20 April 2025, Sunday
KSFE Galaxy Chits Banner 2

Related news

April 20, 2025
April 20, 2025
April 20, 2025
April 19, 2025
April 19, 2025
April 19, 2025
April 19, 2025
April 18, 2025
April 17, 2025
April 17, 2025

ഭരണ പ്രതിപക്ഷഭേദമന്യേ കൈകോര്‍ത്ത് ലഹരിവിരുദ്ധ പോരാട്ടം

സ്വന്തം ലേഖകന്‍
തിരുവനന്തപുരം
August 31, 2022 11:21 pm

ലഹരിക്കെതിരെയുള്ള പോരാട്ടം ഭരണ‑പ്രതിപക്ഷ ഭേദമന്യേ ശക്തമാക്കാന്‍ നിയമസഭ. ഇടതുപക്ഷ മുന്നണിയുടെയും സര്‍ക്കാരിന്റെയും ലഹരിവിരുദ്ധ പ്രഖ്യാപിത നയത്തിനും പരിപാടിക്കുമാണ് നിയമസഭയില്‍ പ്രതിപക്ഷ പിന്തുണകൂടി ലഭിച്ചത്. ലഹരി ഉപഭോഗവും വിതരണവും സംബന്ധിച്ച് സ്ഥിരമായി കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ കരുതൽ തടങ്കലിനുള്ള ഉത്തരവ് പുറപ്പെടുവിക്കുമെന്നതുള്‍പ്പെടെ സര്‍ക്കാര്‍ തീരുമാനങ്ങള്‍ മുഖ്യമന്ത്രി നിയമസഭയില്‍ വിശദീകരിച്ചു. കാപ്പാ രജിസ്റ്റർ തയാറാക്കുന്ന മാതൃകയിൽ ലഹരിക്കടത്ത് കുറ്റകൃത്യങ്ങൾ ചെയ്യുന്നവരുടെ ഡാറ്റാ ബാങ്ക് തയാറാക്കാനുള്ള നിര്‍ദ്ദേശം നൽകിയിരിക്കുകയാണ്. ഇവയുമായി ബന്ധപ്പെട്ട് സ്പെഷ്യല്‍ ഡ്രൈവ് സംഘടിപ്പിക്കുമെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു.

സ്കൂള്‍ വിദ്യാര്‍ത്ഥികളിലുള്‍പ്പെടെ വ്യാപകമായിക്കൊണ്ടിരിക്കുന്ന മയക്കുമരുന്ന് ഉപയോഗവും ഇതിന്റെ ഭാഗമായി സമൂഹത്തിലുണ്ടായിരിക്കുന്ന ദോഷകരമായ മാറ്റങ്ങളും ചൂണ്ടിക്കാട്ടി പ്രതിപക്ഷത്തെ പി സി വിഷ്ണുനാഥ് കൊണ്ടുവന്ന അടിയന്തരപ്രമേയ നോട്ടീസിന്റെ ചര്‍ച്ചയാണ് ലഹരിക്കെതിരെയുള്ള സര്‍ക്കാരിന്റെ ജനകീയ പോരാട്ടത്തെ ഭരണ പ്രതിപക്ഷഭേദമന്യേയുള്ള മുന്നേറ്റമാക്കി മാറ്റുമെന്ന പ്രതീക്ഷ നല്‍കിയിരിക്കുന്നത്. പ്രധാനപ്പെട്ട വിഷയമാണ് ചര്‍ച്ചയ്ക്കുകൊണ്ടുവന്നതെന്ന് സ്പീക്കര്‍ എം ബി രാജേഷും അഭിപ്രായപ്പെട്ടു.

സര്‍ക്കാര്‍ സ്വീകരിച്ചുകൊണ്ടിരിക്കുന്ന നടപടികളും വിദ്യാലയങ്ങളിലും സമൂഹത്തിലും ഇതുമായി ബന്ധപ്പെട്ട് ചെയ്യാനുദ്ദേശിക്കുന്ന ഇടപെടലുകളും സംബന്ധിച്ച മുഖ്യമന്ത്രിയുടെ വിശദീകരണത്തെ പ്രതിപക്ഷം സ്വാഗതം ചെയ്തു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം കൈകൊണ്ട തീരുമാനങ്ങളും നിര്‍ദ്ദേശങ്ങളുമാണ് അദ്ദേഹം നിയമസഭയില്‍ വിവരിച്ചത്.

ലഹരി വിരുദ്ധ പ്രവർത്തനങ്ങളെ വിവിധ രീതിയിൽ സമീപിക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. എക്സൈസ്, പൊലീസ് വകുപ്പുകൾ ഏകോപിതമായി ലഹരിമരുന്നു വേട്ട നടത്തുന്നുണ്ട്. അന്വേഷണ രീതിയിലും കേസുകളെടുക്കുന്ന രീതിയിലും ചില മാറ്റങ്ങളുണ്ടാകണം. ഗാന്ധിജയന്തി ദിനത്തില്‍ സംസ്ഥാനമാകെ ലഹരി വിരുദ്ധ പരിപാടികൾ സംഘടിപ്പിക്കണം. ആ ദിവസം എല്ലാ വിദ്യാലയങ്ങളിലും ലഹരി വിരുദ്ധ സംരക്ഷണ ശൃംഖല സൃഷ്ടിക്കുന്നതുള്‍പ്പെടെയുള്ള പരിപാടികൾ സംഘടിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഈവര്‍ഷം 16,128 കേസുകള്‍

ലഹരി ഉപഭോഗം സംബന്ധിച്ച് 2020ൽ 4,650 ഉം 2021 ൽ 5,334 ഉം കേസുകളാണ് രജിസ്റ്റർ ചെയ്തത്. 2022 ൽ ഓഗസ്റ്റ് 29 വരെയുള്ള കണക്കുപ്രകാരം 16,128 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2020 ൽ 5,674 പേരെയും 2021 ൽ 6,704 പേരെയും അറസ്റ്റ് ചെയ്തിരുന്നു. 2022 ൽ 17,834 പേരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. വ്യാപാരാവശ്യത്തിനായി എത്തിച്ച 1,340 കിലോഗ്രാം കഞ്ചാവും 6.7 കിലോഗ്രാം എംഡിഎംഎയും 23.4 കിലോഗ്രാം ഹാഷിഷ് ഓയിലും ഈ വർഷം സംസ്ഥാനത്ത് പിടിച്ചെടുത്തു.

പരമാവധി ശിക്ഷ ഉറപ്പുവരുത്തും

എൻഡിപിഎസ് കേസുകളില്‍ ഉയർന്ന ശിക്ഷ ഉറപ്പു വരുത്താൻ പ്രതികളുടെ മുൻ ശിക്ഷകൾ ചേർക്കേണ്ടതുണ്ട്. ആ കാര്യത്തിൽ വ്യക്തമായ നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഇനി കുറ്റകൃത്യങ്ങളിൽ ഉൾപ്പെടില്ല എന്ന് വ്യക്തമാക്കുന്ന ബോണ്ട് വാങ്ങുന്നതിന് എൻഡിപിഎസ് നിയമത്തിൽ 34-ാം വകുപ്പ് അധികാരം നൽകുന്നുണ്ട്. ഈ കാര്യത്തിലും വ്യക്തമായ നിർദ്ദേശം നൽകി. എസ്എച്ച്ഒമാരും എക്സൈസ് ഇൻസ്പെക്ടർമാരുമാണ് ഈ ബോണ്ട് വാങ്ങേണ്ടത്.

Eng­lish Summary:Anti-drug fight hand in hand regard­less of rul­ing opposition
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.