23 December 2024, Monday
KSFE Galaxy Chits Banner 2

കേരളത്തിന്റെ ധനഞെരുക്കത്തിന് ഉത്തരവാദി കേന്ദ്രം

കെ എന്‍ ബാലഗോപാല്‍ ധനകാര്യ വകുപ്പ് മന്ത്രി
December 3, 2023 4:45 am

കേരളത്തിന്റെ ധനകാര്യങ്ങളെ സംബന്ധിച്ച സജീവമായ ചർച്ചയാണ് ഉയർന്നിട്ടുള്ളത്. നമ്മൾ നേരിടേണ്ടിവരുന്ന സാമ്പത്തിക പ്രയാസങ്ങളെ ചുറ്റിപ്പറ്റിയാണ് ചർച്ചകൾ നടക്കുന്നത്. ഇതിനിടയിൽ കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മലാ സീതാരാമൻ കേരളത്തിൽവന്ന് നടത്തിയ പ്രസംഗത്തിൽ സംസ്ഥാനത്തിന് കേന്ദ്രം നൽകുന്ന ധനവിഹിതം സംബന്ധിച്ച വിഷയങ്ങളിൽ തെറ്റിദ്ധാരണ പരത്തുന്ന കാര്യങ്ങൾ പരാമർശിക്കുകയുണ്ടായി. അതിന്റെ വിശദാംശങ്ങളിലേക്ക് കടക്കുന്നതിനുമുമ്പ് ആമുഖമായി ചില കാര്യങ്ങൾ പറയേണ്ടതുണ്ട്. സംസ്ഥാന സർക്കാരിന്റെ തനത് വരുമാനം വർധിക്കുന്നോ കുറയുകയാണോ, കേന്ദ്ര ധനസഹായം വർധിക്കുകയാണോ കുറയുകയാണോ, കേന്ദ്രം കേരളത്തിന് എടുക്കാൻ പറ്റുന്ന വായ്പയ്ക്ക് നൽകുന്ന അനുമതിയുടെ തുകയിൽ എന്തൊക്കെ വ്യതിയാനമാണ് വരുത്തിയത്, എന്നൊക്കെ പരിശോധിക്കേണ്ടതുണ്ട്. സംസ്ഥാന സർക്കാരിന്റെ ധനസ്രോതസുകൾ പ്രധാനമായും മൂന്നാണ്: തനത് റവന്യു വരുമാനം, കേന്ദ്ര വിഹിതം, വായ്പ എന്നിവ. തനത് നികുതി വരുമാനം 2022 മാർച്ചിൽ 58,300 കോടി രൂപയായിരുന്നു. 2023 മാർച്ചിൽ ഇത് 71,900 കോടി രൂപയായി വർധിച്ചു. അതേസമയം കേന്ദ്ര റവന്യു വിഹിതം 2022 മാർച്ചിൽ 47,800 കോടി എന്നത് 2023 മാർച്ചിൽ 45,608 കോടിയായി കുറഞ്ഞു. കേരളത്തിന് എടുക്കാൻ അനുവാദം നൽകിയ വായ്പ 2020–21ൽ 28,566 കോടിയാണ്. 2021–22ൽ 27,000, 2022–23ൽ 30,800 കോടി വീതവും. ഈ വർഷം റവന്യു കമ്മി ഗ്രാന്റിൽ കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് 8400 കോടി രുപയാണ് കുറയുന്നത്.

