21 December 2024, Saturday
KSFE Galaxy Chits Banner 2

കാലത്തിനും മുന്നേ നടന്ന ഇതിഹാസകാരന്‍

പി കെ അനിൽകുമാർ 
July 2, 2023 10:30 am

ഏതെങ്കിലും പുസ്തകത്തിലേക്കുള്ള വെറുമൊരു നോട്ടം മതി നിങ്ങൾ മറ്റൊരാളുടെ ശബ്ദം കേട്ടു തുടങ്ങും. ഒരു പക്ഷേ സഹസ്രാബ്ദങ്ങൾക്ക് മുമ്പേ മരിച്ചുപോയ ഒരാളുടെ ശബ്ദമെന്ന് കാൾ സാഗൻ. പക്ഷേ മൃതിയടഞ്ഞവരുടെയോ ഭൂതകാലത്തിന്റെയോ വർത്തമാനകാലത്തിലേക്ക് ശബ്ദം മാത്രമല്ല പുസ്തകം കേൾപ്പിക്കുന്നത്. ഭാവിയുടെ പ്രഖ്യാപനങ്ങളും പുസ്തകം വിളംബരം ചെയ്യുന്നുണ്ട്. എഴുത്തുകാർ മരിച്ചു കഴിഞ്ഞാൽ പുസ്തകങ്ങളാകുന്നുവെന്ന് ലൂയി ബോർ ജേ നിരീക്ഷിച്ചിട്ടുണ്ട്. ഈ ദർശന പരിപ്രേക്ഷ്യത്തിൽ ഒ വി വിജയന്റെ കൃതികൾ കാലത്തിന് മുൻപേ പറക്കുന്ന പക്ഷികളാണെന്നും ഒ വി വിജയൻ ഭാവിയുടെ എഴുത്തുകാരനാണെന്നും സാക്ഷ്യപെടുത്താം. എഴുത്തുകാരൻ പ്രവാചകനാണെന്ന ദർശനത്തിന്റെ നേരർത്ഥം കൂടിയാണ് ഒ വി വിജയൻ.

ദില്ലിയിലെ മാധ്യമ പ്രവർത്തന കാലത്ത് ഒ വി വിജയൻ വരച്ച കാർട്ടൂണുകളുടെ മുഖമുദ്രകളിലൊന്ന് ഉരുണ്ടുകൂടുന്ന ഫാസിസത്തിന്റെ ഇരുണ്ട മേഘങ്ങളായിരുന്നു. അക്കാലത്ത് വിജയൻ വരച്ച കാർട്ടൂണുകളിലൊന്ന് ഭരണകൂടം മർദ്ദനയന്ത്രമായ അടിയന്തരാവസ്ഥ കാലത്തിൽ, സ്വേച്ഛാധിപത്യത്തിന്റെ പ്രതീകമായ ഒരു വിമാനത്തിനരികിൽ നിൽക്കുന്ന ഇന്ദിരാഗാന്ധി. താഴെ ഹിന്ദു രാഷ്ട്രത്തിലേക്ക് ഒരു കാക്കയെ കെട്ടിയ തേരിൽ നീങ്ങുന്ന സംഘ പരിവാർ. പക്ഷേ ഇന്ന് ആ കാക്ക ഭീമാകാരം പൂണ്ട് നവ ബ്രാഹ്മണിക്കൽ ഹിന്ദുത്വത്തിന്റെ ഹിംസാത്മക ദംഷ്ട്രകളുമായി ഇന്ത്യയുടെ രാഷ്ട്രശരീരത്തെ കൊത്തിക്കീറുകയാണ്. ‘ധർമ്മപുരാണം,’ ‘പ്രവാചകന്റെ വഴികൾ’ തുടങ്ങിയ നോവലുകളും ‘കടൽത്തീരത്ത്,’ ‘ചെങ്ങന്നൂർ വണ്ടി’ തുടങ്ങിയ കഥകളും പ്രവചന മുദ്രിതമായ വെളിപാടുകളുടെ സാരസ്വതങ്ങളാണ്.

