19 December 2024, Thursday
KSFE Galaxy Chits Banner 2

എന്നു തീരും ഇന്ത്യയുടെ വിശപ്പ്

സി ആർ ജോസ്‌പ്രകാശ്
August 30, 2022 5:15 am

സ്വാതന്ത്ര്യം കിട്ടിയതിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുകയാണ് രാജ്യം. 75വര്‍ഷങ്ങള്‍ക്ക് മുന്‍പ് ലോകത്തെ മനുഷ്യര്‍ കുറച്ചുകാലമേ ജീവിച്ചിരുന്നുള്ളു. ശരാശരി ഇന്നു ജീവിക്കുന്നതിന്റെ പകുതിയില്‍ താഴെ പ്രായമെത്തുമ്പോള്‍ അന്നു മനുഷ്യര്‍ മരിച്ചിരുന്നു. പട്ടിണി, പ്രതികൂല ജീവിതസാഹചര്യങ്ങള്‍, സ്വാതന്ത്ര്യത്തിന്റെ വെളിച്ചമില്ലാത്ത അവസ്ഥ, ശാസ്ത്രബോധം ജീവിതത്തില്‍ ദൃശ്യമാകാത്ത സ്ഥിതി. ഈ സ്ഥിതിയില്‍ ഇരുണ്ട ലോകത്ത് ഭൂരിപക്ഷമനുഷ്യര്‍, മനുഷ്യരാകാതെ ജീവിച്ചുപോന്നു. ഇന്ത്യയിലെയും ചൈനയിലെയും ആഫ്രിക്കന്‍ രാജ്യങ്ങളിലെയുമെല്ലാം 90 ശതമാനത്തിലധികം മനുഷ്യ ജീവിതം ഇങ്ങനെയായിരുന്നു. എന്നാല്‍ അമേരിക്ക, യൂറോപ്യന്‍ രാജ്യങ്ങള്‍, സോവിയറ്റ് യൂണിയന്‍, ഓസ്ട്രേലിയ, കാനഡ തുടങ്ങി കുറച്ചു രാജ്യങ്ങളിലെ സ്ഥിതി വ്യത്യസ്തമായിരുന്നു. ഇതില്‍ യൂറോപ്പിലെ കുറച്ചു രാജ്യങ്ങളും അമേരിക്കയും പാവപ്പെട്ട രാജ്യങ്ങളെ നിരന്തരം ചൂഷണം ചെയ്തുപോന്നു. അവിടെ നിന്നും സമ്പത്ത് കുന്നുകൂട്ടി.
ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയാലും മനുഷ്യരായി ജീവിക്കാന്‍ കഴിയാത്തവരായിരിക്കും രാജ്യത്ത് കൂടുതലെന്ന്, 75 വര്‍ഷങ്ങള്‍ക്ക് മുമ്പുതന്നെ വിശ്വസിച്ചവര്‍ ധാരാളമാണ്. ഒരു ഘട്ടത്തില്‍ ഡോ. ബി ആര്‍ അംബേദ്കര്‍, മഹാത്മാഗാന്ധിയോട് തന്നെ ഇക്കാര്യം തുറന്നു പറഞ്ഞിരുന്നു. ജാതി, മതം, അധികാരം, സമ്പത്ത് തുടങ്ങിയവയെല്ലാം ന്യൂനപക്ഷം വരുന്ന സവര്‍ണരുടെ നിയന്ത്രണത്തിലായിരുന്നു. ഇത് രാജ്യത്തിന്റെ സ്വാതന്ത്ര്യത്തെതന്നെ അപ്രസക്തമാക്കുമെന്ന് പുരോഗമനവാദികളും മനുഷ്യസ്നേഹികളുമായ ഒരു വലിയ വിഭാഗം ചിന്തിച്ചിരുന്നു. എന്നാല്‍ ആശ്വാസകരമായ ഒരു കാര്യം, രാജ്യത്തെ ഒന്നാമത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിന് ഇക്കാര്യങ്ങളെക്കുറിച്ച് നല്ല ധാരണയുണ്ടായിരുന്നു എന്നതാണ്. അന്നത്തെ സോവിയറ്റ് യൂണിയന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ കൈവരിച്ചുകൊണ്ടിരുന്ന പുരോഗതി മനസിലാക്കാന്‍ ശ്രമിച്ചു. കോണ്‍ഗ്രസിനുള്ളിലെ വലിയ ഒരു വിഭാഗത്തിന്റെ എതിര്‍പ്പിനെ മറികടന്നും ധാരാളം കാര്യങ്ങള്‍ ചെയ്യാന്‍ നെഹ്രുവിനു കഴിഞ്ഞു. കാര്‍ഷിക ഉല്പാദനരംഗത്ത് അതിന്റെ മാറ്റമുണ്ടായി.