ഒപ്പം ജിഎസ്‌ടി നഷ്ടപരിഹാരം നിർത്തിയതിലൂടെ 12,000 കോടി രൂപയുടെ നഷ്ടം വേറെയുമുണ്ട്. അതായത് മൊത്തത്തിൽ പരിശോധിച്ചാൽ, കേന്ദ്ര വിഹിതത്തിലും വായ്പയുടെ അനുമതിയിലും വരുത്തിയ കുറവാണ് സംസ്ഥാനത്തിന്റെ വരുമാനത്തെ ബാധിക്കുന്നത്. അതേസമയം, സംസ്ഥാനം തനത് നികുതി വരുമാനം വർധിപ്പിക്കുകയും ചെയ്യുന്നു. കേരള സർക്കാരിന്റെ ചെലവിന്റെ വിഷയത്തിലേക്ക് വരാം. പൊതുവായി പറഞ്ഞാൽ ഒരു സർക്കാരിന്റെ ചെലവ് രണ്ട് തരത്തിലുള്ളതാണ്. റവന്യുചെലവും മൂലധനച്ചെലവും. റവന്യുചെലവ് എന്നാൽ ശമ്പളം, പെൻഷൻ, വായ്പയുടെ തിരിച്ചടവ് തുടങ്ങിയ ആവർത്തന ഇനങ്ങളാണ്. മൂലധനച്ചെലവ് എന്നത് റോഡ്, പാലം തുടങ്ങിയവയ്ക്ക് നടത്തുന്ന നിക്ഷേപങ്ങളാണ്. മൊത്തം ചെലവ് പരിശോധിച്ചാൽ 2021 മാർച്ചിൽ 1.39 ലക്ഷം കോടിയായിരുന്നത് 2023 മാർച്ചിൽ 1.59 ലക്ഷം കോടി രൂപയായി ഉയർന്നു. 2022 മാർച്ചിലെയും 2023 മാർച്ചിലെയും വരവും ചെലവും താരതമ്യപ്പെടുത്തിയാൽ കേരളം ഇന്ന് നേരിടുന്ന ധന ഞെരുക്കത്തിന്റെ അടിസ്ഥാന കാരണം കേന്ദ്ര റവന്യു വിഹിതത്തിലും വായ്പാ അനുമതിയിലും വന്ന കുറവാണെന്ന് വ്യക്തമാണ്. മതിയായ റവന്യു കമ്മി ഗ്രാന്റ് അനുവദിച്ചോ കേന്ദ്ര ധനമന്ത്രി ഉന്നയിച്ച വിഷയങ്ങളിലേക്ക് വരാം. 15ാം ധനകാര്യ കമ്മീഷൻ റവന്യുകമ്മി ഗ്രാന്റായി 37,814 കോടി രൂപയാണ് കേരളത്തിന് നിശ്ചയിച്ചത്. 2021–22ൽ 19,891, 2022–23ൽ 13,174, 2023–24ൽ 4749 കോടി രൂപയായിന്നു ഇത്. അടുത്ത രണ്ടു വർഷങ്ങളിൽ ഈ ഇനത്തിൽ കേരളത്തിന് ഒരു രൂപപോലും നിശ്ചയിച്ചിട്ടുമില്ല. റവന്യു കമ്മി ഗ്രാന്റ് കേരളത്തിന് കേന്ദ്രം അനുവദിച്ച സൗജന്യമല്ല.


ഇതുകൂടി വായിക്കൂ:തുറന്നുകാട്ടപ്പെടുന്ന ഇന്ത്യന്‍ സാമ്പത്തികാവസ്ഥ


കേന്ദ്ര സർക്കാരിന്റെ ധന നയങ്ങളും നികുതി സമ്പ്രദായത്തിലെ മാറ്റവും മൂലം കേരളത്തിന് ഉണ്ടായ വിഭവ നഷ്ടങ്ങളുടെയും നികുതി പിരിവിന്റെ അധികാരത്തിൽ വരുത്തിയ വെട്ടിക്കുറയ്ക്കലിന്റെയും ഭാഗമായി സംസ്ഥാനത്തിന്റെ വരുമാനക്കുറവിന്റെയും നഷ്ടപരിഹാരമെന്ന നിലയിലാണ് റവന്യു കമ്മി ഗ്രാന്റ് അനുദിച്ചത്. യഥാർത്ഥത്തിൽ കേരളത്തിന് കേന്ദ്ര നയങ്ങൾ മൂലം ഉണ്ടായ വരുമാന നഷ്ടത്തിന്റെ പകുതി പോലും റവന്യു കമ്മി ഗ്രാന്റിലൂടെ പരിഹരിക്കപ്പെട്ടിട്ടില്ല. ഡിവിസിബിൾ പൂളിൽനിന്നും കേരളത്തിന് ലഭിച്ചുവന്നിരുന്ന വിഹിതം 10-ാം ധനകാര്യ കമ്മീഷന്റെ സമയത്ത് 3.875 ശതമാനമായിരുന്നത് 14-ാം ധനകാര്യ കമ്മിഷന്റെ കാലത്ത് 2.5 ആയും 15-ാം ധനകാര്യ കമ്മിഷന്റെ ഈ കാലയളവിൽ 1.925 ശതമാനമായും കുറഞ്ഞു. ഈ വർഷം കേന്ദ്രത്തിൽനിന്ന് ലഭിക്കുന്ന തുകകളിലും വായ്പാനുവാദത്തിലും മുൻവർഷങ്ങളെ അപേക്ഷിച്ച് 57,400 കോടി രൂപയാണ് കുറവ് വന്നിട്ടുള്ളത്. വായ്പാനുമതിയിൽ 19,000 കോടി, റവന്യു കമ്മി ഗ്രാന്റിൽ മുന്‍ വർഷത്തെ അപേക്ഷിച്ച് 8400 കോടി, ജിഎസ്‌ടി നഷ്ടപരിഹാരം 12,000 കോടി, നികുതി വിഹിതം 3.58 ൽനിന്ന് 1.925 ശതമാനമായി കുറച്ചതിലുടെ 18,000 കോടി രൂപ എന്നിങ്ങനെയാണ് വരുമാന നഷ്ടം. കേന്ദ്ര സർക്കാരിന് ലഭിക്കുന്ന നികുതി വരുമാനത്തിന്റെ ഒരു ഭാഗമാണ് കേന്ദ്ര ധനകാര്യ കമ്മിഷൻ തീർപ്പിന്റെ അടിസ്ഥാനത്തിൽ വിഹിതമായി സംസ്ഥാനങ്ങൾക്ക് നൽകുന്നത്. 15-ാം ധനകാര്യ കമ്മി ഷൻ തീർപ്പ് അനുസരിച്ച് നിലവിൽ കേന്ദ്രത്തിന് ലഭിക്കുന്ന തുകയുടെ 41 ശതമാനമേ സംസ്ഥാനങ്ങൾക്ക് വിഭജിക്കുന്നുള്ളൂ. 14-ാം ധനകാര്യ കമ്മിഷന്റെ കാലത്ത് 42 ശതമാനമായിരുന്നു തോത്. ഇതുകൂടാതെ സെസും സർചാർജും കേന്ദ്ര നികുതി വിഹിതത്തിൽ കുത്തനെ ഉയർത്തിയതുമൂലം വലിയ കുറവ് വിഭജിക്കുന്നവിഹിതത്തിൽ വന്നിട്ടുണ്ട്. 2011-12 വർഷത്തിൽ മൊത്തം സെസും സർചാർജ്ജും 10.4 ശതമാനമായിരുന്നത് 2021- 22ൽ 28.1 ശതമാനമായി ഉയർന്നു. ഇതുമുലം സംസ്ഥാനങ്ങൾക്ക് വിഭജിക്കേണ്ട കേന്ദ്ര നികുതി വിഹിതത്തിൽ ഏതാണ്ട് മുന്നിലൊന്നു ഭാഗത്തോളം കുറയുന്നു.

