടുന്ന ‘നിര്‍മ്മല – അമൃതകാല്‍’ ബജറ്റ് ഐതിഹാസികമായൊരു മൗനത്തിലുമായിരുന്നു.


ഇതുകൂടി വായിക്കാം; ജനജീവിതം ദാരിദ്ര്യത്തിലമർന്ന ഇന്ത്യ


സര്‍വേ പ്രകാരം പഠനവിധേയമായ 18 ശതമാനം വീടുകളില്‍ നിന്നും ഒരു കുട്ടിയെങ്കിലും മഹാവ്യാധിക്കാലത്ത് സ്കൂളില്‍ പോക്ക് നിര്‍ത്തിയിരുന്നു. ഈ പ്രശ്നം രൂക്ഷമായത് ദളിത്, ആദിവാസി, ഗ്രാമീണ മേഖലകളിലാണ്. ആഗോള ഹംഗര്‍ ഇന്‍ഡക്സ് പ്രകാരം ഇന്ത്യ 101-ാം റാങ്കിലെത്തിയതായാണ് കണക്ക്. ഇത് നാം മറ്റുതരം കണക്കുകള്‍ക്കൊണ്ട് നിരാകരിച്ചെങ്കിലും നമുക്ക് താഴെ വിശപ്പിന്റെ കാര്യത്തില്‍ വെറും 15 രാജ്യങ്ങള്‍ മാത്രമാണുള്ളത്. എന്തിന് നേപ്പാള്‍, പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങള്‍ പോലും നമുക്കു മീതെയാണ്. അതോടെയാണ് അപമാനിതരായ കേന്ദ്ര സര്‍ക്കാര്‍ ഈ സൂചികകളെ എതിര്‍ത്തും പുതിയ വാദമുഖങ്ങള്‍ നിരത്തിയതും. കലോറി കുറവ്, കുട്ടികളിലെ വളര്‍ച്ച മുരടിപ്പ്, അഞ്ചു വയസുവരെയുള്ള കുട്ടികളുടെ മരണനിരക്ക് എന്നിവ ആസ്പദമാക്കിയാണ് ഗ്ലോബല്‍ ഹംഗര്‍ പ്രധാനമായും കണക്കാക്കുന്നത്. അതില്‍ ഏറ്റവും ഊന്നല്‍ നല്‍കുന്നത് കുട്ടികളുടെ വളര്‍ച്ച മുരടിപ്പും മരണനിരക്കുമാണ്. എത്രയൊക്കെ സ്ഥിതിവിവര കണക്കുകളിലെ പോരായ്മകള്‍ നിരത്തിയാലും നമ്മുടെ അവസ്ഥയില്‍ വലിയ മാറ്റമൊന്നും വരാനില്ല. തീര്‍ത്തും ആശാവഹമായൊരു അവസ്ഥയല്ല നമ്മുടെ അനുഭവം. ദാരിദ്ര്യം, വിശപ്പ് എന്നിവ കണക്കാക്കുന്ന അടിസ്ഥാന ശാസ്ത്രീയ സൂചികകള്‍ നോക്കുമ്പോള്‍ ബംഗ്ലാദേശും നേപ്പാളും ഇന്ത്യയെക്കാള്‍ മെച്ചപ്പെട്ട സ്ഥിതിയിലാണെന്നും കാണുന്നു. ശിശു ആരോഗ്യപ്രശ്നത്തില്‍ നേപ്പാളും പാകിസ്ഥാന്‍ പോലും ഇന്ത്യയെക്കാള്‍ മെച്ചപ്പെട്ട സ്ഥിതിയിലാണെന്നു പഠനങ്ങള്‍ വ്യക്തമാക്കുന്നു. കുട്ടികള്‍ക്ക് ന്യൂട്രീഷന്‍ വേണ്ടത്ര ലഭിക്കാത്തതിന്റെ വ്യാപകമായ അവസ്ഥയാണ് ഇന്ത്യയുടെ സ്ഥിതി ഇത്ര പരിതാപകരമാക്കിയത്. വികസനം, വളര്‍ച്ച എന്നിവയുടെ കാര്യത്തില്‍ ഇത്രയൊക്കെ വാദങ്ങളുയര്‍ത്തിയിട്ടും മൗലിക പ്രശ്നങ്ങളില്‍ ചെന്നെത്താനുള്ള ശേഷി ഇന്ത്യ കാണിച്ചിട്ടില്ല. പോഷകാഹാരക്കുറവ് ഗ്രാമങ്ങളിലും നഗരങ്ങളിലും വിവിധ പ്രായക്കാരുടെ ഇടയിലും വ്യാപകമാണെന്നു കണ്ടെത്താനാവും. ഭക്ഷ്യ സാധനങ്ങളുടെ ഉയര്‍ന്ന വില കാരണം ഉപഭോഗത്തിനു വേണ്ടത്ര വാങ്ങാന്‍ സാധിക്കാതെ ഒരു വന്‍ വിഭാഗവുമുണ്ട്. ഇക്കാര്യത്തില്‍ ഇന്ത്യ ശ്രീലങ്കയുടെയും പാകിസ്ഥാന്റെയും പിന്നിലാണ്. കോവിഡിന്റെ ആഘാതം വ്യക്തമാവുന്നത് തൊഴില്‍, വരുമാനം എന്നിവയിലും അനന്തര ഫലമായി പട്ടിണിയുടെ വ്യാപനത്തിലുമാണ്. ഇത് ആഗോള അനുഭവമാണെന്നു സമ്മതിച്ചാല്‍ തന്നെ ഇന്ത്യയില്‍ അതിന്റെ ഇംപാക്ട് കൂടുതലാണ് എന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. സപ്ലൈ ചെയ്ന്‍ മിക്കയിടത്തും വ്യാപകമായി തകര്‍ന്നതും കാരണമാണ്. ലോക്ഡൗണ്‍ കാരണം വരുമാനം മൊത്തത്തില്‍ 50 ശതമാനം കുറവു രേഖപ്പെടുത്തി.


ഇതുകൂടി വായിക്കാം; ഇന്ത്യയുടെ ദാരിദ്ര്യവും കേരളത്തിന്റെ മുന്നേറ്റവും


കാര്‍ഷിക ഉല്പന്നങ്ങള്‍ വേണ്ടസമയത്ത് വിപണികളിലെത്തിക്കാന്‍ വേണ്ട ഗതാഗത സംവിധാനങ്ങളില്ലാത്തതിനാല്‍ വലിയൊരു ഭാഗം നശിച്ചുപോയി. ഇത് കര്‍ഷകര്‍ക്ക് വന്‍ നഷ്ടമുണ്ടാക്കി. കാര്‍ഷിക മേഖല ഉല്പാദനകാര്യത്തില്‍ മുന്നാക്കമായിരുന്നെങ്കിലും അതിനനുസരിച്ച് കര്‍ഷകരുടെ വരുമാനം വര്‍ധിച്ചില്ല. ഗ്രാമീണ മേഖലയിലെ കൊടും പട്ടിണിക്കും ഇതു കാരണമായി. 2020 ലെ അടച്ചുപൂട്ടല്‍ ഏതാണ്ട് 65 ശതമാനം പേരുടെ (സാമ്പിള്‍ സര്‍വേയില്‍പ്പെട്ടവരുടെ) തൊഴില്‍ നഷ്ടമാക്കി എന്നാണ് കാണുന്നത്. കുട്ടികളില്‍ 75 ശതമാനം പേരും ഭക്ഷ്യ അരക്ഷിത കുടുംബങ്ങളിലായിരുന്നു. അതുകാരണം ആരോഗ്യം തീര്‍ത്തും