28 December 2024, Saturday
KSFE Galaxy Chits Banner 2

ഇത് മൃഗനീതിയാണ്

Janayugom Webdesk
April 18, 2023 5:00 am

ത്യപാൽ മാലിക്കിന്റെ വെളിപ്പെടുത്തൽ അത്ര ചെറുതായിരുന്നില്ല. രാജ്യ സുരക്ഷയെയും ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസർക്കാരിന്റെ ഗുരുതരമായ വീഴ്ചകളെയും തുറന്നുകാട്ടുന്ന പ്രസ്തുത വെളിപ്പെടുത്തൽ അവരെ എത്രത്തോളം ആശങ്കപ്പെടുത്തുകയും ഭയപ്പെടുത്തുകയും ചെയ്തിരിക്കുന്നു എന്നതിന്റെ വെടിയൊച്ചകളാണ് ശനിയാഴ്ച രാത്രി ഉത്തർപ്രദേശിലെ പ്രയാഗ്‌രാജില്‍ നിന്നുയർന്നത്. മോഡി, അമിത് ഷാ പ്രഭൃതികളുടെ കുബുദ്ധികൾ എപ്പോഴും അങ്ങനെ തന്നെയാണ് പ്രവർത്തിച്ചിട്ടുള്ളത്. ഗൗരവമേറിയ രാഷ്ട്രീയ വിഷയങ്ങളോ ജനകീയ പ്രശ്നങ്ങളോ വിവാദങ്ങളോ ഉയർന്നുവരുമ്പോൾ ശ്രദ്ധ തിരിച്ചു വിടുന്നതിനുള്ള എന്തെങ്കിലും കടുംകൈ അല്ലെങ്കിൽ കുറുക്കുവഴി അവരുടെ ബുദ്ധിയിൽ ഉടൻ തന്നെയുദിക്കും. അതായിരുന്നു പെട്ടെന്നൊരു രാത്രിയിൽ, നിരവധി കേസുകളിലെ കുറ്റാരോപിതരായ തടവുകാരെ സുരക്ഷാ മാനദണ്ഡങ്ങൾ ഒന്നും പാലിക്കാതെ ശാരീരിക പരിശോധനയ്ക്ക് ആശുപത്രിയിൽ എത്തിക്കുക വഴി ഉണ്ടായത്. ആതിഖ് അഹമ്മദിനെയും സഹോദരനെയും വെടിവച്ചിട്ട മൂവരും പ്രശസ്തിക്കുവേണ്ടിയാണ് അത് ചെയ്തതെന്ന് പറഞ്ഞുവെന്നാണ് ആദിത്യനാഥിന്റെ പൊലീസ് വിശദീകരിക്കുന്നത്. എങ്കിലും കൊലയ്ക്കുശേഷം സംഘ്പരിവാറിന്റെ സ്ഥിരം മുദ്രാവാക്യങ്ങളാണ് അവരില്‍ ഒരാള്‍ മുഴക്കിയത് എന്നത് നമുക്ക് കേൾക്കാതിരുന്നുകൂടാ. ജയ്ശ്രീറാം വിളികളോടെയായിരുന്നു അക്രമികളിലൊരാള്‍ കീഴടങ്ങിയത്. കീഴടങ്ങിയെന്നത് പോലും സംശയാസ്പദമാണ്. കാരണം പൊലീസിന്റെ സാന്നിധ്യത്തിലാണ് വെടിവയ്പ് നടന്നത്. എന്നിട്ടും പൊലീസ് അവരെ പിടികൂടാതെ കീഴടങ്ങാന്‍ കാത്തുനിന്നത് എന്തിനായിരുന്നു എന്ന ചോദ്യവും പ്രസക്തമാണ്.


ഇതുകൂടി വായിക്കൂ: കള്ളങ്ങള്‍ ചുമന്ന് കഴുത്തൊടിഞ്ഞ മോഡി


2017ല്‍ ആദിത്യനാഥ് അധികാരത്തിലെത്തിയതു മുതല്‍ ഉത്തര്‍പ്രദേശ് കുറ്റകൃത്യങ്ങളുടെ തലസ്ഥാനവും കുറ്റവാളികളുടെ വിഹാര കേന്ദ്രവുമായി മാറിയതാണ്. പൊലീസും മറ്റ് ക്രമസമാധാന പരിപാലന സംഘങ്ങളും ഗുണ്ടാ മാഫിയകളും ചേര്‍ന്നുള്ള തേര്‍വാഴ്ചയാണ് അവിടെ നടന്നുകൊണ്ടിരിക്കുന്നത്. ക്രമസമാധാന പരിപാലനം, നിയമസംവിധാനവും കോടതികളുമല്ല നടത്തുന്നതെന്നതിന് തെളിവായി, ഫെബ്രുവരിയില്‍ ഏറ്റമുട്ടല്‍ കൊലപാതകത്തിന് ശേഷം നിയമസഭയില്‍ ആക്രോശ സമാനമായി മുഖ്യമന്ത്രി ആദിത്യനാഥ് നടത്തിയ പ്രസംഗം മാത്രം മതിയാകും. കുറ്റവാളികളെ ഞങ്ങള്‍ തല്ലും, കൊല്ലും, മണ്ണിലാക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. അത് അക്ഷരംപ്രതി ശരിയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്. ആതിഖ് അഹമ്മദും സഹോദരനും ആള്‍ക്കൂട്ടത്തിനും പൊലീസിനുമിടയില്‍ വെടിയേറ്റ് മരിച്ചതുള്‍പ്പെടെ 185 കൊലപാതകങ്ങളാണ് അവിടെ 2017 മുതല്‍ ഇതുവരെയായി നടന്നിരിക്കുന്നത്. 10,900ലധികം ഏറ്റുമുട്ടലുകൾ നടന്നതായി പൊലീസിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. 23,300 കുറ്റവാളികളെ ഏറ്റുമുട്ടലുകള്‍ എന്ന പേരിലുള്ള അതിക്രമങ്ങളിലൂടെയാണ് അറസ്റ്റ് ചെയ്തത്. 5,046 പേർക്ക് പരിക്കേറ്റു. ഏറ്റുമുട്ടലില്‍ 1,443 പൊലീസുകാർക്ക് പരിക്കേറ്റതായും 13 പേർ കൊല്ലപ്പെട്ടതായും കണക്കുകളിലുണ്ട്. ഇത്തരം ഒരു നീതിനിര്‍വഹണം ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണെന്ന ചോദ്യത്തിന് മാത്രം ആദിത്യനാഥ് സര്‍ക്കാരിന് ഉത്തരം നല്കുവാനാകുന്നില്ല.