ജിഎസ്‌ടി വിഷയങ്ങൾ മൂല്യവർധിത നികുതി(വാറ്റ്)യിൽനിന്ന് ചരക്കു സേവന നികുതിയിലേക്കുള്ള മാറ്റം സംസ്ഥാനവരുമാനത്തെ വല്ലാതെ ബാധിച്ചു. പെട്രോൾ, ഡീസൽ, മദ്യം എന്നിവയിൽ മാത്രമായി സംസ്ഥാന നികുതി അധികാരം ചുരുങ്ങി. വാറ്റ് നികുതി പൂർണമായും സംസ്ഥാനത്തിന് അവകാശപ്പെട്ടതായിരുന്നു. ജിഎസ്‌ടിയിലാകട്ടെ, പകുതി കേന്ദ്ര സർക്കാരിന് പോകും. ജിഎസ്‌ടി സംബന്ധിച്ച എല്ലാ വിഷയങ്ങളുടെയും ഏതാണ്ട് പൂർണ നിയന്ത്രണം കേന്ദ്ര സർക്കാരിനാണ്. ജിഎസ്‌ടി കൗൺസിലിൽ അഭിപ്രായം പറയാനും സമ്മർദം ചെലുത്താനും മാത്രമേ സംസ്ഥാന സർക്കാരുകൾക്ക് കഴിയൂ. വാറ്റിൽ അടക്കം സംസ്ഥാനത്തിന് ലഭിച്ചിരുന്ന വരുമാനം ഉറപ്പാക്കാൻ ജിഎസ്‌ടിയിലേക്കുള്ള മാറ്റത്തിൽ റവന്യു ന്യൂട്രൽ നിരക്കായി നിശ്ചയിച്ച 16 ശതമാനം 11 ശതമാനത്തിലേക്ക് കൂപ്പുകുത്തി. ഇതും സംസ്ഥാനവരുമാനം കുറയാൻ കാരണമായി. 14 ശതമാനം വാർഷിക നികുതി വരുമാന വർധന ഉറപ്പാക്കാനാണ് ജിഎസ്‌ടി നഷ്ടപരിഹാരം ഏർപ്പെടുത്തിയത്. ഈ വർധന ഇല്ലാത്ത ഘട്ടത്തിൽ, കുറവ് വരുന്ന തുക നഷ്ടപരിഹാരം ലഭിക്കണം. 2022 ജൂൺ മുതൽ ജിഎസ്‌ടി നഷ്ടപരിഹാരം നൽകുന്നതും കേന്ദ്രം അവസാനിപ്പിച്ചു. ഈ നഷ്ടപരിഹാര സംവിധാനത്തിന്റെ കാലാവധി നീട്ടണമെന്ന ബിജെപി ഭരിക്കുന്നതടക്കം സംസ്ഥാനങ്ങൾ ഉന്നയിക്കുന്ന വിഷയത്തിലാണ് കേന്ദ്ര ധനമന്ത്രി നിലപാട് വ്യക്തമാക്കേണ്ടത്. കടമെടുപ്പ് പരിധി വെട്ടിക്കുറയ്ക്കൽ ബജറ്റിന് പുറത്തുള്ള കടം കുറയ്ക്കുന്നു എന്ന പേരിലാണ് സംസ്ഥാനത്തിന്റെ കടമെടുപ്പ് അവകാശം കുറച്ചത്. 2021–22 മുതൽ കിഫ്ബിയും പെൻഷൻ കമ്പനിയും എടുക്കുന്ന വായ്പ അതാതുവർഷം സംസ്ഥാനത്തിന്റെ പൊതുകടമെടുപ്പ് അവകാശത്തിൽനിന്ന് വെട്ടിക്കുറയ്ക്കുന്നു. ഇതിനെപുറമെയാണ് 2021–22ൽ ഇരു സ്ഥാപനങ്ങൾക്കും ലഭിച്ച വായ്പയെ നാലായി പകുത്തശേഷം, കഴിഞ്ഞവർഷം മുതൽ നാലുവർഷമായി 3140 കോടി രൂപ വീതം കടമെടുപ്പ് അവകാശത്തിൽനിന്നും വെട്ടിക്കുറയ്ക്കുന്നത്.


ഇതുകൂടി വായിക്കൂ:വസ്തുതാവിരുദ്ധ വാദങ്ങളുമായി കേന്ദ്ര ധനമന്ത്രി


കേരളത്തിനുമാത്രമായി അടിച്ചേൽപ്പിക്കുന്ന ഈ തത്വങ്ങളൊന്നും കേന്ദ്രം പാലിക്കാറില്ലെന്നതാണ് ചർച്ച ചെയ്യപ്പെടാതെ പോകുന്നത്. സംസ്ഥാനത്തിന്റെ വരുമാന മാർഗങ്ങളെല്ലാം അടച്ചശേഷം കേരളത്തിന് എല്ലാം നൽകി എന്ന പ്രചാരണം നടത്തുകയാണ് കേന്ദ്ര ധനമന്ത്രി. സംസ്ഥാനം മുൻകൂറായി വിതരണം ചെയ്ത സാമൂഹ്യസുരക്ഷ പെൻഷന്റെ തുച്ഛമായ വിഹിതംപോലും മൂന്നേമുക്കാൽ വർഷംവരെ കുടിശികയാക്കി. 2020 ജനുവരി മുതൽ 2023 ജൂൺവരെ സംസ്ഥാനം മുൻകൂർ നല്‍കിയ 579.95 കോടി രൂപ ഈ മാസമാണ് കേന്ദ്രം അനുവദിച്ചത്. അതായത് സംസ്ഥാനം മുൻകൂറായി നൽകിയ തുകയാണ് ഇപ്പോൾ കേന്ദ്രം നൽകിയിട്ടുള്ളത്. കേരളം 62 ലക്ഷത്തോളം പേർക്ക് പെൻഷൻ നൽകുമ്പോൾ കേന്ദ്ര വിഹിതം ലഭിക്കുന്നത് 5.66 ലക്ഷംപേർക്കുമാത്രമാണ്. 2023 ജൂലൈ മാസത്തിലെ സാമൂഹ്യസുരക്ഷാ പെൻഷന്റെ കണക്കുകൾ മാത്രം ഒന്നു പരിശോധിക്കാം. കേരളം സാമൂഹ്യസുരക്ഷാ പെൻഷന് മൊത്തം നൽകിയത് 769.5 കോടി രൂപയാണ്. ഇതിൽ കേന്ദ്ര വിഹിതം 17.15 കോടി രൂപ മാത്രം. കേരളം ഇപ്പോഴത് മുൻകൂറായി നൽകിയിരിക്കുകയാണ്. ഇത് എപ്പോൾ മടക്കികിട്ടുമെന്നതിൽ വ്യക്തതയുമില്ല. സാമൂഹ്യ സുരക്ഷാ പെൻഷന് കേന്ദ്രം എല്ലാ സഹായവും നൽകികഴിഞ്ഞുവെന്ന് അവകാശപ്പെട്ട കേന്ദ്രമന്ത്രി ഇക്കാര്യങ്ങളെല്ലാം മറച്ചുവച്ചു. കേരളത്തിന്റെ ധനകാര്യം സംബന്ധിച്ച വിഷയങ്ങൾ കേന്ദ്രത്തിന് മുന്നിൽ സമർപ്പിച്ചിട്ടില്ലെന്നാണ് കേന്ദ്ര മന്ത്രി പറഞ്ഞത്. എന്നാൽ കേന്ദ്ര ധനമന്ത്രിയെ ഈ വർഷത്തിൽതന്നെ ജൂലൈ 12നും ഒക്ടോബർ ഏഴിനും കേരള ധനമന്ത്രി നേരിട്ടുകണ്ട് സംസ്ഥാനത്തിന്റെ ആവശ്യങ്ങൾ നിവേദന രൂപത്തിൽ നൽകി. മുഖ്യമന്ത്രി പ്രധാനമന്ത്രിയെ നേരിട്ട് ധരിപ്പിച്ചിട്ടുമുണ്ട്.