നിയാമക ഭാഷയുടെ സ്വരൂപങ്ങളെ ഉച്ചാടനം ചെയ്ത് കൊണ്ട് പുതു ഭാവനയുടെ വൻകരകൾ ഉദ്ഘാടനം ചെയ്ത നോവലായിരുന്നു ധർമ്മപുരാണം. 1975 ജൂലൈ 25 ന് ധർമ്മപുരാണം മലയാളനാട് വാരികയിൽ പ്രസിദ്ധീകരിച്ച് തുടങ്ങുമെന്ന് പരസ്യം വന്നെങ്കിലും ജൂൺ 26 ന് അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടതോടെ നോവൽ വാരികയിൽ പ്രസിദ്ധീകരിച്ചില്ല. പിന്നീട് 1977 ൽ എസ് കെ നായരുടെ മലയാള നാട് വാരികയിൽ പ്രസിദ്ധീകരിച്ച് തുടങ്ങിയ ധർമ്മപുരാണം പുസ്തക രൂപത്തിൽ പുറത്തിറങ്ങുന്നത് 1985‑ലാണ്. എന്നാൽ ഖണ്ഡശ്ശ പ്രസിദ്ധീകരിച്ചതിൽ നിന്നും സാരമായ വ്യതിയാനങ്ങൾ പുസ്തക രൂപത്തിലുണ്ടായി. ഖണ്ഡശ്ശ പ്രസിദ്ധീകരണത്തിൽ നാലാം അധ്യായത്തിന്റെ തലക്കെട്ടായ അടിയന്തരാവസ്ഥ പുസ്തകത്തിൽ പ്രതിസന്ധി ആയും രാഷ്ട്രപതി എന്നത് പ്രജാപതി ആയും മാറി.
ധർമ്മപുരാണത്തിലെ ഭാഷ ജുഗുസ്പാവഹവും അശ്ലീലവുമാണെന്ന് പരക്കെ വിമർശനം ഉയർന്നിരുന്നു. എന്നാൽ അധികാരവും ജനാധിപത്യവുമൊക്കെ അശ്ലീലതയുടെ അസംബന്ധ കാഴ്ചകളാകുമ്പോൾ അത് ചിത്രീകരിക്കുവാൻ ഭാഷയെ പുതുക്കിപ്പണിയുക തന്നെ വേണം. ചരിത്രത്തിന്റെ കാരുണ്യം നിറഞ്ഞ വസ്ത്രാക്ഷേപം എന്നാണ് കെ പി അപ്പൻ ധർമ്മപുരാണത്തെ വിശേഷിപ്പിച്ചത്. കെ പി അപ്പൻ എഴുതുന്നു: “കിഴവൻ പ്രജാപതിയുടെ അവശതകൾ രാഷ്ട്രീയത്തിന്റെ വിഫലമായി തീർന്ന ഇന്ദ്രിയങ്ങൾ തന്നെയാണ്. കിഴവന്റെ രതിബന്ധ വർണ്ണനയിലൂടെ രാഷ്ട്രീയം ഒരു വിഫല സുരതമാണെന്ന് ധ്വനിപ്പിക്കുകയും ചെയ്യുന്നു.”

