15 November 2024, Friday
KSFE Galaxy Chits Banner 2

Related news

October 31, 2024
April 6, 2024
March 26, 2024
March 10, 2024
February 3, 2024
January 31, 2024
January 16, 2024
December 27, 2023
December 26, 2023
November 7, 2023

വി ഡി സതീശനെതിരേ ഐഎന്‍ടിയുസി നടത്തിയ പ്രകടനത്തിന് പിന്നില്‍ ചെന്നിത്തലയെന്ന് ആരോപണം

പുളിക്കല്‍ സനില്‍രാഘവന്‍
April 1, 2022 3:32 pm

ചങ്ങനാശേരിയില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ ഐഎന്‍ടിയുസിയുടെ നേതൃത്ത്വത്തില്‍ പ്രകടനം നടത്തിയതിന് പിന്നില്‍ മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയെന്നു പുറത്തു വരുന്ന റിപ്പോര്‍ട്ട്.

കഴിഞദിവസം ചെന്നിത്തല വിവിധ പരിപാടികളുമായി ബന്ധപ്പെട്ട് ചങ്ങനാശ്ശേരിയിൽ ഉണ്ടായിരുന്നു. ചങ്ങനാശ്ശേരിയിലെ ടിബിയിലായിരുന്നു അദ്ദേഹത്തിന് പരിപാടി. ഇവിടെ എത്തി ഐഎൻടിയുസി നേതാക്കൾ ചെന്നിത്തലയുമായി കൂടിക്കാഴ്‌ച്ച നടത്തിയിരുന്നു. 

പ്രകടനത്തിന് നേതൃത്വം നല്‍കിയ ഐഎന്‍ടിയുസി സംസ്ഥാന നേതാവ് കൂടിയായ പി പി തോമസാണ് ഇന്നലത്തെ കൂടിക്കാഴ്‌ച്ചയിൽ പങ്കെടുത്തത്. അദ്ദേഹമാണ് ഇന്ന് സമരത്തിന് നേതൃ്ത്വം കൊടുത്തതും. ഇതോടെയാണ് ഇന്നത്തെ സതീശൻ വിരുദ്ധ സമരം ആസൂത്രിതമാണെന്ന ആക്ഷേപം ഉയരുന്നത്. ജില്ലാ പ്രസിഡന്റ് ഫിലിപ് ജോസഫും ചെന്നിത്തലയെ കാണാന്‍ എത്തിയിരുന്നു.

എന്തായാലും ഈ കൂടിക്കാഴ്ചകള്‍ക്ക് പിന്നാലെയാണ് പ്രതിപക്ഷ നേതാവിനെതിരെ മാര്‍ച്ച് നടന്നത് എന്നതും ശ്രദ്ധേയമാണ്.പ്രകടനം ആസൂത്രിതമാണെന്നും ഇതിന് പിന്നിൽ ചെന്നിത്തല ആണെന്നുമാണ് വി ഡി സതീശനെ അനുകൂലിക്കുന്നവർ പറയുന്നത്. ഇത് സംബന്ധിച്ച തെളിവുകളും ഇവർ ശേഖരിക്കുന്നുണ്ട്. എഐസിസിക്ക് പരാതിയും നല്‍കാനുള്ള തയ്യാറെടെുപ്പിലാണ് ഇവര്‍. ചെന്നിത്തല കാരണമാണ് ഇന്ന് തനിക്കെതിരെ സമരം നടന്നതെന്നാണ് പ്രതിപക്ഷ നേതാവ് കരുന്നത്.

കോൺഗ്രസിന്റെ പോഷക സംഘടനയല്ല ഐഎൻടിയുസി എന്നു പറഞ്ഞതിനെതിരെയാണ് സതീശനെതിരെ നേതാക്കളും അണികളും രംഗത്തുവന്നിരിക്കുന്നത്. ഈ നീക്കത്തിന് പിന്നിൽ പാർട്ടിയിലെ സതീശന്റെ ശത്രുക്കളുമുണ്ട്. എന്നാൽ, കോൺഗ്രസ് അണികളുടെ വികാരം സമരത്തിൽ ഐഎൻടിയുസിക്ക് എതിരായിരുന്നു. ഇത് സതീശനും വ്യക്തമായിരുന്നു.

