30 April 2024, Tuesday

Related news

April 29, 2024
April 29, 2024
April 29, 2024
April 28, 2024
April 24, 2024
April 22, 2024
April 22, 2024
April 22, 2024
April 22, 2024
April 21, 2024

ഇന്ത്യയില്‍ ബിജെപിയെ പ്രതിരോധിക്കേണ്ട ബാധ്യത മുസ്ലീം ന്യുനപക്ഷത്തിന്റെ ചുമലില്‍ കെട്ടിവെച്ച് കോണ്‍ഗ്രസ് മാറിനില്‍ക്കുകയാണെന്ന് കെ ടി ജലീല്‍

Janayugom Webdesk
തിരുവനന്തപുരം
April 15, 2024 12:31 pm

ബിജെപിയെ പ്രതിരോധിക്കേണ്ട ബാദ്ധ്യത മുസ്ലീം ന്യൂനപക്ഷത്തിന്റെ ചുമലില്‍ കെട്ടിവെച്ച് കോണ്‍ഗ്രസ് മാറിനില്‍ക്കുകയാണെന്ന് കെ ടി ജലീല്‍. മുസ്ലീങ്ങള്‍ ഏകപക്ഷീയമായി കോണ്‍ഗ്രസിനെ പിന്തുണക്കണമെന്നാണ് അവരുടെ പക്ഷമെന്നും അദ്ദേഹം തന്റെ ഫെയ്സ്ബുക്കില്‍ കുറിക്കുന്നു.കേരളത്തിലല്ലാതെ കോണ്‍ഗ്രസ്സിന് സ്വാധീനമുള്ള ഒരു സംസ്ഥാനത്തും മുസ്ലിം ലീഗുമായി അവര്‍ സഖ്യത്തിലല്ല. തമിഴ്‌നാട്ടില്‍ മുന്നണി നേതൃത്വം ഡി.എം.കെക്ക് ആയത് കൊണ്ട് മാത്രമാണ് കോണ്‍ഗ്രസ്സ് ഉള്‍കൊള്ളുന്ന സഖ്യത്തില്‍ ലീഗിന് ഇടം കിട്ടിയത്.

ഖാഇദെമില്ലത്ത് ഇസ്മായില്‍ സാഹിബ് ജീവിച്ചിരുന്ന കാലത്ത് കോണ്‍ഗ്രസ്സാണ് തമിഴ്‌നാട് ഭരിച്ചിരുന്നത്. അന്ന് പോലും ഇസ്മായില്‍ സാഹിബിന് പാര്‍ലമെന്റിലെത്താന്‍ മഞ്ചേരിയില്‍ വരേണ്ടിവന്നു. കോണ്‍ഗ്രസ് അവിടെ ക്ഷയിച്ച് ഡി.എം.കെ തമിഴ്‌നാട്ടില്‍ ശക്തിപ്പെട്ട ശേഷമാണ് എ.കെ.എ അബ്ദുസ്സമദ് സാഹിബും ഖാദര്‍ മൊയ്തീന്‍ സാഹിബും അബ്ദുറഹ്‌മാനും നവാസ് ഗനിയും അവിടെ നിന്ന് ഡി.എം.കെ സഖ്യത്തിന്റെ ഭാഗമായി മല്‍സരിച്ചതും പാര്‍ലമെന്റിലെത്തിയതും. കേരളത്തില്‍ കോണ്‍ഗ്രസ്സിനെ ജയിപ്പിക്കാന്‍ ആളും അര്‍ത്ഥവും നല്‍കി കഠിനാദ്ധ്വാനം ചെയ്യുന്ന ലീഗ് ഇതൊക്കെ ഒന്ന് ഓര്‍ത്താല്‍ നന്നാകും.കര്‍ണ്ണാടകയില്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ലീഗിനെ ഗൗനിച്ചതേയില്ല. ലീഗിന്റെ പച്ചക്കൊടിയും പേരിന് മുന്നിലെ മുസ്ലിമും കോണ്‍ഗ്രസ്സിന് എന്നും അലര്‍ജിയാണ്.