ധർമ്മപുരാണം എന്ന നോവലിൽ വാതസേനൻ എന്ന പട്ടാളക്കാരൻ പറയുന്നുണ്ട്, “ഞാൻ ഈ നഗരത്തെ ശപിക്കുന്നു. ഞാൻ ഈ രാഷ്ട്രത്തെ ശപിക്കുന്നു. അതിരുകളെന്ന മിഥ്യയിൽ നീണ്ട വർഷങ്ങളിലൂടെ എന്നെ കാവൽ നിർത്തി എന്റെ ഉടലും ഉള്ളും തകർത്ത ഈ രാഷ്ട്രവും മറ്റു രാഷ്ട്രങ്ങളും എന്റെ ശാപത്തിന്റെ വ്യാധിയിൽ ചീഞ്ഞഴുകട്ടേ.” സങ്കുചിതവും കപടവുമായ ദേശീയത ധർമ്മപുരാണത്തിൽ നിശിതമായി വിചാരണ ചെയ്യപ്പെടുന്നു. സിവിൽ സമൂഹത്തിൽ ദേശീയതയെ ഡെമോക്ലീസിന്റെ വാളാക്കി പൗരാവകാശധ്വംസനങ്ങൾ നിരന്തരം അരങ്ങേറുന്ന വർത്തമാനകാലത്തെ ക്രാന്തദർശിയായ എഴുത്തുകാരൻ ധർമ്മപുരാണത്തിൽ പതിറ്റാണ്ടുകൾക്ക് മുൻപ് വരച്ചിട്ടുണ്ട്. ദേശീയതയെയും രാജ്യസ്നേഹത്തേയും മറയാക്കി മനുഷ്യാവകാശ ധ്വംസന ത്തിന്റെ വേട്ടകളാണ് ചരിത്രത്തിൽ അരങ്ങേറുന്നത്.

ദേശീയതയെക്കുറിച്ച് ടാഗോർ നടത്തിയ നിരീക്ഷണം സ്മരണീയമാണ്, “രാജ്യസ്നേഹം എന്റെ ആത്മീയ അഭയമല്ല. എന്റെ അഭയം മനുഷ്യവംശമാണ്. ജീവിച്ചിരിക്കുന്നിടത്തോളം കാലം മനുഷ്യവംശത്തിന് മുകളിൽ വിജയകിരീടം ചൂടി നിൽക്കുവാൻ രാജ്യസ്നേഹത്തെയും ദേശീയതയെയും ഞാൻ അനുവദിക്കുകയില്ല. ദേശീയത വിനാശകരമായ ഒരു ആശയമാണ്. രത്നങ്ങളുടെ സ്ഥാനത്ത് വില കൊടുത്ത് കുപ്പിച്ചില്ലുകൾ വാങ്ങുന്ന പോലെയാണ് മനുഷ്യവംശത്തിന് പകരം ദേശീയത എന്ന ആശയം ഉയർത്തിപ്പിടിക്കുന്നത്.” ടാഗോറിന്റെ വിശ്വമാനവികതയിലൂന്നിയ ദേശീയതാ സങ്കല്പത്തിന് ധർമ്മപുരാണത്തിൽ ഒ വി വിജയൻ സർഗാത്മകമായ ഒരു പൂരണം നൽകുന്നു.
ധർമ്മപുരാണത്തിൽ സിദ്ധാർത്ഥനോട് അധ്യാത്മിക ചോദിക്കുന്നുണ്ട്, ”നിങ്ങളുടെ നാടേതാണ്? സിദ്ധാർത്ഥൻ പറഞ്ഞു: “രാജ്യമോ, ശ്രീമൻ, എനിക്കു രാജ്യമില്ല.” സിദ്ധാർത്ഥ ന്റെ മറുപടി വായിക്കുമ്പോൾ വായനക്കാരന്റെ മനസിൽ ഇടശ്ശേരിയുടെ വരികൾ തെളിയാതിരിക്കില്ല, “കുടിയിറക്കപെടും കൂട്ടരേ…/ പറയുവിൻ പറയുവിൻ ഏതു രാഷ്ട്രക്കാർ/
നിങ്ങൾ പ്രസവിച്ചി തിന്ത്യയായ്,/ പ്രസവിച്ചി തിഗ്ലണ്ടായി,/പ്രസവിച്ചിതാഫ്രിക്കൻവൻകരയായ് / അതിലെന്തുണ്ടാർക്കാനും/ ഉടമയില്ലാത്ത ഭൂപട മേലും പാഴ്വരയ്ക്കർത്ഥമുണ്ടോ”?

