കേന്ദ്രമന്ത്രിമാരായ വി മുരളീധരനെയും രാജീവ് ചന്ദ്രശേഖറെയും പുകഴ്ത്തിയ പി വി അബ്ദുൾ വഹാബിന്റെ രാജ്യസഭയിലെ പ്രസംഗത്തിനെതിരെ മുസ്ലീംലീഗ് നേതൃത്വം. കേന്ദ്രമന്ത്രിയും കേരളത്തിലെ മുതിർന്ന ബിജെപി നേതാവുമായ മുരളീധരനെ പുകഴ്ത്തിയ വഹാബിന്റെ നിലപാടിനോട് യോജിപ്പില്ലെന്നും ലീഗ് ബിജെപിയെ ശക്തമായി എതിർക്കുന്ന പാർട്ടിയാണെന്നും നേതൃത്വം വ്യക്തമാക്കി. വഹാബിനോട് വിശദീകരണം തേടുമെന്ന് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പത്രക്കുറിപ്പിൽ അറിയിച്ചു. ഏത് സാഹചര്യത്തിലാണ് വഹാബ് ഇത്തരം പരാമർശം നടത്തിയതെന്നും അന്വേഷിക്കും.
കേരളത്തിന്റെ റോഡ് വികസന കാര്യങ്ങളിൽ കേന്ദ്രമന്ത്രിയായ വി മുരളീധരൻ അവലംബിക്കുന്ന നിഷേധാത്മക സമീപനം ചൂണ്ടിക്കാട്ടിയ ജോൺ ബ്രിട്ടാസ് എംപിയുടെ പരാമർശങ്ങൾ തള്ളിക്കൊണ്ട് രാജ്യസഭയിൽ മുസ്ലീംലീഗ് എംപി രംഗത്തു വരികയായിരുന്നു. മുരളീധരൻ ഡൽഹിയിലെ കേരളത്തിന്റെ ബ്രാൻഡ് അംബാസഡറാണെന്നായിരുന്നു അബ്ദുൾ വഹാബ് പറഞ്ഞത്. വി മുരളീധരൻ മികച്ച രീതിയിലാണ് പ്രവർത്തിക്കുന്നതെന്നും വഹാബ് പറഞ്ഞു.
മുരളീധരന് പുറമെ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറെയും വഹാബ് രാജ്യസഭയിൽ പുകഴ്ത്തി. നൈപുണ്യ വികസന വകുപ്പ് മന്ത്രിയായ രാജീവ് ചന്ദ്രശേഖർ നല്ല ഒട്ടേറെ പദ്ധതികൾ നടപ്പാക്കുന്നുണ്ടെന്നായിരുന്നു വഹാബിന്റെ വാക്കുകൾ.
അബ്ദുള്‍ വഹാബിന്റെ മുരളീധരൻ അനുകൂല പ്രസംഗം മുസ്ലീം ലീഗ് നേതൃത്വത്തെ ഞെട്ടിച്ചിരിക്കുയാണ്. ഒരുഘട്ടത്തിലും ലീഗ് നേതാക്കളുടെ ഭാഗത്തു നിന്ന് ഉണ്ടാകാൻ പാടില്ലാത്ത പ്രസംഗമാണ് വഹാബ് സഭയിൽ നടത്തിയതെന്നാണ് നേതാക്കളുടെ വിലയിരുത്തൽ. സംസ്ഥാന സർക്കാരിനെതിരെ എല്ലാകാര്യങ്ങളിലും നിലപാടെടുക്കുകയും സർക്കാരിനെ വെട്ടിലാക്കി രാഷ്ട്രീയമായി നേട്ടങ്ങൾക്ക് ശ്രമിക്കുകയും ചെയ്യുന്ന കേന്ദ്രമന്ത്രി മുരളീധരനെ പിന്തുണച്ച വ്യവസായി കൂടിയായ ലീഗ് നേതാവിന്റെ നിലപാട് സ്വന്തം താല്പര്യങ്ങളെ മുൻനിർത്തിയാണെന്നും ആരോപണമുയർന്നിട്ടുണ്ട്. ലീഗ് സംസ്ഥാന പ്രസിഡന്റ് ഇക്കാര്യത്തിൽ വിശദീകരണം ചോദിച്ച സാഹചര്യത്തിൽ വഹാബിന്റെ മറുപടിക്കായി കാത്തിരിക്കയാണ് ലീഗിലെ വഹാബ് വിരുദ്ധപക്ഷം.
English Summary: Action of MP who praised Union Ministers: League leadership sought explanation
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.