24 November 2024, Sunday
KSFE Galaxy Chits Banner 2

Related news

September 4, 2024
June 21, 2024
June 21, 2024
June 21, 2023
February 3, 2023
June 21, 2022
June 21, 2022
June 21, 2022
June 19, 2022

ആസന പ്രാണായാമങ്ങള്‍ മാത്രമല്ല യോഗ

Janayugom Webdesk
June 21, 2022 5:14 am

യോഗ എന്നു കേള്‍ക്കുമ്പോഴേ മെയ്‌വഴക്കത്തോടെ ശരീരംകൊണ്ടു ചെയ്യുന്ന ചില അഭ്യാസ പ്രകടനങ്ങളും ശ്വാസത്തെ പിടിച്ചുനിര്‍ത്തി ചെയ്യുന്ന ശ്വസന പ്രക്രിയകളുമാണെന്നാണ് മിക്കവരും ധരിക്കുന്നത്. തീര്‍ച്ചയായും ആസനങ്ങള്‍ക്കും പ്രാണായാമങ്ങള്‍ക്കും യോഗയില്‍ പ്രമുഖ സ്ഥാനമുണ്ട്. എന്നാല്‍ മനഃശാന്തിയും ശരീര സൗഖ്യവും ലക്ഷ്യമിടുന്ന യോഗയില്‍ മറ്റ് ചിലതും വളരെ പ്രാധാന്യമര്‍ഹിക്കുന്നു. അവകൂടി മനസിലാക്കുകയും ജീവിതത്തില്‍ പരമാവധി പകര്‍ത്തുക കൂടി ചെയ്യുമ്പോഴേ ഒരു പരിധിവരെയെങ്കിലും യോഗയുടെ ലക്ഷ്യം സാധൂകരിക്കപ്പെടുകയുള്ളു.
യോഗ ഒരു മതത്തിന്റെയോ ഏതെങ്കിലും വിശ്വാസപ്രമാണങ്ങളുടെയോ കെട്ടുപാടുകളില്‍ പിറന്നുവീണതല്ല. ഇതിന്റെ ഉത്ഭവവും കാലപ്പഴക്കവും അങ്ങനെയങ്ങ് നിര്‍ണയിക്കപ്പെടാനുമാവില്ല. ആര്യന്മാരുടെ ആഗമനത്തിനും ആയിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്നത്തെ പാകിസ്ഥാന്‍ ഉള്‍ക്കൊള്ളുന്ന വിശാലമായിരുന്ന ഇന്ത്യയുടെ വടക്കുപടിഞ്ഞാറന്‍ ഭാഗത്ത് അഭിവൃദ്ധിപ്പെട്ടിരുന്ന സിന്ധു നദീതട സംസ്കാരത്തിന്റെ ഭാഗമായി യോഗ നിലനിന്നിരുന്നുവെന്ന് ചില ചരിത്രാവിഷ്ടങ്ങള്‍ വച്ച് വിലയിരുത്തപ്പെടുന്നു. പിന്നീട് ഉണ്ടായിട്ടുള്ള ദ്രാവി‍ഡ, ആര്യ‍, ജൈന, ബുദ്ധ സംസ്കാരങ്ങളിലെല്ലാം യോഗയുടെ സാന്നിധ്യം ഏറിയും കുറഞ്ഞും കാണപ്പെടുന്നു.
