22 November 2024, Friday
KSFE Galaxy Chits Banner 2

Related news

October 31, 2024
October 15, 2024
August 30, 2024
July 18, 2024
May 31, 2024
May 17, 2024
March 26, 2024
January 29, 2024
January 7, 2024
December 20, 2023

നിരാശപ്പെടുത്തുന്ന ജിഡിപി വളര്‍ച്ചാ കണക്കുകള്‍

പ്രൊഫ. കെ അരവിന്ദാക്ഷൻ
March 9, 2022 6:00 am

സാമ്പത്തിക വളര്‍ച്ചാനിരക്കുകള്‍ സംബന്ധിച്ച് സമീപകാലത്ത് പുറത്തുവന്നിരിക്കുന്ന ഔദ്യോഗിക കണക്കുകള്‍ തീര്‍ത്തും നിരാശാജനകമാണെന്നു പറയാതെവയ്യ. 2022 ഫെബ്രുവരി 28നാണ് നാഷണല്‍ സ്ഥിതിവിവരകണക്കുകള്‍ കെെകാര്യം ചെയ്യുന്ന ഓഫീസ് (എന്‍എസ്ഒ) എന്ന സ്ഥാപനം 2021–22ലേക്കുള്ള മുന്‍കൂര്‍ ജിഡിപി കണക്കുകളും ആ വര്‍ഷത്തെ ഒക്ടോബര്‍-ഡിസംബര്‍ കാലയളവിലേക്കുള്ള കണക്കുകളും പ്രസിദ്ധീകരിച്ചത്. ഇത് പരിശോധിക്കുമ്പോള്‍, 2021–22 ധനകാര്യ വര്‍ഷത്തേക്കുള്ള ജിഡിപി നിരക്ക് 8.9 ശതമാനമാണ്. 2020–21ല്‍ ഇത് 6.6 ശതമാനമായി ചുരുങ്ങി. ഇതില്‍ ആശ്ചര്യപ്പെടേണ്ടതില്ല. മഹാമാരിയുടെ മൂന്ന് തരംഗങ്ങളുടെ ആഘാതവും ലോക്ഡൗണുകളും സമ്പദ്‌വ്യവസ്ഥയെ തകര്‍ത്തുകളഞ്ഞിരുന്നു. സാമ്പത്തിക മേഖലയാകെ നിശ്ചലമാവുകയും ചെയ്തു. ഇപ്പോള്‍ പ്രതീക്ഷിക്കപ്പെടുന്ന 8.9 ശതമാനം നിരക്കുതന്നെ 2022 ജനുവരിയില്‍ പ്രതീക്ഷിച്ച 9.2 ശതമാനത്തിലും താഴെയാണ്. സംഘര്‍ഷങ്ങള്‍ എന്ന വാര്‍ത്ത തന്നെ ചരക്കുകളുടെയും സേവനങ്ങളുടെയും വിപണിവിലകളില്‍ കുതിച്ചുചാട്ടമുണ്ടാക്കുക സ്വാഭാവികമാണ്. റഷ്യന്‍-ഉക്രെയ്ന്‍ യുദ്ധത്തിന്റെ പരിസമാപ്തി