2 May 2024, Thursday

തിരിച്ചടിയായി മാറുന്ന വിദ്വേഷ രാഷ്ട്രീയം

Janayugom Webdesk
June 7, 2022 5:00 am

നരേന്ദ്രമോഡി ഭരണകൂടം അതിന്റെ ഭരണകൂട നടപടികളുടെയും നയപരിപാടികളുടെയും പരാജയങ്ങളെ മറികടക്കാൻ എല്ലായ്പ്പോഴും വിദഗ്ധമായി പ്രയോജനപ്പെടുത്തിപോന്ന വിദ്വേഷ രാഷ്ട്രീയം അതിനെ തിരിഞ്ഞുകൊത്താൻ തുടങ്ങിയിരിക്കുന്നു. ഭരണകൂടം അതിവിദഗ്ധമായി പ്രയോഗിച്ചുപ്പോന്ന വിദ്വേഷ രാഷ്ട്രീയം അന്താരാഷ്ട്ര നയതന്ത്രരംഗത്ത് നിശിതമായി ചോദ്യംചെയ്യപ്പെട്ടിരിക്കുന്നു. ദശകങ്ങളായി കരുതലോടെ രാജ്യം പരിപാലിച്ചുപോന്ന നിർണായക നയതന്ത്ര, സാമ്പത്തിക ബന്ധങ്ങൾക്കാണ് വിദ്വേഷ രാഷ്ട്രീയം വിനയായി മാറിയിരിക്കുന്നത്. പശ്ചിമേഷ്യൻ രാഷ്ട്രങ്ങൾ ഉയർത്തിയ ശക്തമായ പ്രതിഷേധങ്ങൾക്ക് മറുപടിയോ വിശദീകരണമോ പോലും നല്കാൻ നില്ക്കാതെ ബിജെപി നേതൃത്വം അതിന്റെ ദേശീയ വക്താക്കളിൽ ഒരാളെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്നും സസ്പെൻഡ് ചെയ്യാനും അതിന്റെ ഡൽഹി സംസ്ഥാന വക്താക്കളിൽ ഒരാളെ അംഗത്വത്തിൽനിന്നും പുറത്താക്കാനും നിർബന്ധിതമായി. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നേരിട്ടുള്ള ഇടപെടലിനെ തുടർന്നാണ് അസാധാരണമായ നടപടി. ഗ്യാൻവാപി പള്ളിവിവാദമടക്കം അടുത്തകാലത്തായി തീവ്ര ഹിന്ദുത്വ ശക്തികൾ ഉയർത്തിക്കൊണ്ടുവന്ന തർക്കവിഷയങ്ങൾ വർഗീയ വിദ്വേഷത്തിന്റെ തലത്തിലേക്ക് വളർത്താൻ ബിജെപി വക്താക്കൾ നടത്തിയ ഹീനശ്രമമാണ് മോഡി ഭരണകൂടത്തിനും രാജ്യത്തിനുതന്നെയും തിരിച്ചടിയായി മാറിയത്. ‘ഗോഥി മീഡിയ’ എന്ന് മാധ്യമരംഗത്ത് കുപ്രസിദ്ധിയാർജ്ജിച്ച ഒരു ടെലിവിഷൻ ചാനലിലെ ചർച്ചയിൽ ബിജെപി ദേശീയവക്താക്കളിൽ ഒരാൾ പ്രവാചകൻ മുഹമ്മദ്നബിയെക്കുറിച്ചു നടത്തിയ വിദ്വേഷ പരാമർശവും അതുസംബന്ധിച്ചു പാർട്ടിയുടെ ഡൽഹി വക്താവ് നടത്തിയ ട്വീറ്റും രാജ്യത്തിനകത്തും പുറത്തും വൻ പ്രതിഷേധം ക്ഷണിച്ചുവരുത്തി. വിദ്വേഷ പരാമർശം നടത്തിയവർ ബിജെപിയുടെ മുഖ്യധാരയിൽപെട്ടവരല്ലെന്ന ഔദ്യോഗിക വ്യാഖ്യാനം ആരും മുഖവിലയ്ക്ക് എടുക്കാൻ തയാറായില്ല. കാരണം പ്രവാചകനിന്ദ കഴിഞ്ഞ എട്ടുവര്‍ഷങ്ങളായി ബിജെപി-സംഘ്പരിവാർ സംഘടനകൾ തുടർന്നുവരുന്ന വിദ്വേഷ രാഷ്ട്രീയത്തിന്റെ തുടർച്ചയാണെന്ന് ലോകം തിരിച്ചറിയുന്നു. ബിജെപി വക്താക്കളുടെ പ്രവാചകനിന്ദയാണ് പശ്ചിമേഷ്യയിലെ ഇന്ത്യയുടെ സുഹൃദ് രാഷ്ട്രങ്ങളിലെ ഭരണകൂടങ്ങളെയും അവിടങ്ങളിലെ മതനേതൃത്വങ്ങളെയും പ്രകോപിപ്പിച്ചത്. യഥാർത്ഥത്തിൽ നയതന്ത്ര പൊട്ടിത്തെറിയിലേക്ക് നയിച്ച അവസാന കച്ചിത്തുരുമ്പ് മാത്രമായിരുന്നു അത്. ഇന്ത്യൻ മുസ്‌ലിങ്ങൾക്കും ഇസ്‌ലാം മതത്തിനുമെതിരെ ഹിന്ദുത്വ ശക്തികൾ നടത്തിവരുന്ന വിദ്വേഷ രാഷ്ട്രീയവും അതിക്രമങ്ങളും മുസ്‌ലിം ലോകം ആശങ്കയോടെയാണ് നിരീക്ഷിച്ചുപോരുന്നത്.


