19 December 2024, Thursday
KSFE Galaxy Chits Banner 2

മഴക്കെടുതിയില്‍ ജാഗ്രത പുലര്‍ത്തുക

Janayugom Webdesk
July 5, 2023 5:00 am

സംസ്ഥാനത്ത് മഴ കനത്തിരിക്കുകയാണ്. രണ്ടു ദിവസമായി സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ശക്തമായ മഴപ്പെയ്‌ത്തുണ്ട്. ഇന്നലെ ഇടുക്കി, കണ്ണൂര്‍ ജില്ലകളില്‍ റെഡ് അലര്‍ട്ടുണ്ടായിരുന്നു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച്, തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ മഞ്ഞ അലര്‍ട്ടുകളും നല്‍കിയിരുന്നു. എന്നാല്‍ പല ജില്ലകളിലും കനത്ത മഴപ്പെയ‌്ത്തും നാശനഷ്ടങ്ങളുമുണ്ടായി എന്നാണ് റിപ്പോര്‍ട്ട്. ചില മരണങ്ങളും സംഭവിച്ചു. തിങ്കളാഴ്ച സ്‌കൂളിന് സമീപത്തെ മരം കടപുഴകി വീണ് വിദ്യാർത്ഥിനി മരിച്ച ദൗര്‍ഭാഗ്യകരമായ സംഭവവുമുണ്ടായി. കാസര്‍കോട് അംഗഡിമൊഗർ ജിഎച്ച്എസ് സ്‌കൂളിലെ ആറാം തരം വിദ്യാർത്ഥിനി ആയിഷത്ത് മിൻഹയാണ് മരിച്ചത്. അടുത്ത അഞ്ച് ദിവസത്തോളം ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് നിലവിലുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍കോട് ജില്ലകളിലും നാളെ മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസര്‍കോട് എന്നീ ജില്ലകളിലും ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് കൊല്ലത്തും നാളെ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, വയനാട്, വെള്ളിയാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍കോട് ജില്ലകളിലും മഞ്ഞ അലര്‍ട്ടുമാണുള്ളത്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 മുതൽ 204.4 മി. മീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നതുകൊണ്ട് കാലാവസ്ഥാ വകുപ്പ് അർത്ഥമാക്കുന്നത്. അതിശക്തമായ മഴ ലഭിക്കുന്ന സാഹചര്യത്തില്‍ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം തുടങ്ങിയ ദുരന്തങ്ങളുണ്ടാകുവാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും പോസ്റ്റുകള്‍ തകര്‍ന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കണമെന്നും ദുരന്ത നിവാരണ അതോറിട്ടി അറിയിച്ചു. കേരള ‑കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദേശമുണ്ട്. എല്ലാ ജില്ലകളിലും കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്.


