19 December 2024, Thursday
KSFE Galaxy Chits Banner 2

ഇരട്ടത്താപ്പിന്റെ അപ്പോസ്തലന്‍മാര്‍

Janayugom Webdesk
November 21, 2022 5:00 am

‘ഭീകരവാദത്തില്‍ ഞങ്ങൾക്ക് ആയിരക്കണക്കിന് വിലപ്പെട്ട ജീവനുകൾ നഷ്ടപ്പെട്ടു, പക്ഷേ ഞങ്ങൾ തീവ്രവാദത്തിനെതിരെ ധീരമായി പോരാടി. നഷ്ടപ്പെടുന്നത് ഒരു ജീവനാണെങ്കിൽ പോലും ഭീകരവാദത്തെ വേരോടെ പിഴുതെറിയുന്നതുവരെ ഞങ്ങൾ വിശ്രമിക്കില്ല.’ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വാക്കുകളാണിത്. ഡല്‍ഹിയില്‍ തീവ്രവാദ വിരുദ്ധ ധനസഹായം സംബന്ധിച്ച ‘നോ മണി ഫോർ ടെറർ’ മന്ത്രിതല സമ്മേളനത്തിൽ സംസാരിച്ചുകൊണ്ടാണ് തീവ്രവാദത്തിനും ഭീകരവാദത്തിനുമെതിരെ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി ആണയിട്ടത്. ഭീകരവാദ ഭീഷണിയെ ഏതെങ്കിലും മതവുമായോ ദേശീയതയുമായോ ഗ്രൂപ്പുമായോ ബന്ധപ്പെടുത്താൻ പാടില്ലെന്ന് അതേവേദിയില്‍ തന്നെ മുന്നറിയിപ്പ് നല്‍കിയത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ്. ഭീകരവാദത്തിന്റെ എല്ലാ രൂപത്തെയും പ്രകടനത്തെയും അപലപിക്കുന്നുവെന്നും നിരപരാധികളുടെ ജീവൻ അപഹരിക്കുന്ന പ്രവൃത്തിയെ ഒരു കാരണവശാലും ന്യായീകരിക്കാൻ കഴിയില്ലെന്നും ഭീകരാക്രമണത്തിന് ഇരകളായ ലോകത്തെമ്പാടുമുള്ളവരോടും സഹതാപം പ്രകടിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. തീവ്രവാദത്തെ ഇത്രയും മനോഹരമായി അപലപിച്ച രണ്ട് രാഷ്ട്രനേതാക്കളുടെ യഥാര്‍ത്ഥ മുഖം വെളിപ്പെടുത്തുന്ന അമേരിക്കയുടെ വെളിപ്പെടുത്തലുണ്ടായത് തൊട്ടടുത്ത ദിവസമാണെന്നത് യാദൃച്ഛികം മാത്രം. ഗുജറാത്ത് വംശഹത്യയിൽ ആരോപണവിധേയനായ നരേന്ദ്ര മോഡിക്ക് നയതന്ത്ര പരിരക്ഷ നൽകിയിരുന്നെന്നാണ് യുഎസ് ആഭ്യന്തര വകുപ്പ് പ്രിൻസിപ്പൽ ഡെപ്യൂട്ടി വക്താവ് വേദാന്ത് പട്ടേൽ വെളിപ്പെടുത്തിയത്. മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗിയുടെ കൊലപാതകത്തിൽ സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മൊഹമ്മദ് ബിൻ സൽമാന് നൽകുന്നതിനു സമാനമായ പരിരക്ഷ മോഡിക്കും നൽകിയിരുന്നെന്നാണ് പട്ടേൽ പറഞ്ഞത്.


