25 November 2024, Monday
KSFE Galaxy Chits Banner 2

നേരിന്റെയും നന്മയുടെയും പ്രസ്ഥാനം

കെ ദിലീപ്
നമുക്ക് ചുറ്റും
September 28, 2022 5:15 am

ന്ത്യയിൽ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകൃതമായിട്ട് ഒരു നൂറ്റാണ്ട് തികയാൻ ഇനി അധികം കാലമില്ല. 1925 ഡിസംബറിൽ കാൺപൂരിൽ നടന്ന സമ്മേളനത്തിലാണ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകരിക്കപ്പെട്ടത്. എന്നാൽ നേരത്തെ തന്നെ സ്വാതന്ത്ര്യസമരസേനാനികൾ, തൊഴിലാളി സംഘടനാ പ്രവർത്തകർ തുടങ്ങിയവരുടെ നേതൃത്വത്തിൽ ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ കമ്മ്യൂണിസ്റ്റ് ഗ്രൂപ്പുകൾ പ്രവർത്തനം തുടങ്ങിയിരുന്നു. ബോംബെയിൽ ഡാങ്കെയുടെ, കൽക്കട്ടയിൽ മുസാഫിർ അഹമ്മദിന്റെ, ലാഹോറിൽ ഗുലാം ഹുസൈന്റെ നേതൃത്വത്തിൽ വിവിധ ഗ്രൂപ്പുകൾ പ്രവർത്തിച്ചിരുന്നു. കൽക്കത്തയിൽ നിന്ന് നവയുഗം എന്ന പത്രവും ബോംബെയിൽ നിന്ന് സോഷ്യലിസ്റ്റ് എന്ന് വാരികയും ലാഹോറിൽ നിന്ന് ഇൻക്വിലാബ് എന്ന മാസികയും പ്രസിദ്ധീകരിച്ചു തുടങ്ങി. 1912ല്‍ തന്നെ കാറൽ മാർക്സിന്റെ രണ്ടു ജീവചരിത്രങ്ങൾ ഇന്ത്യയിൽ പ്രസിദ്ധീകൃതമായിരുന്നു. ലാലാ ഹർദയാൽ ഇംഗ്ലീഷിലും സ്വദേശാഭിമാനി രാമകൃഷ്ണപിള്ള മലയാളത്തിലും മാര്‍ക്സിന്റെ ലഘു ജീവചരിത്രങ്ങൾ തയാറാക്കി പ്രസിദ്ധീകരിച്ചു. ഒരുപക്ഷേ മലയാളത്തിലെ സ്വദേശാഭിമാനിയുടെ പുസ്തകമായിരിക്കും മാർക്സിന്റെ ഒരു പ്രാദേശിക ഭാഷയിൽ എഴുതപ്പെടുന്ന ആദ്യ ജീവചരിത്ര ഗ്രന്ഥം.
1871 ഓഗസ്റ്റ് 15ന് നടന്ന കമ്മ്യൂണിസ്റ്റ് ഇന്റർനാഷണൽ ജനറൽബോഡി യോഗത്തിന്റെ മിനിറ്റ്സിൽ കൽക്കത്തയിൽ നിന്ന് ഇന്ത്യയിൽ ഒരു ഘടകം സ്ഥാപിക്കാൻ ആവശ്യമായ നിർദ്ദേശങ്ങൾക്കായി ഒരു കത്ത് ലഭിച്ചതായും കത്ത് എഴുതിയ ആളിന് ആവശ്യമായ നിർദ്ദേശങ്ങൾ നൽകിയതായും കാണുന്നു. ഇതേ കത്തിന്റെ പ്രസക്തഭാഗങ്ങൾ 1871 ഓഗസ്റ്റ് 19 ഈസ്റ്റേൺ പോസ്റ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിപ്രകാരമാണ്. “ജനങ്ങൾക്കിടയിൽ കടുത്ത അസംതൃപ്തി നിലനിൽക്കുന്നു. ബ്രിട്ടീഷ് സർക്കാരിനെ അവർ പൂർണമായും വെറുക്കുന്നു. അമിതമായ നികുതി ഈടാക്കുകയും അതിൽ സിംഹഭാഗവും ഉദ്യോഗസ്ഥ വർഗം വിഴുങ്ങുകയും ചെയ്യുന്നു. മറ്റു സ്ഥലങ്ങളിലേതു പോലെ തന്നെ അധികാരി വർഗത്തിന്റെ ധൂർത്തും അധ്വാന വർഗത്തിന്റെ ദയനീയാവസ്ഥയും സമൂഹത്തിൽ വൈരുധ്യങ്ങളായി നിലകൊള്ളുകയും, അധ്വാന വർഗത്തിന്റെ പരിശ്രമഫലമായുണ്ടാകുന്ന സമ്പത്ത് ദുർവ്യയം ചെയ്യപ്പെടുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഒരു ഘടകം രൂപീകൃതമായാൽ സാർവദേശീയ കമ്മ്യൂണിസ്റ്റ് തത്വങ്ങൾ ജനങ്ങളിൽ എത്തുകയും അവർ സംഘടനയിലേക്ക് വരികയും ചെയ്യും”. ഇതിൽ നിന്നും കമ്മ്യൂണിസ്റ്റ് ആശയങ്ങൾ പത്തൊമ്പതാം നൂറ്റാണ്ടിൽ തന്നെ ഇന്ത്യയിൽ എത്തിച്ചേരുകയും ആ ആശയങ്ങൾ ജനങ്ങൾക്ക് പ്രത്യാശ നൽകുകയും ചെയ്തിരുന്നുവെന്ന് വ്യക്തമാവുന്നു. 1870കളുടെ അവസാനത്തിൽ ബങ്കിംചന്ദ്ര ചാറ്റർജി കോളനി ഭരണത്തിനെതിരെ മാത്രമല്ല ജന്മിത്വത്തിനെതിരെയും ശബ്ദമുയർത്തിക്കൊണ്ട് ‘കർഷകർക്ക് ക്ഷേമം ഇല്ലാതെ രാജ്യത്തിന് ക്ഷേമം ഉണ്ടാകില്ല ഭൂമി എല്ലാവരുടേതുമാണ് ആരുടെയും സ്വകാര്യ സ്വത്തല്ല” എന്ന് പ്രഖ്യാപിച്ചു. രബീന്ദ്രനാഥ ടാഗോർ 1892ല്‍ സോഷ്യലിസത്തെക്കുറിച്ച് ലേഖനം എഴുതി. “ഭൗതികമായ അഭിവൃദ്ധി ഇല്ലാതെ സ്വാതന്ത്ര്യം സാധ്യമല്ല. സമ്പത്ത് ജനങ്ങൾക്കിടയിൽ വിതരണം ചെയ്യപ്പെടുന്നില്ലെങ്കിൽ സ്വാതന്ത്ര്യം എല്ലാവരിലേക്കും എത്തിച്ചേരില്ല. സോഷ്യലിസം ലക്ഷ്യമാക്കുന്നത് സമ്പത്ത് സമൂഹത്തിൽ എല്ലാവർക്കും തുല്യമായി വീതിച്ച് സമൂഹത്തെ വീണ്ടും സംയോജിപ്പിക്കുക എന്നതാണ്. സോഷ്യലിസം ലക്ഷ്യമാക്കുന്നത് എല്ലാവർക്കും ഏറ്റവും മെച്ചമായ സ്വാതന്ത്ര്യം ലഭ്യമാക്കുകയാണ്” എന്ന് അർത്ഥശങ്കക്കിടയില്ലാതെ ടാഗോർ എഴുതി.


