10 January 2025, Friday
KSFE Galaxy Chits Banner 2

ഇന്ന് ലോക വദനാരോഗ്യ ദിനം; രോഗപ്രതിരോധനത്തില്‍ വദനാരോഗ്യത്തിനും വലിയ പങ്ക്

അജയ്‌കുമാര്‍ കരിവെള്ളൂര്‍
March 20, 2022 7:00 am

ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം ലോക ജനസംഖ്യയുടെ 80 ശതമാനത്തോളം വിവിധ ദന്തവദന രോഗങ്ങൾ ബാധിച്ചവരാണ്. ഇതുമൂലം ഉണ്ടാകുന്ന ആരോഗ്യ, സാമൂഹ്യ, സാമ്പത്തിക പ്രത്യാഘാതങ്ങൾ വളരെയേറെയാണ്. കോവിഡ് ഉൾപ്പെടെയുള്ള മഹാമാരിയുടെ കാലത്തും മെച്ചപ്പെട്ട രീതിയിൽ ദന്താരോഗ്യവും സംരക്ഷിക്കേണ്ടതിന്റെ കൂടി ആവശ്യകതയായിരുന്നു. രോഗപ്രതിരോധശേഷി ശരിയായ അളവിൽ നില നിർത്തുന്നതിൽ വദനാരോഗ്യത്തിനും വലിയ പങ്കുണ്ട്. ദന്ത ശുചിത്വത്തിലുള്ള അവബോധമില്ലായ്മ, പഞ്ചസാര ചേർന്ന ഭക്ഷണത്തിന്റെ അമിതോപയോഗം, ഫാസ്റ്റ്ഫുഡ്, കറിമസാലകളുടെ അമിതോപയോഗം എല്ലാം ദന്തവദനരോഗത്തിന് കാരണമാകുന്നു. ക്ഷയിച്ചു കൊണ്ടിരിക്കുന്ന ഒരോ പല്ലും ഹൃദ്രോഗത്തിന് വരെ കാരണമാകുന്നുണ്ട്. ദന്തരോഗം ഹൃദ്രോഗം, സ്ട്രോക്ക്, പ്രമേഹം എന്നിവയ്ക്ക് മാത്രമല്ല മറ്റെല്ലാ ആന്തരാവയവങ്ങളുടെ രോഗവസ്ഥയ്ക്കു വരെ കാരണമായേക്കാം എന്ന് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നത് സംസ്ഥാനത്ത് ഒരു ലക്ഷം പേരിൽ 14 പേർക്ക് വായയിലെ അർബുദം ബാധിച്ചിട്ടുണ്ടെന്നാണ് ഏറ്റവും പുതിയ പഠന റിപ്പോർട്ട്. ഒരു ലക്ഷം പേരിൽ 140 പേർ വദനാർബുദത്തിന് മുൻപുള്ള പ്രീ കാൻസർ ലക്ഷണങ്ങൾ ഉള്ളവരാണ്. മൊത്തം ജനസംഖ്യയുടെ 90 ശതമാനം പേർക്കും മോണരോഗം ഉണ്ട്. ഇതിൽ 55 ശതമാനം പേരിലും കലശലായ മോണരോഗ സാധ്യത ഉളളവരാണ്. 35 ശതമാനം കൗമാരക്കാരിലും നിരതെറ്റിയ പല്ലുകൾ മൂലമുള്ള പ്രശ്നങ്ങൾ നേരിടുന്നു. ജനിച്ച കുഞ്ഞുങ്ങളിൽ 1000 ൽ രണ്ട് പേരിൽ ദന്തവദന വൈകല്യ സാധ്യത ഉളളവരാണ്. മോണരോഗം ഉള്ള സ്ത്രീകളിൽ മാസം തെറ്റിയുള്ള പ്രസവ സാധ്യത ഏറെയാണ്. ആമാശയ രോഗം, ത്വക്ക് രോഗം, കുട്ടികളിൽ വിഷാദരോഗം തുടങ്ങി ദന്തവദന രോഗങ്ങൾ തുടങ്ങി എല്ലാ രോഗങ്ങൾക്കും ഹേതുവാകുന്നു. ആരോഗ്യമേഖലയിൽ വിപ്ലവകരമായ മുന്നേറ്റങ്ങൾ കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ഉണ്ടായിട്ടുണ്ടെങ്കിലും രാജ്യത്ത് പൊതുജന ദന്താരോഗ്യരംഗം ഇന്നും ശൈശവാവസ്ഥയിൽ തന്നെയാണ്. കേരളത്തിലും പൊതുജനോപകാരപ്രദമായ രീതിയിൽ സർക്കാർ മേഖലയിൽ ദന്തചികിത്സാ നവീകരണത്തിനും പൊതുജന ബോധവല്ക്കരണത്തിനും സമഗ്രമായ പരിഷ്കാരവും ഇടപെടലുകളും അനിവാര്യമാണ്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ ഉൾപ്പെടെ ആയിരത്തിൽപ്പരം സർക്കാർ ആതുരാലയങ്ങൾ ഉണ്ടെങ്കിലും 159 ൽ താഴെ ജില്ലാ, താലൂക്ക് ജനറൽ ആശുപത്രികളിലും വിരലിലെണ്ണാവുന്ന സിഎച്ച്സികളിലും മാത്രമാണ് ദന്തചികിത്സാ വിഭാഗങ്ങൾ ഉള്ളത്. പൊതുജനാരോഗ്യം സാധ്യമായ അളവിൽ മികച്ച രീതിയിൽ നിലനിർത്തണമെങ്കിൽ ദന്താരോഗ്യവും പരിരക്ഷിക്കേണ്ടത് അനിവാര്യമാണ്. സ്കൂൾ കുട്ടികൾ ഉൾപ്പെടെ പൊതുജനങ്ങളിൽ വിവിധ ദന്തവദനരോഗങ്ങൾ ഏറിവരികയാണെന്ന് ലോകാരോഗ്യ സംഘടന ദന്തൽ കൗൺസിൽ ഓഫ് ഇന്ത്യയെ നോഡൽ ഏജൻസിയായി നിയമിച്ച് തിരുവനന്തപുരം ജില്ലയിൽ നടത്തിയ പഠനറിപ്പോർട്ടുകളിൽ പറയുന്നത്. ദന്തക്ഷയം, മോണരോഗം തുടങ്ങിയ വിവിധ രോഗങ്ങൾ സ്കൂൾ കുട്ടികളിൽ 80 ശതമാനം പേരിലും കാണപ്പെടുന്നു എന്നത് ആശാസ്യമല്ല. പ്രത്യേകിച്ച് സാക്ഷരതയിലും പൊതുജനാരോഗ്യ രംഗത്തും ഒന്നാം സ്ഥാനത്ത് നിൽക്കുന്ന നമ്മുടെ സംസ്ഥാനത്ത്. ദന്ത ചികിത്സാ നവീകരണത്തിന് 2007ൽ ഡോ. മോഹനൻ നായർ ചെയർമാനായി ഒരു കമ്മിഷനെ നിയമിച്ചിരുന്നു.