ധർമ്മപുരാണത്തിന്റെ മുന്നുരയിൽ വിജയൻ എഴുതുന്നുണ്ട്, “സമൂഹത്തിന്റെ ചരിത്രപരമായ അധാർമ്മികതകൾ നിയമവും ഭരണവും പ്രതിഷ്ഠിക്കപെടവെ, അതേ സമൂഹത്തിലെ ഒറ്റപ്പെട്ട വ്യക്തികൾക്ക് അവയുടെ അധാർമ്മികത പകൽ വെളിച്ചംപോലെ തെളിഞ്ഞു കാണുകയും ചെയ്യാം.” ധർമ്മപുരാണത്തിൽ കാഞ്ചനമാല സിദ്ധാർത്ഥനോട് പറയുന്ന വാക്കുകൾ മൂന്നാം ലോക രാജ്യങ്ങളിലെയെല്ലാം പട്ടിണിയിലുഴറുന്ന കുഞ്ഞുങ്ങളുടെ കരൾ വിലാപങ്ങളാണ്. ”ഞാൻ എന്റെ അമ്മയുടെ ഗർഭത്തിൽ കിടന്നപ്പോൾ ആരും എനിക്ക് ജീവകങ്ങൾ തന്നില്ല. പകരം അവർ അവരുടെ സൈന്യങ്ങളെയും യുദ്ധങ്ങളെയും ഊട്ടി. അങ്ങനെ ഞാൻ കണ്ണില്ലാതെ പിറന്നുവീണു. കബന്ധങ്ങളുടെ ഇരുട്ടിൽ ഞാൻ ഒറ്റയ്ക്ക് കഴിയുന്നു സിദ്ധാർത്ഥാ…”
രാജ്യത്ത് കലാപാന്തരീക്ഷമുണ്ടാകുമ്പോൾ അതിർത്തിയിൽ യുദ്ധങ്ങളുണ്ടാവുക സ്വാഭാവികമാണെന്ന നോവലിസ്റ്റിന്റെ നിരീക്ഷണം വർത്തമാനകാല യാഥാർത്ഥ്യമായി പരിണമിച്ചിരിക്കുന്നു. ധർമ്മപുരിയും അയൽ രാജ്യമായ സമർഖണ്ഡും ഉഭയസമ്മതപ്രകാരം യുദ്ധം ചെയ്യുന്നു. അതിർത്തി സംരക്ഷിക്കാനും സൈനിക ബലം വർധിപ്പിക്കാനും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ വ്യയം ചെയ്യപ്പെടുമ്പോൾ പെരുകുന്നത് സാമൂഹിക‑സാമ്പത്തിക അസമത്വങ്ങളാണ്. കാർഗിൽ ശവപ്പെട്ടി കുംഭകോണവും പുൽവാമ ഭീകരാക്രമണവും എത്രയോ കാലം മുൻപ് തന്നെ ധർമ്മപുരാണം നോവലിൽ അടയാളപ്പെട്ടു. “കഴിഞ്ഞ ഹൂണദുഃഖത്തിൽ (യുദ്ധം എന്നതിന് ദുഃഖമെന്നും സൈനികർക്ക് ഉപദേഷ്ടാക്കളുമെന്നാണ് വിജയൻ ധർമ്മപുരാണത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്) ഉപദേഷ്ടാക്കളുടെ സുവിശേഷ സംഘത്തിന് പാപ്പാസുകളും രോമക്കുപ്പായങ്ങളും എത്തിച്ച് കൊടുക്കുന്ന കരാറെടുത്താണ് ഘൃണിയുടെ അമ്മാവൻ കോടീശ്വരനായത്. ആ ദുഃഖം ഒരു മാസമേ നീണ്ടു നിന്നുള്ളു. ഒരു മാസത്തെ ദു:ഖത്തിൽ പതിനായിരം ഉപദേഷ്ടാക്കൾ മരിക്കുകയും അമ്മാവൻ 10 കോടി വരാഹൻ നേടുകയും ചെയ്തു.”