ഇതുകൂടി വായിക്കൂ:  സമരം നമ്മുടെ അവകാശവും കടമയുമാണ്


1896 നവംബർ ഒന്നിന് ഇന്ത്യ ലോകത്തിനു സംഭാവന ചെയ്ത വലിയ തത്വചിന്തകൻ സ്വാമി വിവേകാനന്ദൻ ഇങ്ങനെ പ്രഖ്യാപിച്ചു “ഞാൻ ഒരു സോഷ്യലിസ്റ്റാണ്. സോഷ്യലിസം ഏറ്റവും ഉത്തമമായ ഒരു വ്യവസ്ഥിതിയാണ് എന്ന് ഞാൻ വിശ്വസിക്കുന്നത് കൊണ്ടല്ല പകരം അരക്കഷണം റൊട്ടി ലഭിക്കുന്ന അവസ്ഥ കൊടും പട്ടിണിയെക്കാൾ ഭേദമാണ് എന്നതുകൊണ്ടാണ്. മറ്റു വ്യവസ്ഥിതികൾ നടപ്പിലാക്കിയപ്പോൾ കുറവുകൾ ഉള്ളതായി കണ്ടിട്ടുണ്ട്. അങ്ങനെയെങ്കിൽ ഈ വ്യവസ്ഥയും നടപ്പിലാക്കി നോക്കി വിലയിരുത്തേണ്ടതാണ്”. ഇത്തരത്തിൽ പത്തൊമ്പതാം നൂറ്റാണ്ടിൽ തന്നെ ഇന്ത്യയിൽ വ്യാപകമായ രീതിയിൽ സോഷ്യലിസ്റ്റ് ആശയങ്ങളെക്കുറിച്ചുള്ള ചർച്ചകൾ നടക്കുകയും ഇന്ത്യയിലെ പ്രമുഖ ബുദ്ധിജീവികളും സാഹിത്യകാരന്മാരും സാമൂഹ്യ നവോത്ഥാന പ്രസ്ഥാനത്തിന്റെ ഏറ്റവും ശക്തനായ പ്രയോക്താവ് സ്വാമി വിവേകാനന്ദൻ തന്നെയും ഞാനൊരു സോഷ്യലിസ്റ്റ് ആണ് എന്ന് പ്രഖ്യാപിക്കുന്നത് പത്തൊമ്പതാം നൂറ്റാണ്ടിൽ ആണ്. ബ്രിട്ടീഷ് ഭരണം ഇന്ത്യയെ ഭീകരമായ ദാരിദ്ര്യത്തിലാണ് കൊണ്ടെത്തിച്ചത്. 1870കളിലും 80കളിലും 1896–97, 1899–1900 വർഷങ്ങളിലും ഇന്ത്യയിലെ പകുതിയോളം ജനങ്ങളെ കൊടും പട്ടിണി ബാധിക്കുകയും രണ്ടര കോടി ജനങ്ങളും അതിലേറെ വളർത്തു മൃഗങ്ങളും പട്ടിണി മൂലം മരിച്ചുവീഴുകയും ചെയ്തു. അസംഘടിതരായിരുന്നെങ്കിലും കർഷകർ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ രൂക്ഷമായ കലാപങ്ങൾ നടത്തി. ബംഗാളിലും പഞ്ചാബിലും മറ്റു പല പ്രവിശ്യകളിലും രൂക്ഷമായ കലാപങ്ങൾ നടന്നു. 1862ല്‍ റയിൽവേ തൊഴിലാളികൾ നടത്തിയ സമരമാണ് ഇന്ത്യൻ തൊഴിലാളി വർഗത്തിന്റെ ആദ്യ പോരാട്ടം. 1880കളിൽ ബോംബെയിലും അഹമ്മദാബാദിലും കോയമ്പത്തൂരിലും ഉള്ള തുണിമില്ലുകളിലും കൽക്കത്തയിലെ ചണ മില്ലുകളിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള അരിമില്ലുകളിലും ഗോതമ്പുമില്ലുകളിലും അനേകം പണിമുടക്കുകൾ നടന്നു. ദേശീയ പ്രസ്ഥാനത്തിലെ യാഥാസ്ഥിതികർ പ്രക്ഷോഭങ്ങൾക്ക് എതിരായിരുന്നു. എന്നാൽ രാഷ്ട്രീയ ബോധമുള്ള ബുദ്ധിജീവികളും ചെറുപ്പക്കാരും ഈ സമരങ്ങളുടെ മുൻപന്തിയിൽ സ്ഥാനം ഉറപ്പിച്ചു. ഏതൊരു ഇന്ത്യൻ കമ്മ്യൂണിസ്റ്റിനെയും എന്നും ആവേശഭരിതരാക്കുന്ന പോരാട്ട വീര്യത്തിന്റെ പ്രതീകമായ ഷഹീദ് ഭഗത് സിങ്, ഉദം സിങ്, സുഖ് ദേവ്, രാജഗുരു അങ്ങനെ അനേകം അനേകം രാഷ്ട്രത്തിനായി ആത്മസമർപ്പണം ചെയ്ത മഹാത്യാഗികളുടെ ആശയാഭിലാഷങ്ങളുടെ പൂർത്തീകരണം ആയിരുന്നു 1925 ഡിസംബറിൽ സംഭവിച്ച ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകരണം.