അനേകമനേകം പരീക്ഷണ നിരീക്ഷണങ്ങള്‍ നടത്തി വികസിതമായ യോഗശാസ്ത്രം അനേകായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഹിമാലയസാനുക്കളിലെ ഋഷിമാരില്‍ നിന്നും ഉദയംകൊണ്ടതാണെന്ന് വിശ്വസിക്കപ്പെടുന്നു. മനുഷ്യന്‍ എന്ന അത്ഭുത പ്രതിഭാസത്തെ സംബന്ധിച്ചുള്ള സയന്‍സും ടെക്നോളജിയുമായ യോഗ ശാസ്ത്രം അനേക കാലങ്ങളിലൂടെ കൂട്ടിച്ചേര്‍ക്കലുകളും വികാസ പരിണാമങ്ങളും പിന്നിട്ടാണ് ഇന്നത്തെ നിലയില്‍ എത്തിയത്. മനുഷ്യനു ജീവിതത്തില്‍ നേരിടേണ്ടിവരുന്ന ഏതുതരത്തിലുള്ള മാനസികവും ശാരീരികവുമായ പ്രശ്നങ്ങള്‍ക്ക് യുക്തിയുക്തവും ശാശ്വതവുമായ പരിഹാരം കണ്ടെത്താന്‍ സഹായിക്കുന്ന ഈ ശാസ്ത്രത്തിന് ചിട്ടയായ ഒരടിത്തറ പാകിയത് പതഞ്ജലി മഹര്‍ഷിയാണെന്ന് കരുതപ്പെടുന്നു.
പതഞ്ജലി മഹര്‍ഷിയുടെ ‘യോഗസൂത്ര’ത്തിലെ അഷ്ടാംഗ യോഗയില്‍ വിവരിക്കുന്ന മൂന്നും നാലും അംഗങ്ങളാണ് ആസനവും പ്രാണായാമവും. ‘യമ’വും ‘നിയമ’വുമാണ് ഒന്നും രണ്ടും അംഗങ്ങള്‍. സമൂഹ നന്മയ്ക്കായി ഒരു വ്യക്തി പാലിക്കേണ്ട സംയമനങ്ങള്‍ അഥവാ നിയന്ത്രണങ്ങളാണ് ‘യമ’ങ്ങള്‍. അഹിംസ, സത്യം, അസ്തേയം, ബ്രഹ്മചര്യം, അപരിഗ്രഹം എന്നിങ്ങനെ അഞ്ച് തത്വങ്ങളാണ് ഒരു വ്യക്തി പാലിക്കേണ്ട സാമൂഹ്യ നിദര്‍ശനങ്ങള്‍. മനസുകൊണ്ടോ വാക്കുകൊണ്ടോ പ്രവൃത്തികൊണ്ടോ ഒരാള്‍ മറ്റൊരാളിനെയോ മറ്റൊരു ജീവിയേയോ വേദനിപ്പിക്കാന്‍ പോലും പാടില്ലായെന്ന് അഹിംസ നിഷ്കര്‍ഷിക്കുന്നു. കള്ളം പാടില്ലായെന്നു നിഷ്കര്‍ഷിക്കുന്നതിനൊപ്പം മറ്റൊരാളെ അപായപ്പെടുത്തുകയോ ദ്രോഹിക്കുകയോ ചെയ്യുന്നതിനു സമാനമായ ഒരു കാര്യവും പറയുകയോ ചെയ്യുകയോ അരുതെന്നും സത്യം എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നു. അന്യന്റെ ഒരു മുതലും മോഷ്ടിക്കുകയോ മോഹിക്കുകയോ അരുത് എന്നതിലുപരി മറ്റൊരാളോട് ഒരു വിദ്വേഷവും വെറുപ്പും അസൂയയും പാടില്ലായെന്നും അസ്തേയം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നു. പവിത്രവും പരിശുദ്ധവുമായ പാതിവ്രത്യമാണ് ബ്രഹ്മചര്യം. ലൈംഗികബന്ധ നിഷേധമെന്ന് വാക്യാര്‍ത്ഥമുണ്ടെങ്കിലും മനസിനെ പരബ്രഹ്മത്തില്‍ ഏകാഗ്രമാക്കല്‍ എന്നാണ് ഇവിടെ ബ്രഹ്മചര്യം കൊണ്ട് അര്‍ത്ഥമാക്കുന്നത്. ജീവിതലക്ഷ്യത്തെക്കുറിച്ച് ബോധമുണ്ടാവുക, ആ ലക്ഷ്യത്തിനായി ആത്മാര്‍ത്ഥതയോടെ യത്നിക്കുക എന്നതാണ് ഇവിടെ ബ്രഹ്മചര്യം നിഷ്കര്‍ഷിക്കുന്നത്. മറ്റുള്ളവരുടേത് അത് എന്തായാലും ആഗ്രഹിക്കുക, നേടാന്‍ ശ്രമിക്കുക, അപഹരിക്കുക, കൈവശപ്പെടുത്തുക എന്നിങ്ങനെയാതൊന്നും മനസുകൊണ്ടോ പ്രവൃത്തികൊണ്ടോ അരുതെന്ന് അപരിഗ്രഹം കൊണ്ട് നിഷ്കര്‍ഷിക്കുന്നു. ഏതുകാലത്തും ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണ് ഇത്. അഴിമതിയും കൈക്കൂലിയും തനിക്കര്‍ഹതപ്പെടാത്തതെന്തും ആഗ്രഹിക്കുന്നതുമെല്ലാം ഇതിന്റെ പരിധിയില്‍ വരും.
