15 April 2024, Monday

Related news

April 3, 2024
April 3, 2024
February 28, 2024
February 26, 2024
February 23, 2024
February 20, 2024
February 8, 2024
February 2, 2024
February 2, 2024
January 17, 2024

സഹികെട്ട ലീഗ് പ്രവർത്തകർ ചോദിക്കുന്നു: ഇനിയീ പാർട്ടി പതാക ഞങ്ങൾ പരലോകത്ത് കെട്ടണോ തങ്ങളേ .….

Janayugom Webdesk
കോഴിക്കോട്
April 3, 2024 6:05 pm

മുസ്ലിംലീഗിന്റെ പച്ച പതാക പരലോക വിജയത്തിന് സഹായകരമാകുമെന്ന് പറഞ്ഞത് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി തങ്ങളാണ്. പരലോകത്തോ ഹിമാലയത്തിലോ എവിടെ വേണേലും ഉപയോഗിച്ചോ വയനാട്ടിൽ തത്ക്കാലം വേണ്ടായെന്ന് കോൺഗ്രസ് പറയുമ്പോൾ അത് കേട്ട് മൗനം പാലിക്കുകയാണ് പാവപ്പെട്ട മുസ്ലീം ലീഗ് നേതാക്കളും പ്രവർത്തകരും. എന്നാൽ അഭിമാന ബോധമുള്ള പ്രവർത്തകർ നേതാക്കളോട് ചോദിക്കുന്നുണ്ട് ‘ഇനിയീ പതാക ഞങ്ങൾ പരലോകത്ത് കെട്ടണോ തങ്ങളേ… ’

ഇന്ത്യൻ മുസ്ലീം ലീഗ് രൂപീകരിച്ചതുമുതൽ പച്ച പതാക അഭിമാനത്തോടെയാണ് നെഞ്ചേറ്റിയതെന്ന് പറഞ്ഞത് ലീഗ് നേതാവ് കെ പി എ മജീദും ഉയർത്തിപ്പിടിക്കേണ്ടിടത്ത് ഹരിത പതാക ഉയർത്തിപ്പിടിക്കുക തന്നെ ചെയ്യുമെന്ന് പറഞ്ഞത് പി കെ ഫിറോസുമാണ്. എന്നാൽ വർഗീയ സംഘടനയായ എസ് ഡി പി ഐയുടെ വോട്ടിന് മുന്നിൽ മൗനം പാലിക്കുന്ന രാഹുൽ ഗാന്ധിയും മറ്റ് കോൺഗ്രസ് നേതാക്കളും പതിവുപോലെ ലീഗ് പതാകയെ ഇത്തവണയും മാറ്റി നിർത്തി. റോഡ് ഷോയ്ക്ക് എത്തിയ പാവം ലീഗുകാർക്ക് വിഷമമാകരുതെന്ന് കരുതി ഇത്തവണ ലീഗ് കൊടിക്കൊപ്പം കോൺഗ്രസിന്റെയും കൊടിയും ഒഴിവാക്കി ഔദാര്യം കാട്ടിയതിന്റെ ആശ്വാസത്തിലാണ് ലീഗ് നേതൃത്വമിപ്പോൾ. 

രാഹുൽ ഗാന്ധിയുടെ റോഡ് ഷോയിൽ നിന്ന് ലീഗിന്റെ പച്ചപ്പതാക ഒഴിവാക്കണമെന്ന കോൺഗ്രസിന്റെ ശാഠ്യത്തിന് മുന്നിൽ വഴങ്ങേണ്ടിവന്ന മുസ്ലീം ലീഗ് സ്വന്തം പാർട്ടിയുടെ അസ്തിത്വമാണ് ബലി കൊടുത്തതെന്ന് ഐ എൻ എൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ പരിഹസിച്ചു. ഇന്ത്യയിൽ ഒരു പാർട്ടിയും ഇന്നേവരെ നേരിടേണ്ടിവരാത്ത പ്രതിസന്ധിയാണിതെന്നും അദ്ദേഹം പറഞ്ഞു. 

രാഹുൽ ഗാന്ധി വല്ലപ്പോഴും കേരളത്തിലെത്താൻ തുടങ്ങിയതു മുതലാണ് ലീഗ് കൊടിക്കും അയിത്തമായത്. മുസ്ലീം ലീഗ് കൊടികൾ ഉപയോഗിച്ചത് ഉത്തരേന്ത്യയിൽ തിരിച്ചടിയായെന്ന അഭിപ്രായമായിരുന്നു കോൺഗ്രസ് നേതൃത്വത്തിന്. ലീഗിന്റെ കൊടി പാക്കിസ്ഥാന്റെ പതാകയെന്ന തരത്തിൽ ബിജെപി പ്രചരണം നടത്തിയെന്നായിരുന്നു വിലയിരുത്തൽ. തുടർന്ന് കഴിഞ്ഞ തവണ ലീഗ് കൊടികൾ ഒഴിവാക്കാൻ കോൺഗ്രസ് നിർദ്ദേശം നൽകിയത് വിവാദമായി. എന്നാൽ ആ വേദന കോൺഗ്രസിന് വേണ്ടി ലീഗുകാർ വേഗം മറന്നു. രാഹുൽ ഗാന്ധി ജയിച്ച് പ്രധാനമന്ത്രിയാകുമ്പോൾ തങ്ങളുടെ കൊടിക്ക് സ്വാതന്ത്ര്യം കിട്ടുമെന്ന് പാവങ്ങൾ വിശ്വസിച്ചു. 