അതുകൊണ്ടാണ് അദ്ദേഹം ഐഎൻടിയുസി കോൺഗ്രസിന്റെ പോഷക സംഘടനയല്ലെന്ന് പറഞ്ഞതും.പ്രതിപക്ഷ നേതാവിനെതിരെ നടന്ന പ്രതിഷേധ പ്രകടനത്തിൽ നേതൃത്വവും അതൃപ്തരാണ്. ചെന്നിത്തലയാണ് എതിരായി നിൽക്കുന്നത് എന്നാണ് സതീശനെ അനുകൂലിക്കുന്നവരുടെ പക്ഷം. സംഭവത്തിൽ സതീശൻ അനുകൂലിക്കുന്നവർ ഹൈക്കമാൻഡിന് പരാതി നൽകാനാണ് ഒരുക്കം. അതേസമയം ചങ്ങനാശ്ശേരിയിലെ ഐഎൻടിയുസി പ്രകടനത്തെ തള്ളി സംസ്ഥാന അധ്യക്ഷൻ ആർ ചന്ദ്രശേഖരനും രംഗത്തുവന്നു.

പ്രകടനം ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്നും പ്രകടനം നടത്തിയ നടപടി തെറ്റാണെന്നുമാണ് ചന്ദ്രശേഖരന്റെ നിലപാട്. ഐഎൻടിയുസി യുടെ ജില്ലാ അധ്യക്ഷന്മാരുമായി ആശയവിനിമയം നടത്തുമെന്നും കോൺഗ്രസിനൊപ്പം ആണ് ഐഎൻടിയുസി എന്നും ചന്ദ്രശേഖരൻ പറഞ്ഞു. ഐ എൻ ടി യു സി പ്രവർത്തകർ പ്രതിഷേധങ്ങൾ നടത്തരുത്. എഐസിസിയുടെ സർക്കുലറിലടക്കം ഐഎൻടിയുസിയുടെ സ്ഥാനം വ്യക്തമാക്കിയിട്ടുണ്ട്. 

പരാതിയും പരിഭവവും പറയേണ്ട സമയമല്ലിതെന്നും അദ്ദേഹം വ്യക്തമാക്കി.ഐഎൻടിയുസി കോൺഗ്രസിന്റെ പോഷക സംഘടനയല്ലെന്ന പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പരാമർശത്തിനെതിരെയാണ് ചങ്ങനാശ്ശേരിയിൽ പ്രതിഷേധ പ്രകടനം നടന്നത്. സതീശൻ ഉന്നയിച്ച പ്രസ്താവന പിൻവലിക്കണമെന്നാണ് ഐഎൻടിയുസി യുടെ ആവശ്യം. സതീശൻ പ്രസ്താവന പിൻ വലിക്കുകയാണോ അല്ലെങ്കിൽ നിലപാടിൽ ഉറച്ച് നിൽക്കുയാണോ ചെയ്യുന്നതെന്ന് വ്യക്തമാക്കണമെന്ന് ഐ.എൻ.ടി.യു.സി വർക്കിങ് കമ്മിറ്റി അംഗംകൂടിയായ പിപി തോമസ് ആവശ്യപ്പെട്ടു.

അതേസമയം പ്രകടനം നടത്തിയതിന്റെ പേരിൽ എന്ത് നടപടിയുണ്ടായാലും അതെല്ലാം നേരിടാൻ തയ്യാറാണെന്നാണ് ഇവരുടെ നിലപാട്. കോൺഗ്രസിന്റെ മറ്റു സംഘടനകൾ പോലെ എക്കാലത്തും കോൺഗ്രസിനോടു ചേർന്നു പ്രവർത്തിച്ച സംഘടനയാണ് ഐഎൻടിയുസിഅത്തരത്തിലൊരു സംഘടനയെ സതീശൻ തള്ളിപ്പറഞ്ഞത് ശരിയായില്ല എന്നും ഐഎൻടിയുസി പറഞ്ഞു.ഇക്കഴിഞ്ഞ ദിവസം പാലാ എം എൽ എ മാണി സി കാപ്പനാണ് യു ഡി എഫ് നേതൃത്വത്തിനെതിരെ വെടി പൊട്ടിച്ചതിനു പിന്നിലും ചെന്നിത്തലയാണെന്നു ഉറച്ചു വിശ്വസിക്കുന്നവരാണ് സതീശനൊപ്പമുള്ളവര്‍

തന്നെ മുന്നണി പരിപാടികൾ അറിയിക്കാറില്ലെന്നും തഴയുകയാണെന്നുമൊക്കെയുള്ളപരിഭവം പാല എംഎല്‍എ മാണി സികാപ്പൻ പരസ്യമായി പങ്ക് വെച്ചത് — പ്രതിപക്ഷ നേതാവ് സതീശൻ ഉടൻ തന്നെ കാപ്പന് മറുപടിയും കൊടുത്തു — ഇത്തരമൊരു പരാതി തന്നോടിതു വരെ കാപ്പൻ പറഞ്ഞിട്ടില്ലെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. കാപ്പനെ കുത്തിയിളക്കി വിട്ടതിന് പിന്നിൽ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണെന്ന് കോൺഗ്രസുകാർ അടക്കം പറയുന്നുണ്ട്.