വിവിധ വകുപ്പുമേധാവികൾ നിവേദനത്തിന്റെ രൂപത്തിലും കത്ത് മുഖേനയും പലതവണ അറിയിച്ചു. ഇടതുപക്ഷ എംപിമാരും കേന്ദ്ര ധനമന്ത്രിയെ കണ്ട് സാമ്പത്തിക ആവശ്യങ്ങൾ ചുണ്ടിക്കാട്ടി നിവേദനം നൽകി. പാർലമെന്റിന്റെ ശ്രദ്ധയിലും ഈ വിഷയം ഉന്നയിക്കപ്പെട്ടതാണ്. കണക്കുകൾ നൽകിയില്ലെന്ന ആക്ഷേപം 2021–22 ലെ സംസ്ഥാനത്തിന്റെ വരവ് ചെലവുകൾ സംബന്ധിച്ച് എജി സാക്ഷ്യപ്പെടുത്തിയ കണക്കുകൾ നൽകിയില്ല എന്നത് മുമ്പും ഉന്നയിച്ച ആക്ഷേപമാണ്. സംസ്ഥാനം എജിക്ക് കൃത്യമായ കണക്കുകൾ നൽകിയിരുന്നു. ഇത് സാക്ഷ്യപ്പെടുത്തി കേന്ദ്രത്തിന് നൽകുന്നതിൽ എജിയാണ് വീഴ്ച വരുത്തിയത്. പിന്നീട് എജി കണക്കുകൾ സാക്ഷ്യപ്പെടുത്തി കേന്ദ്രത്തിന് നൽകി. പകർപ്പ് കേരളത്തിനും ലഭിച്ചു. അക്കൗണ്ടന്റ് ജനറലും ഓഫിസും കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളാണ്. കേന്ദ്ര സർക്കാർ അതിതീവ്ര ഉദാരവത്കൃത സാമ്പത്തിക നയങ്ങളാണ് പിന്തുടരുന്നത്. ഇതിനെല്ലാം ബദലായ സാമ്പത്തിക, ക്ഷേമ, വികസന നടപടികളാണ് കേരളം സ്വീകരിക്കുന്നത്. ഇത് കേന്ദ്ര സർക്കാരിനെയും, അത് പ്രതിനിധീകരിക്കുന്ന രാഷ്ട്രീയ പാർട്ടികളെയും അഖിലേന്ത്യാതലത്തിൽതന്നെ വല്ലാത്ത പ്രതിരോധത്തിലാക്കുന്നുണ്ട്. കേരളം സൃഷ്ടിക്കുന്ന നേട്ടങ്ങളെ അവഗണിക്കാൻ നിതി ആയോഗിനുപോലും കഴിയുന്നില്ല. ഇതൊക്കെയാണ് കേരളം ഇന്ന് നേരിടുന്ന സാമ്പത്തിക കടന്നാക്രമണങ്ങളുടെ അടിസ്ഥാനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.