ഒരു സാധകന്‍ തന്റെ വ്യക്തിജീവിതത്തില്‍ പാലിക്കേണ്ട അനുഷ്ഠാനങ്ങളാണ് നിയമങ്ങള്‍. ശൈചം, സന്തോഷം, തപസ്, സ്വാധ്യായം, ഈശ്വര പ്രണിധാനം എന്നിങ്ങനെ നിയമത്തിനും അഞ്ച് തത്ത്വങ്ങളാണുള്ളത്. ബാഹ്യവും ആഭ്യന്തരവുമായ വ്യക്തിശുചിത്വമാണ് ശൗചം. സന്തോഷമെന്നാല്‍ സംതൃപ്തി, സന്തുഷ്ടി, എല്ലാറ്റിലുമുപരി മനസിന്റെ ആനന്ദം, ദുരാഗ്രഹങ്ങള്‍ തൊട്ടുതീണ്ടിയിട്ടില്ലാത്ത തൃപ്തമായ മാനസിക സുഖമെന്നാണ് അര്‍ത്ഥമാക്കുന്നത്. ഇക്കാലത്ത് ഏറെ പ്രസക്തമായ ഒരു കാര്യമാണിത്. ഉള്ളതുകൊണ്ട് തൃപ്തിയടയാന്‍ സമ്മതിക്കാത്ത മനസിനെ കെട്ടിയിടാന്‍ സാധിക്കാത്തതുകൊണ്ട് വായുവിനെപ്പോലെ ഒഴുകുന്ന മനസിനു പിന്നാലെ ഇന്ദ്രിയങ്ങള്‍ സഞ്ചരിക്കുന്നു. ഇന്ദ്രിയങ്ങളെ ബുദ്ധി ഉപയോഗിച്ചു കടിഞ്ഞാണിടാനാവാത്തതിനാല്‍ ദുരാഗ്രഹങ്ങള്‍ ഉടലെടുക്കുന്നു, യഥാര്‍ത്ഥമായ സുഖവും ആനന്ദവും എന്നേക്കുമായി അകലുന്നു.
ഭൗതികമായ ജീവിതം അപ്പാടെ വെടിഞ്ഞ് ഏകാന്ത ധ്യാനത്തില്‍ വിലയം ചെയ്യുന്നതിനെയല്ല ഇവിടെ തപസ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ചെയ്യുന്ന കര്‍മ്മത്തില്‍ ലാളിത്യത്തോടെയും എന്നാല്‍ കഠിനമായ നിശ്ചയദാര്‍ഢ്യത്തോടെയുമുള്ള അര്‍പ്പണ മനോഭാവമാണ് തപസ്. ചെയ്യുന്ന കര്‍മ്മത്തിന്റെ പ്രതിഫലം കൃത്യമായി ആഗ്രഹിച്ചുകൊണ്ട് അതല്ലെങ്കില്‍ പ്രതിഫലത്തിനുവേണ്ടി മാത്രം ചെയ്യുന്ന കര്‍മ്മം കര്‍മ്മമല്ല. അത് വികര്‍മ്മമാണ്. ആ കര്‍മ്മങ്ങളിലൊന്നും ആത്മാര്‍ത്ഥതയോ മനസിന്റെ അര്‍പ്പണമോ ഉണ്ടാവില്ല. അപ്പോള്‍ തൊഴിലാളിയുടെ അധ്വാനം ചൂഷണം ചെയ്യപ്പെടില്ലേ എന്ന് സ്വാഭാവികമായും സംശയമമുണ്ടാവുമെങ്കിലും തത്ത്വമേതും ഏവര്‍ക്കും ബാധകമെന്നതിനാല്‍ ചൂഷണം ഇവിടെ വിഷയീഭവിക്കുന്നില്ല.