ഇതുകൂടി വായിക്കൂ; എളുപ്പത്തില്‍ ദഹിക്കാത്ത വിശപ്പ് സൂചിക


ശാസ്ത്ര‑സാങ്കേതിക സ്ഥാപനങ്ങള്‍ പുരോഗതിയുടെ പടവുകള്‍ കയറി. ഇനിയൊരു യുദ്ധമുണ്ടാകാന്‍ പാടില്ലെന്നും ആയുധത്തിനുവേണ്ടി ഇനി കൂടുതല്‍ തുക മാറ്റിവയ്ക്കരുതെന്നും ദാരിദ്ര്യവും നിരക്ഷരതയും മാറ്റുകയാണ് പ്രധാനമെന്നും ലോകത്തോടു പറഞ്ഞു. ലോക ഭരണാധികാരികളെ അത് ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു. ഇതിന്റെയൊക്കെ കുറച്ചു ഫലങ്ങള്‍ ഉണ്ടാകുകയും ചെയ്തു. കുറവുകള്‍ നിരവധിയുണ്ടെങ്കിലും തുടര്‍ന്നുവന്ന ഇന്ദിരാഗാന്ധിയും ദാരിദ്ര്യം കുറയ്ക്കുന്നതിനുള്ള നടപടികള്‍ മുന്നോട്ടു കൊണ്ടുപോയി. അതിനുശേഷം ഇതുവരെ വന്നിട്ടുള്ള എല്ലാ സര്‍ക്കാരുകളും രാജ്യത്ത് കുറച്ചൊക്കെ പുരോഗതി കൊണ്ടുവന്നിട്ടുണ്ട് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ ഒരു ആധുനിക മനുഷ്യസമൂഹം ലക്ഷ്യമായി കാണേണ്ട മനുഷ്യപുരോഗതിയുടെ 20 ശതമാനം എങ്കിലും 75 വര്‍ഷത്തിനുള്ളില്‍ കൈവരിക്കാന്‍ കഴിഞ്ഞില്ല എന്നതാണ് സങ്കടകരമായ കാര്യം. ഇതില്‍ ഒരളവുവരെയെങ്കിലും വ്യത്യസ്തമായി മാറിനില്‍ക്കുന്നത് കേരളം മാത്രമാണ്. വിശപ്പിന്റെ വിളി ഇവിടെ ദുര്‍ബലമായി. ഭൂപരിഷ്കരണം, ഭവനനിര്‍മ്മാണം, സാക്ഷരത, ചികിത്സാ സൗകര്യം തുടങ്ങി നിരവധി കാര്യങ്ങളില്‍ കേരളത്തിന് മുന്നോട്ടുപോകാന്‍ കഴിഞ്ഞു. എന്നാല്‍ ഇന്ത്യന്‍ സാഹചര്യത്തില്‍ ഈ നേട്ടങ്ങള്‍ പൂര്‍ണതയില്‍ നിലനിര്‍ത്താനാകുമോ എന്ന കാര്യം സംശയമാണ്. ജിഎസ്‌ടി നഷ്ടപരിഹാരം ഇല്ലാതായിരിക്കുന്നു. ജനസംഖ്യാനുപാതികമായി കേരളത്തിനു കിട്ടേണ്ട 2.77 ശതമാനം കേന്ദ്രവിഹിതത്തിനു പകരം കിട്ടുന്നത് 1.92 ശതമാനം മാത്രമാണ്. ജിഡിപിയുടെ അഞ്ച് ശതമാനത്തില്‍ അധികം തുക കേന്ദ്രം കടമെടുക്കുമ്പോള്‍ കേരളത്തിന് മൂന്നു ശതമാനത്തില്‍ അധികം കടമെടുക്കാനാകില്ല. ഫലത്തില്‍ 22,000 കോടി രൂപയുടെ വരുമാന നഷ്ടമാണ് 2022–23 ല്‍ കേരളത്തിനുണ്ടാകുന്നത്. ‘കേരളം മാത്രം അങ്ങനെ മുന്നില്‍ നില്‍ക്കേണ്ട’ എന്ന ദുഷ്ടബുദ്ധി, ബിജെപി സര്‍ക്കാരിനുണ്ടാകും എന്നു കരുതേണ്ടിയിരിക്കുന്നു.


