17 November 2024, Sunday
KSFE Galaxy Chits Banner 2

ബില്‍ക്കീസ് ബാനു ഒരു മുന്നറിയിപ്പാണ്

Janayugom Webdesk
April 20, 2023 5:00 am

ന്ന് ബിൽക്കീസ് ബാനു, നാളെ അത് നിങ്ങളോ ഞാനോ ആകാം’ രാജ്യത്തെ പരമോന്നത നീതിപീഠം കേന്ദ്രം ഭരിക്കുന്ന സര്‍ക്കാരിന്റെ നിലപാടിനെതിരെ നടത്തിയ ശക്തമായ നിരീക്ഷണമാണിത്. 2002 ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് ബില്‍ക്കീസ് ബാനുവെന്ന ഗര്‍ഭിണി ബലാത്സംഗം ചെയ്യപ്പെടുകയും കുടുംബത്തിലെ കുട്ടികളുള്‍പ്പെടെ എട്ടു പേരെ കൊലപ്പെടുത്തുകയും ചെയ്ത കേസിലെ പ്രതികളെ സര്‍ക്കാര്‍ വിട്ടയച്ചതിനെതിരെ അതിജീവിത നല്‍കിയ ഹര്‍ജി പരിഗണിച്ചുകൊണ്ടുള്ള കോടതിയുടെ ചോദ്യങ്ങള്‍ രാജ്യം എത്തിനില്‍ക്കുന്ന ദുരവസ്ഥയുടെ നേര്‍ച്ചിത്രമാണ്. കേസിൽ പ്രതികൾ കുറ്റം ചെയ്ത രീതി ഭയാനകമെന്നും കൃത്യമായ കാരണങ്ങൾ ഗുജറാത്ത് സർക്കാർ ബോധിപ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. പ്രതികൾക്ക് 1500 ദിവസം പരോൾ കിട്ടിയതെങ്ങനെയെന്നു ചോദിച്ച പരമോന്നത കോടതി, സാധാരണ പൗരന് ഈ സൗകര്യം ലഭിക്കുമോ എന്നും ആരാഞ്ഞു. ഒരു ഗർഭിണി കൂട്ടബലാത്സംഗം ചെയ്യപ്പെടുകയും ഒട്ടേറെ പേർ കൊല്ലപ്പെടുകയും ചെയ്തത് സാധാരണ കൊലക്കേസായി കണക്കാക്കാനാവില്ല. പ്രതികളെ വിട്ടയക്കാനുള്ള തീരുമാനത്തിന്റെ അടിസ്ഥാനം എന്താണെന്നത് കൃത്യമായി ബോധിപ്പിക്കണം. കാരണങ്ങൾ കാണിക്കുന്നതിന് കഴിയില്ലെങ്കില്‍ ഞങ്ങൾ സ്വന്തം നിഗമനങ്ങളിൽ എത്തിച്ചേരുമെന്നും കോടതി മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. കഴിഞ്ഞ മാസം 27ന് കേസ് പരിഗണിച്ചപ്പോഴാണ് പ്രതികളുടെ മോചനവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഹാജരാക്കാൻ ജസ്റ്റിസ് കെ എം ജോസഫ് അധ്യക്ഷനായ ബെഞ്ച് ആവശ്യപ്പെട്ടത്. 20 ദിവസത്തിന് ശേഷം കേസ് വീണ്ടും പരിഗണിച്ചപ്പോഴും രേഖകള്‍ സമര്‍പ്പിക്കാന്‍ കേന്ദ്രത്തിന്റെയും ഗുജറാത്ത് സര്‍ക്കാരിന്റെയും അഭിഭാഷകര്‍ വെെമുഖ്യം കാണിച്ചപ്പോഴായിരുന്നു നീതിപീഠത്തിന്റെ നിശിതമായ വിമര്‍ശനം.


ഇതുകൂടി വായിക്കൂ:  എനിക്കിനിയും പൊരുതി നില്‍ക്കണം


ആവശ്യപ്പെട്ടത് സുപ്രീം കോടതിയാണെങ്കിലും രേഖകൾ ഹാജരാക്കുന്നതിൽ താല്പര്യമില്ലെന്നാണ് കേന്ദ്ര സർക്കാരിന്റെയും ഗുജറാത്ത് സർക്കാരിന്റെയും നിലപാട്. ഇതു സംബന്ധിച്ച കോടതി ഉത്തരവിൽ പുനഃപരിശോധന ആവശ്യപ്പെടുമെന്നാണ് ഇരു സർക്കാരുകളും വ്യക്തമാക്കുന്നത്. പുനഃപരിശോധനാ ഹര്‍ജി സമര്‍പ്പിക്കാന്‍ തിങ്കളാഴ്ച വരെ സമയം വേണമെന്ന് സര്‍ക്കാരുകള്‍ക്കു വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ എസ് വി രാജു ബെഞ്ചിനോട് പറഞ്ഞു. അപ്പോഴും പുനഃപരിശോധന തേടാൻ സര്‍ക്കാരിന് സ്വാതന്ത്ര്യമുണ്ടെങ്കിലും പ്രതികളെ മോചിപ്പിച്ചതിന്റെ കാരണങ്ങളും നടപടിക്രമങ്ങളും കാണണമെന്ന നിലപാട് കോടതി കടുപ്പിച്ചു. പരമോന്നത നിതിപീഠത്തിന് പോലും രേഖകള്‍ കാണിക്കാനാകില്ലെന്ന ബിജെപി സര്‍ക്കാരിന്റെ നിലപാട് തികച്ചും ദുരൂഹമാണ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതിയോടെയാണ് ഗുജറാത്തിലെ ബിജെപി സർക്കാർ പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നൽകിയത്. ഇന്നത്തെ കേന്ദ്ര ആഭ്യന്തരമന്ത്രി ഗുജറാത്തിലെ ആഭ്യന്തരവകുപ്പ് കെെകാര്യം ചെയ്തപ്പോഴാണ് 2002ലെ കലാപമുണ്ടാകുന്നത്. അന്നവിടെ മുഖ്യമന്ത്രിയായിരുന്നത് സാക്ഷാല്‍ നരേന്ദ്രമോഡിയും. കലാപത്തില്‍ ഇവരുടെ പങ്ക് വ്യക്തമാക്കുന്ന ഡോക്യുമെന്ററി സംപ്രേഷണം ചെയ്ത ബിബിസിക്കെതിരെ കേന്ദ്ര ഏജന്‍സികളുടെ ഇടപെടല്‍ ഉണ്ടാകുന്നതിനിടയിലാണ് ഇപ്പോള്‍ സുപ്രീം കോടതിയും ഭരണകൂട ഭീകരതയെ ചോദ്യം ചെയ്തിരിക്കുന്നത്.


