22 November 2024, Friday
KSFE Galaxy Chits Banner 2

യേറ്റ്സും ടാഗോറും

ജോയ് നായരമ്പലം
എഴുത്തും ജീവിതവും
July 31, 2022 8:15 pm

ണ്ടനിലേക്കുള്ള ആ കപ്പല്‍ യാത്രയില്‍ പേപ്പര്‍താളുകള്‍ മറിച്ചുനോക്കിക്കൊണ്ട് ഗൗരവത്തോടെ ഒരു താടിക്കാരന്‍ ഇരിക്കുകയാണ്. തൊട്ടടുത്ത് ഇരുന്നിരുന്ന ഐറിഷ് കവി ഡബ്ല്യു ബി യേറ്റ്സ് ആ അപരിചിതനെ ഇടയ്ക്ക് ശ്രദ്ധിക്കാതിരുന്നില്ല. ലണ്ടനില്‍ കപ്പല്‍ അടുക്കുന്നതിനു മുന്‍പേ യേറ്റ്സ് എന്തോ പ്രത്യേകത തോന്നിപ്പിക്കുന്ന ആ മനുഷ്യനുമായി പരിചയപ്പെട്ടു. അത് കല്‍ക്കട്ടയില്‍ നിന്നുള്ള ടാഗോര്‍ ആയിരുന്നു. രബീന്ദ്രനാഥ ടാഗോര്‍. ടാഗോര്‍ യേറ്റ്സിനെ കേട്ടിട്ടുള്ളതുപോലെ യേറ്റ്സ് ടാഗോറിനെ കേട്ടിട്ടില്ല. 1911‌-ല്‍ ഇരുവരും ലണ്ടനിലെ ഒരു ഹോട്ടലില്‍ മുറിയെടുത്തു. അവിചാരിതമായ ആ പരിചയപ്പെടല്‍ ഏതോ ഒരു നിയോഗത്തിലേക്കുള്ള ചുവടുവയ്പായിരുന്നു.
ടാഗോറിന്റെ കെെവശമിരുന്നിരുന്ന കെെയെഴുത്തു കോപ്പി മെല്ലെ യേറ്റ്സിന്റെ ചിന്തയിലേക്ക് കയറ്റുന്നു. താത്വികവും ദെെവികവുമായ കാവ്യവരികളില്‍ ഐറിഷ് കവി ശ്രദ്ധ കൊടുത്തതോടെ ഗീതാഞ്ജലി എന്ന മഹാകാവ്യത്തിനു മെല്ലെ ഇംഗ്ലീഷ് പരിഭാഷ ഉണ്ടാവുകയാണ്. യേറ്റ്സ് ഗീതാഞ്ജലി സ്വീഡിഷ് അക്കാദമിക്കു മുന്‍പില്‍ സമര്‍പ്പിക്കുമ്പോള്‍ ടാഗോറോ, ഭാരതാംബയോ കരുതിയിരുന്നോ വരാനിരിക്കുന്ന ആ നൊബേല്‍ പ്രെെസിനെക്കുറിച്ച് ! 1913ലെ ഏതോ ഒരു സുദിനത്തില്‍ ഇംഗ്ലീഷുകാരുടെ ഭരണത്തിലിരിക്കുന്ന ഇന്ത്യയിലേക്ക് സാഹിത്യത്തിനുള്ള നൊബേല്‍ പ്രെെസ് ‘ഗീതാഞ്ജലി’ എന്ന മിസ്റ്റിക് ഭാവങ്ങളുടെ ഉദാത്തമായ കൃതിക്ക്. യേറ്റ്സ് എന്ന കവിയുടെ മാനവീയതയും സ്നേഹദൃഢതയും ഇല്ലായിരുന്നുവെങ്കില്‍ എവിടെ ടാഗോറും നൊബേല്‍ പ്രെെസും?