ഇതകൂടി വായിക്കൂ: ഫാസിസ്റ്റ് വേട്ടയിലൂടെ ജനങ്ങളെ കീഴ്പ്പെടുത്താനാവില്ല


2002ൽ ഗുജറാത്തിൽ ആയിരങ്ങൾ കൊല്ലപ്പെട്ട കലാപവുമായി ബന്ധപ്പെട്ടാണ് മോഡിക്ക് അമേരിക്ക നിരോധനം ഏർപ്പെടുത്തിയത്. അന്ന് മോഡിയായിരുന്നു ഗുജറാത്ത് മുഖ്യമന്ത്രി എന്നതായിരുന്നു ബഹിഷ്കരണത്തിന് കാരണം. അമിത് ഷാ ആയിരുന്നു അന്ന് ഗുജറാത്ത് ആഭ്യന്തരമന്ത്രി. ബ്രിട്ടനും യൂറോപ്യൻ യൂണിയനും സമാനമായി മോഡിയെ ബഹിഷ്കരിച്ചിരുന്നുവെങ്കിലും പിന്നീട് നിരോധനം നീക്കി. എന്നാല്‍ 2014ൽ പ്രധാനമന്ത്രിയായ ശേഷമാണ് അമേരിക്ക മോഡിയുടെ വിലക്ക് നീക്കിയത്. കലാപവുമായി ബന്ധപ്പെട്ട വഡോദര ബെസ്റ്റ് ബേക്കറി കേസിൽ പുനരന്വേഷണം നടത്താൻ ഉത്തരവിട്ടുകൊണ്ട് 2004 ഏപ്രിൽ 12ന് ജസ്റ്റിസുമാരായ ദൊരൈസ്വാമി രാജു, അരിജിത് പസായത്ത് എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ച് പറഞ്ഞതും ഇവിടെ ഓര്‍ക്കേണ്ടതാണ്. ‘ജീവനും സ്വത്തിനും സംരക്ഷണം നൽകാനും അന്വേഷണം നീതിയുക്തമാണെന്ന് ഉറപ്പാക്കാനും ഉത്തരവാദിത്തപ്പെട്ടവർക്ക് ആശങ്കയില്ലെന്ന് തോന്നുന്നു. വലിയൊരു വിഭാഗം ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടു. നിരപരാധികളായ കുട്ടികളും നിസഹായരായ സ്ത്രീകളും കത്തിയെരിയുമ്പോൾ ആധുനിക കാലത്തെ നീറോകൾ മറ്റെവിടെയോ നോക്കുകയായിരുന്നു. കുറ്റകൃത്യം ചെയ്യുന്നവരെ എങ്ങനെ രക്ഷിക്കാമെന്നും സംരക്ഷിക്കാമെന്നും ആലോചിച്ചിരുന്ന ഇത്തരക്കാരുടെ കൈകളിൽ നിയമവും നീതിയും ഈച്ചകളാവും’ എന്നായിരുന്നു കോടതിയുടെ നിരീക്ഷണം.


ഇതകൂടി വായിക്കൂ: ഗുജറാത്ത്‌ ജയിക്കാൻ കലാപത്തെ പിന്തുണയ്ക്കുന്ന ബിജെപി, രാജ്യത്തിന്‌ അപകടം


നിലപാടുകളിലെ ഇരട്ടത്താപ്പിന് പുതിയ നിര്‍വചനങ്ങള്‍ തേടുന്ന മോഡിയുടെയും അമിത് ഷായുടെയും ഒരു സത്യവാങ്മൂലവും രണ്ടുദിവസം മുമ്പ് സുപ്രീം കോടതിയിലെത്തി. 2016 ലെ നോട്ട് നിരോധനം കള്ളപ്പണം ഇല്ലാതാക്കാനുള്ള പ്രധാന നടപടികളിൽ ഒന്നാണെന്ന അവകാശവാദമാണ് സത്യവാങ്മൂലത്തില്‍ കേന്ദ്രസർക്കാർ ഉന്നയിച്ചത്. 500, 1000 നോട്ട് പിൻവലിക്കാൻ റിസർവ്ബാങ്ക് ശുപാർശ ചെയ്തിരുന്നെന്നും പറഞ്ഞു. എന്നാല്‍ ഈ വാദങ്ങള്‍ പച്ചക്കള്ളമാണെന്ന് തെളിയിക്കുന്ന വിവരാവകാശ രേഖകളും റിപ്പോര്‍ട്ടുകളും മുമ്പേ പുറത്തുവന്നിരുന്നതാണ്. നോട്ട് നിരോധനത്തിന് റിസർവ് ബാങ്ക് അനുകൂലമായിരുന്നില്ലെന്ന് വിവരാവകാശ പ്രവര്‍ത്തകന്‍ വെങ്കിടേശ് നായക് സമർപ്പിച്ച ചോദ്യങ്ങൾക്ക് 2019 സെപ്റ്റംബറിൽ ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ തന്നെ മറുപടി നല്‍കി. കള്ളപ്പണത്തിൽ ഭൂരിപക്ഷവും സ്വർണമോ, റിയൽ എസ്റ്റേറ്റ് നിക്ഷേപമോ ആയതിനാൽ നിരോധനം കൊണ്ട് യാതൊരു പ്രതിഫലനവും സൃഷ്ടിക്കാനാകില്ലെന്ന ആർബിഐ യോഗത്തിന്റെ മിനിട്സും പുറത്തു വന്നിരുന്നു. കള്ളനോട്ട് തടയാന്‍ എന്നതായിരുന്നു നോട്ട് നിരോധനത്തിന്റെ മറ്റൊരു നേട്ടമായി പറഞ്ഞത്. എന്നാൽ നിരോധനത്തിനു ശേഷം 500 രൂപയുടെ കള്ളനോട്ടുകള്‍ 101.93 ശതമാനവും 2,000 രൂപയുടേത് 54 ശതമാനത്തിലധികവും വർധിച്ചുവെന്ന് ആർബിഐയുടെ വാർഷിക റിപ്പോർട്ട് വെളിവാക്കി.


