23 November 2024, Saturday
KSFE Galaxy Chits Banner 2

Related news

November 23, 2024
November 23, 2024
November 23, 2024
November 22, 2024
November 22, 2024
November 22, 2024
November 22, 2024
November 22, 2024
November 21, 2024
November 21, 2024

കോൺഗ്രസ് ഇപ്പോഴും ദുരൂഹതയാണ്

Janayugom Webdesk
May 17, 2022 5:00 am

ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ നടന്ന അഞ്ചു സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ അതിദയനീയമായ പരാജയം ഏറ്റുവാങ്ങിയതിനു ശേഷം അതിജീവന മാർഗങ്ങൾ തേടുന്നതിനാണ് കോൺഗ്രസ് മൂന്നുദിന ചിന്തൻ ശിബിരം സംഘടിപ്പിക്കുന്നതിന് തീരുമാനിച്ചത്. പോരായ്മകൾ ചർച്ച ചെയ്യുന്നതിനും പ്രതിവിധികൾ കണ്ടെത്തുന്നതിനുമുള്ള കൂട്ടായ ചർച്ചകളും തീരുമാനങ്ങളും അവിടെയുണ്ടാകുമെന്ന് ചിലരെങ്കിലും സങ്കല്പിച്ചത് രാജ്യത്തിന്റെ അപകടകരമായ അവസ്ഥയിൽ കോൺഗ്രസ് ഉണർന്നു പ്രവർത്തിക്കുമെന്ന് പ്രതീക്ഷയുള്ളതുകൊണ്ടായിരുന്നു. ഒരു പ്രസ്ഥാനത്തിനുണ്ടാകേണ്ട സംഘടനാ സംവിധാനങ്ങളുടെ അഭാവവും ആൾക്കൂട്ട രാഷ്ട്രീയ പ്രസ്ഥാനമെന്ന പേരുദോഷവുമുണ്ടെങ്കിലും ഇന്ത്യയുടെ ഭാവിരാഷ്ട്രീയത്തിൽ എല്ലാ സംസ്ഥാനങ്ങളിലും വേരുകളുള്ള ആ പാർട്ടിക്കും അപ്രധാനമല്ലാത്ത പങ്ക് വഹിക്കുവാനുണ്ടെന്ന വസ്തുതയും ആ പ്രതീക്ഷയ്ക്കു കാരണമാണ്. എന്നാൽ നവ സങ്കല്പ ശിബിരം, ചിന്തൻ ശിബിരം എന്നിങ്ങനെ പേരുകളിൽ മൂന്നുദിവസം നടത്തിയ ബോധവല്ക്കരണക്ലാസിന്റെ ബാക്കിപത്രമെന്തായിരുന്നു. സ്വാതന്ത്ര്യസമരത്തിന്റെ ആദ്യകാലത്തെ ഞായറാഴ്ച കോൺഗ്രസെന്ന പേരുദോഷം മാറ്റുവാൻ പാർട്ടി ഇപ്പോഴും സന്നദ്ധമാകുന്നില്ലെന്നതിന്റെ പ്രകടിത രൂപമായി ഉദയ്‌പുരിൽ ചേർന്ന ചിന്തൻ ശിബിരം മാറിയെന്നതാണ് അതിന്റെ യാഥാർത്ഥ ഉത്തരം.