ഇതുകൂടി വായിക്കൂ: കേരളത്തിലെ കലാരംഗവും കമ്മ്യൂണിസ്റ്റ് പാർട്ടിയും


വിവിധ നാട്ടുരാജ്യങ്ങളായും ബ്രിട്ടീഷ് സർക്കാർ നേരിട്ടു ഭരിക്കുന്ന മദ്രാസ് പ്രവിശ്യയുടെ ഭാഗമായ മലബാർ ജില്ലയായും വിഭജിച്ചു കിടന്നിരുന്ന അവസ്ഥയിലായിരുന്നു സ്വാതന്ത്ര്യപൂർവ കേരളം. 19-ാം നൂറ്റാണ്ടിൽ തന്നെ മലബാറിന്റെ വിവിധ പ്രദേശങ്ങളിൽ കാർഷിക കലാപങ്ങൾ നടന്നു. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ സ്ഥാപിതമായ വ്യവസായ ശാലകളിലും തൊഴിലാളികളുടെ അവസ്ഥ വളരെ ദയനീയമായിരുന്നു. കർഷകർക്ക് ആകട്ടെ കൃഷി ചെയ്യുവാൻ സ്വന്തമായി ഭൂമിയില്ലായിരുന്നു. ഭൂമി ജന്മി മാരുടെ കൈവശമായിരുന്നു. കുടിയാന്മാരായി കൃഷിയിറക്കിയ കർഷകർക്ക് പട്ടിണി മാത്രമായിരുന്നു ബാക്കിയുണ്ടായിരുന്നത്.
കർഷകരുടെ വിവിധ പ്രശ്നങ്ങൾ ചർച്ച ചെയ്യാനായി 1934ല്‍ പട്ടാമ്പിയിൽ വച്ചാണ് മലബാറിലെ കർഷകരുടെ ആദ്യ യോഗം നടക്കുന്നത്. ‘1938–39 കാലമാവുമ്പോഴേക്കും കർഷകപ്രസ്ഥാനം ശക്തിപ്രാപിച്ചു. 1939 ജനുവരി മൂന്നാം തീയതി മുതൽ മേയ് അവസാനം വരെയുള്ള അഞ്ചു മാസങ്ങൾക്കുള്ളിൽ 33 വില്ലേജ് കർഷക സമ്മേളനങ്ങൾ നടന്നതായി പ്രഭാതം റിപ്പോർട്ട് ചെയ്യുകയുണ്ടായി. ഇവയിൽ പല സമ്മേളനങ്ങളിലും ആയിരക്കണക്കിന് കർഷകർ പങ്കെടുക്കുകയും ചെയ്തു. 1921–22ൽ ആലപ്പുഴയിലെ എംപയർ കയർ വർക്സ് തൊഴിലാളികളും പൊതുപ്രവർത്തകരും ചേർന്ന് തിരുവിതാംകൂർ ലേബർ അസോസിയേഷൻ എന്ന സംഘടനയ്ക്ക് രൂപം നൽകി. എസ് അനിരുദ്ധൻ, ആർ സുഗതൻ, പി കെ കുഞ്ഞ്, കെ സി ഗോവിന്ദൻ, കെ ജോസഫ്, കെ കെ മാധവൻ തുടങ്ങിയവരായിരുന്നു ആ സംഘടനയിൽ ആദ്യം പ്രവർത്തിച്ചിരുന്നത്. ആലപ്പുഴയിലെ കയർ ഫാക്ടറികളിലും മറ്റു വ്യവസായ ശാലകളിലും പ്രവർത്തിച്ചിരുന്ന തൊഴിലാളികളുടെ ദുരവസ്ഥയ്ക്ക് പരിഹാരം കാണാനായി വിവിധ പ്രക്ഷോഭങ്ങൾ ഈ സംഘടനയിലൂടെ നടന്നു. ലേബർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ 1930 മുതൽ പ്രസിദ്ധീകരിച്ചിരുന്ന ‘തൊഴിലാളി’, എന്ന പത്രം കേരളത്തിൽ മാർക്സിയൻ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിൽ വലിയ പങ്കുവഹിച്ചു. മൂലധനത്തിന്റെ ഏതാനും ഭാഗങ്ങൾ ആ പത്രത്തിൽ തർജ്ജമ ചെയ്ത് പ്രസിദ്ധീകരിച്ചിരുന്നു. കാറൽ മാർക്സും സോഷ്യലിസ്റ്റ് തത്വങ്ങളും എന്ന പേരിൽ കെ രാമദാസ് എഴുതിയ ലേഖന പരമ്പരയും അതിൽ വന്നിരുന്നു.


ഇതുകൂടി വായിക്കൂ: ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ നാല് കമ്മ്യൂണിസ്റ്റ് രക്തസാക്ഷികള്‍


സഖാവ് പി കൃഷ്ണപിള്ളയുടെ നേതൃത്വത്തിൽ കേരളത്തിൽ ഒട്ടാകെ വിവിധ തൊഴിൽ മേഖലകളിലെ നിരവധി തൊഴിലാളി സംഘടനകളെ ഒരുമിപ്പിച്ച് അനേകം ഉജ്ജ്വലമായ സമരങ്ങൾ നടന്നു. 1938ൽ ആലപ്പുഴ തൊഴിലാളി സമരം കേരളത്തിലെ തൊഴിൽ സമരങ്ങളിൽ ഇന്നും ഉജ്ജ്വലമായ ഒരു അധ്യായമാണ്. കിരാതമർദ്ദനങ്ങൾ ചെറുത്തുകൊണ്ട് പി കൃഷ്ണപിള്ള, കെ കെ വാര്യർ, ആർ സുഗതൻ, സി ഒ മാത്യു, പത്രോസ്, പി കെ പത്മനാഭൻ, കെ കെ കുഞ്ഞൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ നടന്ന സമരത്തിൽ നാൽപതിനായിരത്തോളം തൊഴിലാളികൾ പങ്കെടുത്തു. 1934 മുതൽ 40 വരെയുള്ള വർഷങ്ങളിൽ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി അഭൂതപൂർവമായ വളർച്ച നേടി. തൊഴിലാളി പ്രസ്ഥാനങ്ങളുടെയും കർഷക കൂട്ടായ്മകളുടെയും യോജിച്ച സമരങ്ങളും ഇവയെ പരസ്പരം ബന്ധിപ്പിച്ച ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുമാണ് പിന്നീട് ഐക്യ കേരളപ്പിറവിക്ക് നിദാനമായി ഭവിച്ചത്. കർഷകരുടെയും തൊഴിലാളികളുടെയും നിരന്തര പ്രക്ഷോഭങ്ങളിലൂടെ വളർന്നുവന്ന കേരളത്തിലെ കുടിയാന്മാരുടെയും കർഷകത്തൊഴിലാളികളുടെയും വ്യവസായ തൊഴിലാളികളുടെയും ഐക്യം പൂർണമാകുന്നത് 1939 ഡിസംബർ മാസത്തിൽ തലശേരി താലൂക്കിലെ പിണറായി ഗ്രാമത്തിൽ ചേർന്ന നേതാക്കളുടെ യോഗം കേരളത്തിലെ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി ഘടകം രൂപീകരിച്ചതിലൂടെയാണ്. സഖാവ് പി കൃഷ്ണപിള്ള, കെ ദാമോദരൻ, ഇഎംഎസ്, കെ കെ വാര്യർ, എൻ ഇ ബാലറാം, വി വി കുഞ്ഞമ്പു, സുബ്രഹ്മണ്യ ഷേണായി, പി നാരായണൻ നായർ, എ കെ ഗോപാലൻ തുടങ്ങിയ നേതാക്കളെല്ലാവരും സന്നിഹിതരായ സമ്മേളനം ഉടൻതന്നെ കമ്മ്യൂണിസ്റ്റ് പാർട്ടിയായി രൂപാന്തരപ്പെടുവാൻ തീരുമാനമെടുത്തു. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സംസ്ഥാന കമ്മിറ്റിയുടെ സെക്രട്ടറിയായി സഖാവ് പി കൃഷ്ണപിള്ളയെ തീരുമാനിച്ചു. തുടർന്ന് നടന്ന മർദ്ദിതവർഗങ്ങൾക്കായുള്ള, മുതലാളി വർഗത്തിന്റെ കൊടിയ ചൂഷണങ്ങൾക്കെതിരായ, മാനവികതയിൽ ഊന്നിയ, നവോത്ഥാന പ്രസ്ഥാനത്തിന്റെ തുടർച്ചയായ, പ്രവർത്തനങ്ങളിലൂടെയാണ് കേരളത്തിൽ 1957ല്‍ നടന്ന തെരഞ്ഞെടുപ്പിൽ ഒരു സർക്കാർ രൂപീകരിക്കാൻ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് സാധിച്ചത്.