ഇന്ത്യയുടെ തലസ്ഥാന നഗരിയായ ഡല്‍ഹിയിലെ ഓക്ക്‌ല പാര്‍ലമെന്റ് മണ്ഡലത്തില്‍ കോണ്‍ഗ്രസ്സിനെ തോല്‍പ്പിക്കാന്‍ 2019‑ല്‍ ബിജെപി മാത്രമല്ല ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗുമുണ്ടായിരുന്നു. ലീഗിന്റെ ഡല്‍ഹിപ്രദേശ് പ്രസിഡണ്ട് ഖുറം അനീസുറഹ്‌മാനാണ് പച്ചക്കൊടി പിടിച്ച് കോണ്‍ഗ്രസ്സിനെ അന്ന് നേരിട്ടത്.അസദുദ്ദീന്‍ ഉവൈസി ബിജെപിയില്‍ നിന്ന് അച്ചാരം വാങ്ങിയാണ് മതേതര വോട്ടുകള്‍ ഭിന്നിപ്പിച്ച് കോണ്‍ഗ്രസ്സിനെ തോല്‍പിക്കാന്‍ പലയിടത്തും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നത് എന്നാണ് ലീഗുള്‍പ്പടെ എല്ലാവരും ആക്ഷേപിക്കാറ്. 

അങ്ങിനെയെങ്കില്‍ ഓക്ക്‌ലയില്‍ കോണ്‍ഗ്രസ്സിനെതിരെ മല്‍സരിക്കാന്‍ ലീഗ് ആരുടെ കയ്യില്‍ നിന്നായിരുന്നു അച്ചാരം വാങ്ങിയത്. കഴിഞ്ഞ കര്‍ണ്ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനെതിരെ ലീഗ് മല്‍സരിച്ചത് എവിടെ നിന്ന് പണം കിട്ടിയിട്ടാണ്ഇന്ത്യാ മുന്നണി ഉണ്ടാക്കിയപ്പോള്‍ പോലും അസദുദ്ദീന്‍ ഉവൈസിയുടെ പാര്‍ട്ടിയെ ആരും ക്ഷണിച്ചില്ല. കോണ്‍ഗ്രസ്സ് അവരുമായി സംസാരിക്കാന്‍ പോലും തയ്യാറായില്ല. എന്താണ് അസദുദ്ദീന്‍ ഉവൈസി ചെയ്ത തെറ്റ് പാര്‍ലമെന്റില്‍ ബിജെപിക്കും മോഡിക്കും അമിത്ഷാക്കുമെതിരെ ആഞ്ഞടിക്കുന്നതോ? സ്വന്തമായി നിന്ന് കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ രണ്ട് സീറ്റുകള്‍ നേടിയതോ? തെലുങ്കാനക്ക് പുറമെ ചില സംസ്ഥാനങ്ങളിലെങ്കിലും നിയമസഭയിലും അവര്‍ക്ക് പ്രാതിനിധ്യമുണ്ട്. 

ഇന്നുവരെ ഏതെങ്കിലുമൊരു വര്‍ഗ്ഗീയ കലാപത്തില്‍ ഉവൈസിയുടെ പാര്‍ട്ടിക്ക് പങ്കുള്ളതായി ഒരു അന്വേഷണ കമ്മീഷനും പറഞ്ഞിട്ടില്ലല്ലോ പിന്നെയെന്തിനാണ് അവരോടിത്ര അയിത്തം വര്‍ഗീയതയില്‍ ബി.ജെ.പിയോട് മല്‍സരിച്ചിരുന്ന പാര്‍ട്ടിയാണ് മഹാരാഷ്ട്രയിലെ ശിവസേന. ദക്ഷിണേന്ത്യന്‍ വിരുദ്ധതയിലും മുസ്ലിം വിരുദ്ധതയിലും വാര്‍ത്തെടുക്കപ്പെട്ട പാര്‍ട്ടി. ബാല്‍താക്കറെ വര്‍ഗ്ഗീയ വിഷം ചീറ്റി സ്ഥാപിച്ച സംഘം! അങ്ങിനെയുള്ള ശിവസേനയോട് പോലും രാഷ്ട്രീയ സഖ്യത്തിന് കോണ്‍ഗ്രസ്സ് തയ്യാറായി. എന്നാല്‍ അസദുദ്ദീന്‍ ഉവൈസിയുടെ പാര്‍ട്ടിയോടോ മുസ്ലിംലീഗിനോടോ ഏതെങ്കിലും ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് സ്വാധീനമുള്ള പാര്‍ട്ടികളോടോ ഇന്ത്യയുടെ ഹൃദയഭൂമിയില്‍ ഒരു സഖ്യത്തിന് കോണ്‍ഗ്രസ്സ് തയ്യാറാകാത്തത് എന്തുകൊണ്ടായിരിക്കും ബിജെപി അത് പ്രചരിപ്പിച്ച് കോണ്‍ഗ്രസ്സിനെ പ്രതിരോധത്തിലാക്കും എന്നതാണ് ഉത്തരമെങ്കില്‍ ഒരു മറുചോദ്യമുണ്ട് 