ഇതുകൂടി വായിക്കു: കാടറിഞ്ഞ്, മഴനനഞ്ഞ് ഒരു യാത്ര


കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മഴ മുന്നറിയിപ്പിനെ തുടര്‍ന്ന് സംസ്ഥാന റവന്യു വകുപ്പിന്റെ നേതൃത്വത്തില്‍ പൊലീസ്, തദ്ദേശസ്വയംഭരണ വകുപ്പ്, അഗ്നിരക്ഷാ സേന, ഫിഷറീസ് വകുപ്പ്, തീരദേശ പൊലീസ്, ജലസേചന വകുപ്പ്, വൈദ്യുത വകുപ്പ് എന്നിവ ചേര്‍ന്ന് മുന്നൊരുക്കങ്ങളും മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ട്. അപകടങ്ങളും വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ തുടങ്ങിയവയുടെ സാധ്യതയും മുന്‍കൂട്ടികണ്ട് ആവശ്യമെങ്കില്‍ ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്നതിനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കുവാന്‍ വില്ലേജ് തലം വരെയുള്ള റവന്യു ഉദ്യോഗസ്ഥര്‍ക്കും മറ്റ് വകുപ്പുകള്‍ക്കും സര്‍ക്കാര്‍ ഇതിനകം തന്നെ നിര്‍ദേശം നല്കിയിട്ടുണ്ട്. ജില്ലാ തലങ്ങള്‍ക്കു പുറമേ താലൂക്ക് തലത്തിലും കണ്‍ട്രോള്‍ റൂമുകള്‍ തുറക്കുന്ന നടപടിയും ആരംഭിച്ചിട്ടുണ്ട്. ശക്തമായ മഴ കാരണം മുന്‍ വര്‍ഷങ്ങളില്‍ സംസ്ഥാനത്തുണ്ടായ വെള്ളപ്പൊക്ക സാധ്യതയും പ്രവചിക്കപ്പെട്ടിട്ടുണ്ട്. അമിതമായ ആശങ്കയ്ക്ക് വകയില്ലെന്നാണ് അറിയിപ്പെങ്കിലും അതീവ ജാഗ്രത അത്യാവശ്യമാണെന്നാണ് സാഹചര്യങ്ങള്‍ വ്യക്തമാക്കുന്നത്. 2018ലായിരുന്നു അടുത്ത കാലത്തുണ്ടായ ഏറ്റവും വലിയ പ്രളയ ദുരന്തമുണ്ടായത്. തൊട്ടടുത്ത വര്‍ഷങ്ങളിലും പ്രളയമുണ്ടായിരുന്നുവെങ്കിലും 2018ലേതിന് സമാനമായ ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുന്നതിനുള്ള മുന്‍കരുതലുകളെടുക്കുവാന്‍ നമുക്ക് സാധിച്ചിരുന്നു. ഇത്തവണയും കാലവര്‍ഷം വേണ്ടത്ര ലഭിച്ചില്ലെങ്കിലും പുതിയ മുന്നറിയിപ്പിന്റെയും കെടുതികളുടെയും സാഹചര്യത്തില്‍ റവന്യു വകുപ്പ് മന്ത്രി കെ രാജന്റെ നേതൃത്വത്തില്‍ ഇന്നലെ അടിയന്തര ഉന്നത തലയോഗം ചേരുകയും ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിന് തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്. ഇന്നലെ നാമമാത്രമായ ക്യാമ്പുകള്‍ മാത്രമേ തുറക്കേണ്ടിവന്നുളളൂ എന്നും എന്നാല്‍ അടിയന്തര സാഹചര്യമുണ്ടായാല്‍ ആവശ്യത്തിന് ക്യാമ്പുകള്‍ തുടങ്ങുന്നതിനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയെന്നും റവന്യു മന്ത്രി കെ രാജന്‍ യോഗാനന്തരം അറിയിച്ചിട്ടുണ്ട്.


ഇതുകൂടി വായിക്കു: മഴയോടുള്ള ചില ചോദ്യങ്ങള്‍; ഉത്തരം നല്‍കാന്‍ ഗോപകുമാര്‍


ദുരന്ത നിവാരണത്തിനും ദുരിത ബാധിതരെ സഹായിക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനസര്‍ക്കാരിന്റെ നേതൃത്വത്തില്‍ തകൃതിയായി നടക്കാറുണ്ടെങ്കിലും ഇക്കാര്യത്തില്‍ കേന്ദ്ര സമീപനം പലപ്പോഴും അനുകൂലമായിരുന്നില്ലെന്നതാണ് നമ്മുടെ അനുഭവം. സംസ്ഥാനം ദുരിതബാധിതരെ സഹായിക്കുന്നതിനുള്ള നടപടികളില്‍ നേരിടുന്ന പ്രധാന പ്രശ്നം കേന്ദ്രം നിശ്ചയിച്ച നഷ്ടപരിഹാരത്തുക വളരെ തുച്ഛമാണെന്നുള്ളതാണ്. കേന്ദ്ര ദുരന്ത നിവാരണ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് നഷ്ടപരിഹാര തുക നല്കേണ്ടത്. എന്നാല്‍ വീടുകളും കാര്‍ഷിക വിളകളും നശിച്ചാല്‍ നല്കേണ്ട തുകയായി കേന്ദ്രം നിശ്ചയിച്ചിരിക്കുന്ന തുക പരിമിതമായതിനാല്‍ സംസ്ഥാന സാഹചര്യത്തിനനുസരിച്ച് അധിക തുക നല്കേണ്ടി വരികയും ആ ബാധ്യത സംസ്ഥാന ഖജനാവ് ഏറ്റെടുക്കേണ്ടി വരികയും ചെയ്യുന്ന സ്ഥിതിയാണുള്ളത്. എല്ലാ കാലത്തും ഈ തുക വര്‍ധിപ്പിച്ച് അനുവദിക്കണമെന്നും അപ്രതീക്ഷിത നാശനഷ്ടമുണ്ടാകുമ്പോള്‍ അധിക ധനസഹായത്തിനും ആവശ്യപ്പെടുന്നുണ്ടെങ്കിലും എല്ലായ്പോഴും അവഗണനയായിരുന്നു നമ്മുടെ അനുഭവം. ഇത്തവണയെങ്കിലും കേന്ദ്ര സര്‍ക്കാര്‍ അനുഭാവ സമീപനം സ്വീകരിക്കുമെന്നാണ് കേരളത്തിലെ ജനങ്ങള്‍ പ്രതീക്ഷിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.