ഇതുകൂടി വായിക്കാം; എച്ച്എല്‍എല്ലിനെ കേരളത്തിന് വിട്ടുനല്‍കുക


ഈ രംഗത്തെ വിവിധ സംഘടനകളുമായി ചർച്ച നടത്തിയും അന്വേഷണങ്ങളിലൂടെയും കമ്മിഷൻ വളരെ വിശദമായ റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചെങ്കിലും നിർദേശങ്ങളൊന്നും പിന്നീട് നടപ്പിലാക്കുവാൻ സാധിച്ചില്ലെന്നതാണ് യാഥാർത്ഥ്യം. മൂന്ന് മേഖലകൾ തിരിച്ച് ദന്താരോഗ്യ മേഖലയിൽ സർക്കാർ തലത്തിൽ സ്പെഷ്യാലിറ്റി റീജിയണൽ സെന്ററുകൾ സ്ഥാപിക്കണമെന്നതായിരുന്നു പ്രധാന ശുപാർശ. ദന്തരോഗങ്ങൾ ഒരു സാംക്രമിക രോഗമല്ല എന്ന കാരണത്താൽ തന്നെ പലപ്പോഴും ഈ മേഖലയിൽ പരിഷ്കരണവും വളരെ പിറകിലാണ്. ദന്തൽ സർജന്മാരുടെയും സാങ്കേതിക വിഭാഗ ജീവനക്കാരായ ദന്തൽ ഹൈജീനിസ്റ്റുകളുടെയും ദന്തൽ മെക്കാനിക്കുകളുടെയും ജോലിസ്വഭാവം അടിമുടി പരിഷ്കരിക്കുന്നതിനായുള്ള സമഗ്ര റിപ്പോർട്ട് ഇനിയെങ്കിലും നടപ്പിലാക്കണം. കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകൾ ഉൾപ്പെടെ ആരോഗ്യമേഖലയിൽ കൂടുതൽ ദന്തൽ ക്ലിനിക്കുകൾ അനുവദിക്കണം. ഫീൽഡ്തല ബോധവല്ക്കരണം ദന്തൽ ഹൈജീനിസ്റ്റുകൾക്ക് നിർബന്ധമാക്കുക എന്നതാണ് ഇതിനുള്ള പോംവഴി. ഓറൽ ഹെൽത്ത് കൗൺസിലർ എന്ന നിലയിൽ ദന്തൽ ഹൈജീനിസ്റ്റുകളുടെ സേവനം ഉപയോഗപ്പെടുത്തുവാൻ ഇനിയും വൈകരുത്. ദന്തൽ ചികിത്സാരംഗം ശക്തിപ്പെടണമെങ്കിൽ പ്രത്യേക ദന്തൽ ഡയറക്ടറേറ്റ് അനിവാര്യമാണ്. സർക്കാർ മേഖലയിൽ നിലവിലുള്ള 159 ദന്തൽ ക്ലിനിക്കുകൾ ആണ് ഉള്ളത്. ഇതിന് പുറമേ ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴിൽ 75 ദന്തൽ ക്ലിനിക്കുകളും നിലവിലുണ്ട്. മൊത്തം ഒരു ദന്തൽ ഡെപ്യൂട്ടി ഡയറക്ടർ, 277 ദന്തൽ സർജൻ, 115 ദന്തൽ ഹൈജീനിസ്റ്റ്, 58 ദന്തൽ മെക്കാനിക്ക്, മൂന്ന് ദന്തൽ എക്യുപ്മെന്റ് മെയിന്റനസ് ടെക്നീഷ്യൻ ഉൾപ്പെടെയുള്ള തസ്തിക മാത്രമാണ് ഉള്ളത്. മൂന്നരക്കോടിയോളം വരുന്ന മലയാളികളിൽ 