29 December 2024, Sunday
KSFE Galaxy Chits Banner 2

ബഹിരാകാശത്തെ 60 വർഷങ്ങൾ

വലിയശാല രാജു
ലേഖനം
June 4, 2023 2:00 am

ഇന്ത്യയുടെ ബഹിരാകാശ യുഗം ആരംഭിച്ചിട്ട് 60വർഷം പിന്നിടുമ്പോൾ നമുക്ക് അഭിമാനിക്കാൻ ഏറെയുണ്ട്. 1963 നവംബർ ഒന്നിനാണ് ആദ്യ റോക്കറ്റ് ഇന്ത്യൻ മണ്ണിൽ നിന്നും കുതിക്കുന്നത്. ഇതിൽ മലയാളിക്കും സന്തോഷിക്കാൻ വകയുണ്ട്. കാരണം തിരുവനന്തപുരത്ത് തുമ്പ എന്ന കടലോര ഗ്രാമ പ്രദേശത്ത് നിന്നാണ് ആദ്യ റോക്കറ്റ് ആകാശത്ത് കുതിച്ചത്. അന്ന് പള്ളിത്തുറ വിശുദ്ധ മേരി മഗ്ദലന പള്ളിയായിരുന്നു ഇന്ത്യൻ ബഹിരാകാശ ഗവേഷണത്തിന്റ ആദ്യ പടിപ്പുര. തിരുവനന്തപുരം ബിഷപ് പീറ്റർ ബർനാഡ് പേരേര ഗവേഷണ സമിതിയുടെ ആവശ്യ പ്രകാരം രാഷ്ട്രത്തിന് സമർപ്പിച്ചതായിരുന്നു ആ ദേവാലയം. ഇന്ന് ഏറ്റവും കൗതുകമായി തോന്നാവുന്നത് അമേരിക്കയിൽ നിന്നും വാങ്ങിയ നൈക് ‑അപ്പാച്ചെ റോക്കറ്റ് പറക്കാൻ റെഡിയായ ദിവസം പള്ളി മുറ്റത്ത് നിന്നും കടൽക്കരയിലെ വിക്ഷേപണ തറയിലേക്ക് കൊണ്ട് പോകാൻ ഒരു ജീപ്പും ക്രൈനും വന്നു. വൈകിട്ട് ആറിനാണ് വിക്ഷേപണ സമയം. പെട്ടെന്ന് ക്രയിൻ കേടായി. സമയം അടുത്ത് വരുന്നു… ഒട്ടും വൈകരുത്. ഒടുവിൽ ശാസ്ത്രഞന്മാർ തന്നെ പൊക്കിയെടുത്തു വച്ചാണ് റോക്കറ്റ് വിഷേപിച്ചത്. ഇന്ന് ബഹിരകാശ ഗവേഷണ മുന്നേറ്റത്തിൽ ലോകത്ത് ആറാമത്തെ രാജ്യമായ ഇന്ത്യ ഇവിടെ നിന്നുമാണ് പിച്ച വച്ച് തുടങ്ങിയത് .