വെല്ലുവിളികൾ നിറഞ്ഞ അനേക കാലഘട്ടങ്ങളിലൂടെ കടന്നുവന്ന ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് രാജ്യം നേരിടുന്ന ഫാസിസ്റ്റ് ഭീഷണിയെ ചെറുക്കുന്നതിൽ ഏറ്റവും ശക്തമായി നിലകൊള്ളുകയാണ്. കോൺഗ്രസ് അടക്കമുള്ള വിവിധ ബൂർഷ്വാ പാർട്ടികളെ ഫാസിസ്റ്റുകൾ ഛിന്നഭിന്നമാക്കിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ജനാധിപത്യത്തിനും മതേതരത്വത്തിനും ഭരണഘടനയ്ക്ക് തന്നെയും നേരെ നടക്കുന്ന ആക്രമണങ്ങളെ നേരെനിന്നു ചെറുക്കുന്നത് കമ്മ്യൂണിസ്റ്റുകളാണ്. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി കേരള സംസ്ഥാന രൂപീകരണം മുതൽ ഇന്നുവരെ ജനപക്ഷത്തു നിന്നുകൊണ്ട് നടത്തിയ പ്രവർത്തനങ്ങൾ പാർട്ടിയെ 1,70,000ത്തിലധികം അംഗങ്ങളുള്ള, സംസ്ഥാനത്ത് വിവിധ വിഭാഗം ജനങ്ങൾക്കിടയിൽ ശക്തമായ അടിത്തറയുള്ള, ജനങ്ങളുടെ വിശ്വാസവും സ്നേഹവും നേടിയ പ്രസ്ഥാനമായി മാറ്റിയിരിക്കുന്നു.
ജനപക്ഷത്തു നിന്ന് കൊണ്ടുള്ള ശക്തവും സുതാര്യവും നീതിയുക്തവുമായ പാർട്ടിയുടെ നിലപാടുകൾ കേരളത്തിലെ ജനങ്ങൾ അംഗീകരിക്കുന്നു. യുഎപിഎ പോലുള്ള കരി നിയമങ്ങൾക്കെതിരെ, നക്സലുകൾ എന്ന പേരിൽ നിരപരാധികളെ വേട്ടയാടുന്നതിനെതിരെ, സുസ്ഥിര വികസനത്തിനായുള്ള പദ്ധതികൾ നടപ്പിലാക്കുന്നതിൽ എല്ലാം തന്നെ പാർട്ടി വ്യക്തമായ നിലപാടുകൾ സ്വീകരിക്കുകയും അവ ജനമനസുകളിൽ പാർട്ടിയുടെ സ്ഥാനം ഉറപ്പിക്കുകയും ചെയ്തിട്ടുണ്ട്. സിപിഐ 24-ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള സംസ്ഥാന സമ്മേളനം സെപ്റ്റംബർ 30 മുതൽ ഒക്ടോബർ മൂന്നു വരെ തിരുവനന്തപുരത്ത് വിപുലമായ പരിപാടികളോടെ നടക്കുകയാണ്. സമ്മേളനം വമ്പിച്ച വിജയമാക്കി തീർക്കുക എന്നത് ഓരോ സിപിഐ പ്രവർത്തകന്റെയും അനുഭാവികളുടെയും വർഗ ബഹുജന സംഘടനാ പ്രവർത്തകരുടെയും കടമയാണ്. രാജ്യത്ത് ജനാധിപത്യം വലിയ വെല്ലുവിളി നേരിടുന്ന ഈ സാഹചര്യത്തിൽ പാർട്ടിയുടെ ഐക്യവും ശക്തിയും പൂർവാധികം വർധിപ്പിച്ചുകൊണ്ട് ജനപക്ഷ നിലപാടുകളിലൂടെ കൂടുതൽ കൂടുതൽ വളരാൻ ഈ പാർട്ടി സമ്മേളനം സഖാക്കൾക്ക് കരുത്ത് നൽകട്ടെ.

TOP NEWS

November 24, 2024
November 24, 2024
November 24, 2024
November 24, 2024
November 24, 2024
November 24, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.