40% പേർ പൊതുജനാരോഗ്യ മേഖലയെ ആശ്രയിക്കുമ്പോൾ ഇത്രയും തസ്തികകളും ചികിത്സാ കേന്ദ്രങ്ങളും മാത്രം മതിയോ എന്നതാണ് പ്രസക്തമായ ചോദ്യം. നിലവിലുള്ള ദന്തൽ ക്ലിനിക്കുകൾ കൂടുതൽ നവീകരിക്കുവാനും എല്ലാ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകളിലും ദന്തൽ യൂണിറ്റുകൾ സ്ഥാപിക്കുകയുമാണ് ഏറ്റവും പ്രധാനം. ഘട്ടം ഘട്ടമായി എല്ലാ പഞ്ചായത്തുകളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ദന്തൽ ക്ലിനിക്കുകൾ എന്ന ലോകാരോഗ്യ സംഘടനയുടെ പ്രഖ്യാപിത ലക്ഷ്യത്തിൽ എത്തിച്ചേരാൻ നമുക്ക് സാധിക്കണം. കാര്യക്ഷമമല്ലാത്ത ബോധവല്ക്കരണരംഗം ദന്തൽ ഹൈജീനിസ്റ്റുകളെ ഉപയോഗപ്പെടുത്തി കൂടുതൽ പൊതുജന ബോധവല്ക്കരണത്തിന് ഉപയോഗപ്പെടുത്തുന്നതിനായി ഒരു സമഗ്ര പരിഷ്കാരവും അനിവാര്യമാണ്. എല്ലാ ജില്ലകളിലും പൊതുജന ദന്താരോഗ്യത്തിനായി സ്ഥിരം സംവിധാനം ഉണ്ടാകണം. ഇതിനായി ദന്തൽ ഹൈജീനിസ്റ്റുകളെ എല്ലാ ജില്ലകളിലും ദന്തൽ ഹെൽത്ത് കോർഡിനേറ്റർമാരായും സ്റ്റേറ്റ് ദന്തൽ ഹെൽത്ത് ഇവാല്വേഷൻ ഓഫീസർമാരായും നിയമിക്കണം. ദന്തൽ ഹൈജീനിസ്റ്റുകൾ വഴി അങ്കണവാടി, സ്കൂൾ ജെപിഎച്ച്എൻ ആശവർക്കർന്മാർ എന്നിവർക്ക് പരിശീലനം നൽകി ബോധവല്ക്കരണം താഴെതട്ടിലെത്തിക്കണം. ദന്തക്ഷയവും മോണരോഗവും ശരീരത്തെ ബാധിക്കുന്ന മറ്റ് രോഗങ്ങൾക്കുകൂടി കാരണമാകുന്നുണ്ട്. പൊതുജന ദന്താരോഗ്യരംഗം കൂടുതൽ ശക്തിപ്പെട്ടേ മതിയാകൂ. പാവപ്പെട്ടവർക്ക് മെച്ചപ്പെട്ട ദന്ത ചികിത്സ, എല്ലാവർക്കും ദന്താരോഗ്യം എന്ന മഹത്തായ ആശയത്തിലേക്ക് എത്താൻ വായയുടെ ആരോഗ്യത്തിൽ അഭിമാനം കൊള്ളു എന്ന ഈ വർഷത്തെ വദനാരോഗ്യദിന സന്ദേശത്തോടൊപ്പം ചേർന്ന് നിൽക്കാം.

(ലേഖകൻ കേരളാ ഗവൺമെന്റ് ദന്തല്‍ ഹൈജീനിസ്റ്റ് അസോസിയേഷൻ ജനറൽ സെക്രട്ടറിയും ജോയിന്റ് കൗൺസിൽ സംസ്ഥാന കൗൺസിൽ അംഗവുമാണ്)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.