അപ്രഖ്യാപിതമായ അടിയന്തരാവസ്ഥയിലൂടെയാണ് ഇന്ത്യ കടന്നു പോകുന്നത്. ജനാധിപത്യം അർധ ഫാസിസ്റ്റ് ഭരണത്തിലേക്ക് നിപതിച്ച് കഴിഞ്ഞു. ഫാസിസത്തിന്റെ പുതിയ കാലത്തെ അധിനിവേശ ആയുധങ്ങളിലൊന്ന് ബലാത്സംഗമാണ്. ഗുജറാത്ത് വംശീയഹത്യയും കൂട്ടബലാത്സംഗങ്ങളും ബൽക്കിസ്ബാനുവിനെ പോലുള്ള ഇരകളും നമ്മുടെ സ്മൃതിപഥത്തിൽ നിന്നും മാഞ്ഞു പോയിട്ടില്ല. പുരുഷ മേൽക്കോയ്മയുടെയും അധിനിവേശത്തിന്റെയും ആയുധങ്ങളെയും അറുത്തെറിയുന്ന പെണ്ണുയിർപ്പിന്റെ ദൃശ്യം ഒ വി വിജയൻ ധർമ്മപുരാണത്തിൽ വരച്ചിടുന്നു:
“മന്ദാകിനി പട്ടാളക്കാരോട് പറഞ്ഞു. “എടോ. പാവം മനുഷ്യാ! ഇതാ: ഇതെടുത്ത് ഈ നേതാവിന്റെ ലിംഗം മുറിച്ച് കളയുക. അവർ കത്രിക ഉയർത്തിപ്പിടിച്ചു. മന്ദാകിനി പറഞ്ഞു. “ഇതാ: ഇതു പയോഗിക്കാൻ ധൈര്യമുള്ളവർ എത്ര പേരുണ്ടിവിടെ? ഒരു പറ്റം പെണ്ണുങ്ങൾ മുന്നോട്ടുവന്നു. അതിപ്പോൾ ഒരു പെൺതിരയായി; പകയുടെയും ദുഃഖത്തിന്റെയും അലിവിന്റെയും വേലിയേറ്റം. നീതിപാലനത്തിന്റെ ആ കൊച്ചുപകരണത്തെ ഏറ്റുവാങ്ങാൻ അസംഖ്യം കൈകൾ നീണ്ടു.”
നോവലിലൊരിടത്ത് ജരൽക്കാരു എന്ന പത്തു വയസുകാരനായ ബാലനെ ശാന്തിഗ്രാമത്തിന്റെ തെരുവുകളിലൂടെ കൈയാമം വച്ചുകൊണ്ടുപോയി തൂക്കിലേറ്റുന്നു. ദേശ സ്നേഹം ബാലഹത്യയാണെന്ന് ധർമ്മപുരാണത്തിൽ പറയുന്നുണ്ട്. കടൽത്തീരത്ത് എന്ന കഥയിൽ വെള്ളായിയപ്പന്റെ മകൻ കണ്ടുണ്ണിയെ തൂക്കി കൊല്ലുകയാണ്. വെള്ളായിയപ്പൻ ജനിച്ച പാഴുതറ യഥാർത്ഥത്തിൽ അരികുവല്ക്കരിക്കപെട്ടവരുടെ നാടാണ്. മുത്തുരാവുത്തർ, കോമ്പിപ്പൂശാരി, നീലി, കുട്ട്യസൻമാപ്പിള എന്നീ കഥാപാത്രങ്ങൾ ദലിത് — മുസ്ലീം സ്വത്വത്തിലുള്ളവരാണ്. വെള്ളായിയപ്പൻ ഒരു കർഷകനാണെന്ന് കഥാന്ത്യത്തിൽ വിജയന്‍ സൂചന നൽകുന്നുണ്ട്. ”പുലർച്ചയ്ക്ക് മുമ്പ് കൊമ്പുവിളി മുഴങ്ങുന്നത് വെള്ളായിയപ്പൻ കേട്ടു. രാവിലെ അഞ്ചു മണിക്കാണെന്ന് അവർ പറഞ്ഞിരുന്നു. കൈയിൽ ഘടികാരമില്ലെങ്കിലും ഒരു കർഷകന്റെ ജന്മസിദ്ധിയിലൂടെ വെള്ളായിയപ്പൻ സമയം അറിഞ്ഞു.”

