ലോകത്ത് ഏറ്റവുമധികം ബുദ്ധമത വിശ്വാസികൾ ഇന്നുള്ളത് തായ്‌ലൻഡിലാണ്. പക്ഷേ അവിടെ നിന്നുള്ള പുതിയ പഠനങ്ങൾ കാണിക്കുന്നത് പുതിയ തലമുറ മതവിശ്വാസത്തിൽ നിന്നും അകലുന്നു എന്നുള്ളതാണ്. തായ്‌ലൻഡിലെ പ്രധാന ഇംഗ്ലീഷ് ദിനപ്പത്രമായ ബാങ്കോക്ക് പോസ്റ്റിൽ വന്ന ഒരു ലേഖനം ഇതേപ്പറ്റി വിശദമായി പ്രതിപാദിക്കുന്നു. അമേരിക്ക ആസ്ഥാനമായുള്ള പ്യൂ റിസർച്ച് സെന്ററിന്റെ ഒരു പഠനമനുസരിച്ച് ലോകജനസംഖ്യയിൽ ഏറ്റവുമധികം ക്രിസ്ത്യാനികളും (2.2 ബില്യൺ) രണ്ടാമത് മുസ്‌ലിങ്ങളും (1.6 ബില്യൺ) മൂന്നാമത് ഒരു മതത്തിലും വിശ്വസിക്കാത്തവരും (1.1 ബില്യൺ) എന്നാണ്. നാലാമത് ഹിന്ദുക്കളും അഞ്ചാമത് ബുദ്ധിസ്റ്റുകളും. ഒരു മതത്തിലും വിശ്വാസമില്ലാത്തവരുടെ എണ്ണം സമീപ ഭാവിയിൽ തന്നെ മുന്നിലേക്ക് നീങ്ങുമെന്നാണ് ആ റിപ്പോർട്ടിൽ പറയുന്നത്. മതങ്ങളെക്കുറിച്ച്, പ്രത്യേകിച്ച് ബുദ്ധിസത്തെക്കുറിച്ച്, ആഴത്തിൽ പഠിച്ചിട്ടുള്ള തായ്‌ലൻഡിലെ ചുലാലോംഗ്കോൺ സർവകലാശാലയിലെ തത്വചിന്താ വകുപ്പ് തലവൻ സോറജ് ഹോംഗ്ലാദാരം ഇതേക്കുറിച്ച് പറയുന്നതിങ്ങനെയാണ്. “ബുദ്ധമതത്തിൽ നിന്നും ആളുകൾ അവിശ്വാസികളായി മാറുന്നതിന് പല കാരണങ്ങളുണ്ട്. ആധുനിക ജീവിതത്തിൽ മതം കൊണ്ട് യാതൊരു ഉപയോഗവും തായ്‌ലൻഡ് പോലൊരു രാജ്യത്ത് ജീവിക്കുന്നവർക്കില്ല. അവരുടെ ഒരു തരത്തിലുള്ള ആവശ്യങ്ങൾക്കും മതം ഉത്തരം നൽകുന്നില്ല. ഇപ്പോഴും ഈ മതത്തെ നയിക്കുന്നവർ ഉപയോഗിക്കുന്ന ഭാഷ വളരെ പുരാതനമാണ്. ബുദ്ധമതത്തെ സംഘടിതമായി നിലനിര്‍ത്തുന്ന സംഘ സുപ്രീം കൗൺസിൽ എന്ന ബുദ്ധമതവിശ്വാസികളുടെ ഏറ്റവും ഉയർന്ന ഭരണസംവിധാനത്തിൽ കസേരകൾ അലങ്കരിക്കുന്നവരൊക്കെ സ്വയം ദിവ്യന്മാരെന്നാണ് കരുതുന്നത്. അവരെ പുതിയ തലമുറ അംഗീകരിക്കുന്നേയില്ല. മാത്രമല്ല ഇപ്പോഴത്തെ ബുദ്ധസന്യാസികളുടെ മദ്യപാനം, വിഷയാസക്തി, പണം സമ്പാദിക്കാനുള്ള മോഹം എന്നിവയൊക്കെ പുതിയ തലമുറയ്ക്ക് അവരോട് ഒരു