ഒരു ദേശീയ മാധ്യമം നടത്തിയ വിലയിരുത്തലാണ് ശരി, കോൺഗ്രസ് ഇപ്പോഴും സ്വന്തം ഗൃഹസംവിധാനത്തെക്കുറിച്ചല്ലാതെ പരിഷ്ക്കരണത്തെക്കുറിച്ചോ രാജ്യത്തിന്റെ ഭാവി രാഷ്ട്രീയത്തെക്കുറിച്ചോ ഉള്ള ഉത്തരവാദിത്തങ്ങളിൽ നിന്ന് വഴുതി മാറുകയാണ്. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് തോൽവിയെ തുടർന്ന് അധ്യക്ഷ പദവി ഉപേക്ഷിച്ച് രക്ഷപ്പെട്ട രാഹുൽ ഗാന്ധി ശിബിരത്തിൽ നടത്തിയ പ്രസംഗത്തിൽ ബിജെപി, ആർഎസ്എസ് കൂട്ടുകെട്ടുയർത്തുന്ന വെല്ലുവിളികളെ നേരിടുവാൻ കുറുക്കുവഴികളില്ലെന്ന് പറഞ്ഞുവയ്ക്കുന്നുണ്ട്. എന്നാൽ അതിനുള്ള യഥാർത്ഥ വഴിയെന്തെന്ന് അദ്ദേഹമോ ശിബിരമോ ചർച്ച ചെയ്തതായോ കണ്ടെത്തിയതായോ വിവരങ്ങളില്ല. പകരം അധികാര സ്ഥാനമാനങ്ങൾ കിട്ടിയാൽ അത് പങ്കുവയ്ക്കുന്നതിനുള്ള നിബന്ധനകളും പാർട്ടി ഭാരവാഹിത്വത്തിനുള്ള ഉപാധികളും പ്രായപരിധികളും മാത്രമാണ് ചർച്ച ചെയ്തത്.


ഇതും കൂടി വായിക്കാം; കോൺഗ്രസിന് പുനർജ്ജനി സാധ്യമോ


2024ൽ നടക്കുന്ന ലോക്‌സഭാ തെരഞ്ഞെ ടുപ്പ് സംബന്ധിച്ച് പ്ര ത്യേക സമിതിക്കു പിന്നീട് രൂപം നല്കുമെന്നാണ് പ്രഖ്യാപനം. പൊതുതെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്വീകരിക്കുന്ന നയമെന്താണെന്നത് പ്രധാന പ്രശ്നമാണ്. ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകൾ ഒരു പരീക്ഷണമായെടുത്താൽ കോൺഗ്രസിന് തനിച്ച് ദേശീയ രാഷ്ട്രീയത്തിൽ ഒന്നും ചെയ്യാനാകില്ലെന്ന് വ്യക്തമാണ്. ബിജെപിയെ പരാജയപ്പെടുത്തുകയെന്നത് ഇന്നത്തെ സാഹചര്യത്തിൽ അനിവാര്യവുമാണ്. ശിബിരത്തിൽ തീരുമാനിച്ചതുപോലെ കിട്ടുന്ന സ്ഥാനമാനങ്ങൾക്ക് നിബന്ധനകളോ പാർട്ടി ഭാരവാഹിത്വത്തിനുള്ള ഉപാധികളോ മുന്നോട്ടുവച്ച് കോൺഗ്രസിന്റെ സംഘടനാ സംവിധാനം മെച്ചപ്പെടുത്തിയതുകൊണ്ടുമാത്രം സാധ്യമാകുന്ന ഒന്നല്ല അത്.