കർഷകർക്ക് കൊലനിലമൊരുക്കുന്ന ഒരു ഭരണകൂടമാണ് ഇന്നുള്ളത്. ഇന്ത്യയിലെ തടവറകളിൽ മരണം വരെ ജീവപര്യന്തം തടവിന് വിധിക്കപെട്ടവരും തൂക്ക് മരം കാത്തിരിക്കുന്നവരിൽ ഭൂരിഭാഗം പേരും മുസ്ലീം-ദളിത് സ്വത്വത്തിൽ നിന്നുള്ളവരാണ്. പൗരത്വ പ്രക്ഷോഭകാലത്ത് ജെഎൻയു കാമ്പസിൽ നിന്നും കാണാതായ നജീബ് എന്ന വിദ്യാർത്ഥി എവിടെയാണെന്ന് ആർക്കും അറിയില്ല. മക്കളെ ഊട്ടാനെടുക്കുന്ന അന്നം അവർക്ക് വായ്ക്കരിയായി, ബലിച്ചോറായി നൽകേണ്ടി വരുന്ന ഇരുൾ കാലത്തിന്റെയും ഇരുളടഞ്ഞ ഭാവിയുടേയും നേർ ചിത്രമാണ് കടൽത്തീരത്ത്.
ധർമ്മപുരാണത്തിന്റെ അവസാന ഭാഗത്തിൽ സിദ്ധാർത്ഥൻ എണ്ണമറ്റ നിലകളുള്ള ഒരു മാളികയുടെ മുന്നിലെത്തി. യുദ്ധം ആർക്കുവേണ്ടിയാണെന്ന ചോദ്യവുമായി സിദ്ധാർത്ഥൻ ഒരോ നിലയും കയറി. ആരും ഉത്തരം പറഞ്ഞില്ല. രാഷ്ട്രമീമാംസകരോടും ലോക വ്യവഹാരത്തെ നിയന്ത്രിക്കുന്ന എല്ലാവരോടും സിദ്ധാർത്ഥൻ ചോദ്യം ആവർത്തിക്കുന്നു യുദ്ധം ആർക്കുവേണ്ടിയാണ്? യുദ്ധത്തിന്റെ അവസാന ലാഭങ്ങൾ ചെന്നു പറ്റുന്നത് ആരിലാണ്? അണുസ്ഫോടനം കൊണ്ട് സമ്പന്നമാകുന്നത് ഏതു കുടുംബമാണ്. ഈ ചോദ്യങ്ങൾക്കെല്ലാം അവസാനം ഉത്തരം നൽകുന്നത് അവ്യക്തവും പ്രാകൃതവുമായ ശബ്ദത്തിൽ ഒരു മൊച്ചക്കുരങ്ങനാണ്. യുദ്ധങ്ങൾ ഭൂമിയെ ഒരു ശ്മശാനമാക്കുമെന്നും പരിണാമത്തിന്റെ ആദ്യ ദശകളിലേക്ക്, പ്രാകൃതയുഗത്തിലേക്ക് ലോകം എത്തപ്പെടുമെന്നാണ് വിജയൻ നിരീക്ഷിക്കുന്നത്. ആധുനിക മനുഷ്യൻ ആദിമ മനുഷ്യനായിത്തീരുന്ന ഭയാനക ദുരന്തമാണ് ഒ വി വിജയൻ ധർമ്മപുരാണത്തിൽ പ്രവചിക്കുന്നത്.
ജനാധിപത്യത്തിലെ ദുരന്തമാലിന്യങ്ങളുടെ പകർത്തെഴുത്തായ ധർമ്മപുരാണം ഒ വി വിജയൻ അവസാനിപ്പിക്കുന്നത് ശുഭകരമായ പാഠങ്ങളിലാണ്.” പരാശരൻ ജാഹ്നവിയുടെ തീരത്തു നിന്നു. അപ്പോഴാണ് പൊടുന്നനവേ അയാൾ ആ മരം കണ്ടത്. അനാഥനായ പരാശരന്റെ മുകളിൽ അപാരമായ ആ വടവൃക്ഷം പടർന്നു നിന്നു. പരാശരന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. പരാശരൻ മരത്തിന്റെ മുമ്പിൽ മുട്ടുകുത്തി. പരാശരൻ മരത്തെ കെട്ടിപ്പിടിച്ചു. പരാശരൻ അലമുറകൊണ്ടു. സിദ്ധാർത്ഥാ, രാജാവേ, ഇത് അങ്ങാണോ? ഒരോ ഇലയും കൊമ്പും വേരും പരാശരനോട് സംസാരിച്ചു. അതൊരു സ്വര പ്രളയമായി.”

