19 December 2024, Thursday
KSFE Galaxy Chits Banner 2

മണിപ്പൂര്‍: വസ്തുതകള്‍ മൂടിവയ്ക്കുവാനാകില്ല

Janayugom Webdesk
July 12, 2023 5:00 am

മണിപ്പൂരില്‍ രണ്ടു മാസത്തിലധികമായി നടക്കുന്ന വംശഹത്യാ പരീക്ഷണങ്ങള്‍ അവസാനിപ്പിക്കുന്നതിന് കേന്ദ്ര‑സംസ്ഥാന സര്‍ക്കാരുകള്‍ ദയനീയമായി പരാജയപ്പെട്ടുവെന്നത് വസ്തുതയാണ്. ഇത് ഭരണകൂട പിന്തുണയോടെയാണ് നടക്കുന്നത് എന്നതിന് നിരവധി സാഹചര്യത്തെളിവുകളും ഉള്ളതാണ്. കഴിഞ്ഞ ദിവസം മണിപ്പൂരിലെ ബിരേന്‍ സിങ് സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചതനുസരിച്ച് 142 പേര്‍ ഇതിനകം കൊല്ലപ്പെട്ടു. 5,000ത്തോളം അക്രമ സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. 5,995 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും 6,745 പേരെ കസ്റ്റഡിയിലെടുത്തതായും ചീഫ് സെക്രട്ടറി വിനീത് ജോഷി, സുപ്രീം കോടതി ആവശ്യപ്പെട്ടതനുസരിച്ച് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഈ കണക്കുകള്‍ക്കപ്പുറം ഭീതിദവും ദുരിതപൂര്‍ണവുമാണ് മണിപ്പൂരിലെ സ്ഥിതി. വിവര കൈമാറ്റത്തിനും വിനിമയത്തിനുമുള്ള പ്രധാന ഉപാധിയായ ഇന്റര്‍നെറ്റ് വിലക്ക് രണ്ടു മാസത്തിലധികമായി തുടരുകയാണ്. അതുകൊണ്ടുതന്നെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെ പതിന്മടങ്ങാണ് മണിപ്പൂരിലെ അക്രമങ്ങളുടെ യഥാര്‍ത്ഥ ചിത്രമെന്നും ഇന്റര്‍നെറ്റ് വിലക്കിയതോടെ നിലവിലെ സ്ഥിതി പുറംലോകം അറിയുന്നില്ലെന്നും കഴിഞ്ഞ ദിവസം സംസ്ഥാനത്ത് സന്ദര്‍ശനം നടത്തിയ ഇടത് എംപിമാരുടെ സംഘം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. അഞ്ചംഗ സിപിഐ, സിപിഐ(എം) പാര്‍ലമെന്ററി സമിതിയുടെ സന്ദര്‍ശനത്തിന് തൊട്ടു മുമ്പായിരുന്നു ദേശീയ മഹിളാ ഫെഡറേഷന്‍ (എന്‍എഫ്ഐഡബ്ല്യു) നേതൃത്വത്തിലുള്ള മൂന്നംഗ വസ്തുതാന്വേഷണ സംഘം മണിപ്പൂരിലെത്തിയത്. ജനറല്‍ സെക്രട്ടറി ആനി രാജ, സെക്രട്ടറി നിഷ സിദ്ദു, ഡൽഹിയിലെ അഭിഭാഷക ദീക്ഷ ദ്വിവേദി എന്നിവര്‍ മൂന്നു ദിവസം മണിപ്പൂരിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളും പ്രദേശങ്ങളും സന്ദര്‍ശിക്കുകയും ഉന്നതോദ്യോഗസ്ഥര്‍, പൗരസംഘടനാ പ്രതിനിധികള്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.


ഇതുകൂടി വായിക്കൂ: എൻപിആർ എന്ന സംഘ്പരിവാര്‍ അജണ്ട


ഡല്‍ഹിയില്‍ തിരികെയെത്തിയ സംഘം മണിപ്പൂരില്‍ നേരിട്ട് കണ്ട വസ്തുതകള്‍ മാധ്യമപ്രവര്‍ത്തകരുമായി പങ്ക് വയ്ക്കുകയുണ്ടായി. പൊലീസ് ഇപ്പോള്‍ സുപ്രീം കോടതിയില്‍ പറഞ്ഞതിനപ്പുറം ഭയാനകമാണ് അവിടത്തെ സ്ഥിതിയെന്നാണ് അവര്‍ വിശദീകരിക്കുവാന്‍ ശ്രമിച്ചത്. ശവസംസ്കാരം പോലും വിവേചനപരമായിരുന്നു, കലാപകാരികളെ അമര്‍ച്ച ചെയ്യുന്നതിനോ സമാധാനം പുലര്‍ത്തുന്നതിനോ ഒരു ശ്രമവും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായില്ല. പൊലീസിന്റെ കയ്യിലുള്ള ആയുധങ്ങള്‍ അക്രമികളുടെ കയ്യിലെത്തി. കുറേയൊക്കെ അവര്‍ കൊള്ളയടിച്ചതാകാമെങ്കിലും ആയുധ ലഭ്യതയ്ക്ക് പൊലീസിന്റെ സഹായമുണ്ടായി എന്ന ആരോപണവും അസ്ഥാനത്തല്ല. സംഘം പറയാന്‍ ശ്രമിച്ചത് ഇത്തരം കാര്യങ്ങളായിരുന്നു. ഇതരസംസ്ഥാനങ്ങളിലേയ്ക്ക് പലായനം ചെയ്തും ദുരിതാശ്വാസ ക്യാമ്പുകളിലേയ്ക്ക് മാറിയും അഭയാര്‍ത്ഥികളെപ്പോലെ ജീവിക്കുന്നത് 20,000ത്തിലധികം പേരാണ്. അവരില്‍ ഭൂരിപക്ഷവും സ്ത്രീകളും കുട്ടികളുമാണ്. അനിശ്ചിതത്വത്തിന്റെ നടുക്കയത്തിലാണ് അവരുടെ ജീവിതം. സമാധാനം പുലര്‍ത്തുന്നതിനുള്ള നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായില്ല എന്നതിനൊപ്പം തന്നെ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് ഒരു സഹായവും നല്‍കുന്നുമില്ല. സന്നദ്ധ‑സാമുദായിക സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും നല്‍കുന്ന സഹായങ്ങളാണ് അവര്‍ക്ക് കുറച്ചെങ്കിലും തുണയാകുന്നത്. തങ്ങള്‍ കണ്ടറിഞ്ഞ ഈ യാഥാര്‍ത്ഥ്യങ്ങളാണ് ദേശീയ മഹിളാ ഫെഡറേഷന്‍ വസ്തുതാന്വേഷണ സംഘം വിളിച്ചുപറഞ്ഞത്.