എന്നുണ്ടാകുമെന്നത് പ്രവചനാതീതമായതിനാല്‍, അതേത്തുടര്‍ന്നുണ്ടാകാനിടയുള്ള സാമ്പത്തിക, രാഷ്ട്രീയ, സാമൂഹ്യ പ്രത്യാഘാതങ്ങളും മുന്‍കൂട്ടി കാണാന്‍ കഴിയില്ല. എന്നാല്‍, യുദ്ധാവസാനമാകുമ്പോഴേക്ക് വിലനിലവാരം നിരാശാജനകവും നിയന്ത്രണാതീതവുമാകുമെന്നതില്‍ രണ്ടഭിപ്രായത്തിനിടമില്ല. പണപ്പെരുപ്പത്തിന്റെ ആഘാതം കൂടി പരിഗണിച്ച ശേഷമേ ജിഡിപി നിരക്ക് യഥാര്‍ത്ഥത്തില്‍ എത്രയാണെന്ന് കൃത്യതയോടെ പറയാനാവൂ. റഷ്യന്‍-ഉക്രെയ്ന്‍ യുദ്ധം അവസാനിക്കുന്നതിനു മുമ്പ് ജിഡിപി നിരക്കിനെപ്പറ്റി ഗൗരവപൂര്‍വമായൊരു ചര്‍ച്ച നടത്തുന്നതു തന്നെ അര്‍ത്ഥശൂന്യമാകും. വെറുമൊരു അക്കാദമിക വിഷയമെന്നതിനപ്പുറം ഇതിന് പ്രാധാന്യം നല്കേണ്ട കാര്യമില്ല. മുമ്പൊരിക്കല്‍ സമാനമായൊരു അനുഭവം നമുക്കുണ്ടായതാണ്. ഓരോ പാദത്തിലും 5.4 ശതമാനം ജിഡിപി നിരക്കു വര്‍ധന പ്രതീക്ഷിച്ചുകൊണ്ടുള്ള കണക്കുകള്‍ ധനകാര്യ വര്‍ഷാന്ത്യത്തില്‍ തയാറാക്കിയെങ്കിലും ധനകാര്യ വര്‍ഷാന്ത്യത്തിലെ ജിഡിപി നിരക്ക് 8.5ല്‍ പോലും എത്തിക്കാന്‍ കഴിയാതെ വന്നത്, പണപ്പെരുപ്പമേല്പിച്ച കനത്ത ആഘാതത്തെത്തുടര്‍ന്നുമായിരുന്നു. ഇന്ത്യന്‍ ധനശാസ്ത്രജ്ഞരുടെ പ്രവചനങ്ങള്‍ മാത്രമല്ല, വിദേശ ക്രെഡിറ്റ് റേറ്റിങ് ഏജന്‍സികളുടെയും ഐഎംഎഫിന്റെ തന്നെയും കണക്കുകൂട്ടലുകളെ നിഷ്പ്രഭമാക്കുന്നതിലേക്കാണ് കാര്യങ്ങള്‍ ചെന്നെത്തിയത്. ഒമിക്രോണ്‍ പൊട്ടിപ്പുറപ്പെടുന്നതിനു മുമ്പുള്ള സ്ഥിതി ഈ നിലയിലായിരുന്നതിനാല്‍, ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ചാ പ്രവണതകള്‍ ഒരുതരത്തിലും ആശ്വാസകരമായിരുന്നില്ല.