ഇന്ത്യയുടെ നട്ടെല്ല് തകർക്കുന്ന നയങ്ങളാണ് ബിജെപി നേതൃത്വത്തിൽ മോഡി സർക്കാർ പിന്തുടരുന്നത് എന്ന നേതാക്കളുടെ പ്രസംഗം മാത്രം പോരാ. പി ചിദംബരം സമിതിയുടെ റിപ്പോർട്ടിൽ സാമ്പത്തിക നയങ്ങൾ തെറ്റായെന്ന പരാമർശമുണ്ടായെങ്കിലും ശിബിരത്തിന്റെ ഔദ്യോഗിക നിലപാടായി പോലും അത് പുറത്തുവന്നില്ല. ശിബിരത്തിലെ രാഷ്ട്രീയ ഉപസമിതിയിൽ വർഗീയതയോടുള്ള സമീപനം സംബന്ധിച്ച് രൂക്ഷമായ അഭിപ്രായവ്യത്യാസങ്ങളാണ് ഉയർന്നത്. മൃദുഹിന്ദുത്വ നിലപാടിൽ മുന്നോട്ടുപോകണമെന്ന അഭിപ്രായം ഉന്നത നേതാക്കൾ പോലും ഉന്നയിച്ചു. എന്നാൽ താല്കാലികമായ തെരഞ്ഞെടുപ്പ് നേട്ടങ്ങൾക്കുവേണ്ടി ബിജെപിയുടെ ബി ടീം ആകരുതെന്ന നിർദേശവും ഉയർന്നു. അതുകൊണ്ടുതന്നെ വർഗീയതയ്ക്കെതിരായ ശക്തമായ നിലപാട് ഊന്നിപ്പറയുവാൻ ശിബിരത്തിന് സാധിച്ചില്ല. ശിബിരം കഴിഞ്ഞശേഷം ക്ഷേത്രദര്‍ശനം നടത്തിയ രാഹുലിന്റെ നടപടി നല്ല സന്ദേശമല്ല നല്കുന്നതും. ബിജെപിയെ തോല്പിക്കണമെന്നും മതേതര — ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കണമെന്നും ആഗ്രഹമുണ്ടെങ്കിൽ കോൺഗ്രസ് ആദ്യം തിരിച്ചറിയേണ്ടത് ശിബിരത്തിൽ രാഹുൽതന്നെ പറഞ്ഞതുപോലെ അതിന് കുറുക്കുവഴികളില്ലെന്നതാണ്.


ഇതും കൂടി വായിക്കാം; കപ്പിത്താനില്ലാതെ ആടിയുലയുന്ന കപ്പൽ


അവിടെയാണ് ഇന്ത്യയിലെ ഇടതുപക്ഷം പ്രത്യേകിച്ച് കമ്മ്യൂണിസ്റ്റ് പാർട്ടികൾ മുന്നോട്ടുവയ്ക്കുന്ന ഇടതു മതേതര — ജനാധിപത്യ പ്രസ്ഥാനങ്ങളുടെ ഐക്യമെന്ന ആശയം അനിവാര്യമാകുന്നത്. ആ ദിശയിൽ എന്താണ് ചെയ്യുവാൻ പോകുന്നത് എന്നതാണ് വർത്തമാനകാല ഇന്ത്യ കോൺഗ്രസിന് മുന്നിൽ ഉന്നയിക്കുന്ന സുപ്രധാന ചോദ്യം. കോൺഗ്രസിന്റെ പൂർവികരുൾപ്പെടെ നടത്തിയ ത്യാഗനിർഭരവും പ്രക്ഷുബ്ധവുമായ പോരാട്ടത്തിന്റെ ഫലമായി നേടിയെടുത്ത സ്വാതന്ത്ര്യവും സ്ഥാപിതമായ രാഷ്ട്ര നയങ്ങളും ഭരണഘടനയും ഉൾപ്പെടെ സംരക്ഷിച്ചുനിർത്തേണ്ട ബാധ്യത അവർക്കുകൂടിയുള്ളതാണ്. പ്രാദേശിക രാഷ്ട്രീയത്തിന്റെ പ്രാധാന്യം മനസിലാക്കുകയും അവർക്കും മതേതര ഇടതു ജനാധിപത്യ പ്രസ്ഥാനങ്ങൾക്കും പൊതുവായൊരു വേദി കെട്ടിപ്പടുക്കുന്നതിനുമുള്ള പരിശ്രമങ്ങൾക്ക് കാലം വൈകിയിരിക്കുന്നുവെന്ന് കോൺഗ്രസ് ഗൗരവത്തോടെ തിരിച്ചറിയണം. 2021ലെ തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന്റെ അനുഭവം അവരുടെ ഓർമ്മകളിലുണ്ടാവുകയും വേണം. അതാണ് യഥാർത്ഥ വഴിയെന്ന് അംഗീകരിക്കുവാൻ തയാറാകില്ലെന്ന കോൺഗ്രസിന്റെ വാശി യാഥാർത്ഥ്യ ബോധമില്ലാത്തതും ദുരൂഹവുമാണ്.

You may also like this video;

TOP NEWS

November 23, 2024
November 23, 2024
November 23, 2024
November 23, 2024
November 23, 2024
November 23, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.