ഇതുകൂടി വായിക്കൂ: അരക്കില്ലങ്ങള്‍ സൃഷ്ടിക്കുന്ന സംഘ്പരിവാര്‍ ഭരണം


പക്ഷേ സത്യം തുറന്നുപറയുന്നതിനെ ഭയക്കുന്ന കേന്ദ്ര സര്‍ക്കാരിനെപ്പോലെ മണിപ്പൂരിലെ ബിജെപി സര്‍ക്കാരും എന്‍എഫ്ഐഡബ്ല്യു നേതാക്കള്‍ക്കെതിരെ ദേശദ്രോഹക്കുറ്റം ഉള്‍പ്പെടെ ചുമത്തി കേസെടുത്തിരിക്കുന്നു. ഒരു ബിജെപിക്കാരന്‍ നല്‍കിയ പരാതിയിലാണ് രാജ്യത്തിനെതിരായ കലാപശ്രമം, ജനങ്ങള്‍ക്കിടയില്‍ വിഭാഗീയത വളര്‍ത്തുക, സമാധാനഭംഗം സൃഷ്ടിക്കുക തുടങ്ങി ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ കടുത്ത വകുപ്പുകളെല്ലാം അവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയത് ജയിലില്‍ അടയ്ക്കുകയാണ് ഇതിന് പിന്നിലെ ഉദ്ദേശ്യമെന്ന് വ്യക്തമാക്കുന്നു. കലാപത്തിന് പിന്നില്‍ സര്‍ക്കാര്‍ പിന്തുണയുണ്ട് എന്ന് പറഞ്ഞതാണ് ബിജെപിക്കാരെയും അതുവഴി പൊലീസിനെയും പ്രകോപിപ്പിച്ചിരിക്കുന്നത്. വസ്തുതാന്വേഷണ സംഘം മാത്രമല്ല, നിരവധി മണിപ്പൂരികളും അവിടെ കലാപത്തിനിരയായ ന്യൂനപക്ഷവിഭാഗങ്ങളും സംസ്ഥാനത്തിന് പുറത്തുള്ള സമുദായനേതാക്കളും ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതാണ് ഇക്കാര്യം മറ്റൊരു പരാതിയില്‍ മണിപ്പൂരിലെ കലാപത്തില്‍ സര്‍ക്കാരുകളെ വിമര്‍ശിച്ചതിനും മാധ്യമങ്ങളോട് സംസാരിച്ചതിനും ഹൈദരാബാദ് സര്‍വകലാശാല പ്രൊഫസര്‍, രണ്ട് കുക്കി വിഭാഗം സാമൂഹ്യ പ്രവര്‍ത്തകര്‍ എന്നിവരോട് നേരിട്ട് ഹാജരാകുന്നതിന് ഇംഫാല്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ആവശ്യപ്പെടുകയും ചെയ്തിരിക്കുന്നു. ഒരു സംസ്ഥാന സര്‍ക്കാര്‍ അതിദയനീയ പരാജയമാണെന്ന് അവിടത്തെ ജനത പറഞ്ഞത് ആവര്‍ത്തിക്കുകയാണ് വസ്തുതാന്വേഷണ സംഘം ചെയ്തത്. സംസ്ഥാന സര്‍ക്കാര്‍ നോക്കുകുത്തിയായപ്പോഴും നോക്കിനിന്ന കേന്ദ്ര സര്‍ക്കാരിനെയാണ് അവര്‍ വിമര്‍ശിച്ചത്. ജനങ്ങളെ ഇരുവിഭാഗമാക്കി തമ്മിലടിപ്പിച്ച്, നൂറിലധികം പേരെ കൊലയ്ക്ക് കൊടുത്ത്, രണ്ടുമാസമായിട്ടും കലാപം ശമിപ്പിക്കുവാന്‍ കഴിഞ്ഞിട്ടില്ലാത്ത സര്‍ക്കാരാണ് വസ്തുതകള്‍ വിളിച്ചുപറഞ്ഞവരെ തുറുങ്കിലടയ്ക്കുവാന്‍ ശ്രമിക്കുന്നത്. അതുകൊണ്ടൊന്നും വസ്തുതകളെ മൂടിവയ്ക്കുവാന്‍ സാധിക്കില്ലതന്നെ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.