ആ യേറ്റ്സിന്റെ ജീവിതത്തിലേക്ക് ഒന്നു പോയാലോ? മഹായുദ്ധവും ഐറിഷ് പ്രശ്നങ്ങളും വരുത്തിവച്ച ബീഭത്സമുഖം കുറേക്കൂടി അടുത്തു നിന്നുകാണാന്‍ ആ മഹാസാഹിത്യകാരന്‍ ബാധ്യതപ്പെട്ടപ്പോള്‍ തന്റെ സാഹിത്യവരികളിലേക്ക് അവ അനുഭവങ്ങളുടെയും പുതിയ കാഴ്ചപ്പാടിന്റെയും മിശ്രിതമായി. ആ അനുഭവങ്ങളില്‍ നിന്നും പൊട്ടിപ്പുറപ്പെട്ട കൃതിയായിരുന്നു. ‘എ വിഷന്‍’. പിന്നാലെ ദ ടവര്‍, ദ വെെന്‍ഡിങ് സ്റ്റെയേഴ്സ് ആന്റ് അദര്‍ പോയംസ്. പിന്നെയും പിന്നെയും ചെറുതും വലുതുമായ കൃതികള്‍ അദ്ദേഹത്തിന്റെ തൂലികത്തുമ്പില്‍ നിന്നും ഇടതൂര്‍ന്നു വീണുകൊണ്ടിരുന്നു.
ഐറിഷ് നവോത്ഥാന സാഹിത്യത്തില്‍ ഏറ്റവും ശ്രദ്ധേയനായിരുന്നു യേറ്റ്സ്. ഡബ്ലിനിലെ സാംസ്കാരികസമ്പന്നമായ ഒരു ഐറിഷ് കുടുംബത്തില്‍ ജനിച്ച യേറ്റ്സ് ലണ്ടനില്‍ വിദ്യാഭ്യാസം നടത്തിയതിനുശേഷം നാട്ടിലേക്കു തിരിച്ചുവരികയും സാഹിത്യവൃത്തിയിലേക്ക് തിരിയുകയും ചെയ്തു.

തന്റെ കുട്ടിക്കാലം ആ ചെറുക്കന്‍ ചെലവഴിച്ചത് സ്ലെെഗോയിലായിരുന്നു. പര്‍വത പംക്തികളും തടാകങ്ങളും വനങ്ങളും പൗരാണികതയുംകൊണ്ട് സുന്ദരമായ ആ പ്രദേശം ഇതിഹാസങ്ങളും മിത്തുകളും നിറഞ്ഞുനിന്നിരുന്ന. പ്രകൃതിയുടെ ഗൂഢസൗന്ദര്യവും നിത്യതയും യേറ്റ്സിലെ കവിയെ ഉണര്‍ത്താന്‍ പര്യാപ്തമായിരുന്നല്ലോ.
നിഗൂഢരഹസ്യ വിജ്ഞാനത്തിന്റെയും ബ്രഹ്മവിദ്യയുടെയും ചില സൂത്രങ്ങളില്‍ ചെറുപ്പത്തിലേ യേറ്റ്സ് മയങ്ങിവീണു. അതുകൊണ്ടായിരിക്കണം വലുതായപ്പോള്‍ അങ്ങേയറ്റം സങ്കീര്‍ണമായ ഭാരതീയ ദര്‍ശനങ്ങളിലും ആധ്യാത്മിക ചിന്തകളിലും യക്ഷിക്കഥകളിലും മന്ത്രതന്ത്രാദികളിലും യേറ്റ്സ് താല്പര്യം കാണിച്ചിരുന്നത്. അനുഗ്രഹീതമായ ഭാഷാസ്വാധീനവും ഭാവനാചാരുതയും അളന്നുതൂക്കിയുള്ള പദപ്രയോഗങ്ങളും അദ്ദേഹത്തിന്റെ അക്ഷരസഹസ്രങ്ങളില്‍ ലയനസാന്ദ്രമായിരുന്നു. തന്റെ കാലഘട്ടത്തിലെ ആത്മീയ വന്ധ്യതയെക്കുറിച്ച് അദ്ദേഹം ഏറെ ബോധവാനായിരുന്നു.
ദ ലേക്ക് ഐല്‍ ഓഫ് ഇന്നിസ്ഫ്രീ എന്ന ലഘുകവിത നഗരഭ്രാന്തില്‍ നിന്നും ഒഴിഞ്ഞൊഴിഞ്ഞ് കുഗ്രാമ്യതയുടെ ആന്തരികതയിലേക്ക് ചെന്നെത്താനുള്ള കവിയുടെ മനസിന്റെ പ്രചോദനവും എന്തെന്നില്ലാത്ത ആഗ്രഹവുമായിരുന്നു. നാടകരചനയ്ക്കും ദര്‍ശനപരമായ ഉപന്യാസങ്ങള്‍ക്കും വേണ്ടി കുറച്ചുനാള്‍ ചെലവിട്ടതൊഴിച്ചാല്‍ ആ എഴുത്തുകാരന്‍ എന്നും കാവ്യവഴികളിലായിരുന്നു. 

