ജമ്മു കശ്മീരിലെ ബന്ദിപോരയില്‍ ബരാര്‍ അരാഗം മേഖലയിലുണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം മൂന്ന് ഭീകരരെ വധിച്ചു. ഇവരില്‍ രണ്ടു പേര്‍ക്ക് കഴിഞ്ഞ ദിവസം നടന്ന കശ്മീരി പണ്ഡിറ്റിന്റെ കൊലപാതകത്തില്‍ പങ്കുണ്ടെന്ന് സൈന്യം അറിയിച്ചു. പ്രദേശത്ത് ഭീകരര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. ബുധനാഴ്ച ബന്ദിപോരയിലെ സാലിന്ദറില്‍ നടന്ന ഏറ്റമുട്ടലില്‍ സൈന്യം ഒരു ഭീകരനെ വധിച്ചിരുന്നു. ഇവിടെ നിന്നും രക്ഷപ്പെട്ട രണ്ട് ഭീകരരെ ഇന്നലെ നടന്ന ഏറ്റുമുട്ടലില്‍ പിടികൂടിയതായും സൈന്യം പറഞ്ഞു. ഇവര്‍ പാകിസ്ഥാനിലെ ഭീകരസംഘടനയായ ലഷ്കര്‍ ഇ ത്വയ്ബ അംഗങ്ങളാണ്.
അതേസമയം പുൽവാമയിൽ ഭീകരാക്രമണത്തില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. പൊലീസ് കോൺസ്റ്റബിൾ റിയാസ് അഹമ്മദ് തോക്കറാണ് കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിന്റെ വീടിനു നേരെ ഭീകരര്‍ ആക്രമണം നടത്തുകയായിരുന്നു. വെടിയേറ്റ റിയാസിനെ ഉടന്‍ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ബുദ്ഗാമില്‍ സര്‍ക്കാര്‍ ജീവനക്കാരനായ കശ്മീരി പണ്ഡിറ്റ് രാഹുൽ ഭട്ടിനെ ഭീകരര്‍ വെടിവച്ച് കൊല്ലപ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് പൊലീസ് ഉദ്യോഗസ്ഥന് നേരെ ആക്രമണം ഉണ്ടായത്. കശ്മീര്‍ ടൈഗേഴ്സ് എന്ന ഭീകര സംഘടന രാഹുല്‍ ഭട്ടിന്റെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്.
സംഭവത്തില്‍ പ്രതിഷേധിച്ച് റോഡിലിറങ്ങിയ കശ്മീരി പണ്ഡിറ്റ് വിഭാഗം സുരക്ഷയൊരുക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ആരോപിച്ചു. ബുദ്ഗാമില്‍ സുരക്ഷാസേനയും പ്രതിഷേധക്കാരും തമ്മില്‍ സംഘര്‍ഷമുണ്ടായി. ശ്രീനഗര്‍ വിമാനത്താവളത്തിലേക്ക് പ്രകടനം നടത്തിയവരെ പിരിച്ചുവിടാൻ പൊലീസ് ലാത്തിച്ചാർജ് നടത്തി. കണ്ണീർ വാതക ഷെല്ലുകളും പ്രയോഗിച്ചു.
English Summary: Clashes in Kashmir: Three terrorists killed
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.