എൻസിപി പിളർത്തി കാപ്പനെ മുന്നണിയിലേക്ക് കൊണ്ട് വന്നതിൽ മുഖ്യപങ്ക് വഹിച്ചത് ചെന്നിത്തലയായിരുന്നു. മുന്നണിക്കുള്ളിൽ ചെന്നിത്തലയെ ഒതുക്കി നിർത്തിയിരിക്കുന്നതിന്റെ പരിഭവവും കാപ്പൻ പറയാതെ പറയുകയും ചെയ്തിരുന്നു. ഒരേ സമയം എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനേയും വി ഡി. സതീശനേയും വെട്ടിനിരത്താനുള്ള ദ്വിമുഖ തന്ത്രമാണ് ചെന്നിത്തല പയറ്റുന്നത്. ഇടക്കാലത്ത് ഉമ്മൻ ചാണ്ടി ഗ്രൂപ്പുമായി ചെന്നിത്തല ചേർന്ന് പ്രവർത്തിച്ചിരുന്നെങ്കിലും എം. ലിജുവിനെ രാജ്യസഭാ സ്ഥാനാർത്ഥിയാക്കാൻ ചെന്നിത്തല കെപിസിസി പ്രസിഡന്‍റ് കെ.സുധാകരനുമായി ചേര്‍ന്ന് ശ്രമിച്ചത് ഉമ്മൻ ചാണ്ടിയെയും എ ഗ്രൂപ്പിനേയും ചൊടിപ്പിച്ചു.

കെ സി വേണുഗോപാല്‍— വി ഡി സതീശന്‍ കൂട്ടുകെട്ടിനെതിരെ ചെന്നിത്തലയും എ ഗ്രൂപ്പും കൈകോര്‍ത്തിരുന്നു. എന്നാല്‍ ലിജുവിനുവേണ്ടിയുള്ള ചെന്നിത്തലയുടെ നിലപാടില്‍ എ ഗ്രൂപ്പിന് കടുത്ത അമര്‍ഷമാണ്. അതോടെ ചെന്നിത്തലയുമായുള്ള ബന്ധം ഉപേക്ഷിക്കുവാന്‍ എ ഗ്രൂപ്പ് തീരുമാനിച്ചു. ചെന്നിത്തല മാണി കാപ്പനെക്കൊണ്ട് യുഡി എഫ് നേതൃത്വത്തിനെതിരെ അലമ്പുണ്ടാക്കുന്നതിൽ വിജയിച്ചു. പക്ഷേ, കോൺഗ്രസ് കൂടാരത്തിൽ നിന്ന് ആരും തനിക്കൊപ്പം വരാത്തതിൽ ഏറെ ഖിന്നന്നാണ് ചെന്നിത്തല ജോസഫ് വാഴയ്ക്കനും ജ്യോതികുമാർ ചാമക്കാല, ആലപ്പുഴയിലെ എ എ ഷുക്കൂര്‍, ബാബുപ്രസാദ് മാത്രമാണ് ചെന്നിത്തല ക്യാമ്പിലുള്ളത്. എം എൽ എ മാരുടേയോ എം പി മാരുടേയോ പിന്തുണ ഇല്ലാത്തതും ചെന്നിത്തല ക്യാമ്പിന് വലിയ ക്ഷീണമാണ്.

ഹൈക്കമാണ്ടിലെ പിടി അയഞ്ഞതും തിരിച്ചടിക്ക് കാരണമായി.പൊതു മണ്ഡലത്തിലും പാർട്ടി പരിപാടികളിലും നിറഞ്ഞു നിൽക്കാൻ പല നമ്പരും ചെന്നിത്തല പയറ്റുന്നുണ്ടെങ്കിലും ഒന്നും കാര്യമായി ക്ലച്ച് പിടിക്കുന്നില്ല — ഏറ്റവും ഒടുവിൽ ചെങ്ങന്നൂരിൽ ഒന്ന് രണ്ട് വേണ്ടപ്പെട്ട ശിങ്കിടികളുമായി പോയി കെ — റെയിലിന്റെ കുറ്റിപിഴുത് മാറ്റിയെങ്കിലും അതേ കുറ്റി മന്ത്രി സജി ചെറിയാൻ പുനഃ സ്ഥാപിച്ചതും തിരിച്ചടിയായി. 

