കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ നിയമനങ്ങളില്‍ ആധിപത്യം ഉറപ്പാക്കി കേന്ദ്ര സര്‍ക്കാര്‍. മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറും മറ്റ് തെരഞ്ഞെടുപ്പ് കമ്മിഷണര്‍മാരും (നിയമന വ്യവസ്ഥകളും സേവന കാലാവധിയും) ബില്‍, 2023, ആണ് ഭേദഗതികളോടെ രാജ്യസഭ ഇന്നലെ അംഗീകരിച്ചത്. ബില്ലില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി. പ്രധാനമന്ത്രിയും ലോക്‌സഭാ പ്രതിപക്ഷ നേതാവും സുപ്രീം കോടതി ചീഫ് ജസ്റ്റിസും അടങ്ങുന്ന ഉന്നതാധികാര സമിതിയാണ് മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണറെയും കമ്മിഷണര്‍മാരെയും നിയമിക്കേണ്ടതെന്ന സുപ്രീം കോടതി ഉത്തരവു മറികടക്കാനുള്ളതാണ് പുതിയ നിയമം. കമ്മിഷണറുടെയും അംഗങ്ങളുടെയും നിയമനം സംബന്ധിച്ച നിയമം പാര്‍ലമെന്റ് പാസാക്കുന്നതുവരെ ഉത്തരവ് ബാധകമാകുമെന്നായിരുന്നു സുപ്രീംകോടതി നിര്‍ദേശം.
പ്രധാനമന്ത്രി, ലോക്‌സഭാ പ്രതിപക്ഷ നേതാവ്, പ്രധാനമന്ത്രി നിശ്ചയിക്കുന്ന കേന്ദ്രമന്ത്രി എന്നിവര്‍ ചേര്‍ന്ന സമിതിയാകും പുതിയ ബില്‍ പ്രകാരം മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണറെയും തെരഞ്ഞെടുപ്പു കമ്മിഷണര്‍മാരെയും തെരഞ്ഞെടുക്കുക. പഴയ ബില്ലിലെ പോരായ്മകള്‍ പരിഹരിക്കാനാണ് പുതിയ ബില്ലെന്ന് രാജ്യസഭയില്‍ നടന്ന ചര്‍ച്ചകള്‍ക്കുള്ള മറുപടിയില്‍ കേന്ദ്ര നിയമ മന്ത്രി അര്‍ജുന്‍ രാം മേഘ്‌വാള്‍ വ്യക്തമാക്കി. തെരഞ്ഞെടുപ്പു കമ്മിഷന്റെ സ്വതന്ത്രാവകാശം കവര്‍ന്നെടുക്കുന്നതാണ് പുതിയ ബില്ലെന്നും ഇത് ഭരണഘടനാ ലംഘനമെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.
ബില്ലില്‍ കൊണ്ടുവന്ന പുതിയ ഭേദഗതികള്‍ പ്രകാരം മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറുടെ ശുപാര്‍ശ ഇല്ലാതെ കമ്മിഷൻ അംഗങ്ങളെ നീക്കം ചെയ്യാൻ സാധിക്കില്ല. കമ്മിഷണര്‍ക്കെതിരെയും കമ്മിഷൻ അംഗങ്ങള്‍ക്കെതിരെയും തൊഴില്‍പരമായ കാര്യങ്ങള്‍ക്കിടയില്‍ ക്രിമിനല്‍ നടപടി എടുക്കാനാകില്ല എന്ന് വിഭാവനം ചെയ്യുന്ന 15(എ) വകുപ്പും പുതുതായി ഉള്‍പ്പെടുത്തി.
സുപ്രീം കോടതി ജഡ്ജിമാര്‍ക്ക് തുല്യമായ പദവിയാകും മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷന് ഉണ്ടാകുക എന്ന വ്യവസ്ഥയില്‍ മാറ്റം വരുത്തിയായിരുന്നു ആദ്യം ബില്‍ അവതരിപ്പിച്ചിരുന്നത്. എന്നാല്‍ പുതുക്കിയ ബില്ലില്‍ അത് പുനഃസ്ഥാപിച്ചിട്ടുണ്ട്. നേരത്തെ ക്യാബിനറ്റ് സെക്രട്ടറിക്ക് തുല്യമായ പദവിയായി ബില്ലില്‍ നിശ്ചയിച്ചിരുന്നത് തെരഞ്ഞെടുപ്പ് കമ്മിഷണര്‍മാരെ തരംതാഴ‌്ത്തുന്നതാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു.
തങ്ങളുടെ ഫാം ഹൗസിലെ വളര്‍ത്തു മൃഗമാക്കി തെരഞ്ഞെടുപ്പ് കമ്മിഷനെ മാറ്റുന്നതിനുള്ളതാണ് കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ബില്ലെന്ന് സിപിഐ പാര്‍ലമെന്ററി ഗ്രൂപ്പ് നേതാവ് ബിനോയ് വിശ്വം പറഞ്ഞു. രാജ്യസഭയില്‍ ബില്ലിന്മേലുള്ള ചര്‍ച്ചയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
ജനാധിപത്യത്തെ അട്ടിമറിക്കാനും ഒരു പാർട്ടിയുടെ ഭരണം മാത്രം ഉറപ്പാക്കാനുമുള്ള ബിജെപിയുടെ തന്ത്രമാണ് ബില്ലിലൂടെ വെളിപ്പെടുന്നത്. എക്സിക്യൂട്ടീവിന്റെ ഏതെങ്കിലും തരത്തിലുള്ള നിയന്ത്രണത്തിൽ നിന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ സ്വതന്ത്രമാകണമെന്നാണ് ഭരണഘടനാ നിർമ്മാതാക്കൾ ആഗ്രഹിച്ചിരുന്നത്. എന്നാല്‍ അധികാരത്തോടുള്ള ആര്‍ത്തിയില്‍ ബിജെപി അത് തിരുത്തുകയും തെരഞ്ഞെടുപ്പ് കമ്മിഷനെ പൂര്‍ണമായും സർക്കാർ നിയന്ത്രണത്തിലാക്കുകയും ചെയ്യുകയാണെന്നും ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി.
പാർലമെന്ററി സംവിധാനത്തിലൂടെയാണ് ഹിറ്റ്‌ലർ അധികാരത്തിലെത്തിയത്. എന്നാൽ പിന്നീട് അദ്ദേഹം പാർലമെന്ററി ജനാധിപത്യത്തോട് ശത്രുതയുള്ളയാളായി മാറി. ബിജെപി അതേ പാതയാണ് പിന്തുടരുന്നതെന്നും ബിനോയ് വിശ്വം പറഞ്ഞു.
English Summary; The Center has brought the Election Commission to task
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.