22 November 2024, Friday
KSFE Galaxy Chits Banner 2

Related news

August 30, 2024
August 8, 2024
July 20, 2024
June 14, 2024
May 18, 2024
May 12, 2024
May 6, 2024
March 13, 2024
March 12, 2024
March 4, 2024

തൊഴിൽ മേഖലയിൽ പടരുന്ന ദുരിതം

Janayugom Webdesk
September 18, 2022 5:00 am

കോവിഡ് ഒരു യാഥാർത്ഥ്യമായി തുടരുകയാണ്. ലോകമെമ്പാടും പടർന്ന ഈ പകർച്ചവ്യാധി വിതച്ച ദുരിതം ഒരുതലത്തില്‍ മാത്രമായിരുന്നില്ല. 2020–2021 കാലയളവിൽ തീക്ഷ്ണമായി പടർന്ന മഹാമാരി കൊടിയ നാശത്തിന് വഴിയൊരുക്കി. ഇരകളായ രാജ്യങ്ങൾ വികസന വഴികളിൽ പിന്നാക്കം വലിച്ചെറിയപ്പെട്ടു. ഇന്ത്യയും ഇക്കാര്യങ്ങളിൽ അപവാദമായിരുന്നില്ല. എന്നാൽ ഇതര രാജ്യങ്ങള്‍ പുരോഗതിയുടെ വഴികളിൽ വിട്ടുവീഴ്ചയ്ക്ക് തയാറായിരുന്നില്ല. അതിനാൽ വികസന നിലവാരങ്ങളുടെ മുഖ്യധാരയിലേക്ക് അവർ അതിവേഗം മടങ്ങിയെത്തി. അതേസമയം ഐക്യരാഷ്ട്രസഭയുടെ വികസന സൂചികയിലോ എച്ച്ഡിഐയിലോ ഉള്ള റാങ്കിങ്ങിൽ ഇന്ത്യയുടെ നിലവാരം പരിതാപകരമായിരുന്നു. റാങ്കിങ് സമസ്ത മേഖലകളിലും ഏറെ താഴെയായി. കഴിഞ്ഞ രണ്ട് വർഷങ്ങളായി (2020, 2021) തകർച്ച പ്രകടമായിരുന്നു. മുമ്പ് നേടിയതെല്ലാം ഗതകാല കഥയാക്കുന്ന ദുരവസ്ഥയായിരുന്നു. രാജ്യം എല്ലായ്പ്പോഴും ലോക ശരാശരിക്ക് തുല്യമായിരുന്ന കാലം വിദൂരത്തായിരുന്നില്ല. 2022 സെപ്റ്റംബർ എട്ടിന് പുറത്തിറക്കിയ 2021–22ലെ മാനവ വികസന റിപ്പോർട്ട് അനുസരിച്ച് 2019ലെ 130-ാം സ്ഥാനത്തുനിന്ന് 2021ൽ 132ലേക്ക് വഴുതിയിരിക്കുന്നു.