1957ൽ ചരിത്രത്തിൽ ആദ്യമായി സ്പുട്നിക് എന്ന കൃത്രിമ ഉപഗ്രഹം അയച്ചുകൊണ്ട് ബഹിരാകാശ യുഗത്തിന് സോവിയറ്റ് റഷ്യ തുടക്കം കുറിച്ചു. തുടർന്ന് 1961ൽ യൂറിഗഗാറിനെ ബഹിരാകാശത്തു അയച്ച് വീണ്ടും റഷ്യ ലോകത്തെ ഞെട്ടിച്ചു. അതോടെ ഭൂമിയിലെ മനുഷ്യൻ ഒരു ഗോളാന്തര മനുഷ്യനായി മാറുകയായിരുന്നു. ഇതോടെയാണ് മറ്റ് രാജ്യങ്ങളും ബഹിരകാശ ഗവേഷണ പദ്ധതികൾ ആരംഭിച്ചത്. ഇന്ത്യ സ്വാതന്ത്ര്യം നേടി ഒരു ദശകം പിന്നിടുന്നതേ ഉണ്ടായിരുന്നുള്ളൂ. ആദ്യ പ്രധാനമന്ത്രി ജവഹർ ലാൽ നെഹ്‌റു തന്നെ നമ്മുടെ ബഹിരാകാശ ഗവേഷണതിനായുള്ള പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചു. അങ്ങനെയാണ് 1962ൽ ഇന്ത്യൻ അണുശക്തി വകുപ്പ് ഇൻകോസ്പാർ (The indi­an nation­al com­mit­tee for space resech)ന് രൂപം നൽകുന്നത്. അന്ന് അണുശക്തി വകുപ്പിന്റെ ഡയറക്ടർ ആയിരുന്ന ഹോമി ജെ ഭാഭയാണ്‌ ഇതിന് വലിയ സംഭാവന നൽകിയത്. ഡോ. വിക്രം സാരഭായി ഇൻകോസ്പാറിന്റെ ആദ്യ ചെയർമാനായി നിയമിക്കപ്പെട്ടു. ഈ ബഹിരാകാശ ശാസ്ത്ര സമിതിയിൽ മൂന്ന് മലയാളികൾ ഉണ്ടായിരുന്നു. വൈനു ബാബുവും, എംജികെ മേനോനും, പി ആർ പിഷാരടിയും. ആ വർഷം തന്നെ നാസയുമായി സഹകരണ കരാറിൽ ഒപ്പിടാനും കഴിഞ്ഞു.
തിരുവനന്തപുരം തുമ്പയിൽ ഒരു റോക്കറ്റ് വിക്ഷേപണ കേന്ദ്രം അഥവാ ടേൽസ് (thumpa egua­to­r­i­al rock­et launch­ing sta­tion ) തുടങ്ങാൻ ഇൻസ്കോപാറിന് കഴിഞ്ഞു. ഇന്ത്യൻ മണ്ണിൽ നിന്നും ഉയരുന്ന ഒരു റോക്കറ്റ് വിക്രം സാരഭായിയുടെ വലിയ സ്വപ്നമായിരുന്നു. അത് അതിന്റ തൊട്ടടുത്ത വർഷം, 1963ൽ യഥാർഥ്യമായി. ഇന്ത്യ എന്ന മഹാരാജ്യത്തിന്റെ ബഹിരാകാശ ഗവേഷണത്തിന് ആദ്യം സർക്കാർ നീക്കിവെച്ച തുക 15ലക്ഷം രൂപയായിരുന്നു. തിരുവനന്തപുരത്ത് നിന്നും ഉച്ചക്കുള്ള ഭക്ഷണവും പൊതിഞ്ഞ് കെട്ടി പത്തിരുപത് കിലോ മീറ്റർ കെഎസ്ആര്‍ടിസി ബസിൽ യാത്ര ചെയ്തെത്തുന്ന ശാസ്ത്രജ്ഞർ. അവരിൽ ഒരാൾ പിൽക്കാലത്തു രാഷ്ട്രപതിയായ എ പി ജെ അബ്ദുൽ കലാമായിരുന്നു.