ബഹുമാനവും ഇല്ലാതാക്കിയിരിക്കുന്നു”. ബുദ്ധമതത്തെക്കുറിച്ച് പഠിക്കുന്ന ഭോജ്ഹംഗാ ഫൗണ്ടേഷന്റെ സ്ഥാപകനും പ്രസിഡന്റുമായ വോറാഫാറ്റ് പുചാരിയോണിനും ഇതേ അഭിപ്രായങ്ങളുമാണ് ഉള്ളത്. അദ്ദേഹം പറയുന്നത് ഇങ്ങനെ. “ഡിജിറ്റൽ യുഗത്തിലാണ് നമ്മൾ ജീവിക്കുന്നത്. അതിനനുസരിച്ച് മതങ്ങൾ മാറിയില്ലെങ്കിൽ നിലനില്പുണ്ടാവില്ല. തായ്‌ലൻഡിൽ മതവിശ്വാസത്തിന്റെ ആവശ്യം എന്താണെന്ന് ബോധ്യപ്പെടുത്തുന്ന ഗവേഷണങ്ങൾ നടക്കുന്നില്ല. അത്തരം ഗവേഷണങ്ങളിലൂടെ അതിനു ഉപയോഗമുണ്ടെന്ന് പുതിയ തലമുറയെ ബോധ്യപ്പെടുത്താതെ ഇനിയും ബുദ്ധമതത്തിനെന്നല്ല ഒരു മതത്തിനും തായ്‌ലൻഡ് പോലൊരു സമൂഹത്തിൽ മുന്നോട്ട് പോകാൻ കഴിയില്ല. പാശ്ചാത്യനാടുകളിൽ ഇത്തരം ഗവേഷണങ്ങൾ നടക്കുന്നുണ്ട്. അതുകൊണ്ടാണ് അവിടങ്ങളിൽ കുറച്ചെങ്കിലും മതങ്ങൾ പിടിച്ചു നിൽക്കുന്നത്”. അമേരിക്കക്കാരായ രാഷ്ട്രമീമാംസാ ശാസ്ത്രജ്ഞര്‍ റൊണാൾഡ് ഇങ്കിൾഹാർട്ടും പിപ്പാ നോറിസും ചേർന്ന് നടത്തിയ ഒരു പഠനത്തേയും സോറജ് ഹോംഗ്ലാദാരം ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്നുണ്ട്.
ആ പഠനമനുസരിച്ച് ശാസ്ത്രീയമായ പൊതുജനാരോഗ്യ സംവിധാനങ്ങളും എല്ലാവർക്കും വാസസ്ഥലവും കുറഞ്ഞ ദാരിദ്ര്യവും ഉയർന്ന തോതിലുള്ള സമത്വവും ഉള്ള രാജ്യങ്ങളിൽ നിന്നും മതങ്ങൾ അപ്രത്യക്ഷമാകുകയാണ്. ഈ രാജ്യങ്ങളിലെ ജനങ്ങൾ സമ്പൂർണമായും നിയമവാഴ്ചയിൽ വിശ്വസിക്കുന്നവരാണ്. ഉദാഹരണമായി അവർ പറയുന്ന രാജ്യം നെതർലൻഡ്സാണ്. നെതർലൻഡ്സിലെ ജയിലുകൾ ഒഴിഞ്ഞു കിടക്കുകയാണ്. മതവിശ്വാസം ഇല്ലാത്തവരാണ് സമൂഹത്തിൽ ഭൂരിഭാഗവും. മതവിശ്വാസം ഇല്ലാത്തവർ മോശക്കാരാണെന്ന് പറയുന്നത് വെറുതെയെന്നാണ് സോറജ് ഹോംഗ്ലാദാരം പറയുന്നത്. അദ്ദേഹത്തിന്റെ തന്നെ വാക്കുകൾ ഇങ്ങനെ. “മതവിശ്വാസമില്ലാത്തവർ മോശക്കാരാണ് എന്ന് ധരിക്കണ്ട. സത്യത്തിൽ മതങ്ങൾ കൊണ്ട് പ്രശ്നങ്ങൾ മാത്രമേ ആധുനിക