ബിജെപി കഴിഞ്ഞ 25 വര്‍ഷമായിട്ടല്ലേ ഇന്ത്യയില്‍ ശക്തമായത് രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടിയിട്ട് 76 വര്‍ഷം പിന്നിട്ടു. കോണ്‍ഗ്രസ്സിന്റെ പ്രതാപകാലത്ത് ഒരു ന്യൂനപക്ഷ പാര്‍ട്ടിയേയും സഖ്യത്തില്‍ ചേര്‍ക്കാനോ അംഗീകരിക്കാനോ അവര്‍ തയ്യാറായിട്ടില്ല. കേരളത്തില്‍ ഗത്യന്തരമില്ലാതെയാണ് ചത്തകുതിരയെ അവര്‍ കൂടെക്കൂട്ടിയത്.ഇന്ത്യയില്‍ ബിജെപിയെ പ്രതിരോധിക്കേണ്ട ബാദ്ധ്യത മുസ്ലിം ന്യൂനപക്ഷത്തിന്റെ ചുമലില്‍ കെട്ടിവെച്ച് കോണ്‍ഗ്രസ്സ് മാറിനില്‍ക്കുകയാണ്. മുസ്ലിങ്ങള്‍ ഏകപക്ഷീയമായി കോണ്‍ഗ്രസ്സിനെ പിന്തുണക്കണമെന്നാണ് അവരുടെ പക്ഷം.

മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാക്കളായ അഹമ്മദ് പട്ടേലിനെയും ഗുലാംനബി ആസാദിനെയും വരെ തെരഞ്ഞെടുപ്പ് പ്രചരണ വേദികളില്‍ നിന്ന് കോണ്‍ഗ്രസ്സ് മാറ്റിനിര്‍ത്തിയെന്ന പരാതി കാശ്മീരിലെ കോണ്‍ഗ്രസ്സിന്റെ മുഖമായ ഗുലാംനബി ആസാദ് തന്നെയാണ് വെട്ടിത്തുറന്ന് പറഞ്ഞത്. അവഗണന അതിര് വിട്ടപ്പോഴാണ് ഗുലാംനബി കോണ്‍ഗ്രസ്സ് വിട്ട് പുതിയ പാര്‍ട്ടി ഉണ്ടാക്കിയത്. ലീഗിന്റെ പച്ചയും തൊപ്പിയും അസദുദ്ദീന്‍ ഉവൈസിയുടെ താടിയും ഷര്‍വാനിയും കോണ്‍ഗ്രസ്സിന് എക്കാലത്തും ചതുര്‍ഥിയാണ് (കാണാന്‍ ഇഷ്ടപ്പെടാത്തത്). മിതമായ ഭാഷയില്‍ പറഞ്ഞാല്‍ ഈ വെറുപ്പിന്റെ പേരാണ് ‘ഇസ്ലാമോഫോബിയ’. ജലീല്‍ തന്റെ ഫെയ്സ് ബുക്കില്‍ പറയുന്നു 

Eng­lish Summary:
KT Jalil says that the Con­gress is keep­ing the respon­si­bil­i­ty of defend­ing the BJP in India on the shoul­ders of the Mus­lim minority.

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.