ഇതുകൂടി വായിക്കൂ:  ഗുജറാത്ത് ഒരു ഭീതിയും ഹിമാചല്‍ പ്രതീക്ഷയുമാണ്


ഈ വാദം കോടതിയില്‍ നടക്കുമ്പോള്‍, രാജ്യത്താകമാനം ഭരണകൂടത്തിനെതിരെ മറ്റുചില വിഷയങ്ങളിലും ചൂടേറിയ ചര്‍ച്ചകള്‍ നടക്കുകയാണ്. യുപിയിലെ പ്രയാഗ്‍രാജില്‍ ഗുണ്ടാത്തലവനും രാഷ്ട്രീയ നേതാവുമായ ആതിഖ് അഹമ്മദിനെയും സഹോദരൻ അഷ്റഫ് അഹമ്മദിനെയും പൊലിസിന്റെ സാന്നിധ്യത്തില്‍ വെടിവച്ചുകൊന്നതാണ് അതില്‍ പ്രധാനം. പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ ജമ്മു കശ്മീർ മുൻ ഗവർണർ സത്യപാൽ മാലിക് നടത്തിയ വെളിപ്പെടുത്തലാണ് മറ്റാെന്ന്. 2019ലെ പുൽവാമ ആക്രമണത്തിന്റെ പിന്നണിയിൽ സംഭവിച്ച കാര്യങ്ങളാണ് സത്യപാൽ മാലിക് വെളിപ്പെടുത്തിയത്. പുല്‍വാമ സംഭവം ആസൂത്രിതമായിരുന്നുവെന്നും അതിന്റെ തിരിച്ചടിയായി ബാലാകോട്ട അക്രമം നടത്തുകയും തെരഞ്ഞെടുപ്പില്‍ പ്രചരണവിഷയമാക്കുകയും ചെയ്തുവെന്ന അന്നത്തെ പ്രതിപക്ഷ ആരോപണങ്ങള്‍ ശരിവയ്ക്കുന്നതാണ് സത്യപാൽ മാലികിന്റെ വെളിപ്പെടുത്തല്‍. പുല്‍വാമയുടെ ഉത്തരവാദിത്തം കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് മുന്‍ കരസേനാ മേധാവി ശങ്കര്‍ റോയി ചൗധരിയുടെ ഏറ്റുപറച്ചില്‍ കൂടിയായതോടെ തങ്ങളുടെ മുഖംമൂടി അഴിഞ്ഞുവീഴുകയാണെന്ന് ബോധ്യമായ മോഡി-ഷാ സഖ്യം നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ് ആതിഖിന്റെ കൊലപാതകം എന്ന സംശയം ബലപ്പെടുകയാണ്. നിയമം നടപ്പാക്കേണ്ട നീതിപീഠങ്ങള്‍ക്ക് മുകളില്‍ സ്വയം നിയമപാലകരാകുന്ന കിരാതഭരണകൂടം രാജ്യത്തിന് അപകടമാണ്. വേണ്ടപ്പെട്ടവരെ വെറുതേവിടാനും വേണമെന്ന് തോന്നുന്നവരെ കൊന്നുതള്ളി ശിക്ഷ നടപ്പാക്കാനും ശ്രമിക്കുകയാണ് സംഘ്പരിവാര്‍ ഭരണകൂടം എന്നതിന്റെ തെളിവാകുകയാണ് ബില്‍ക്കീസ് ബാനു കേസും ആതിഖ് അഹമ്മദ് സംഭവവും. ‘നിയമം വായിച്ചാൽ മനസിലാകാത്ത ഉദ്യോഗസ്ഥർ നമ്മുടെ നാട്ടിലുണ്ട്. ഇവർ ഞെട്ടിക്കുന്ന ഉത്തരവുകൾ പാസാക്കും. ഇത് നാടിനും ജനങ്ങൾക്കും ആപത്താണെ‘ന്ന് ഇന്നലെ മറ്റാെരു കേസില്‍ സുപ്രീം കോടതി നൽകിയ മുന്നറിയിപ്പ് ഒരു പാഠമാണ്.

TOP NEWS

November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 16, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.