ഇതുകൂടി വായിക്കാം; കേന്ദ്ര സര്‍ക്കാര്‍ ഗുരുതര ധനകാര്യ പ്രതിസന്ധിയില്‍


2021ല്‍ കോവിഡ് രണ്ടാം തരംഗത്തിന്റെ ഫലമായുണ്ടായ ശക്തമായ തിരിച്ചടി കൂടുതല്‍ ആഴമേറിയൊരു വികസന പ്രതിസന്ധിയായി രൂപാന്തരപ്പെട്ടു എന്നു മാത്രമേയുള്ളു. ഓരോ വികസനമേഖലയുടെയും വേറിട്ടുള്ള പ്രകടനങ്ങളെടുത്താലും സ്ഥിതി വ്യത്യസ്തമല്ല. 2021 ഡിസംബറില്‍ അവസാനിക്കുന്ന പാദത്തിലും ജിഡിപി 5.4 ശതമാനത്തില്‍ കുടുങ്ങിയതോടെ വിവിധ മേഖലകളുടെ വളര്‍ച്ചാസംബന്ധമായ കണക്കുകൂട്ടലുകളൊക്കെ തകിടംമറിയുകയാണുണ്ടായത്. ജിഡിപി നിരക്ക് പ്രതീക്ഷിച്ചിരുന്ന 9.2ല്‍ നിന്ന് 8.9 ശതമാനത്തിലേക്ക് ഇടിഞ്ഞതോടൊപ്പം സേവന മേഖല 8.2 ശതമാനം വളര്‍ച്ചാനിരക്ക് നിലനിര്‍ത്തിയെന്നത് ഒഴിച്ചുനിര്‍ത്തിയാല്‍ മറ്റു മേഖലകളുടെ ഗതി താഴൊട്ടുതന്നെ ആയിരുന്നു. മോഡി ഭരണകൂടത്തിന്റെ പൊതു ധനസ്ഥിതി ഒട്ടും തൃപ്തികരമല്ലെന്നതിന് വ്യക്തമായ തെളിവായി എടുക്കാവുന്നത് ധനക്കമ്മിയുടെ സ്ഥിതി പരിഗണിക്കുമ്പോഴാണ്. 2022 ധനകാര്യ വര്‍ഷത്തില്‍ ഏപ്രില്‍-ജനുവരി കാലയളവില്‍ത്തന്നെ, ധനക്കമ്മി 9.38 ട്രില്യന്‍ രൂപ 58.9 ശതമാനം വരെ ആയിരിക്കുന്നു. കഴിഞ്ഞ ധനകാര്യ വര്‍ഷം ഇതേ കാലയളവില്‍ ഇത് 68.8 ശതമാനമായിരുന്നു എന്നതുകൊണ്ടു മാത്രം ഈ നിരക്ക് ആശ്വാസത്തിന് ഇടനല്കുന്ന ഒന്നല്ലതന്നെ. 2023 ധനകാര്യ വര്‍ഷത്തേക്കുള്ള ബജറ്റില്‍ നിര്‍മ്മല സീതാരാമന്‍ ധനക്കമ്മിയായി നിജപ്പെടുത്തിയിരിക്കുന്നത് ജിഡിപിയുടെ 6.9 ശതമാനമാണ്. ആദ്യഘട്ടത്തിലെ പ്രതീക്ഷ 6.8 ശതമാനമായിരുന്നു. അതേസമയം എല്‍ഐസിയുടെ കച്ചവടം വഴി നല്ലൊരു തുക കിട്ടുമെങ്കില്‍ ഇത് ജിഡിപിയുടെ 6.4 ശതമാനത്തില്‍, അതായത് 16.6 ട്രില്യന്‍ രൂപ ഒതുക്കിനിര്‍ത്താന്‍ കഴിഞ്ഞേക്കാമെന്നും കണക്കുകൂട്ടുന്നു. സര്‍ക്കാരിന്റെ റവന്യു ചെലവാണെങ്കില്‍ ജനുവരി 2022ല്‍ 30 ശതമാനം വര്‍ധനവ് രേഖപ്പെടുത്തിയപ്പോള്‍, മൂലധന ചെലവ് 0.5 ട്രില്യന്‍ രൂപയായി ചുരുങ്ങുകയാണുണ്ടായത്. 2021നെ അപേക്ഷിച്ച് ആറ് ശതമാനം കുറവാണ് ഇതിലൂടെ രേഖപ്പെടുത്തപ്പെട്ടത്. സമ്പദ്‌വ്യവസ്ഥയുടെ സ്ഥിരതയെ സംബന്ധിച്ച് ആശങ്കകളും അനിശ്ചിതത്വങ്ങളുമാണ് നിലനില്‍ക്കുന്നത്. സ്വാഭാവികമായും ലാഭേച്ഛമാത്രം ലാക്കാക്കി നിക്ഷേപ മേഖലയെ നിരീക്ഷിക്കുന്ന കുത്തക കോര്‍പറേറ്റുകള്‍ കാത്തിരിക്കുക, നിരീക്ഷിക്കുക എന്ന മാനസികാവസ്ഥയാണ് തുടരുന്നത്. അവരുടെ പൊതുവികാരം ഭയത്തിന്റേതാണ്. ഈ വികാരം നടപ്പാക്കുന്നതിനുള്ള ഏക മാര്‍ഗം നിക്ഷേപ മേഖലയില്‍ പൊതു ഏജന്‍സികള്‍ സജീവ ഇടപെടലിന് തയാറാവുക എന്നതു മാത്രമാണ്. അതായത് സര്‍ക്കാര്‍ നിക്ഷേപത്തില്‍ വര്‍ധനവുണ്ടായേ തീരു എന്നര്‍ത്ഥം. ഈ യത്നത്തില്‍ സഹായമാകേണ്ട ആര്‍ബിഐയുടെ ഉദാരമായ പണനയത്തിന്റെ പ്രസക്തിയും സംശയകരമാണ്. സ്വകാര്യ നിക്ഷേപത്തിന്റെ പ്രോത്സാഹനത്തിന് വായ്പാ ചെലവ് വെട്ടിക്കുറയ്ക്കാതെ സാധ്യമാകില്ല എന്നതും ഒരു വസ്തുതയാണ്. അതുകൊണ്ടുതന്നെ പാശ്ചാത്യവികസിത മുതലാളിത്ത രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകള്‍ ചെയ്യുന്നതുപോലെ ബാങ്ക് വായ്പാ പലിശനിരക്ക് കുറയ്ക്കുന്നതിനെപ്പറ്റി ആര്‍ബിഐക്ക് ചിന്തിക്കാനും കഴിയില്ല. റഷ്യ – ഉക്രെയ്ന്‍ സൈനിക ഏറ്റുമുട്ടലുകള്‍ക്ക് തുടക്കം കുറിച്ച ശേഷമുള്ള കാലയളവില്‍ കോവിഡ് അനന്തര കാലഘട്ടത്തില്‍ പ്രതീക്ഷിച്ചിരുന്ന തോതിലുള്ള സാമ്പത്തിക വളര്‍ച്ച നേടിയെടുക്കാന്‍ കഴിയാതായിരിക്കുന്നു.