സനാതന ധര്‍മ്മങ്ങളിലും വിശുദ്ധ ഗ്രന്ഥങ്ങളിലുമുള്ള അറിവ് സ്വയം പഠനത്തിലൂടെ വര്‍ധിപ്പിക്കണമെന്നാണ് ‘സ്വാധ്യായം’ എന്നതുകൊണ്ട് പതഞ്ജലി മഹര്‍ഷി നിഷ്കര്‍ഷിച്ചത്. എന്നാല്‍ ആധുനിക കാലത്ത് ഇതിന് ഏറെ പ്രസക്തിയുണ്ട്. ഏതു തൊഴിലില്‍ ഏര്‍പ്പെട്ടാലും അതില്‍ തനിക്കു വേണ്ടുന്ന അറിവ് നേടിയെടുക്കുന്നതിനോടൊപ്പം എന്നും അത് പുതുക്കി മിനുക്കാന്‍ സ്വയം തീരുമാനിക്കുകയും അതിനായി പരിശ്രമിക്കുകയും ചെയ്യേണ്ടതുണ്ട്. അത് ഉണ്ടാവാതിരുന്നാല്‍ അന്തിമമായി ജീവിത പരാജയമായിരിക്കും ഫലം. തന്റെ സ്വത്വത്തെ പരമാത്മാവില്‍ കണ്ടെത്തുകയാണ് ഈശ്വര പ്രണിധാനത്തിലൂടെ. എല്ലാം ഈശ്വരനില്‍ അര്‍പ്പിക്കുന്നതിലൂടെ അഹംബോധത്തെ അടിയറവയ്ക്കുന്നതായി പതഞ്ജലി മഹര്‍ഷി അഷ്ടാംഗ യോഗയുടെ ‘നിയമ’ത്തില്‍ അഞ്ചാമതായി നിഷ്കര്‍ഷിക്കുന്നു.
അഷ്ടാംഗ യോഗയില്‍ യമം, നിയമം, ആസനം, പ്രാണായാമം എന്നിവ കഴിഞ്ഞുവരുന്ന അഞ്ചാമത്തെ അംഗമാണ് ‘പ്രത്യാഹാരം’. വസ്തുക്കളില്‍ നിന്നും വിഷയങ്ങളില്‍ നിന്നുമുള്ള വിടുതലാണ്, മാറിനില്ക്കലാണ്, ഇന്ദ്രിയങ്ങളെ പിന്‍വലിക്കലാണ് പ്രത്യാഹാരം. ഏതിനോടുമുള്ള അമിതമായ ആസക്തി മനസിനെയും അതുവഴി ശരീരത്തെയും പ്രതികൂലമായി ബാധിക്കുമെന്നതിനാല്‍ ഇന്ദ്രിയ നിഗ്രഹം അനിവാര്യമാവുന്നു. യമം, നിയമം, ആസനം എന്നിവയെ അഷ്ടാംഗ യോഗയുടെ ബാഹ്യാംഗങ്ങളായി കണക്കാക്കുമ്പോള്‍ ധാരണ, ധ്യാനം, സമാധി എന്നീ ആഭ്യന്തരാംഗങ്ങളിലേക്കുള്ള പാലമായി പ്രത്യാഹാരത്തെ വിലയിരുത്താം. എന്നാല്‍, പ്രത്യാഹാരം ഉള്‍പ്പെടെ ആദ്യത്തെ നാല് അംഗങ്ങളെ മൊത്തത്തില്‍ ബാഹ്യാംഗങ്ങളെന്നും പറയാറുണ്ട്.