ഇതുകൂടി വായിക്കൂ; വിശപ്പ് ഭരിക്കുന്നു; സമ്പത്ത് കുന്നുകൂടുന്നു


ബിജെപി ഭരണം എട്ടുവര്‍ഷം പിന്നിടുമ്പോള്‍ ഇന്ത്യയുടെ ഇന്നത്തെ സ്ഥിതി എന്താണ്? സ്വാതന്ത്ര്യം കിട്ടി 75 വര്‍ഷം കഴിഞ്ഞിട്ടും രാജ്യത്തിന്റെ വിശപ്പു മാറാന്‍ ഇനിയും എത്രകാലം കാത്തിരിക്കണം എന്നതാണ് ഒന്നാമത്തെ പ്രസക്തമായ ചോദ്യം. ജനസംഖ്യയുടെ 22 ശതമാനം ഇന്നും കടുത്ത ദാരിദ്ര്യത്തിലാണ്. ലോകം ഏകദേശമായി കണക്കാക്കിയിട്ടുള്ളത്, (ഇന്ത്യയില്‍ രൂപയുടെ അടിസ്ഥാനത്തില്‍) ഒരാള്‍ക്ക് ഒരു ദിവസം സാമാന്യമായി ജീവിച്ചുപോകണമെങ്കില്‍ കുറഞ്ഞത് 250 രൂപയുടെ വരുമാനമുണ്ടാകണമെന്നാണ്. ഈ കണക്കുപ്രകാരമാണെങ്കില്‍ ഇന്ത്യയില്‍ 43 ശതമാനം ദാരിദ്ര്യത്തിന്റെ പിടിയിലാണ്. (വികസിത രാജ്യങ്ങളുമായി ഈ കണക്കിന് താരതമ്യമൊന്നുമില്ല) ഇന്ത്യന്‍ നഗരങ്ങളില്‍ 9.71 ശതമാനവും ഗ്രാമപ്രദേശങ്ങളില്‍ 33 ശതമാനത്തില്‍ അധികവുമാണ് ദരിദ്രരുടെ എണ്ണം. സംസ്ഥാനങ്ങളുടെ കണക്കെടുത്താല്‍ ഈ പട്ടികയില്‍ ഒന്നാമത് ബിഹാര്‍ ആണ്. 2021 ലെ ആഗോള പട്ടിണി സൂചിക അനുസരിച്ച്, 116 രാജ്യങ്ങളുടെ റാങ്കിങ്ങില്‍, ഇന്ത്യയുടെ റാങ്കിങ് 101 ആണ്. മുന്‍പ് 94 ആയിരുന്നത് ഇപ്പോള്‍ വീണ്ടും പുറകോട്ടുപോയി. ഈ വിഷയത്തില്‍ ലോകരാജ്യങ്ങളുടെ സ്ഥിതി പരിശോധിച്ചാല്‍ ഓരോ വര്‍ഷം പിന്നിടുന്തോറും മിക്ക രാജ്യങ്ങളിലും പട്ടിണിക്കാരുടെ എണ്ണം കുറ‍ഞ്ഞുവരുന്നതായി കാണാന്‍ കഴിയും. എന്നാല്‍ ഇന്ത്യയില്‍ തുടര്‍ച്ചയായി ദരിദ്രരുടെ എണ്ണം കൂടുന്നു എന്നുമാത്രമല്ല, ലോകത്ത് ഏറ്റവും കൂടുതല്‍ ദരിദ്രരുള്ള രാജ്യമായി ഇന്ത്യ നിലനില്‍ക്കുകയും ചെയ്യുന്നു. ശിശുമരണം, ചികിത്സ കിട്ടാതെ മരിക്കുന്ന അവസ്ഥ. നിരക്ഷരത, ഭവനമില്ലായ്മ, ശുദ്ധജലമില്ലായ്മ, തൊഴിലില്ലായ്മ, സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം തുടങ്ങി നിരവധി കാര്യങ്ങളിലും ലോകത്ത് ഒന്നാം സ്ഥാനം ഇന്ത്യക്കുതന്നെ. ഒരു വര്‍ഷം 1.55 കോടി ചെറുപ്പക്കാരാണ് തൊഴില്‍ തേടിയെത്തുന്നത്. തൊഴില്‍ ഉള്ളവരില്‍ തന്നെ 88 ശതമാനം പണിയെടുക്കുന്നത് അസംഘടിത മേഖലയിലാണ്. അവര്‍ക്ക് ഒരു തൊഴില്‍ സുരക്ഷയും ഇല്ല. ശരാശരി ചൈനക്കാര്‍ മരിക്കുന്നതിന് 10 വര്‍ഷം മുന്‍പേ, ശരാശരി ഇന്ത്യക്കാര്‍ മരിക്കുന്ന സാഹചര്യം തിരിച്ചറിയാന്‍ പ്രത്യേകമായ ഒരു ഗവേഷണത്തിന്റെ ആവശ്യം ഇല്ല.