സിദ്ധാർത്ഥൻ എന്നത് ബുദ്ധനാണ്. ആധുനിക ഇന്ത്യൻ രാഷ്ട്രീയത്തിൽ ബുദ്ധനെ വിമോചന ബിംബമായി ഉയർത്തി കൊണ്ടുവന്നത് അംബേദ്കറാണ്. 1925 ഡിസംബറിൽ മനുസ്മൃതി കത്തിച്ച അംബേദ്കർ പിൽക്കാലത്ത് ലക്ഷക്കണക്കിന് അനുയായികളുമായി ബുദ്ധമതം സ്വീകരിച്ചു. ധർമ്മപുരാണത്തിലെ ഗോസായി അമ്മാവൻ ഗാന്ധിജിയുടെ പ്രതീകമാണ്. ‘വർഗീയ ഫാസിസത്തിനെതിരെയുള്ള പ്രതിരോധം ഗാന്ധിജിയുടേയും അംബേദ്കറിന്റെയും വീണ്ടെടുപ്പാണ്. നോവലാന്ത്യത്തിൽ സിദ്ധാർത്ഥൻ ഒരു വടവൃക്ഷമാവുകയാണ്. ഖസാക്കിന്റെ ഇതിഹാസ വായന പാമ്പുകടിയേറ്റ രവിയിൽ കേന്ദ്രീകരിച്ചപ്പോൾ അനാദിയായ മഴയിൽ തളിർത്ത പ്രകൃതിയുടെ പൊടിപ്പുകളെ കാണാതെ പോയി. ഇതിഹാസകാരന്റെ വെളിപാടുകളിൽ ഹരിത രാഷ്ട്രീയമുണ്ട്. ഗാന്ധിജിയെയും അംബേദ്ക്കറെയും വീണ്ടെടുക്കുന്ന, അരികുവല്ക്കരിക്കപെട്ടവരെ ചേർത്തു നിർത്തുന്ന ഒരു വിമോചന രാഷ്ട്രീയത്തിലാണ് ഇന്ത്യയുടെ ഭാവി എന്നതാണ് പുതിയ കാലത്തിന്റെ നടവരമ്പിൽ ധർമ്മപുരാണം തുറക്കുമ്പോൾ നാം വായിച്ചെടുക്കേണ്ടത്.

TOP NEWS

December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.