ഒരു മഹാമാരിക്കാലത്ത് തന്റെ ഇടവകയിലെ ദുഃഖ ദുഃസഹതകളും ദുരിതഭാരങ്ങളും തലച്ചുമടേന്തിക്കൊണ്ട് അകാലത്തില്‍ പകര്‍ച്ചവ്യാധി പിടിപെട്ട് മരിക്കുന്നവര്‍ക്ക് അന്ത്യകര്‍മങ്ങള്‍ നടത്താന്‍, രാപ്പകല്‍ വിശ്രമരഹിതനായി ഓടിനടക്കുന്ന വന്ദ്യവയോധികനായ ആ ഫാദര്‍ പീറ്റര്‍ ഗില്ലിഗനെ മറ്റെവിടെയും കാണില്ല. യേറ്റ്സിന്റെ ‘ദ ബാലഡ് ഓഫ് പീറ്റര്‍ ഗില്ലിഗന്‍’ എന്ന നാടോടി കവിതയിലെ അപൂര്‍വ കഥാപാത്രമാണ് ആ പാതിരി.
ഇടയ്ക്ക് യേറ്റ്സ് വിപ്ലവത്തിലേക്കും ചെറുതായി പ്രവേശിച്ചിരുന്നു. ഭീകര രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ സഹചരയായിരുന്ന അതിസുന്ദരിയായ മോഡ്ഗോണിനെ അവിചാരിതമായി കണ്ടുമുട്ടിയപ്പോള്‍ അവളില്‍ തല്പരനായിത്തീര്‍ന്നു ആ ഐറിഷ് കവി. തന്റെ ചില കവിതകളില്‍ ആ സുന്ദരിയെക്കുറിച്ചും അവളുടെ വന്യമായ രാഷ്ട്രീയബന്ധത്തെക്കുറിച്ചും അദ്ദേഹം കാര്യമായിത്തന്നെ വാഗ്‌വിന്യാസങ്ങള്‍ നടത്തിയിട്ടുണ്ട്.
ഐറിഷ് നവോത്ഥാനപ്രസ്ഥാനത്തിന്റെ പ്രധാനമന്ത്രിയായിരുന്ന ലേഡി അഗതാക്രിസ്തിയെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചെങ്കിലും മോഡ്ഗോണിനെയാണ് ദാമ്പത്യത്തിലേക്ക് യേറ്റ്സ് ക്ഷണിച്ചതും കുടുംബജീവിതത്തിലേക്ക് തീര്‍ച്ചപ്പെടുത്തിയതും. രണ്ടു വര്‍ഷത്തോളം ഉല്ലാസസമ്പന്നമായിരുന്ന അദ്ദേഹത്തിന്റെ ജീവിതം എന്തൊക്കെയോ അലോസരങ്ങളാല്‍ തകര്‍ന്നുതീര്‍ന്നപ്പോള്‍, നേരത്തെ പരിചയമുണ്ടായിരുന്ന ജോര്‍ജീ ഹെെലാസിനെ തന്റെ ജീവിതപങ്കാളിയാക്കി. തെക്കന്‍ ഫ്രാന്‍സില്‍ വച്ചു മരിച്ച യേറ്റ്സിന്റെ ഭൗതികാവശിഷ്ടം അയര്‍ലന്റിലേക്ക് കൊണ്ടുപോയി ഔദ്യോഗിക ബഹുമതിയോടെ സംസ്ക്കരിച്ചു.

TOP NEWS

November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.