നഷ്ടപ്പെട്ട ഒരുപാട് കുട്ടികള്‍ ഉണ്ടായിരുന്നു. അവരുടെ ന്യൂട്രീഷ്യന്‍ നിലവാരം ഉയര്‍ത്തുക എന്നത് മൈക്രോതലത്തില്‍ തന്നെ ആരംഭിക്കേണ്ടതുണ്ട്. സോഷ്യല്‍ സെക്യൂരിറ്റി സിസ്റ്റം, പൊതുവിതരണ സമ്പ്രദായം എന്നിവ കാര്യക്ഷമമായി പ്രവര്‍ത്തിച്ച കേരളം പോലുള്ള സംസ്ഥാനങ്ങളില്‍ കൊടും പട്ടിണിയോ ദാരിദ്ര്യമോ അനുഭവപ്പെട്ടില്ല. ദാരിദ്ര്യം, വിശപ്പ് എന്നീ ഗുരുതര പ്രശ്നങ്ങളെ ഭക്ഷ്യ ഉല്പാദനവുമായി ബന്ധപ്പെടുത്തി വിശകലനം ചെയ്തുകൂട. സിസ്റ്റത്തിന്റെ തന്നെ അപാകങ്ങള്‍, ചില വിഭാഗങ്ങള്‍ അവഗണിക്കപ്പെടല്‍, ചില പ്രദേശങ്ങളിലെ ഭക്ഷ്യ അരക്ഷിതത്വം, വ്യക്തമായ പോളിസിയുടെ അഭാവം തുടങ്ങി ഒട്ടേറെ പ്രശ്നങ്ങള്‍ അതിനടിത്തറയിലുണ്ട്. തൊഴില്‍, വരുമാനം, എന്നിവയ്ക്കായി ഒട്ടേറെ പദ്ധതികള്‍, സോഷ്യല്‍ സെക്യൂരിറ്റി പദ്ധതികള്‍, തൊഴിലുറപ്പ് പദ്ധതികള്‍ എന്നീ രംഗങ്ങളില്‍ പദ്ധതികള്‍ക്ക് കുറവില്ല. എന്നിട്ടും ഇന്ത്യയെന്തേ ‘ഹംഗര്‍ ഇന്‍ഡക്സില്‍’ ഇത്ര പിന്നിലായിപ്പോയി. കോവിഡ് 19 ഒരു പ്രധാന കാരണമാവാം. ലോക്ഡൗണ്‍ ഒട്ടേറെ ദുരിതങ്ങളുണ്ടാക്കിയിട്ടുണ്ടാവാം. പക്ഷെ, അതൊക്കെ മറ്റു രാജ്യങ്ങള്‍ക്കും ബാധകമാണ്. വേള്‍ഡ് ഹംഗര്‍ ഇന്‍ഡക്സിനെ നിഷേധിച്ച് സര്‍ക്കാര്‍ പല വിശദീകരണങ്ങളും തന്നു. അവരുടെ സൂചികകളില്‍ പല പോരായ്മകളുമുണ്ടെന്നു വിമര്‍ശിച്ചു. പക്ഷേ, സൂക്ഷ്മമായി കണ്ടെത്തിയ സൂചികകള്‍ ഉപയോഗിച്ചുതന്നെയാണ് ഇന്ത്യയിലെ വിശപ്പിനെ വിലയിരുത്തിയതെന്ന് അവരുടെ പഠനങ്ങളില്‍ നിന്നറിയാം. ഇത്രയൊന്നും നമ്മുടെ കഴിഞ്ഞ ബജറ്റ് ഉള്‍ക്കൊണ്ടതായി തോന്നുന്നില്ല. അല്ലെങ്കിലും ബജറ്റില്‍ നിന്ന് ഏറെ പ്രതീക്ഷിക്കുന്ന നമ്മളല്ലേ പാവങ്ങള്‍. “മരിക്കസാധാരണമീവിശപ്പില്‍ ദഹിക്കലോ, നമ്മുടെ നാട്ടില്‍ മാത്രം” (വള്ളത്തോള്‍)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.