ആദ്യമൊക്കെ മറ്റ് രാജ്യങ്ങളുടെ റോക്കറ്റുകളാണ് നാം വിക്ഷേപിച്ചിരുന്നത്. പിന്നീട് സ്വന്തമായി ചെറിയ റോക്കറ്റും ഇന്ധനവും നിർമ്മിക്കാനുള്ള ശേഷി കൈ വരിച്ചു കഴിഞ്ഞതോടെ മറ്റ് രാജ്യങ്ങളെ ആശ്രയിക്കാതെ സ്വന്തമായി വിക്ഷേപണം നടത്താൻ ഇന്ത്യ ശ്രമം തുടങ്ങി. വളർന്ന് വരുന്ന സാങ്കേതിക വിദ്യ വേണ്ടത്ര പ്രയോജനപ്പെടുത്താൻ ഇൻകോസ്പാർ മതിയാകാതെ വന്നതോടെ അണുശക്തി വകുപ്പിന് കീഴിൽ 1969 ഓഗസ്റ്റ് 15ന് ഇന്ത്യൻ ബഹിരാകാശ സംഘടനക്ക് (ISRO)ക്ക് രൂപം നൽകി. വിക്രം സാരാഭായി തന്നെയായിരുന്നു ഇതിന്റെയും ആദ്യ ചെയർമാൻ. ആ വർഷം ഇന്ത്യൻ ബഹിരാകാശ ഗവേഷണവുമായി ബന്ധപ്പെട്ട് മറ്റാരു സുപ്രധാന സംഭവം കൂടി നടന്നു. ആന്ധ്രാ പ്രദേശിലെ ശ്രീഹരിക്കോട്ടയിൽ ഐഎസ്ആർഒ ഒരു റോക്കറ്റ് വിക്ഷേപണ കേന്ദ്രം തുടങ്ങി 3000ത്തോളം വിസ്തൃതിയുള്ള ഈ ദ്വീപ് വലിയൊരു മുതൽകൂട്ട് തന്നെയായിരുന്നു. ഇത് സ്ഥാപിക്കാൻ വിക്രം സാരാഭായ്ക്ക് വലിയ കഷ്ടപ്പാട് സഹിക്കേണ്ടി വന്നു. പണമില്ല എന്നതായിരുന്നു പ്രധാന കാര്യം. അക്കാലത്താണ് ഓസ്ട്രേലിയയിൽ ഒരു പഴയ ലോഞ്ചിങ് സ്റ്റേഷൻ പൊളിച്ചു വിൽക്കാൻ പോകുന്നത് കേട്ടത്. സാരഭായി ഒട്ടും താമസിച്ചില്ല വളരെ വില കുറച്ച് അത് വാങ്ങി. ഇതാണ് ശ്രീഹരികോട്ടയിൽ സ്ഥാപിച്ചത്.

നാസയുമായി സഹകരണ കരാർ ഉണ്ടായിരുന്നെങ്കിലും അവരുടെ സഹായങ്ങൾ കുറഞ്ഞു. സോവിയറ്റ് റഷ്യയാണ്‌ ശരിക്കും നമ്മുടെ ബഹിരാകാശ മുന്നേറ്റത്തിന് താങ്ങായത്. 1975ൽ ആദ്യ ഉപഗ്രഹം അയച്ചത് മുതൽ രാകേഷ് ശർമയെ ബഹിരാകാശത്തു കൊണ്ടുപോയതും ക്രയോജനിക് എഞ്ചിൻ നൽകിയതും വരെ സോവിയറ്റ് സഹായം ഉണ്ടായിരുന്നു. ഇന്ന് നാം സ്വന്തം കാലിൽ നിന്നാണ് മുന്നോട്ട് പോകുന്നത്. ചന്ദ്രയാൻ, മംഗൽയാൻ പദ്ധതികൾ മുതൽ മനുഷ്യനെ ബഹിരാകാശത്തു കൊണ്ടുപോകുന്ന ഗഗയാൻ വരെ ഐഎസ്ആർഒയുടെ ജൈത്ര യാത്ര തുടരുകയാണ്. ഈ അവസരത്തിൽ എടുത്ത് പറയേണ്ടതാണ് വിക്രം സാരാഭായിയുടെ ആകസ്മിക മരണം. 1971 ൽ തന്റെ 52മത് വയസിലാണ് അദ്ദേഹം വിട പറഞ്ഞത്. ഇത് വലിയൊരു നഷ്ടം തന്നെയായിരുന്നു. തിരുവനന്തപുരം കോവളത്തെ ഹോട്ടലിൽ ഉറങ്ങാൻ കിടന്നതാണ്. രാവിലെ പരിചാരകർ വന്ന് വിളിച്ചപ്പോഴാണ് മരണം അറിഞ്ഞത്. ഉറക്കത്തിലായിരുന്നു മരണം. ഹൃദയാഘാതമായിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.