ഇതകൂടി വായിക്കൂ: കള്ളം മാത്രം പറയുന്ന കേന്ദ്ര ഭരണകൂടം


ഈ ഇരട്ടത്താപ്പുകളുടെ കേരളത്തിലെ പ്രതിനിധിയായിരിക്കുകയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. കേന്ദ്ര സര്‍ക്കാരിന്റെ ഏജന്റായി സംസ്ഥാനത്തെ സര്‍വകലാശാലകളെ തകര്‍ക്കാന്‍ വിസി നിയമനത്തിലടക്കം ഇടങ്കോലിടുന്ന ഗവര്‍ണര്‍, മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് നിയമനമാണ് പുതിയ വിഷയമായി ഉന്നയിച്ചത്. മൈനസ് 40 ഡിഗ്രിയിൽ സേവനം ചെയ്യുന്ന സൈനികർക്ക് പെൻഷൻ ലഭിക്കാൻ 10 വർഷം കാത്തിരിക്കേണ്ടപ്പോൾ, കേരളത്തിൽ മന്ത്രിമാരുടെ സ്റ്റാഫിന് പെൻഷൻ ലഭിക്കാൻ രണ്ടു വർഷം മതിയെന്നും ഇതു കൊള്ളയാണെന്നും വിഷയം ദേശീയശ്രദ്ധയിലേക്ക് കൊണ്ടുവരുമെന്നും ഗവര്‍ണര്‍ പ്രസ്താവിക്കുകയും അടിസ്ഥാനരഹിതമായ ആരോപണം ചില വലതു മാധ്യമങ്ങള്‍ ഉദ്ഘോഷിക്കുകയും ചെയ്തു. എന്നാല്‍ ഇപ്പോഴിതാ ഗവര്‍ണറുടെ ഓഫീസിലെ രാഷ്ട്രീയ നിയമനങ്ങളെയും രാജ്ഭവനിലെ ധൂര്‍ത്തിനെയും കുറിച്ചുള്ള വിവരങ്ങള്‍ വിവരാവകാശപ്രകാരം പുറത്തുവന്നിരിക്കുന്നു. വർഷം നൂറിൽത്താഴെ ഫയലുകള്‍ മാത്രം എത്തുന്ന രാജ്ഭവനിൽ 165 ജീവനക്കാരാണുള്ളത്. ഇതിൽ 675 രൂപ ദിവസവേതനം വാങ്ങുന്നവർ മുതൽ 2,24,100 രൂപ മാസ ശമ്പളം വാങ്ങുന്നവർവരെയുണ്ട്. ഇവരിൽ ഡെപ്യൂട്ടേഷനിൽ നിയമിക്കപ്പെടുന്നത് പകുതിയില്‍ താഴെപേര്‍ മാത്രമാണ്. ബാക്കിയുള്ളവരെ നിയമിക്കുന്നത് ഗവർണർ തന്നെയാണ്. വസ്തുതകള്‍ ഇങ്ങനെയിരിക്കെയാണ് കാപട്യത്തിന്റെ പ്രതീകമായി മാറിയ സംഘ്പരിവാര്‍ ഭരണകൂടവും പ്രതിനിധികളും മറയില്ലാതെ അസത്യം പ്രചരിപ്പിക്കുന്നത്. വേദമോതുന്ന ചെകുത്താന്‍മാരെ അര്‍ഹിക്കുന്ന രീതിയില്‍ തന്നെ കെെകാര്യം ചെയ്യേണ്ടിയിരിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.