ഐക്യരാഷ്ട്രസഭ വികസന പദ്ധതി (യുഎൻഡിപി) റിപ്പോർട്ട് അനുസരിച്ച് 2021ൽ ഇന്ത്യയുടെ എച്ച്ഡിഐ മൂല്യം 0.633 ആയിരുന്നു, ഇത് ലോക ശരാശരിയായിരുന്ന 0.732നെക്കാൾ കുറവാണ്. 2020ലും എച്ച്ഡിഐയിൽ ഇടിവ് രേഖപ്പെടുത്തി. കോവിഡിന് മുമ്പുള്ള നിലയുമായി (0.645) താരതമ്യം ചെയ്യുമ്പോൾ എച്ച്ഡിഐ മൂല്യം 0.642 നിലവാരത്തിലാണ്. തകർച്ചയുടെ കാരണങ്ങൾക്ക് കോവിഡിനെ ഉത്തരവാദിയാക്കി കൈകഴുകുകയാണ് കേന്ദ്ര ഭരണകൂടം. 2019 വരെ രാജ്യത്തെ ശരാശരി പ്രായം 67.2 ആയിരുന്നു. ഇപ്പോൾ, ശരാശരി കാലം ജീവിച്ചിരുന്നാൽ അത് ഒരു അനുഗ്രഹമാണ്. വിദ്യാഭ്യാസത്തിലും രാജ്യം പിന്നാക്കം നിൽക്കുന്നു. വളരുന്ന തലമുറകളെ അത് ഇരുട്ടിലാക്കുന്നു. 11.9 വർഷം നീളുന്ന സ്കൂൾ വിദ്യാഭ്യാസ കാലയളവിൽ യഥാര്‍ത്ഥത്തില്‍ ലഭിക്കുന്ന വിദ്യാഭ്യാസം 6.7 വർഷം മാത്രമാണ്. വരുമാനത്തകർച്ചയാണ് ദുരിതങ്ങളുടെ മൂലകാരണം. ദേശീയ പ്രതിശീർഷ വരുമാനം 6,590 ഡോളറായി കുറഞ്ഞു. ഇന്ത്യയെ കുറഞ്ഞ വരുമാനമുള്ള രാജ്യമായി മുദ്രകുത്തി. തൊഴിൽ നേടുന്നത് ചന്ദ്രബിംബം കയ്യിൽ കോരുന്നതു പോലെയായി. അനാരോഗ്യകരമായ സാഹചര്യങ്ങളിൽ മണിക്കൂറുകൾ നീളുന്ന കഠിനാധ്വാനം. ലഭിക്കുന്നതോ നാമമാത്ര പ്രതിഫലം. എന്നിട്ടും വ്യാജ വാഗ്ദാനങ്ങളുടെ പെരുമഴ മാത്രം അവസാനിക്കുന്നില്ല. എല്ലാമറിഞ്ഞിട്ടും മനഃസാക്ഷിയെയും അവകാശങ്ങളെയും മറന്ന് അപകടകരമായ സാഹചര്യത്തിലും അധ്വാനം തുടരുന്നു. ഇവിടെ രാജ്യത്തിന്റെ പുരോഗതി വഴി മുട്ടുകയാണ്. രാജ്യത്തിനായി അധ്വാനിക്കുന്ന ജനതയ്ക്ക് എല്ലാവിധത്തിലുമുള്ള ക്ഷേമനടപടികളും നിഷേധിക്കുന്നു.


ഇതുകൂടി വായിക്കൂ: പതിവുകാഴ്ചയാകുന്ന ഭാരത് ജോഡോ യാത്ര


നാടിന്റെ ജീവൻ തുടിക്കുന്നത് ഇവരിലാണ്. ജനസംഖ്യാപരമായ ഓഹരിയായി ഇക്കാര്യങ്ങളെ വിശേഷിപ്പിക്കേണ്ടി വരും. തൊഴിൽ സാഹചര്യം കൈകാര്യം ചെയ്യുന്നതിലെ പാളിച്ചകളുടെ ഫലമായി തൊഴിലാളിവർഗം അനുഭവിക്കുന്ന ദുരിതങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഐക്യരാഷ്ട്രസഭയുടെ ഉൾപ്പെടെയുള്ള റിപ്പോർട്ടുകൾ സൂചികകള്‍ തയാറാക്കുന്നത്. വ്യവസ്ഥയുടെ പരാജയമാണ് വികസനത്തിന്റെയും പുരോഗതിയുടെയും ഉത്തരവാദിത്തം താഴേത്തട്ടിലുള്ളവരുടെ ചുമലിലേറ്റുന്നത്. റിപ്പോർട്ട് അനുസരിച്ച്, 2020–21 ൽ മാനവ വികസന സൂചിക മൂല്യത്തിൽ പ്രകടമായ കുറവുണ്ടായിരിക്കുന്നു. ഇത് പുരോഗതിയെ തടസപ്പെടുത്തുന്നു. സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈമോശപ്പെടുന്നു. ദുരിതസാഹചര്യങ്ങളിൽ സാധാരണക്കാരന് ആശ്വാസം എംഎസ്എംഇകളാണ്. ഇതര മേഖലകളെ അപേക്ഷിച്ച് ഇവിടെ തൊഴിൽ ലഭ്യത കൂടുതലാണ്. കുറഞ്ഞവേതനവും വ്യവസ്ഥയില്ലാത്ത തൊഴിൽ സമയവും പരിമിതിയായി നിലനിൽക്കുകയും ചെയ്യുന്നു. പക്ഷെ എംഎസ്എംഇകളെ സഹായിക്കാനുദ്ദേശിച്ച് എന്നു ഘോഷിച്ച അവശ്യ വായ്പാ പദ്ധതികൾ നിഴലുകൾ മാത്രമായി. എംഎസ്എംഇകൾക്ക് കുടിശികയായി നിൽക്കുന്ന കടങ്ങളുടെ പരമാവധി 20 ശതമാനം പരിഹരിക്കാൻ മാത്രമാണ് പദ്ധതി ലക്ഷ്യമിട്ടത്. പദ്ധതിക്കു കീഴിൽ ഒരു കോടി അക്കൗണ്ടുകളിലേക്ക് വായ്പകൾ വിതരണം ചെയ്തു എന്ന് പ്രചരിപ്പിക്കുമ്പോഴും അക്കൗണ്ടുകളിൽ 16.4 ശതമാനവും നിഷ്ക്രിയ അക്കൗണ്ടുകളാണ് എന്നത് പരിഗണിക്കപ്പെട്ടില്ല.