കാലത്ത് ഉണ്ടാകുന്നുള്ളൂ. അഫ്ഗാനിസ്ഥാനിലേക്ക് നോക്കൂ. അവിടത്തെ ജനങ്ങൾ ശരിയാ നിയമങ്ങൾ കൊണ്ട് പൊറുതി മുട്ടുകയാണ്. അതേസമയം മതവിശ്വാസികൾ തീരെയില്ലാത്ത നെതർലെൻഡ്സിൽ ശാന്തിയും സമാധാനവും പുലരുന്നു. തായ്‌ലൻഡിൽ ചിലർ ബുദ്ധക്ഷേത്രങ്ങളിൽ സ്ഥിരമായി പോകുന്നുണ്ട്. പക്ഷേ അവരുടെ പ്രവൃത്തികൾ സമൂഹത്തിന് ഉപദ്രവമുണ്ടാക്കുന്നതാണ്. ചില ആളുകൾ തങ്ങൾ നല്ല ആളുകൾ ആണെന്ന് കാണിക്കാനാണ് മതത്തെ ഉപയോഗിക്കുന്നത്. ശരിക്കും അവർ അങ്ങനെയല്ല താനും”. ഈ വാദങ്ങളെ സാധൂകരിക്കുന്നതാണ് വോറാഫാറ്റിന്റെ നിഗമനങ്ങളും. “സംഘ സുപ്രീം കൗൺസിൽ തായ്‌ലൻഡിലാകെ രണ്ടര ലക്ഷത്തോളം ബുദ്ധസന്യാസികളെ നിയന്ത്രിക്കുന്നു. ഓരോ പ്രദേശത്തെയും ബുദ്ധക്ഷേത്രങ്ങൾക്ക് സ്വതന്ത്രമായി പ്രവർത്തിക്കാനും പ്രാദേശിക സമൂഹത്തെ സേവിക്കാനും ഈ സുപ്രീം കൗൺസിൽ അനുവാദം നൽകുകയില്ല. എന്തിനാണ് അത്? അധികാരമാണിവിടെ പ്രശ്നം. സത്യത്തിൽ ഒരു മത നേതാവിന്റെ ആവശ്യം ആധുനിക ലോകത്തിന് ഇല്ല. സമൂഹമാധ്യമങ്ങൾ വഴി എല്ലാവരും പരസ്പരബന്ധിതരും കാര്യങ്ങൾ അറിയുന്നവരുമാണ്”. ബുദ്ധദർശനങ്ങൾ ആളുകളിലേക്ക് എത്തിക്കാൻ അതിനൊരു മതത്തിന്റെ രൂപത്തിലൂടെ കഴിയുകയില്ലെന്നാണ് ഇവർ പറയുന്നത്. മിക്കവാറും എല്ലാ മതങ്ങളുടെയും സ്ഥിതി ഇതു തന്നെ. നോർഡിക് രാജ്യങ്ങളിൽ ക്രിസ്ത്യൻ പള്ളികൾ ഹോട്ടലുകളും റിസോർട്ടുകളുമായി മാറുന്ന കാഴ്ചകൾ നാം കാണുന്നുണ്ട്. പള്ളികൾ നടത്തിക്കൊണ്ടു പോകാൻ വേണ്ട പാതിരിമാരെ ദാരിദ്ര്യം കൊടികുത്തി വാഴുന്ന ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നും എത്തിക്കേണ്ട അവസ്ഥയിലാണ് ഈ രാജ്യങ്ങളിലെ കത്തോലിക്കാ സഭയും പ്രൊട്ടസ്റ്റന്റുകളും. സമൂഹത്തിൽ ജനാധിപത്യം അകലുമ്പോഴാണ് മതങ്ങളും മതരാഷ്ട്രീയക്കാരും പിടിമുറുക്കുന്നത്. ഇതാണ് ഇന്ത്യയിലും പാകിസ്ഥാനിലുമൊക്കെ സംഭവിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.