ഐ ഗ്രൂപ്പില്‍ കൂടെയുണ്ടായിരുന്നു പഴകുളം മധു, കെ പി ശ്രീകുമാര്‍ തുടങ്ങിയവര്‍ കെസി വേണുഗോപാലിനൊപ്പമാണ്.ഗ്രൂപ്പ് കളിയുടെ സാധ്യതകൾ മങ്ങിത്തുടങ്ങിയപ്പോൾ പ്രതിപക്ഷ നേതാവിനെ തിരെ യു ഡി എഫിലെ ചെറു കക്ഷികളെ കുത്തിയിളക്കി വിടുന്ന പണിയും ചെന്നിത്തല തുടങ്ങിയതായിട്ടാണ് വിഡിയെ അനുകൂലിക്കുന്നവര്‍ അഭിപ്രായപ്പെടുന്നുകോട്ടയത്ത് കെ റെയിൽ വിരുദ്ധ സമര പരിപാടിയിൽ പങ്കെടുക്കാൻ സതീശൻ കോട്ടയത്ത് എത്തുന്ന സാഹചര്യത്തിൽ കൂടിയാണ് ഇത്തരത്തിലൊരു പ്രതിഷേധം. ഇതിന് പിന്നിലും കൃത്യമായ ആസൂത്രണം ഉണ്ടെന്നാണ് പ്രതിപക്ഷ നേതാവിനെ അനുകൂലിക്കുന്നവർ കരുതുന്നത്.

സാമൂഹ്യ മാധ്യമങ്ങളിൽ കെസി വേണുഗോപാലിനും, സതീശനുമെതിരെ ചെന്നിത്തല നേരിട്ട് നടത്തിയ ചില ഓപ്പറേഷനുകൾ നടത്തുന്നതായും അവയുടെ ഓഡിയോ ക്ലിപ്പുകൾ വൈറലായത് ചെന്നിത്തലക്ക് കനത്ത ക്ഷീണമായതായി കെ സി ക്യാമ്പുകള്‍ പറയുന്നു. കെ.സി ക്യാമ്പിൽ നിന്ന് ചെന്നിത്തലയെ ആക്ഷേപിക്കുന്ന ട്രോളുകളും പത്രവാർത്തകളും മുറയ്ക്ക് വരുന്നുണ്ട്. ഇതിന് തിരിച്ചടി കൊടുക്കാൻ ചെന്നിത്തല നേരിട്ട് ട്രോളറന്മാരെയും വ്യാജ പ്രൊഫൈലുകളും ഇറക്കിയിട്ടുണ്ട് ന്ന് ആരോപിക്കുന്നുണ്ട്- കെ.സി കോവാലൻ എന്നൊരു ഫെയ്‌സ് ബുക്ക് പേജിന് പിന്നിൽ ചെന്നിത്തല അനുയായികളാണെന്ന് ആരോപണമുണ്ട്.

സംസ്ഥാന കോണ്‍ഗ്രസില്‍ ഉയര്‍ന്നു വരുന്ന ഗ്രൂപ്പിനുള്ളിലെ ഗ്രൂപ്പാണ് ഇതിനു പിന്നിലെന്നു രാഷ്ട്രീഷ നിരീക്ഷകര്‍ കാണുന്നത്.ഐ വിഭാഗത്തിന്‍റെ ഭാഗമായിരുന്നു ചെന്നിത്തലയും,സതീശനും, കെ.സി വേണുഗോപാലുമെല്ലാം. എന്നാല്‍ സംസ്ഥാന രാഷട്രീയത്തില്‍ തന്‍റെ സ്വാധീനം ഉറപ്പിക്കാനായി എഐസിസി സംഘടനാ ജനറല്‍ സെക്രട്ടറി കൂടിയായ കെ സി വേണുഗോപാല്‍ പ്രതിപക്ഷനേതാവ് വിഡി സതീശനെയും കൂട്ടി പുതിയ ഗ്രൂപ്പ് ഉണ്ടാക്കി ഇതോടെ ചെന്നിത്തലക്ക് ഒപ്പം നിന്ന പലരും മറുകണ്ടം ചാടിയിരിക്കുകയാണ്.

Eng­lish Sum­ma­ry: It is alleged that Chen­nitha­la was behind the INTUC protest against VD Satheesan

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.