കോവിഡ് മാത്രമല്ല സാമ്പത്തിക പ്രതിസന്ധിക്കു കാരണമെന്ന് കൂടുതൽ വ്യക്തമാകുകയും ചെയ്യുന്നു. സമ്പദ്‌വ്യവസ്ഥയുടെ പ്രതിസന്ധി കോവിഡ് മഹാമാരി അടങ്ങിയിട്ടും പരിഹരിക്കപ്പെട്ടിട്ടില്ല. നാഷണൽ ക്രെഡിറ്റ് ഗ്യാരന്റി ട്രസ്റ്റി കമ്പനിയുടെ കണക്കുകൾ പ്രകാരം 16.22 ലക്ഷം വായ്പകളാണ് കിട്ടാക്കടങ്ങളായിരിക്കുന്നത്. ഇതിന്റെ മൂല്യം 11,893 കോടി രൂപയാണ്. സമ്പദ്‌വ്യവസ്ഥയുടെ തകർച്ച താരതമ്യേന ചെറിയ സ്ഥാപനങ്ങളെയാണ് കൂടുതലായി ബാധിച്ചതെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ബാധ്യതകൾ നിറവേറ്റാൻ കഴിയാത്ത അവസ്ഥയിലുമാണ് അവർ. കൂടുതൽ തൊഴിലാളികൾക്ക് തൊഴിൽ നൽകുന്ന എംഎസ്എംഇകൾ തുടർച്ചയായ സാമ്പത്തിക പ്രതിസന്ധികൾക്ക് ഇരയാകുന്നു എന്നതാണ് യാഥാർത്ഥ്യം. കണക്കുകളും സംഖ്യകളും എംഎസ്എംഇകൾ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി പ്രതിഫലിപ്പിക്കുന്നുണ്ടെങ്കിലും ഇവ ഔപചാരികമായ എംഎസ്എംഇകളാണ് എന്നത് പ്രസക്തമാണ്. അനൗപചാരിക എംഎസ്എംഇകൾ എണ്ണത്തിൽ ഏറെയാണ്. അവർക്ക് ഔപചാരികമായ മേൽവിലാസവും പ്രവേശനവും നിഷേധിക്കപ്പെട്ടിരിക്കുന്നു. അവര്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയും കടുത്തതാണ്. വായ്പയും ഔപചാരിക ധനസഹായവും ഇല്ലാത്തത് അവരുടെ സാഹചര്യങ്ങളെ കൂടുതൽ വഷളാക്കുന്നു. ഇത് അവരെ ആശ്രയിക്കുന്ന തൊഴിൽ സേനയെ പ്രത്യക്ഷമായി ബാധിക്കുന്നു. തുടർച്ചയായ സാമ്പത്തിക പ്രതിസന്ധി തൊഴിൽ വിപണിയുടെ തകർച്ചയിലേക്കുള്ള ചൂണ്ടുവിരലാണ്.

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.