ഇതുകൂടി വായിക്കൂ: രാജ്യത്തിനാകെ നാണക്കേടായി ഉത്തർ പ്രദേശ്


ഇപ്പോള്‍ ആതിഖ് അഹമ്മദും സഹോദരനും ആള്‍ക്കൂട്ട മധ്യേ പൊലീസ് സാന്നിധ്യത്തില്‍ കൊല്ലപ്പെട്ട കേസിന്റെ നാള്‍വഴി പരിശോധിച്ചാല്‍തന്നെ ഉത്തര്‍പ്രദേശിലെ ക്രമസമാധാനപാലനം എത്രത്തോളം പരാജയമാണെന്ന് വ്യക്തമാകും. 1991 മുതല്‍ 2004 വരെ തുടര്‍ച്ചയായി എംഎല്‍എയായിരുന്നു ആതിഖ് അഹമ്മദ്. 2004ല്‍ സമാജ്‍വാദി പാര്‍ട്ടി (എസ്‌പി) പ്രതിനിധിയായി എംപിയായി. ഇതേ വര്‍ഷം ആതിഖിന്റെ സഹോദരന്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും ബിഎസ്‌പി സ്ഥാനാര്‍ത്ഥി രാജുപാലിനോട് പരാജയപ്പെട്ടു. 2005ല്‍ രാജുപാല്‍ വെടിയേറ്റ് കൊല്ലപ്പെട്ടതോടെ ആതിഖ് നിയമക്കുരുക്കിലായി. 2008ല്‍ ആതിഖ് കീഴടങ്ങി. എസ്‌പി അദ്ദേഹത്തെ പുറത്താക്കുകയും ചെയ്തു. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി വാരാണസിയില്‍ നരേന്ദ്ര മോഡിക്കെതിരെ മത്സരിച്ച് പരാജയപ്പെട്ടു. മാര്‍ച്ച്‌ 28നാണ് ആതിഖിന് ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്. ഈ കേസുകളില്‍ ഇതുവരെ ആറുപേര്‍ കൊല്ലപ്പെട്ടു. ഏറ്റുമുട്ടല്‍ കൊലയെന്ന സംജ്ഞയിലൂടെയാണ് എല്ലാം ആദിത്യനാഥ് സര്‍ക്കാര്‍ നടത്തിയത്. ആതിഖ് അഹമ്മദിനെ ഏറ്റുമുട്ടലില്‍ വധിച്ചപ്പോള്‍, അദ്ദേഹം കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മോ‍ഡിക്കെതിരെ സ്വതന്ത്രനായി മത്സരിച്ചിരുന്നുവെന്നും അതിന്റെ പകവീട്ടല്‍ നടന്നുവോ എന്നും സംശയിക്കണം. ഗുജറാത്തിന്റെ തനിയാവര്‍ത്തനമാണ് ഉത്തര്‍പ്രദേശിലും നടക്കുന്നത്. അവിടെ അധികാരമുറപ്പിക്കുവാന്‍ മോഡിയും അമിത് ഷായും പരീക്ഷിച്ചതായിരുന്നു ഏറ്റമുട്ടല്‍ കൊലപാതകങ്ങള്‍. കുറ്റവാളികള്‍ പൊലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചെന്ന് വരുത്തി വെടിവച്ചുകൊല്ലുകയെന്നത് ഗുജറാത്തില്‍ വ്യാപകമായിരുന്നു. അതുതന്നെയാണ് യുപിയില്‍ ആദിത്യനാഥ് നടപ്പിലാക്കുന്നത്. നീതിയും നിയമവും തങ്ങള്‍ക്ക് ബാധകമല്ലെന്ന ഈ ധാര്‍ഷ്ട്യം ജനായത്ത ഭരണസംവിധാനത്തില്‍ വച്ചുപൊറുപ്പിക്കുവാന്‍ പാടുള്ളതല്ല. നിയതമായ സംവിധാനങ്ങളെയും ഭരണഘടനയെപ്പോലും വെല്ലുവിളിച്ച് ആദിത്യനാഥിന്റെ നേതൃത്വത്തില്‍ ഉത്തര്‍പ്രദേശില്‍ നടക്കുന്ന ഈ മൃഗനീതി അവസാനിപ്പിക്കുന്നതിന് ഇനി നമുക്ക് അല്പമെങ്കിലും പ്രതീക്ഷയോടെ പരമോന്ന നീതിപീഠത്തിന്റെ നിലപാടുകള്‍ക്ക് കാതോര്‍ക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.