ലീഗ് പ്രവർത്തകർക്ക് പച്ച ഫ്ലാഗ് വലിയ ആവേശമായിരിക്കും. എന്നാൽ രാഹുൽ ഗാന്ധിക്ക് വേണ്ടി നമ്മുടെ കൊടി പുറത്തെടുക്കാതെ വെക്കണമെന്നായിരുന്നു വയനാട്ടിലെ നേതൃത്വം അണികളോട് അന്ന് പറഞ്ഞത്. ലീഗിന്റെ ഹരിത പതാകയും പാക്കിസ്ഥാൻ പതാകയും തമ്മിൽ സാമ്യമുണ്ട്. അക്ഷരാഭ്യാസമില്ലാത്ത വോട്ടർമാരെ ഇതും പറഞ്ഞ് ബിജെപി പറ്റിക്കും. നമ്മൾ കാരണം രാഹുൽഗാന്ധിക്ക് ദോഷമുണ്ടാവരുതെന്നും നേതൃത്വം പറഞ്ഞപ്പോൾ അണികൾ അപമാനം സഹിച്ചു. 

എന്നാൽ ഈ അപമാനം തുടർക്കഥയായിട്ടും ലീഗ് നേതൃത്വത്തിന് പ്രതികരണമുണ്ടായില്ല. രാഹുൽ ഗാന്ധി പിന്നീട് വന്ന് കാട്ടിക്കൂട്ടിയ റോഡ് ഷോയിലെല്ലാം ലീഗ് കൊടിക്ക് വിലക്ക് തന്നെയായിരുന്നു. പരിപാടിയിൽ പങ്കെടുക്കാൻ വന്ന ലീഗ് പ്രവർത്തകർ കൊടിയും ചുരുട്ടിക്കെട്ടി പോകുന്നത് സമൂഹ മാധ്യമങ്ങളിൽ വൈറലായി. അഭിമാന ബോധമുള്ള പ്രവർത്തകർ പക്ഷെ പരിപാടിയിൽ പങ്കെടുക്കാതെ മാറി നിന്നു. ഇതിന് പിന്നാലെ തിരുവനന്തപുരത്ത് യുഡിഎഫ് സമരത്തിലും ലീഗ് കൊടിക്ക് വിലക്കുണ്ടായി. സമരവേദിയിൽ കെട്ടിയ ലീഗിന്റെ കൊടി കോൺഗ്രസ് നേതാവ് എടുത്തെറിഞ്ഞതായി ലീഗ് നേതാവ് പരാതിപ്പെട്ടു. ലീഗിന്റെ കൊടി പാക്കിസ്ഥാനിൽ കൊണ്ടുപോയി കെട്ടാനായിരുന്നു കോൺഗ്രസ് നേതാവിന്റെ അധിക്ഷേപം. ബിജെപിക്കാർ നിരന്തരം പറയുന്ന വാക്ക് കോൺഗ്രസ് നേതാവ് പറഞ്ഞപ്പോഴും ഫാസിസത്തെ നേരിടാൻ ലീഗുകാർ അതും സഹിച്ചു. 

ഇത്തവണയും വയനാട്ടിൽ പതിവ് രീതികൾ ആവർത്തിച്ചു. രാഹുൽ ഗാന്ധിയുടെ റോഡ് ഷോയിൽ ലീഗ് കൊടി വേണ്ടെന്ന് കോൺഗ്രസ് പറഞ്ഞു. വിവാദങ്ങൾ അധികം വേണ്ടെന്ന് തീരുമാനിച്ചതുകൊണ്ട് കോൺഗ്രസിന്റെ കൊടിയും മാറ്റി വെച്ച് അവർ ലീഗിന് കുളിരു പകർന്നു. ലോക് സഭയിലേക്ക് മത്സരിക്കാൻ ഒരു സീറ്റ് അധികം ചോദിച്ച് കിട്ടാതെ നിരാശപ്പെട്ട ലീഗ് നേതൃത്വമാവട്ടെ എല്ലാവരുടെയും പതാക ഒഴിവാക്കിയല്ലോ എന്ന് ആശ്വസിച്ചു. കോൺഗ്രസിന്റെ പതാകയും ഇല്ലാത്തതുകൊണ്ട് റോഡ് ഷോയിൽ പങ്കെടുത്ത ലീഗ് അണികൾക്ക് കഴിഞ്ഞ തവണത്തെ പോലെ അത്രയും വേദന ഉള്ളിലൊതുക്കേണ്ടിവന്നില്ല. എന്നാൽ രണ്ടു സീറ്റിന് വേണ്ടി പാർട്ടി പതാക അടിവസ്ത്രത്തിൽ ഒളിപ്പിച്ചുവെക്കേണ്ട ദുർഗതി, പക്ഷെ അഭിമാനബോധമുള്ള ലീഗുകാർക്ക് സഹിക്കാൻ പറ്റിയെന്ന് വരില്ല. അവരുടെ നിസഹായതയും വേദനയും തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിക്കുമെന്നുറപ്പാണ്.

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.