ഇതുകൂടി വായിക്കൂ; വിശപ്പ് രഹിതം: ലക്ഷ്യം ഏറെ അകലെ


ഇവിടെ ഉയരുന്ന അടിസ്ഥാനപരമായ ഒരു ചോദ്യം, മുകളില്‍ പറഞ്ഞ വസ്തുതകള്‍, നരേന്ദ്രമോഡി ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ ഭരണാധികാരികള്‍ക്ക് അറിയില്ല എന്നതാണ്. വിശപ്പിന്റെ വിളിയുടെ 75 വര്‍ഷത്തെ അനുഭവം എല്ലാവര്‍ക്കും അറിയാം. പക്ഷെ ഇത് ഭരണാധികാരികളെ വേദനിപ്പിക്കുന്നില്ല. കാരണം അവരുടെ അജണ്ടയില്‍ ഇതുള്‍പ്പെടുന്നില്ല. ഒരു ശതമാനത്തിനുതാഴെ വരുന്ന കോര്‍പറേറ്റുകളുടെ നികുതി കുറച്ചതിലൂടെ അഞ്ച് വര്‍ഷം കൊണ്ട് അവര്‍ക്ക് കിട്ടുന്നത് ഏഴു ലക്ഷത്തിലധികം കോടി രൂപയുടെ ലാഭമാണ്. സാധാരണക്കാരുടെ വരുമാനം കുറഞ്ഞുകൊണ്ടിരിക്കുമ്പോള്‍, അവരുടെ വരുമാനത്തില്‍ ശരാശരി ഒരു വര്‍ഷം 36 ശതമാനം വര്‍ധനവുണ്ടാകുന്നു. പൊതുമേഖല ഘട്ടംഘട്ടമായി അവരുടെ കൈകളില്‍ എത്തുന്നു. ദേശസാല്‍കൃത ബാങ്കുകളുടെ പണവും അവരില്‍തന്നെ എത്തുന്നു. പൊതുവിതരണ സംവിധാനം അപ്രസക്തമാകുന്നു. ഇന്ത്യന്‍ സിവില്‍ സര്‍വീസ് ചെറുതായി മാറുന്നു. കേന്ദ്ര സര്‍ക്കാരിന്റെ മുന്‍ഗണനാക്രമം ഇതൊക്കെയാണ്. ഇതോടൊപ്പം പ്രത്യേകമായ ചില ആനുകൂല്യങ്ങള്‍ സാധാരണക്കാര്‍ക്കായി പ്രഖ്യാപിക്കുകയും ചെയ്യും. സൗജന്യ അരിവിതരണക്കാര്യം പറഞ്ഞ അതേ സമയംതന്നെ, തൊഴിലുറപ്പു പദ്ധതിയെ തകര്‍ക്കുന്നതിനുള്ള പ്രഖ്യാപനവും വരുന്നു. ഏറ്റവും ഒടുവില്‍ വന്ന ഐക്യരാഷ്ട്രസഭയുടെ ഒരു കണക്കില്‍ പറയുന്നത് ‘ലോകത്ത് ഏറ്റവും വേഗത്തില്‍ അസമത്വം കുതിച്ചുയരുന്ന രാജ്യം ഇന്ത്യയാണ്’ എന്നാണ്.