എല്ലാ മറ്റ് ചിന്തകളെയും കളഞ്ഞ് മനസിനെ ഒരു വസ്തുവിലേക്കോ ഒരു ആശയത്തിലേക്കോ കേന്ദ്രീകരിക്കുന്നതാണ് ധാരണ. വിഷയാസക്തമായ മറ്റെല്ലാ ധാരകളും വിട്ട് മനസിനെ ഒന്നിലേക്കു മാത്രം ‘ഇടതടവില്ലാതെ’ കേന്ദ്രീകരിക്കുന്നതാണ് ധ്യാനം. സമാധിയിലേക്കുള്ള വെളിച്ചമാണ് ധ്യാനം. ധ്യാന കേന്ദ്രീകൃതമായിരുന്നതെന്തോ ആ ഒന്നിലേക്കുള്ള ലയിച്ചുചേരലാണ് സമാധി. കാലദേശങ്ങള്‍ക്കതീതവും അവാച്യവുമായ ആ പരമോന്നത ബോധമണ്ഡലം തന്നെയാണ് സമാധിയായി രാജയോഗത്തിലൂടെ പതഞ്ജലി മഹര്‍ഷി വിശേഷിപ്പിക്കുന്നത്.
ഹഠയോഗയുടെ വളര്‍ച്ചയോടെ ആസനങ്ങള്‍ക്കും പ്രാണായാമങ്ങള്‍ക്കും തന്നെയാണ് പ്രാമൂഖ്യമുണ്ടായത്. എന്നാല്‍ ഇവയോടൊപ്പം ഷഡ് കര്‍മ്മങ്ങള്‍ക്കും ബന്ധങ്ങള്‍ക്കും മുദ്രകള്‍ക്കും പ്രചാരമുണ്ടായി. ധൗതി, നേതി, നൗളി, ബസ്തി, കപാല്‍ഭാതി, ത്രാടക എന്നിങ്ങനെ ആറുവിധം ശുചീകരണ ധര്‍മ്മങ്ങളാണ് ഷഡ് കര്‍മ്മങ്ങള്‍ അഥവാ ഷഡ്ക്രിയകള്‍. ഇവയ്ക്കോരോന്നിനും പല പിരിവുകളും ഉണ്ട്. മൂലബന്ധം, ഉഡ്യാനബന്ധം, ജാലന്തര ബന്ധം, മഹാബന്ധം എന്നിവയാണ് ശരീരത്തിന്റെ വിവിധ ഭാഗങ്ങള്‍ക്ക് ചില കൊളുത്തുകള്‍ അഥവാ ഉടക്കുകള്‍ ഇട്ട് നിയന്ത്രിക്കുന്ന ബന്ധങ്ങള്‍. പ്രധാനമായും കൈവിരലുകളും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളായ തല, ഉടല്‍, ലിംഗം തുടങ്ങിയ ഭാഗങ്ങള്‍ പ്രത്യേക രീതിയില്‍ വിന്യസിച്ച് സൃഷ്ടിക്കുന്നതാണ് മുദ്രകള്‍. മനമുദ്ര, കായമുദ്ര, ഹസ്തമുദ്ര, ആധാരമുദ്ര, ബന്ധമുദ്ര എന്നിവയാണ് പ്രധാനയിനം മുദ്രകള്‍. ഒരു കയ്യിലെ തള്ളവിരലിനോട് മറ്റ് വിരലുകള്‍ പ്രത്യേകം ചേര്‍ത്ത് സൃഷ്ടിക്കുന്ന തത്വമുദ്രകളും ഒന്നിലധികം വിരലുകള്‍ ചേര്‍ത്തുണ്ടാക്കുന്ന പ്രാണിക് മുദ്രകളും ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. ഒരു കയ്യിലെ വിരലുകള്‍ പ്രത്യേകം ചേര്‍ത്തുണ്ടാക്കുന്ന മുദ്രകളെ അസംയുത ഹസ്തുമുദ്രകള്‍ എന്നു പറയുമ്പോള്‍ ഇരു കൈകളിലേയും വിരലുകളെ പരസ്പരം ചേര്‍ത്തുണ്ടാക്കുന്ന മുദ്രകളെ സംയുത ഹസ്തമുദ്രകള്‍ എന്നു പറയുന്നു. പ്രാണായാമങ്ങളോടനുബന്ധിച്ചാണ് മിക്കവാറും മുദ്രകള്‍ പ്രയോഗിക്കുന്നത്.