ഇതുകൂടി വായിക്കാം; അസമത്വങ്ങളും കോവിഡ് ദുരന്തങ്ങളും: ‘ഓക്സ്ഫാം’ റിപ്പോര്‍ട്ടില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍


എന്നു മാത്രമല്ല, വിദേശവ്യാപാര കമ്മിയും 35 ശതമാനം വര്‍ധിച്ച് 21 ബില്യന്‍ ഡോളറിലെത്തിയിരിക്കുന്നു (ദി ഹിന്ദു മാര്‍ച്ച് 3, 2022). 2021 നവംബറില്‍ 22.9 ബില്യന്‍ ഡോളറായിരുന്ന കമ്മി 2022 ജനുവരിയില്‍ 17 ബില്യന്‍ ഡോളറായി താണതിനു ശേഷമാണിപ്പോള്‍ വീണ്ടും ഉയര്‍ന്നിരിക്കുന്നത്. റഷ്യ – ഉക്രെയ്ന്‍ സൈനിക ഏറ്റുമുട്ടല്‍ ആരംഭിച്ചതിന് ശേഷം റഷ്യക്കെതിരായി അമേരിക്കയും നാറ്റോ സഖ്യരാജ്യങ്ങളും യൂറോപ്യന്‍ യൂണിയനും മറ്റും ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധങ്ങളെ തുടര്‍ന്ന് ബാങ്ക് ഇടപാടുകള്‍ മുഴുവന്‍ താറുമാറായിരിക്കുകയാണ്. സ്വിഫ്റ്റ് പേയ്‌മെന്റ് സംവിധാനത്തില്‍ നിന്നും റഷ്യ ഒഴിവാക്കപ്പെട്ടതിന്റെ ഫലമായി സ്ഥിതി കൂടുതല്‍ വഷളാവുകയും ചെയ്തിരിക്കുന്നു. ഇതോടെ ഇന്ത്യന്‍ എന്‍ജിനീയറിങ് ഉല്പന്നങ്ങളുടെ ഏറ്റവും വലിയ വിപണിയായ റഷ്യയില്‍ നിന്ന് കയറ്റുമതി ഇനത്തിലുള്ള വരുമാനത്തിലും കാലതാമസമുണ്ടാകും. ഇന്ത്യയുടെ ബാങ്കിങ് വ്യവസ്ഥ മൊത്തത്തില്‍ റഷ്യയുമായുള്ള വ്യാപാര ഇടപാടുകളുടെ പുതിയ പ്രതിബന്ധങ്ങളെ തുടര്‍ന്ന് പുതിയൊരു ലിക്വിഡിറ്റി പ്രതിസന്ധിയിലകപ്പെടുകയും ചെയ്യും. റഷ്യയില്‍ നിന്നും ഇന്ത്യയിലേക്കുള്ള ഇറക്കുമതികളുടെ മൂല്യം 2021 ല്‍ 6.9 ബില്യന്‍ ഡോളറും ഇന്ത്യയില്‍ നിന്നും റഷ്യയിലേക്കുള്ള കയറ്റുമതികളുടെ മൂല്യം 3.3 ബില്യന്‍ ഡോളറുമായിരുന്നു. ഇതിനു പുറമെ, റഷ്യയുമായി നമുക്ക് രാജ്യരക്ഷാ ഉപകരണ കൈമാറ്റ ബന്ധങ്ങളും വന്‍തോതിലാണുള്ളതെന്നതും ഈ വ്യാപാര ബന്ധവുമായി ചേര്‍ത്തു കാണേണ്ടതാണ്. ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് 2022 മാര്‍ച്ച് നാലിന് റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത് യുദ്ധവും എണ്ണവില വര്‍ധനവും ആര്‍ബിഐയെ സംബന്ധിച്ചിടത്തോളം പലിശനിരക്കില്‍ വരുത്തേണ്ട മാറ്റങ്ങള്‍ സംബന്ധമായി ഗൗരവപൂര്‍വമായൊരു ചിന്തയിലേക്കാണ് നയിച്ചിരിക്കുന്നതെന്നാണ്. ആര്‍ബിഐയുടെ നീക്കം ഏതു വിധത്തിലായിരിക്കുമെന്നതിന് ഏകദേശ രൂപം നല്കാന്‍ ഉതകുന്ന വാക്കുകളാണ് ഡെപ്യൂട്ടി ഗവര്‍ണര്‍ മൈക്കല്‍ പാത്രയുടേത്. പണപ്പെരുപ്പത്തിനിടയാക്കുന്നത് ഡിമാന്‍ഡ് ആണെങ്കില്‍ പണനയത്തിലൂടെ പണപ്പെരുപ്പത്തിന്റെയും വളര്‍ച്ചയുടെയും സ്ഥിരത ഉറപ്പാക്കാന്‍ കഴിയും. എന്നാല്‍, സപ്ലൈ സംബന്ധമായ പ്രതിബന്ധങ്ങളാണ് പണപ്പെരുപ്പത്തിനിടയാക്കുന്നതെങ്കില്‍ സ്ഥിരത ഉറപ്പാക്കാന്‍ പണനയം പര്യാപ്തമാവില്ല. അപ്പോള്‍ കേന്ദ്ര ബാങ്കുകള്‍ക്കു മുന്നില്‍ ഒരു മാര്‍ഗം മാത്രമേ തുറന്നുകിടക്കുന്നുള്ളു. കുറച്ചു നാളത്തേക്കെങ്കിലും ഉയര്‍ന്ന പണപ്പെരുപ്പവുമായി പൊരുത്തപ്പെട്ടുപോവുക അല്ലെങ്കില്‍ ഡിമാന്‍ഡിന്റെ വര്‍ധന നശിപ്പിക്കുന്നതിനുള്ള ബാധ്യത സ്വയം ഏറ്റെടുക്കുക. രണ്ടായാലും ഫലം ഒന്നുതന്നെയായിരിക്കും. വിശേഷിച്ച് ഇപ്പോള്‍ ദേശീയതലത്തില്‍ മാത്രമല്ല, ആഗോളതലത്തിലും നിലവിലുള്ള സാഹചര്യങ്ങള്‍ തുടരുന്നിടത്തോളം ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാനിരക്ക് ഉറപ്പാക്കുക ശ്രമകരമായൊരു അഭ്യാസമായിരിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.