ബിജെപി സര്‍ക്കാര്‍‍ കൃത്യതയോടെയും നല്ല ആസൂത്രണത്തോടെയുമാണ് മുന്നോട്ടുപോകുന്നത്. രാജ്യത്തെ കര്‍ഷകര്‍ അടക്കമുള്ളവരുടെ ജനരോഷം അവര്‍ അറിയുന്നുണ്ട്. അവര്‍ പ്രധാനമായും മൂന്നു കാര്യങ്ങള്‍ കണക്കുകൂട്ടുന്നു. ജാതി, മതം, വര്‍ഗീയത ഇവകൊണ്ട് ജനരോഷത്തെ ഒരു പരിധിവരെ നേരിടാം എന്നത് അവരുടെ അനുഭവമാണ്. കോണ്‍ഗ്രസ് ദുര്‍ബലമാകുന്നതും പ്രതിപക്ഷം ആശയറ്റുനില്‍ക്കുന്നതും നേട്ടമാകുമെന്ന് അവര്‍ക്കറിയാം. രാജ്യത്തെ പ്രത്യേക സാഹചര്യത്തില്‍ പണംകൊണ്ട് ജനപ്രതിനിധികളെയും രാഷ്ട്രീയ നേതാക്കളെയും വിലക്കെടുക്കാമെന്നും ഇഷ്ടമല്ലാത്ത സംസ്ഥാന ഭരണങ്ങളെ അട്ടിമറിക്കാനാകുമെന്നും അവര്‍ ഉറപ്പുവരുത്തിക്കൊണ്ടിരിക്കുന്നു. ഒരു കാര്യം ഉറപ്പാണ്, ഇന്നത്തെ സ്ഥിതി തുടര്‍ന്നാല്‍ ഇനി 50 വര്‍ഷം കൂടിക്കഴിഞ്ഞാലും ഇന്ത്യയുടെ വിശപ്പുതീരാന്‍ പോകുന്നില്ല. രാജ്യത്ത് വികസനം വരും, വലിയ നേട്ടങ്ങള്‍ ഉണ്ടാകും, പക്ഷെ ഭൂരിപക്ഷ ജനതയുടെ, പട്ടികജാതി-പട്ടികവര്‍ഗത്തിന്റെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റപ്പെടില്ല. ഇന്ത്യയിലെ ഭൂരിപക്ഷം മനുഷ്യര്‍, മനുഷ്യരായി മാറുകയുമില്ല. ഇത് അനുഭവമാണ്. കൃത്യമായ അനുഭവം. ഇനി മാറ്റത്തിന്റെ വഴി തുറക്കല്‍ പ്രക്രിയ കാലം കാത്തുവച്ചിട്ടുണ്ടാകാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.