ഇതുകൂടി വായിക്കാം; ജനാധിപത്യം പൂക്കുന്നിടത്ത് മതങ്ങൾ ചുരുങ്ങുന്നു


തങ്ങളുടെ സാമ്പത്തിക വളർച്ചയിലും പുരോഗതിയിലും ഇന്ത്യയുടെ അധ്വാനശക്തി വഹിച്ചുപോരുന്ന പങ്കിനെയും കയറ്റിറക്കുമതിയടക്കം ഇന്ത്യയുമായുള്ള വ്യാപാര‑സാമ്പത്തിക ഇടപാടുകളെയും അവർ എക്കാലത്തും വിലമതിച്ചുപോന്നിട്ടുണ്ട്. ഇന്ത്യയുടെ സാമ്പത്തിക നിലനില്പിലും പുരോഗതിയിലും പശ്ചിമേഷ്യയുടെ സംഭാവനകൾ ആർക്കും നിഷേധിക്കാനാവാത്തതുമാണ്. ആഭ്യന്തര അധികാരരാഷ്ട്രീയത്തിന്റെ സമ്മർദ്ദങ്ങൾക്കുവഴങ്ങി മതവിദ്വേഷ രാഷ്ട്രീയവുമായി ഏറെദൂരം മുന്നോട്ടുപോകാൻ ആധുനിക ലോകത്ത് ആർക്കും ആവില്ലെന്നതിന്റെ വ്യക്തമായ സൂചനയാണ് ഇപ്പോൾ പശ്ചിമേഷ്യ ഇന്ത്യക്കു നൽകുന്നത്. ദശലക്ഷക്കണക്കിനു ഇന്ത്യൻ പൗരന്മാരാണ് പശ്ചിമേഷ്യൻ രാഷ്ട്രങ്ങളിൽ പണിയെടുത്ത് ഇന്ത്യയിലുള്ള തങ്ങളുടെ കുടുംബങ്ങൾ പുലർത്തുകയും രാഷ്ട്രത്തിനു വിലപ്പെട്ട വിദേശനാണ്യം നേടിത്തരുകയും ചെയ്യുന്നത്. മതവർഗീയതയുടെ അന്ധതബാധിച്ച ഒരുപറ്റം രാഷ്ട്രീയ ഭാഗ്യാന്വേഷികളുടെ വിവേകരഹിതമായ ജല്പനങ്ങൾ ദശലക്ഷക്കണക്കിനു ഇന്ത്യക്കാരുടെ തൊഴിലിനും സാമ്പത്തിക നിലനില്പിനും നേരെയാണ് വെല്ലുവിളി ഉയർത്തിയിരിക്കുന്നത്. ഇന്ത്യയിലേക്കുള്ള ഇസ്‌ലാം മതത്തിന്റെ വരവ് സംബന്ധിച്ച തീവ്ര ഹിന്ദുത്വവാദികളുടെ അജ്ഞതയിലേക്കു കൂടിയാണ് ഈ സംഭവവികാസങ്ങൾ വിരൽ ചൂണ്ടുന്നത്. സ്ഥാനത്തും അസ്ഥാനത്തും സമൂഹമാധ്യങ്ങൾ ഉപയോഗിക്കുന്ന നരേന്ദ്രമോഡിയടക്കം ബിജെപി ഉന്നത നേതാക്കൾ വിഷയത്തിൽ ഇനിയും പ്രതികരിക്കാൻ തയാറായിട്ടില്ല. ഭാഷാ വിവാദത്തിൽ പ്രധാനമന്ത്രിയും ഗ്യാൻവാപി വിഷയത്തിൽ മോഹൻ ഭാഗവത്തും കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ പ്രതികരണങ്ങൾ ആഭ്യന്തര രാഷ്ട്രീയത്തിൽ തൽക്കാലം തീയണയ്ക്കാൻ ലക്ഷ്യംവച്ചുള്ളവ ആയിരുന്നു. രാഷ്ട്രത്തിന്റെ ഉത്തമ താല്പര്യങ്ങളെ ഹനിക്കുന്ന വിദ്വേഷ പരാമർശങ്ങളിൽ നിശബ്ദത പാലിക്കുന്നത് സർക്കാരിന്റെ നിലപാടുകളിലും ഉദ്ദേശശുദ്ധിയിലും സംശയം ജനിപ്പിക്കുന്നു. ബിജെപിയും സംഘ്പരിവാറും പിന്തുടരുന്ന ഹിന്ദുത്വ വിദ്വേഷ രാഷ്ട്രീയം കേവലം ഒരു ആഭ്യന്തര രാഷ്ട്രീയ പ്രശ്നമല്ലെന്ന് ഇപ്പോഴത്തെ സംഭവവികാസങ്ങൾ തെളിയിക്കുന്നു. സമകാലിക ആഗോള രാഷ്ട്രീയവ്യവഹാരത്തിൽ ഇന്ത്യയുടെ സ്ഥാനവും പങ്കും നിര്‍ണയിക്കുന്നിടത്തേക്ക് ഇപ്പോഴത്തെ വിവാദം രാജ്യത്തെ തള്ളിനീക്കിയിരിക്കുന്നു. സർവമത സാഹോദര്യത്തിൽ അധിഷ്ഠിതമായ മതനിരപേക്ഷതക്കേ ആഗോളതലത്തിൽ ഇന്ത്യക്ക് അനന്യമായ സ്ഥാനം ഉറപ്പുനൽകു.

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.