ജ്ഞാനയോഗ, കര്‍മ്മയോഗ, ഭക്തിയോഗ, രാജയോഗ, ഹഠയോഗ, മന്ത്രയോഗ, തന്ത്രയോഗ, ലയയോഗ, നാദയോഗ തുടങ്ങിയ അനേകം യോഗകള്‍ക്കൊപ്പം സൂര്യനമസ്കാരം യോഗയുടെ അവിഭാജ്യഘടകമായി മാറി. ഹഠയോഗയ്ക്കൊപ്പമാണ് സൂര്യനമസ്കാരത്തിന് പ്രചാരമേറിയത്.
ഇന്നുപക്ഷെ യോഗയുടെ പ്രചാരം ചികിത്സാരംഗത്താണ്. ആസന പ്രാണായാമാദി സാധനങ്ങള്‍കൊണ്ട് ശാരീരികമായി ഒട്ടേറെ പ്രയോജനങ്ങള്‍ ലഭിക്കുന്നതായി കഴിഞ്ഞ ഒന്നുരണ്ട് ദശാബ്ദങ്ങളിലെ പഠനങ്ങള്‍ വിലയിരുത്തുന്നു. ശരീരത്തിലെ ആന്തരികവും ബാഹ്യവുമായ എല്ലാ അവയവങ്ങള്‍ക്കും സമ്പ്രദായങ്ങള്‍ക്കും കരുത്തും ശേഷിയും വര്‍ധിപ്പിച്ച് കൂടുതല്‍ പ്രവര്‍ത്തനക്ഷമമാക്കി രോഗങ്ങളെ അകറ്റാനും ശാരീരികവും മാനസികവുമായ സൗഖ്യം സൃഷ്ടിക്കാനും യോഗയ്ക്ക് കഴിയുമെന്നാണ് പല കണ്ടെത്തലുകളും സൂചിപ്പിക്കുന്നത്. എന്നാല്‍ ആഹാര നിയന്ത്രണത്തിനും മനസിന്റെ സമചിത്തതയ്ക്കും ഇതില്‍ ഒരു പ്രധാന പങ്കുണ്ട്. ആകാശം, വായു, അഗ്നി, ജലം, പൃഥി (ഭൂമി) എന്നീ പഞ്ച മഹാത്ഭുതങ്ങളാല്‍ നിര്‍മ്മിതമാണ് മനുഷ്യന്‍ എന്നും ഇവയുടെ അനുപാതം തെറ്റുമ്പോള്‍ അസ്ഥിരതയും രോഗവും ഉണ്ടാവുന്നു എന്ന തത്വം യോഗയും അംഗീകരിക്കുന്നു. പഞ്ചഭൂതനിര്‍മ്മിതമായ ശരീരത്തിന് പഞ്ചഭൂതങ്ങള്‍ തന്നെ ഔഷധം — ‘പഞ്ചഭൂത ശരീരസ്യ പഞ്ചഭൂതാനിചൗഷധം’ എന്നതാണ് യോഗയുടെയും ആപ്തവാക്യം.

TOP NEWS

November 24, 2024
November 24, 2024
November 24, 2024
November 24, 2024
November 24, 2024
November 24, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.